കൂട്ടുകാരി

ഇടവഴിയിലെ ചുമന്ന ചെളിവെള്ളത്തില്‍ കാലുകൊണ്ടു പടക്കം പൊട്ടിക്കാന്‍… 

ചേറ്‌ തേച്ചു മിനുക്കിയ വരമ്പിന്‍ സുഷിരങ്ങളില്‍നിന്നും തലയിടുന്ന കക്കകളെ നോക്കിച്ചിരിക്കാന്‍… 

വര്‍ഷമാസങ്ങളില്‍ നിറയുന്ന ചാലില്‍ വരിയിടുന്ന തുപ്പലം കൊത്തികളെ ശല്യപ്പെടുത്താന്‍… 

കടപ്ലാവിന്റെ തണലില്‍ ഞാന്‍ കെട്ടിയൊരൂഞ്ഞാലില്‍ ഇരുത്തിയാട്ടാന്‍…. 

പൂഴിമണല്‍ ചോറും, വെളിവെള്ളം സാമ്പാറും, ശീമയിലപ്പൊരിയലുമുണ്ടാക്കി, അഛനുമമ്മയും കളിക്കാന്‍… 

എനിക്കൊരു കൂട്ടുകാരിയെ കിട്ടി…

കാട്ടുതീ!

കാട്ടുതീ ജീവിതത്തിലുമുണ്ട്‌. 
സ്വച്ഛശാന്തങ്ങളായവയെല്ലാം കരിച്ചില്ലാതാക്കുന്ന, 
ഭാഗ്യമുള്ളവര്‍ മാത്രം പുതുനാമ്പുകളായ്‌ മുളക്കാന്‍ വിധിക്കപ്പെടുന്ന, 
അസഹ്യമായ തീ!

നേരമായ്‌…

ശോഷിച്ച കോശങ്ങളനുസരണ കാട്ടാതെ,
മോഹിച്ച സ്വപ്നങ്ങള്‍ കരുണകാട്ടാതെ,
കൊഴിഞ്ഞു വീഴാന്‍.
നിന്നെയിക്കിളികൂട്ടാനെത്തുന്ന കാറ്റിനാലാ-
രോരുമറിയാതെ പറന്നിറങ്ങാന്‍.

നേരമായ്‌,
നിന്‍ കാല്‍ചുവട്ടിലെന്നും,
ചുമ്പിച്ചുറങ്ങാന്‍,
നിന്‍ ജീവനാടിതന്‍ വിശപ്പടക്കാന്‍,
നിന്‍ ഭോജ്യമായ്‌ അടിഞ്ഞുചേരാന്‍.

നേരമായ്‌,
ഒരുനാള്‍ നിന്റെ ശിഖരങ്ങളില്‍,
നീപോലുമറിയാതെ പുനര്‍ജ്ജനിക്കാന്‍,
കൂവളത്തിലായ്‌ പുണര്‍ന്നുറങ്ങാന്‍.

ചില സ്കൂളോര്‍മ്മകള്‍

അങ്ങിനെയിരുന്നപ്പോള്‍ ഞാന്‍ ഏഴാം തരം വരെ പഠിച്ച മനക്കുളങ്ങര കൃഷ്ണ വിലാസം യു.പി സ്കൂളിന്റെ ഓര്‍മ്മകള്‍ ഓടി വന്നു. ഒരു തനി നാട്ടിന്‍ പുറത്തെ പള്ളിക്കൂടം… അവിടെ പഠിക്കുന്നത്‌ കൂലിപ്പണിക്കാരുടെയും, കൃഷിപ്പണിക്കാരുടെയും മക്കള്‍. ഒരു പക്ഷേ ഞാനേറ്റവും കൂടുതല്‍ അഹ്ലാദിച്ച്‌ പഠിച്ച ഏഴുകൊല്ലം… അതിന്റെ നിറം, മണം, ശബ്ദം….

നിറം:

ക്ലാസ്സുമുറിയിലെ കറുത്ത ബോര്‍ഡ്‌, മാസത്തിലൊരിക്കല്‍ അത്‌ കറുപ്പിക്കാന്‍ തേക്കുന്ന കടും നീല മഷിക്കട്ട. വെളുത്ത അക്ഷരങ്ങള്‍, ഡ്രോയിംഗ്‌ മാഷ്‌ വരക്കുന്ന പച്ചയും, മഞ്ഞയും കലര്‍ന്ന ഇലകള്‍, പൂക്കള്‍.

ചെളി പിടിച്ച്‌ മുഷിഞ്ഞ ഡെസ്ക്കില്‍ കോമ്പസ്സു കൊണ്ടും, പേന കൊണ്ടും പോറിയിട്ട വരകളും, ചുവന്ന മഷിപ്പേനയാല്‍ ഞാന്‍ വരച്ചിട്ട ലിജോ മോന്‍ ബസ്സിന്റെ പടവും, ഡൊണാള്‍ഡ്‌ ഡക്കും.

എന്റെ വെളുത്ത ഷര്‍ട്ടും, ചുവന്ന ട്രൗസറും, കവിതയുടെയും, സന്ധ്യയുടെയും മഞ്ഞ ഉടുപ്പും (അത്‌ മുഷിഞ്ഞിട്ടാണെന്ന് അന്നറിയില്ലായിരുന്നു), അതിനുള്ളിലെ വെള്ള ഉടുപ്പും.

ക്ലാസിന്റെ മുകളിലെ അഴിക്കോലുകളില്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഒട്ടിച്ച കാവിയും വെള്ളയും, പച്ചയും, അതിനൊപ്പം യൂത്ത്‌ ഫെസ്റ്റിവലിന്റെ ബാക്കി ഉണങ്ങിയ കുരുത്തോലകളും.

ഇളം മഞ്ഞ, പച്ച, ചുവപ്പ്‌ നിറത്തിലുള്ള ചോദ്യപ്പേപ്പറുകള്‍, കറുത്ത കുത്തുകളുള്ള വില കുറഞ്ഞ ഉത്തരക്കടലാസുകള്‍.

വരാന്തയിലേയും, ക്ലാസിലേയും സിമന്റിട്ടു മിനുക്കിയ തറയിലെ പൊളിഞ്ഞ്‌ തുടങ്ങിയ ഭാഗങ്ങളിലെ വെളുത്ത പൊടി, മുഴുവന്‍ ഓട്ട വീണു തുടങ്ങിയ ചുമരുകളിലെ ചുടുകട്ടകളുടെ ചുവന്ന നിറം.

എന്റെ ക്ലാസിനു പിന്നിലെ വലിയ പഴച്ചക്ക പ്ലാവിന്റെ മഞ്ഞയും, പച്ചയും, ഉണക്കയും നിറഞ്ഞ ഇലകള്‍, താഴെ വീണ്‌ ചീയുന്ന ചക്കയുടെ ഇളം പച്ച നിറം.

ചുവന്ന ചെളിവെള്ളം, ചുവന്ന ഗോലികളി ക്കളം, ചുവന്ന കാലുകള്‍, ക്ലാസ്സ്‌ ഫോട്ടോ എടുക്കാന്‍ നേരത്ത്‌ നെറ്റിയില്‍ ഇടുന്ന കുങ്കുമം.

ജോബിച്ചേട്ടന്റെ കടയിലെ ചുവന്ന നാരങ്ങ മുട്ടായി, കറുത്ത ഒട്ടിപ്പു മുട്ടായി, ഉപ്പിലിട്ട ലൂബിക്ക, നെല്ലിക്ക, ഇളം ചുവപ്പ്‌ ചാമ്പക്ക. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന റൈനോള്‍ഡ്സ്‌ പേനയുടെ നീല, വെള്ള നിറം, സ്കെച്ച്‌ പേനകളുടെ സപ്ത വര്‍ണ്ണം.

പിന്നെ…
ലഷ്മിയുടെ നെറ്റിയിലെ കളഭത്തിന്റെ നിറം.

മണം:

ഉച്ചക്ക്‌ ചോറ്റുപത്രം തുറക്കുമ്പോള്‍ വരുന്ന മുഷിഞ്ഞ തൈരിന്റെയും, കൂര്‍ക്ക ഉപ്പേരിയുടെയും മണം, ലിന്റോന്റെ പാത്രത്തിലെ മീനിന്റെയും, മുട്ടയുടെയും മണം. പുറത്ത്‌ ഇലയിലും, കിണ്ണത്തിലും വിളമ്പുന്ന റ്റ്യൂബ്‌ ലൈറ്റ്‌ പോലെ വെള്ള നിറത്തിലുള്ള കഞ്ഞിയും ചെറുപയറുപ്പേരിയും ചേര്‍ന്ന മണം.

ഔസ്സേപ്പേട്ടന്റെ കടയില്‍ ആദ്യമായി പോയി വാങ്ങിയ മണം വരുന്ന മഷിയുള്ള പേന, അവിടുത്തെ നാരങ്ങാ വെള്ളത്തിന്റെ മണം.

ഉച്ചക്കോടി ക്കളി കഴിഞ്ഞ്‌ ക്ലാസിലിരിക്കുമ്പോള്‍ വരുന്ന പൊട്ട മണം, സവിതയുടെ നല്ല മണം. സൗമ്യാ സി യുടെ അത്തറിന്റെ മണം, ഗമക്കായി ചേട്ടന്റെ സ്റ്റോക്കില്‍ നിന്നും പൂശാറുള്ള ചന്ദനത്തൈലത്തിന്റെ മണം.

റബ്ബര്‍ ബാന്‍ഡ്‌ തോക്കിന്റെ മണം, ഛര്‍ദ്ദില്‍ വന്നപ്പോള്‍ സലീന ടിച്ചര്‍ തല പിടിച്ച്‌ മണപ്പിച്ച ചിതല്‍ക്കൂടിന്റെ മണം, പൊടിപോയപ്പോള്‍ ടിച്ചര്‍ കണ്ണിലൊഴിച്ച മുലപ്പാലിന്റെ മണം.

ആദ്യത്തെ മഴയില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നിറയുന്ന പൊടിമണം, ജലദോഷം വന്ന് മൂക്കടയുമ്പോള്‍ വരുന്ന രസമുള്ള മണം.

പിന്നെ…
ലക്ഷ്മിയുടെ തലയിലെ മുല്ലപ്പൂവിന്റെ മണം.

ശബ്ദം:

കൂട്ടുകാരോട്‌ മുഴുവന്‍ ഡെസ്കില്‍ ചെവി വെക്കാന്‍ പറഞ്ഞിട്ട്‌, അതിനടിയില്‍ കയ്കള്‍ കൊണ്ട്‌ ഞാന്‍ കൊട്ടുന്ന ശിങ്കാരി മേളം, വെടിക്കെട്ട്‌.

ബെല്ലടി മാഷ്ടെ ബെല്ലടികള്‍, സ്കൂള്‍ ലീഡറായ ഞാന്‍ രാവിലെ അസംബ്ലിയില്‍ ഊതുന്ന വിസിലിന്റെ ശബ്ദം. ഒരുനാള്‍, മൂട്‌ പോയ വിസിലൂതിയിട്ട്‌ വന്ന ആവി പോകുന്ന പോലത്തെ ശബ്ദം, അത്‌ കേട്ട്‌ ടിച്ചര്‍മാരടക്കം എല്ലാവരും കൂടി ചിരിച്ച ശബ്ദം.

ജനഗണമനയുടെ “ജയഹേ” എന്ന് എല്ലാവരും കൂടി അലറുന്ന ശബ്ദം. “മാര്‍ച്ച്‌ ബാക്ക്‌” എന്ന എന്റെ ശബ്ദം.

സുഭദ്രട്ടീച്ചറുടെ പേടിപ്പിക്കുന്ന കരകരപ്പന്‍ ശബ്ദം, തോമസ്‌ മാഷുടെ രാവണശബ്ദം, ഡ്രോയിംഗ്‌ മാഷുടെ ഒച്ചയില്ലാത്ത ശബ്ദം.

പിന്നേ…
ലക്ഷ്മിയുടെ “ഇക്കിളി”യാക്കുന്ന ശബ്ദം.

ചില രങ്കങ്ങള്‍ (മറക്കാനാവാത്തത്‌):

സവിതയുടെ ക്ലാസ്സ്‌ മുറി അടിച്ചുവാരല്‍.

സംസ്കൃതം ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍ കസേരയില്‍ കാല്‍ കയറ്റി വെച്ച്‌ നഘം വെട്ടുന്നത്‌, തോമസ്സ്‌ മാഷ്‌ എന്റെ കയ്യ്‌ നീട്ടി വെച്ച്‌ അടിക്കാന്‍ ഓങ്ങുമ്പോള്‍ നീണ്ടു വരുന്ന നാവ്‌.

ചന്ദ്രന്‍ മാഷ്‌ റോന്തു ചുറ്റാന്‍ നടക്കുമ്പോള്‍ വാലുപോലെ പിന്നിലേക്ക്‌ നീട്ടിയിടുന്ന ചൂരലും, അതിന്റെ ആട്ടവും.

ഹെഡ്‌ മാഷ്‌ ചക്രപാണി മാഷ്‌ (എന്റെ അച്ഛന്‍) ഞാന്‍ ബബിള്‍ ഗം തിന്നുന്നത്‌ കണ്ട്‌ എന്നെ പൊക്കിയതും, എല്ലാരുടെയും മുന്നില്‍ വെച്ചെന്നെ തല്ലിയതും, അത്‌ ലക്ഷ്മി അറിഞ്ഞതും.

പരീക്ഷാ സമയത്ത്‌ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ചുരുട്ടി കൊണ്ടുപോകുന്ന ഇന്‍സ്റ്റ്രുമന്റ്‌ ബോക്സ്‌, അതിലെ ഹിരോഷിമ, നാഗസക്കി ബോംബാക്രമണത്തിന്റെ ഫോട്ടോകള്‍ (അത്‌ ലക്ഷ്മിക്ക്‌ വേണമെന്ന് പറഞ്ഞിരുന്നു).

കൃഷ്ണവിലാസം യു.പി സ്കൂളിലെ ഏഴാം ക്ലാസിലെ അവസാന പരീക്ഷയും കഴിഞ്ഞ്‌,അവള്‍ക്ക്‌ ആഴ്ച്ചപ്പതിപ്പും, ഒരു ഗുഡ്‌ ബൈ യും കൊടുക്കാന്‍ ജോബ്യേട്ടന്റെ കടക്ക്‌ മുന്നില്‍ കാത്ത്‌ നിന്നത്‌, അവളുടെ ചേച്ചി അവളെ കൊണ്ടുപോകാന്‍ വന്നത്‌, തിരിഞ്ഞ്‌ നോക്കാതെ അവള്‍ പോയത്‌.

അവള്‍ അഞ്ചില്‍ നിന്നും ആറിലേക്ക്‌ ജയിച്ചതും, സ്കൂള്‍ ലീഡറായതും പിന്നീട്‌ ബിജു പറഞ്ഞറിഞ്ഞപ്പോള്‍ വന്ന വേദനയുള്ള സന്തോഷം.
………………………………

………………………..അങ്ങിനെ ഒരുപാടൊരുപാടോര്‍മ്മകള്‍.

ഞാന്‍ ഹാപ്പിയാണ്‌. എന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്നും.

ഗാങ്ങ്‌ വാര്‍

മനക്കുളങ്ങര യു.പി സ്കൂളിലെ എന്റെ അഞ്ചാം വര്‍ഷം. പഠനത്തില്‍ എന്നെ എന്നും മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളി ലിന്റോയും, സൗമ്യാ സി യും റോളടിച്ചു നടന്നു. മൂന്നമതെങ്കിലും എത്തിയത്‌ പാരന്റ്‌സ്‌ നല്ല വഴക്കം വന്ന ടീചേഴ്സ്‌ ആയതു കൊണ്ടും,അച്ചന്‍ സ്കൂളിലെ ഹെഡ്‌ മാഷായതു കൊണ്ടും, അമ്മയുടെ റൈനൊള്‍ഡ്സ്‌ പെന്നിന്റെ ക്യാപ്പ്‌ കൊണ്ടുള്ള പിച്ചുകൊണ്ടും മാത്രം.

“ആ അഞ്ച്‌ ബിയിലുള്ള മണികണ്ഠനെ കണ്ട്‌ പഠിക്കെഡാ നാശമേ… അവന്റെ ആസനം താങ്ങി നടക്കാനുള്ള യോഗ്യതയില്ലല്ലോടാ നിനക്ക്‌…” എന്ന അമ്മയുടെ കലിതുള്ളിയുള്ള ഡയലോഗും (ലിന്റോയും, സൗമ്യയും അല്ല, അമ്മയുടെ കൂട്ടുകാരി സീതട്ടീച്ചറുടെ മകന്‍ ഫസ്റ്റായതിനാണിതെന്നോര്‍ക്കണം), അതിന്റെ ഫോളോ അപ്പ്‌ ആയി അവന്‍ ക്ലാസില്‍ ഒന്നാമനാവുകയും ചെയ്തത്‌ എന്റെ മനസിനേയും അലട്ടുകയും, തത്‌ഫലം കുപ്പിക്കായ കളി, കുട്ടീം കോലും കളി എന്നിവയിലുള്ള എന്റെ ഫോം നഷ്ടപ്പെടുകയും ചെയ്തു.

കളിയില്‍ കാര്യമായി തന്നെ തോറ്റ്‌, കടം വാങ്ങി കളിച്ച തീപ്പട്ടിപടങ്ങള്‍ തിരിച്ചെങ്ങിനെ കൊടുക്കും എന്നോര്‍ത്ത്‌ വിഷണ്ണനായി ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.

ശ്രീ.ധേഷ്‌, അവന്റെ അനിയന്‍ ശ്രീ.ജിത്ത്‌, അവരുടെ അയല്‍ക്കാരന്‍ ശ്രീ.നാഥ്‌ എന്ന ഞാന്‍. ഞങ്ങള്‍ മൂന്ന് പേരായിരുന്നു മിക്കവാറും ഒരുമിച്ച്‌ പോയും വന്നുമിരുന്നത്‌. ഞാനും, ശ്രീ.ജിത്തും അഞ്ചിലും, ശ്രീ.ധേഷ്‌ ഏഴിലും.

ബഡായി കാച്ചുക എന്നത്‌ ഒരു കലയായി വളര്‍ത്തിയെടുക്കാന്‍ എനിക്ക്‌ സഹായകമായത്‌ സ്കൂളിലേക്കും, തിരിച്ചും നടക്കാനുള്ള ആ 3 കീമീ ദൂരമാണ്‌.

വീട്ടിലെ ചാമ്പയില്‍ കറന്റ്‌ കൊടുത്തിട്ടുണ്ടെന്നും, ഇനിയാവഴി ആരെങ്കിലും വന്നാല്‍ ഓട്ടോമറ്റിക്കായി കറന്റടിക്കുമെന്നും, കടുത്തിരുത്തിയിലെ തറവാട്ടില്‍ മത്തങ്ങാ വലുപ്പത്തില്‍ മാങ്ങ ഉണ്ടാവുമെന്നും, അരവിന്ദ ഡിസില്‍വയുടെ ബാറ്റിനുള്ളില്‍ സ്പ്രിങ്ങ്‌ വെച്ചിട്ടുണ്ടെന്നും തുടങ്ങി അമ്പരപ്പന്‍ ബഡായികള്‍ കേട്ട്‌ വാ പൊളിക്കുന്ന അവമ്മാരെ നോക്കി നില്‍ക്കാന്‍ ഒരു സുഖം തന്നെയായിരുന്നു.

അങ്ങിനെ അമേരിക്കയില്‍ ഒരിക്കലും മധുരം കഴിയാത്ത ഒരുതരം ബബിള്‍ഗം ഉണ്ടെന്ന് പറഞ്ഞ്‌, അതിന്റെ നിറവും ഗുണവും എക്സ്‌പ്ലെയിന്‍ ചെയ്ത്കൊണ്ട്‌ ഞങ്ങള്‍ മൂന്ന് പേരും വീട്ടിലേക്ക്‌ പോകുന്ന സമയം. കാളവണ്ടിക്കാരന്‍ ആന്ത്രോസിന്റെ വീടിനെ സൈഡിലുടെ ഇറങ്ങി, അങ്ങേര്‍ടെ വളപ്പിലൂടെ ചെന്നാല്‍ പാടത്തേക്കിറങ്ങാന്‍ പറ്റും.

പാടത്തിന്റെ എത എത്തിയപ്പോള്‍ കൂട്ടത്തില്‍ മൂത്ത ശ്രീ.ധേഷ്‌ എന്തോ പന്തികേട്‌ മണത്തു. അവന്‍ അകലേക്ക്‌ കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു.

അതാ, അങ്ങകലെ, ഒരു മുഴുത്ത ശീമക്കൊന്ന വടി ഫ്രഷ്‌ ആയി വെട്ടിയെടുത്തതിന്റെ ഒരറ്റം മണ്ണിലും, മറ്റേ അറ്റം ആസനത്തിലും ഊന്ന് കൊടുത്ത്‌, കയ്യും കെട്ടി ഒരുത്തന്‍ വഴിക്കു കുറുകേ നില്‍ക്കുന്നു.

ഞാന്‍ കണ്ട സിനിമകളിലെ ഒരു വില്ലന്‍ ലുക്ക്‌ അവനുണ്ടായിരുന്നു.

“മുത്തൂ, വേഗം കഴുത്തിലെ രുദ്രാക്ഷമാല മാറ്റിക്കോ.” ശ്രീധേഷ്‌ എന്നോടാക്രോശിച്ചു.

“എന്താ പ്രശ്നം?”

“അവന്‍ അടിയുണ്ടാക്കാന്‍ വന്നതാ. അവനെത്‌ ചോദിച്ചാലും നീ ചക്രപാണി മാഷ്ടെ മോനാണെന്നും, അച്ഛനോട്‌ പറഞ്ഞു കൊടുക്കുമെന്നും പറയണം. അപ്പോ അവന്‍ പൊക്കോളും….”

“ഉം.. ശരി. പക്ഷേ അച്ഛനറിഞ്ഞാ എന്നേം തല്ലും”

“നിന്നെ തല്ലില്ലെടാ. അവനാ പ്രശ്നം ണ്ടാക്ക്യേ. നീ പറഞ്ഞാ മതി.”

“ഹെഡ്‌ മാഷിന്റെ മോന്‍” എന്ന ആ പൊസിഷന്‍ ഞാനധികം മുതലെടുക്കറില്ലേങ്കിലും, തനിക്കുള്ള വില അസാരമാണെന്ന എന്റെ തിരിച്ചറിവ്‌ എനിക്ക്‌ പ്രചോദനം നല്‍കി.

“ഉം, ഞാന്‍ പറഞ്ഞു കൊടുക്കും!”

“ഇനി അവന്‍ ചോദിച്ചില്ലെങ്കിലും നീ പറഞ്ഞേക്ക്‌… കേട്ടോ ഡാ”

“ഉം…”

പക്ഷേ ജീവിതത്തില്‍ ആദ്യമായി നേരിട്ട്‌ ഒരടി കാണാന്‍ പോകുന്നതിന്റെ ത്രില്ലൊന്നും അന്നേരം എനിക്ക്‌ തോന്നിയില്ല. കയ്യും കാലും സര്‍ഗ്ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന്‌ വന്ന പോലെ വിറച്ച്‌ തുടങ്ങി.

ഞങ്ങള്‍ അവന്റെ അടുത്തെത്തി.

“നിക്കെഡാ. തീര്‍ക്കാനുള്ളത്‌ തീര്‍ത്തിട്ട്‌ പോഡാ…. @#!@#@” എന്നവന്‍ പറഞ്ഞ്‌ തീര്‍ന്നതും വടിയെടുത്ത്‌ ഞങ്ങള്‍ക്ക്‌ നേരേ വീശിയതും ഒരുമിച്ചയിരുന്നു. അവമ്മാരേക്കാളും ഒരു പൊടിക്ക്‌ പൊക്കം കുറവായതിനാല്‍ ഞാന്‍ ജസ്റ്റ്‌ രക്ഷപ്പെട്ടു,

പിന്നെ അവിടെ നടന്നത്‌ മരണ പോരാട്ടമായിരുന്നു. രണ്ടു പേരും പോത്തിനെപോലെ ശരീരമുള്ളവര്‍. വെളുത്ത യൂണിഫോം പാടത്തെ മഞ്ഞച്ചേറില്‍ മുങ്ങി. കടിച്ചും, മാന്തിയും ആത്മസുഹൃത്തുക്കളെപ്പോലെ അവര്‍ കെട്ടിപ്പിടിച്ച്‌ ഉരുണ്ടുമറിഞ്ഞു. “ഡിഷ്യും ഡിഷ്യും” എന്ന ശബ്ദങ്ങളോ, പറന്ന് വന്നുള്ള അടികളോ ഒന്നും ഞാന്‍ കണ്ടില്ല. ചുരുക്കം ചില മൂളലും, മുരക്കലും, പ്രെഷര്‍ കുക്കറില്‍ നിന്നും ആവി പോകുന്ന പോലെയുള്ള ശബ്ദങ്ങളും മാത്രം.

അടുത്തുള്ള തെങ്ങിന്റെ ബാക്കിലേക്ക്‌ ഞാന്‍ സൗകര്യപൂര്‍വ്വം മാറി നിന്നു. ചങ്കിടിപ്പ്‌ വളരേയധികമായിരിക്കുന്നു. എന്റെ ചുവന്ന ട്രൗസര്‍ എങ്ങിനെ നനഞ്ഞു എന്നാലോജിക്കാന്‍ പോലും അന്നേരം തോന്നിയില്ല.

ഒടുക്കം രണ്ടാള്‍ക്കും “ഓ, ഇന്നിനി നിര്‍ത്താം” എന്ന് തോന്നിയതുകൊണ്ടോ എന്തോ, തല്ല് നിര്‍ത്തി. പക്ഷേ പച്ചത്തെറികള്‍ മാലപ്പടക്കം പോലെ അപ്പൊഴും വന്നുകൊണ്ടിരുന്നു.

“നീ നോക്കിക്കോ… ഇവന്‍ ചക്രപാണി മാഷ്ടെ മോനാ. നാളെ നിന്നെ പൊക്കിയില്ലെങ്കി നോക്കിക്കോ. ഞാന്‍ പറഞ്ഞാ ഇവന്‍ കേള്‍ക്കും. ഇവന്‍ പറഞ്ഞു കൊടുക്കും”

അതിനിടയില്‍ എനിക്കൊരു ഗസ്റ്റ്‌ റോള്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. തെങ്ങിന്റെ സൈഡില്‍ നിന്നും കാലുകള്‍ കൂട്ടിവെച്ച്‌ ഞാന്‍ നീങ്ങി നിന്നു.

“ഇല്ലേറാ.. നീ ഇന്നന്നെ അച്ഛനോട്‌ പറഞ്ഞ്‌ കൊടുക്കില്ലേ…?” ശ്രീധേഷ്‌ എന്നിലുള്ള വിശ്വാസത്തില്‍ എന്നോട്‌ ചോദിച്ചു.

ഞാന്‍ ഒന്നും മിണ്ടിയില്ല.

“മ്മക്ക്‌ പ്പത്തന്നെ പറഞ്ഞു കൊടുക്കാം ല്ലെറാ…?”

ഞാന്‍ ദയനീയമായി ശത്രുവിനെ നോക്കി.

പെട്ടന്ന് അവന്‍ എന്നോട്‌ ചോദിച്ചു,

“ഡാ… നീ മാഷ്ടെ മോനാ?”

“ഉം…”

“നീ പറഞ്ഞു കൊടുക്കോ?”

“ഏയ്‌.. ഇല്ല”

“ഹും. പറഞ്ഞാ ണ്ടല്ലാ, നിനക്കും കിട്ടും.”

“ഏയ്‌… ഞാന്‍ പറയില്ല. ദൈവാണെ സത്യം”

“ഉം, ന്നാ മാഷ്ടേ മോന്‍ ഓടിക്കോ. ഇത്‌ ഞങ്ങള്‍ തീര്‍ത്തോളാം…”

“ഉം…”

അന്ന്‌ ഞാനിട്ട, ഒന്നൊന്നര കീമീ ദൂരമുള്ള മനക്കുളങ്ങര – കാരുര്‍ പാടം റൂട്ട്‌ എതാനും മിനിട്ടുകള്‍ കൊണ്ട്‌ കവര്‍ ചെയ്ത ആദ്യ വെക്തി എന്ന എന്റെ റെക്കോഡ്‌ വെട്ടിക്കാന്‍ പിന്നീടാര്‍ക്കുമായിട്ടില്ല.

അക്ഷരാരംഭ കാണ്ഡം.

അച്ഛന്‍ പഠിച്ച കൊടകര LP സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ദ്ധിച്ച്‌ എന്റെ അച്ഛന്‍ എഴുതി അവതരിപ്പിച്ച ഒരു കവിത…

അക്ഷരാരംഭ കാണ്ഡം. (click on the image to get it enlarged)


അജ്ഞാത ജീവി!

മൂവാണ്ടന്‍ മാങ്ങക്കുള്ളത്‌ പോലെ, കന്നിമാസത്തില്‍ നായകള്‍ക്കുള്ളത്‌ പോലെ, മഴക്കാലത്ത്‌ പോപ്പിക്കും, ജോണ്‍സിനുമുള്ളതുപോലെ, അജ്ഞാത ജീവിക്കും അതൊരു “സീസണ്‍” കാലമായിരുന്നു.

ഗഡി ശരിക്കും ഉണ്ടോ, അതോ വല്ല തലമൂത്ത കള്ളമ്മാരും ആധുനിക രീതിയില്‍ കക്കാന്‍ നടക്കുന്നതാണോ എന്നൊന്നും അറിയുന്നതിനു മുമ്പേ, എല്ലാരും കൂടിയങ്ങ്‌ തീരുമാനിച്ചു..

ഇതതു തന്നെ! അജ്ഞാത ജീവി.

ആറ്‌ കാലും, വാ നിറയെ പല്ലും, പശൂന്റത്ര വലിപ്പവുമുള്ള സാധനം. ഒരൊറ്റ കമ്മിന്‌ ഒന്നാന്തരമൊരു മുട്ടനാടിനെ അകത്താക്കും. അതും ഒരീസം അങ്ങ്‌ ചാവക്കാട്‌ കോഴിയെ കമ്മിയാല്‍ പിറ്റേന്നങ്ങ്‌ പാലായില്‍ മാടിനെ. ആര്‍ക്കും പിടികൊടുക്കാതെ ആ ജ്ഞാത ജീവി പത്രങ്ങളിലൂടെയും, ടിവീയിലൂടെയും ജനഹൃദയങ്ങളെ കീഴടക്കി.

വിഷം വെച്ചും, കെണി വെച്ചും ജീവിയെ കുടുക്കാന്‍ നോക്കിയവരുടെ ആടുകളുല്‍ മാടുകളും ആ വിഷം തിന്നു ചത്തൊടുങ്ങിയതല്ലാതെ ജീവിയുടെ പൊടിപോലും കിട്ടിയില്ല.

പതുക്കെ വീരസാഹസികന്മാരായ ചിലര്‍ പ്രസ്താവനകള്‍ ഇറക്കി,

“ഞാനതിനെ ഇന്നലെ വീടിന്റെ പിന്നാമ്പുറത്ത്‌ കണ്ടതാ ന്നേയ്‌… ഒരു നിഴലു പോലേ കണ്ടുള്ളൂ.. ന്നാലും ഒരു വലിയ ചെന്നായേടേ പോലേണ്ടാര്‍ന്നൂ…”

ഇങ്ങനെ കഥകളിത്യാദി വെള്ളിയാഴ്ച്ചയാണോന്നൊന്നും നോക്കാതെ ഡെയ്‌ലി ബേസില്‍ റിലീസായിക്കൊണ്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും വല്ലാതെ ഭയപ്പെട്ട ഒരേ ഒരാളെ അന്ന് എന്റെ നാട്ടിലുണ്ടായിരുന്നുള്ളൂ.

ഞങ്ങള്‍ “അയ്പ്പേട്ടോ…” എന്ന് വിളിക്കുന്ന അയ്യപ്പന്‍ ചേട്ടന്‍. മധുരപ്പതിനേഴില്‍ നിക്കുന്ന രണ്ട്‌ പശുക്കളും, പിച്ചവെക്കുന്ന ആട്ടിങ്കുട്ടികളും സ്വന്തമായുള്ള ഏതൊരു മുതലാളിക്കും തോനുന്ന ധാര്‍മികമായ ഭയമേ അയ്പേട്ടനും തോന്നിയുള്ളൂ.

ജീവി എയിമാക്കുന്നത്‌ ആടിനേയും, പശുവിനേയും മാത്രമാണെന്ന വാര്‍ത്ത, രാത്രികാലങ്ങളില്‍ സ്വന്തം മാരുതി കാറിനെ തൊഴുത്തിന്റെ സൈഡിലേക്ക്‌ മാറ്റാനും, മാടുകളെ കാര്‍പ്പോര്‍ചിലേക്ക്‌ സേഫായി കെട്ടിയിടാനും അയ്പ്പേട്ടനെ പ്രേരിപ്പിച്ചു. കുടിലില്‍ നിന്ന് മാളികയിലേക്കുള്ള മാറ്റം മാടുകള്‍ക്ക്‌ “അടിച്ചു മോനേ…” എന്ന് ഇന്നസെന്റ്‌ കിലുക്കത്തില്‍ പറയുമ്പോ ഉണ്ടാകുന്ന ഫീലിംഗ്‌ പോലെയായിരുന്നു.

വീടിനോട്‌ ചേര്‍ന്ന് തന്നെ അയ്പേട്ടന്റെ പെങ്ങള്‍ക്കായി ഒരു വീട്‌ പണി നടക്കുന്നുണ്ട്‌. പെങ്ങള്‍ വിദേശത്തയതിനാല്‍,കരിങ്കല്ല്, മണ്ണ്‍, കട്ട, സിമന്റ്‌, കമ്പി, തുമ്പി തുടങ്ങി വീടു പണിയുടെ എല്ലാ മേല്‍നോട്ടവും അയ്പ്പേട്ടനായിരുന്നു. രവിലെ പത്ത്‌ മണിയായാല്‍ വാര്‍പ്പ്‌ കഴിഞ്ഞ വീടിനെ മോളില്‍ വലിച്ചുകെട്ടിയ മുണ്ടുമായി, ഫയര്‍ഫോഴ്‌സ്‌ കാരുടെ സ്റ്റെയിലില്‍ അങ്ങേരങ്ങിനെ വെള്ളം തെറിപ്പിച്‌ നില്‍ക്കുന്നത്‌ കാണാം.

പുതിയ സ്ഥലം നന്നേ പിടിച്ച മാടുകള്‍ക്ക്‌ കിടപ്പറ കക്കൂസാക്കി മാറ്റാന്‍ ഒരു ദിവസം പോലും വേണ്ടി വന്നില്ല. അല്ലെങ്കിലും അവര്‍ക്കറിയോ ഇത്‌ അയ്പ്പേട്ടന്റെ കാര്‍പ്പോര്‍ച്ചാണെന്ന്. മുട്ടിയപ്പോള്‍ അവരങ്ങ്‌ സാധിച്ചു കാണും.

എന്നിട്ടും എന്നും വളരെയധികം വൃത്തിയോടെ ഇതെങ്ങിനെ കാര്‍പ്പോര്‍ച്ച്‌ എന്നും കിടക്കുന്നു എന്ന സംശയം തീര്‍ന്നത്‌ ഒരീസം രാവിലെ അമ്പലത്തില്‍ പോയപ്പോഴാണ്‌. എണിറ്റാല്‍ ഒരു ബെഡ്കോഫിയും, ഒപ്പം പത്രവും കിട്ടിയില്ലെങ്കില്‍ ദേഷ്യം പിടിക്കുന്ന അയ്പ്പേട്ടന്‍ ദേ, അതിരാവിലെ തോത്തുമുണ്ടും ഉടുത്ത്‌, പാളയും കയ്യില്‍ പിടിച്ച്‌ കാര്‍പ്പോര്‍ച്ചില്‍ കുനിഞ്ഞിരുന്ന് ഒരക്കുന്നു. സഹധര്‍മ്മിണിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രതീകമായി മാറിയതാകാം, അയ്പ്പേട്ടന്‍.

എന്നും പത്രമെടുത്താലാദ്യം അയ്പ്പേട്ടാന്‍ നോക്കുന്നത്‌ അജ്ഞാത ജീവിയുടെ അപ്ഡെറ്റ്‌സ്‌ ആയിരിക്കും. നമ്മുടെ ഏരിയായിലേക്കെങ്ങാനും എത്തിയോ എന്നറിയാന്‍. ഭാഗ്യത്തിന്‌ ഇതുവരെ സ്വന്തം മാടുകളിലൊരെണ്ണത്തിനും വിസ കിട്ടിയില്ലല്ലോ എന്നൊര്‍ത്ത്‌ അയ്പ്പേട്ടന്‍ സമാധാനിച്ചു.

നാട്ടിലെ പ്രധാനിയും, എല്ലാവര്‍ക്കും വളരെ വേണ്ടപ്പെട്ടവനുമായിരുന്നു കൈസര്‍ എന്ന നായ. വളരെ അച്ചടക്കമുള്ളവനും, പരിചയമില്ലാത്ത “സുന്ദരി”പ്പട്ടികളെ കണ്ടാല്‍ ഒട്ടും മൈന്‍ഡാക്കാതെ നടക്കുന്നവുമായിരുന്നു കൈസര്‍. നാട്ടിലും, അയല്‍നാട്ടിലും നല്ലൊരു സുഹൃത്‌ വലയമുള്ള, ക്രോണിക്‌ ബച്ചിലര്‍.

വല്ലപ്പൊഴും, പറമ്പുകളില്‍ നിന്നും പറമ്പുകളിലേക്ക്‌ പാട്ടും പാടി റോമിംഗ്‌ നടത്തുന്ന കൈസര്‍ എന്റെ വീട്ടിലും വരുമായിരുന്നു. രജാവായി, കമ്മ്യൂണിസ്റ്റ്‌ പച്ചകളെ ശത്രുക്കളാക്കി, ഈര്‍ക്കില്‍ തലപ്പു കൊണ്ട്‌ തലകള്‍ അരിഞ്ഞിട്ട്‌, വെലസി നടന്ന എന്റെ കൂടെ അന്ന് കാവല്‍ഭടനായി കൈസറും കൂടി. ഞാന്‍, ചെടിത്തലപ്പുകള്‍ ഈര്‍ക്കിലി വെച്ച്‌ അരിഞ്ഞിടുന്നതും, വാഴപ്പിണ്ടികളില്‍ അമ്മ പപ്പടം കാച്ചാനെടുക്കുന്ന കമ്പികൊണ്ട്‌ രക്തം വാര്‍ന്നൊഴുകുന്ന വരെ “വികാര പ്രക്ഷുബ്ധനായി” ആഞ്ഞാഞ്ഞ്‌ കുത്തുന്നതും “എന്തെരെഡേയ്‌ ഇത്‌…” എന്ന സ്റ്റെയിലില്‍ കൈസര്‍ ക്ഷമയോടെ നോക്കി നിന്നത്‌ അതൊക്കെ കഴിഞ്ഞ്‌ ചെലപ്പോ കിട്ടാന്‍ ചന്‍സുള്ള പട്ടി ബിസ്കറ്റ്‌ പ്രതീക്ഷിച്ച്‌ മാത്രമായിരിക്കണം.

അങ്ങിനെ “രാജ്യങ്ങള്‍” ഒരോന്നായി കീഴടക്കി ഞാനും കൈസറും അയ്പ്പേട്ടന്‍ മേല്‍നോട്ടം വഹിക്കുന്ന പുതിയ വീടിന്റെയടുത്തെത്തി. “ശത്രുക്കള്‍ പതിയിരിക്കുന്ന കോട്ട” യാണെന്നാണ്‌ എനിക്ക്‌ തോന്നിയത്‌. എന്നിലെ ധീരനായ യോദ്ധാവ്‌ സട കുടഞ്ഞ്‌, മേത്തുള്ള പൊടി മുഴുവന്‍ കളഞ്ഞു. ഞാനും കൈസറും അകത്തേക്ക്‌ കയറി.

പതുക്കെ പതുക്കെ, വളരെ ശ്രദ്ദയോടെ ഞാന്‍ ഒരോ “അടികളും” വെച്ചു.

പച്ചാളം പാപ്പച്ചന്‍ പണ്ട്‌ പറഞ്ഞ പോലെ, “എങ്ങും കൂരാക്കൂരിരുട്ട്‌… ചീവീടുകള്‍ ചിലക്കുന്ന ശബ്ദം…”. ജനലുകളെല്ലാം അടഞ്ഞിരിക്കുന്നു. കാലില്‍ പേടിപ്പെടുത്തുന്നതരം തണുപ്പും, തരുതരിപ്പും അനുഭവപ്പെട്ടു. ഒരോ അടിയും വക്കുമ്പൊള്‍ കാലുകള്‍ താഴ്‌ന്നു പോകുന്നപോലെ…

രാജാവും, ശത്രുവും, കോട്ടയുമെല്ലാം ഒരുജാതി സ്പീഡില്‍ എങ്ങോട്ടോ ഓടിപ്പോയി. ഒപ്പം എന്റെ ധൈര്യവും.

“അയ്പ്പേട്ടാ….”

ഇതൊക്കെയെന്ത്‌… എന്നമട്ടില്‍ ഞാനുറക്കെ അയ്പ്പേട്ടനെ വിളിച്ചു.

“ട്ടാ… ട്ടാ…” എന്ന ശബ്ദം എക്കോയിട്ട്‌ തിരിച്ചുവന്നു. അതും അമ്പാടി ടാകീസിലെ സറൗണ്ട്‌ സൗണ്ടില്‍. കൈസര്‍ വാലുപൊക്കിയിരുന്നോ എന്നറിയില്ല,കിട്ടാവുന്നത്ര സ്പീഡില്‍ അവനോടി.

ആരും വിളികേള്‍ക്കുന്നില്ലെന്ന് ഒറപ്പക്കിയ ഞാന്‍ പതിയെ തിരിഞ്ഞു. മൂന്നോ നാലോ സ്റ്റെപ്പുകള്‍ മാത്രം എടുത്ത്‌ മിന്നല്‍ വേഗത്തില്‍ ഞാന്‍ പുറത്തെത്തി. “എയ്‌.. നത്തിംഗ്‌ റ്റു വറി…” എന്ന് മനസില്‍ പറഞ്ഞ്‌, വേഗം വീട്ടിലോട്ട്‌ വിട്ടു.

പിറ്റേന്ന് പുട്ടടിയും കഴിഞ്ഞ്‌ അമ്പലപ്പറമ്പില്‍ ക്രികറ്റ്‌ കളിക്കാന്‍ പോയ എന്നെ നന്തപ്പന്‍ വിളിച്ചു നിര്‍ത്തി. നന്തപ്പന്‍ ഉരുളക്കിഴങ്ങിന്റെ ആകാരമുള്ള, ചീനി മുളകിന്റെ സ്വഭാവമുള്ളവന്‍.

“ഡാ.. നീ അറിഞ്ഞോ…?”

“ഇല്ലാ…. ന്തേ?”

“ഡാ.. മ്മടെ അയ്പ്പേട്ടന്റെ പുതിയ വീട്ടില്‍ അജ്ഞാത ജീവി കേറീന്ന്… അയ്പ്പേട്ടന്‍ അതിനെ നേരിട്ട്‌ കണ്ടൂന്ന്. ആളിപ്പോ കുളിരു കേറി കെടപ്പാ…”

“ആണാ… ശരിക്കും കണ്ടോ? ”

“ഉം… കണ്ടൂ… പണി നടക്കുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം തറയില്‍ ടെയില്‍സ്‌ ഇടാനായി സിമന്റ്‌ ഇട്ടിരുന്നു. രാത്രി വന്ന ജീവീടെ കാല്‍പാടുകള്‍ ആ സിമന്റില്‍ പതിഞ്ഞേണ്ട്ന്ന്… പിന്നെ വലിയൊരാള്‍ടെ കാല്‍പാടും. നമ്മള്‍ടെ പോലെയല്ലാ ത്രേ… നമ്മള്‍ മൂന്നടി വെക്കുന്ന സ്ഥലത്ത്‌ അത്‌ ഒരടിയേ കാലു വെച്ചിട്ടുള്ളൂ… പേട്യാവും മോനെ…”

പേടിച്ചോടുമ്പോള്‍ മൂന്നടിയല്ല, അതിന്റെപ്പുറത്തെത്തുമെന്നത്‌ അവനറിയില്ലാന്ന് തോനുന്നു. പക്ഷേ എത്രയാലൊജിച്ചിട്ടും എന്റെ കാല്‍പാടുകള്‍ വലുതായതിന്റെ പിന്നെലെ രഹസ്യം എനിക്ക്‌ മനസിലായില്ല…

കഴിഞ്ഞ തവണ പെങ്ങള്‍ കൊണ്ടോന്ന കടുകട്ടി കമ്പിളിപുതപ്പില്‍ ആകെമൊത്തം മൂടി, കുളത്തവളയുടെ പോലെ തല മാത്രം പുറത്തിട്ട്‌, സഹധര്‍മ്മിണി ഉണ്ടാക്കിയ ചുക്കു കാപ്പി ഊതിയൂതിക്കുടിച്ച്‌, ലൈവ്‌ വിവരങ്ങള്‍ അറിയാന്‍ കാത്തുനിന്നവരോടായി അയ്പ്പേട്ടന്‍ പറഞ്ഞു…

“എല്ലാരും സൂക്ഷിച്ചോ… അത്‌ നമ്മുടെ നാട്ടിലും എത്തി. ജീവനില്‍ കൊതിയുള്ളോരുണ്ടെങ്കി ഇനി രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതെ നോക്കുന്നതാ നല്ലത്‌…”

അന്ന് ഞാന്‍ മനസ്സിലാക്കി, നാട്ടില്‍ അജ്ഞാത ജീവികളുണ്ടാവുന്നതെങ്ങിനെയാണെന്ന്.