കാരൂര്‍ ശ്രീ ശങ്കര നരായണ ക്ഷേത്രം.

എന്റെ നാട്ടിലെ ഒരേയൊരു ക്ഷേത്രമാണ്‌ കാരൂര്‍ ശ്രീ ശങ്കര നാരായണ ക്ഷേത്രം. എനിക്ക്‌ ഓര്‍മ്മ വെച്ച കാലം മുതല്‍ എന്നും കാണുന്ന അമ്പലം. ഈ അമ്പലത്തിനെ കുറിച്ചും, അതിന്റെ പ്രത്യേകതകളെ കുറിച്ചും ആണ്‌ താഴെ ഞാന്‍ പറയുന്നത്‌. അതുകൊണ്ട്‌ തന്നെ, ഇത്‌ വായിക്കുനതില്‍ അലര്‍ജിയുള്ളവര്‍, പാപം കിട്ടുമെന്ന ഭയമുള്ളവര്‍, നല്ലത്‌ കാണരുത്‌, കേള്‍ക്കരുത്‌, പ്രചരിപ്പിക്കരുത്‌ എന്ന് വിശ്വസിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇപ്പൊഴെ, ഇവിടെ വെച്ച്‌ തന്നെ നിര്‍ത്താം. അതല്ലാ, ഇതിലെന്തെങ്കിലും ണ്ടോ, നിരൂപണം വേണോ, അതുമല്ലാ, ചുമ്മാ ഒന്ന് വായിക്കണോ എന്നൊക്കെ സംശയം ഉള്ളവര്‍ക്ക്‌ തുടര്‍ന്ന് വായിക്കാം…

പരിഷ്കാരങ്ങള്‍ അധികം കടന്നുവരാത്ത ഒരു ഗ്രാമമാണ്‌ എന്റേത്‌. ഒരു കൊച്ചു ഗ്രാമം. ഈ നാട്ടിലെ എല്ലാവരുടെയും ഒരേയൊരു ആശ്രയമാണ്‌ ഇവിടുത്തെ ശങ്കര നാരായണ ക്ഷേത്രം. ഗ്രമത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത്‌ ആണ്‌ ഈ ക്ഷേത്രം നിലകൊള്ളുന്നത്‌. അമ്പലത്തിന്റെ അടുത്തായി ഒരു കുളവും, അരയാലും. ഈ നാട്ടിലെ ജനങ്ങള്‍ ഇവിടുത്തെ ഭഗവാനെ ശ്രീ കാരൂരപ്പന്‍ എന്ന് വിളിച്ചു പോരുന്നു.

ഇത്‌ പ്രധാനമായും ഒരു ശിവക്ഷേത്രമാണ്‌. പക്ഷേ ശങ്കര നാരായണ ക്ഷേത്രം എന്ന പേരില്‍ സംശയം തോന്നിയോ? എന്നാ തോന്നണ്ടാ… ഈ അമ്പലത്തില്‍ ശിവന്റെയും, വിഷ്ണുവിന്റെയും അംശം ഉണ്ടത്രെ(ശിവനും നാരായണനും). കൂടുതലും ശിവാംശം. അതുകൊണ്ട്‌ തന്നെയാണ്‌ ഇന്നും ഇതൊരു ശിവക്ഷേത്രമായി അറിയപ്പെടുന്നത്‌. ഒരു പാട്‌ പ്രത്യേകതകള്‍ ഉള്ള ഒരു അമ്പലംകൂടിയാണ്‌ ശ്രീ ശങ്കര നാരായണ ക്ഷേത്രം.

വളരെ മുഖ്യമായി പറയേണ്ടത്‌ പ്രതിഷ്ഠയേ കുറിച്ചാണ്‌. ഇവിടെയുള്ളത്‌ ഒരു സ്വയം ഭൂവായ
പ്രതിഷ്ഠയാണ്‌. സ്വയംഭൂ എന്ന് പറഞ്ഞാല്‍, തനിയേ ജനിച്ചത്‌ എന്നര്‍ത്ഥം. അതായത്‌, നാം മനുഷ്യര്‍ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടത്തി ഉണ്ടാക്കിയതല്ലാ എന്ന്. സ്വയംഭൂ വിഗ്രഹങ്ങള്‍ക്ക്‌ ഉള്ള മറ്റൊരു പ്രത്യേകത, അതിന്‌ അറ്റം ഇല്ലാ എന്നതാണത്രെ. ഭൂമിക്കടിയിലേക്ക്‌ അത്‌ അറ്റമില്ലാതെ പോകുന്നു. അതു കാരണം, സ്വയംഭൂ പ്രതിഷ്ഠയുള്ള അമ്പലങ്ങളില്‍ വിഗ്രഹത്തിന്റെ പീഠം ഒരു പ്രത്യേക രീതിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. നടുവില്‍ ഒരു ദ്വാരം ഉണ്ടാക്കി, പീഠം വിഗ്രഹത്തിന്റെ മുകളിലൂടെ ഇറക്കി വക്കുകയാണ്‌ പതിവ്‌.

ഇനി ഈ അമ്പലത്തിന്റെ ചരിത്രം. പണ്ടൊരിക്കല്‍, ഇവിടം ഒരു വനപ്രദേശം ആയിരുന്നെന്നും, അവിടെ മരം മുറിക്കാന്‍ വന്ന ഒരു പണിക്കാരന്‍ ആയുധം മൂര്‍ച്ച കൂട്ടാന്‍ അടുത്തു കണ്ട ഒരു കല്ലില്‍ ഉരച്ചപ്പോള്‍ കല്ലില്‍ നിന്നും രക്തം പൊടിഞ്ഞെന്നും പഴമക്കാര്‍ പറയുന്നു. അന്നത്തെ നാട്ടു പ്രമാണി ഉടനെ തന്ത്രിമാരെ വിളിപ്പിച്ച്‌ പ്രശ്നം വെച്ചു. അതില്‍ തെളിഞ്ഞു, ഇവിടെ ശിവ പ്രസാദം ഉണ്ടെന്നും, ഉടനെ ഒരു അമ്പലം പണിയണമെന്നും.

അതു കഴിഞ്ഞും, ഒരുപാട്‌ അത്ഭുതങ്ങള്‍ ഈ അമ്പലത്തില്‍ നടന്നുവത്രെ. ഒരു 20 കൊല്ലം മുന്‍പ്‌ വരെ എല്ലാ ഉത്സവകാലത്തും ആറാട്ട്‌ ദിവസം,ക്ഷേത്രത്തിലെ കൊടിമരച്ചോട്ടില്‍ ഒരു സര്‍പ്പം വരാറുണ്ടത്രെ. എന്റെ അഛന്‍ കണ്ടിട്ടുണ്ടത്‌.

മറ്റൊരു പ്രത്യേകത ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഇരിപ്പാണ്‌. ഒരു വശത്തേക്ക്‌ ചെരിഞ്ഞ നിലയിലാണ്‌ ശിവലിംഗം നിലകൊള്ളുന്നത്‌. അതു കൊണ്ടാണോ എന്നറിയില്ല, ഈ ക്ഷേത്രത്തിലെ എല്ലാ ശൈവ രൂപങ്ങളും, ഛായ ചിത്രങ്ങളും എന്തിന്‌, പ്രിന്റ്‌ ഔട്ട്‌ എടുത്ത പടങ്ങള്‍ പോലും ചെരിഞ്ഞാണ്‌ ഇരിക്കുന്നത്‌. വളരെ സൂക്ഷിച്ച്‌ കൃത്യതയോടെ വരച്ച ഭണ്ഠാരപ്പെട്ടിയിലെ ചിത്രവും, നടപ്പന്തലില്‍ വെച്ചിരിക്കുന്ന വലിയ ശിവഭഗവാന്റെ ചിത്രവും ഇന്നും ചെരിഞ്ഞു തന്നെയിരിക്കുന്നു.

കുറച്ച്‌ വര്‍ഷങ്ങള്‍ മുമ്പ്‌ വരെ ഈ അമ്പലത്തില്‍ അയ്യപ്പന്‍ വിളക്ക്‌ നടത്തി വന്നിരുന്നു. പക്ഷേ പിന്നിട്‌ പ്രശനം വെച്ചപ്പോള്‍, അയ്യപ്പന്‍ വിളക്ക്‌ ഈ ശിവക്ഷേത്രത്തില്‍ നല്ലതല്ലാ എന്ന് കാണുകയും, തുടര്‍ന്ന് അത്‌ നിര്‍ത്തുകയും ചെയ്തു.

ക്ഷേത്രത്തില്‍ എന്നും,സന്ധ്യാ പൂജ കഴിഞ്ഞ്‌ നട തുറക്കുമ്പോള്‍ കതിന പൊട്ടിക്കും, അതു കൂടാതെ വെടിവഴിപാടും നടത്തി വന്നിരുന്നു. പക്ഷേ ഈ അടുത്ത കാലത്ത്‌ ഒരു അപകടം നടന്നു, കതിന നിറക്കുമ്പോള്‍ തീ പിടിച്ച്‌ പൊട്ടിത്തെറി ഉണ്ടായി. അതിനു ശേഷം കൂടിയ പ്രശ്നവിധിയില്‍ ഈ ശിവക്ഷേത്രത്തില്‍ ശിവഭഗവാന്റെ സ്ഥാനം ധ്യാനത്തില്‍ ആണ്‌ എന്ന് കണ്ടു. അങ്ങിനെ ധ്യാനത്തില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഭഗവാന്‌ ശല്യങ്ങള്‍ അധികം പാടില്ല, മാത്രവുമല്ലാ, ഈ അമ്പലം ഒരു കാലത്തും മറ്റ്‌ അമ്പലങ്ങളെ പോലെ പ്രസിദ്ധമാവുകയുമില്ലത്രെ. കാരണം, സദാ ധ്യാനത്തില്‍ ഇരിക്കുന്ന ഭഗവാന്‌ ഭക്തരും ഒരു തരത്തില്‍ ശല്യമാകാം.

പ്രശ്നത്തില്‍ തെളിഞ്ഞ മറ്റൊരു കാര്യം അമ്പലത്തിന്റെ ശുദ്ധിയായിരുന്നു. ഒരു അമ്പലത്തിന്റെ ശുദ്ധി എന്ന് പറഞ്ഞാല്‍ അവിടെ വരുന്ന ഭക്തരുടെ ശുദ്ധിയാണ്‌. അവരുടെ മനസ്സിന്റെയും, ശരീരത്തിന്റെയും ശുദ്ധിയാണ്‌. അങ്ങിനെ ശുദ്ധിയുള്ള മനസ്സും ശരീരവും അമ്പലത്തിലെ ഊര്‍ജ്ജത്തിന്റെ കൈമാറ്റത്തിന്‌ സഹായിക്കുന്നു. മറിച്ച്‌ അശുദ്ധിയായ്‌ വരുന്നവര്‍ അമ്പലത്തില്‍ വിപരീത ഗുണം ഉണ്ടാക്കുന്നു. അശുദ്ധി എന്ന് പറയുമ്പോ, മദ്യപിച്ച്‌ വരുന്നവര്‍, പുക വലിച്ച്‌ വരുന്നവര്‍, കുളിക്കാതെ വരുന്നവര്‍, ശാരീരിക ബന്ധത്തിലേര്‍പ്പെട്ട്‌ വരുന്നവര്‍ അങ്ങിനെ പലരും.

എന്തുകൊണ്ടാണ്‌ ശബരിമലയും, ഗുരുവായൂരും ദിനം പ്രതി ഭക്തരുടെ എണ്ണം കൂടുന്നത്‌? വൃതമെടുത്തും, നോയമ്പു നോറ്റും എന്നു ഭകതര്‍ ഈ പറഞ്ഞ ഇടങ്ങളില്‍ പോകുന്നു. അതുകൊണ്ട്‌ തന്നെ ഒരു അമ്പലത്തിന്റെ കീര്‍ത്തി വര്‍ദ്ധിക്കുന്നു.

സധാരണ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം പകുതി വഴിയേ ഉള്ളൂ. ഇതിനേ കുറിച്ച്‌ മുമ്പ്‌ ഞാന്‍ ഒരു ലേഖനം ഈ ബ്ലോഗില്‍ തന്നെ എഴുതിയിട്ടുണ്ട്‌. ഈ അമ്പലത്തില്‍ എന്നാല്‍ ആ പതിവില്ല. കാരണം, നേരത്തേ പറഞ്ഞ വിഷ്ണു ഭഗവാന്റെ അംശം തന്നെ.

ഇന്നും, കാരൂര്‍ എന്ന നാട്ടിലെ എല്ലാവരും ആ ഗ്രാമത്തിന്റെ നന്മക്ക്‌ കാരണം ശങ്കര നാരായണന്‍ തന്നെയെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു. അതല്ലെന്ന് കരുതാന്‍ വേറേ കാരണങ്ങള്‍ ഒന്നും ഉണ്ടെന്ന് തോനുന്നുമില്ല. നാട്ടിലെ യുവാക്കള്‍ അന്നും ഇന്നും ബളരെ ഉത്സാഹത്തോടെ ഈ ക്ഷേത്രത്തിനെ പരിപാലിച്ചു പോരുന്നു.

ഈ ക്ഷേത്രത്തില്‍ ഉത്സവമത്തിന്‌ സമയമായി. ഈ വരുന്ന jan 21-26 എന്റെ നാട്ടില്‍ ഉത്സവക്കാലമാണ്‌. അഘോഷങ്ങളുടെയും, നന്മകളുടെയും കാലം. ഞാന്‍ കാത്തിരിക്കുകയാണ്‌. എന്റെ നാട്ടിലെത്താന്‍….
karoor temple
[ഇതാണെന്റെ നാട്ടിലെ അമ്പലം…]

Advertisements