ഗാങ്ങ്‌ വാര്‍

മനക്കുളങ്ങര യു.പി സ്കൂളിലെ എന്റെ അഞ്ചാം വര്‍ഷം. പഠനത്തില്‍ എന്നെ എന്നും മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളി ലിന്റോയും, സൗമ്യാ സി യും റോളടിച്ചു നടന്നു. മൂന്നമതെങ്കിലും എത്തിയത്‌ പാരന്റ്‌സ്‌ നല്ല വഴക്കം വന്ന ടീചേഴ്സ്‌ ആയതു കൊണ്ടും,അച്ചന്‍ സ്കൂളിലെ ഹെഡ്‌ മാഷായതു കൊണ്ടും, അമ്മയുടെ റൈനൊള്‍ഡ്സ്‌ പെന്നിന്റെ ക്യാപ്പ്‌ കൊണ്ടുള്ള പിച്ചുകൊണ്ടും മാത്രം.

“ആ അഞ്ച്‌ ബിയിലുള്ള മണികണ്ഠനെ കണ്ട്‌ പഠിക്കെഡാ നാശമേ… അവന്റെ ആസനം താങ്ങി നടക്കാനുള്ള യോഗ്യതയില്ലല്ലോടാ നിനക്ക്‌…” എന്ന അമ്മയുടെ കലിതുള്ളിയുള്ള ഡയലോഗും (ലിന്റോയും, സൗമ്യയും അല്ല, അമ്മയുടെ കൂട്ടുകാരി സീതട്ടീച്ചറുടെ മകന്‍ ഫസ്റ്റായതിനാണിതെന്നോര്‍ക്കണം), അതിന്റെ ഫോളോ അപ്പ്‌ ആയി അവന്‍ ക്ലാസില്‍ ഒന്നാമനാവുകയും ചെയ്തത്‌ എന്റെ മനസിനേയും അലട്ടുകയും, തത്‌ഫലം കുപ്പിക്കായ കളി, കുട്ടീം കോലും കളി എന്നിവയിലുള്ള എന്റെ ഫോം നഷ്ടപ്പെടുകയും ചെയ്തു.

കളിയില്‍ കാര്യമായി തന്നെ തോറ്റ്‌, കടം വാങ്ങി കളിച്ച തീപ്പട്ടിപടങ്ങള്‍ തിരിച്ചെങ്ങിനെ കൊടുക്കും എന്നോര്‍ത്ത്‌ വിഷണ്ണനായി ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.

ശ്രീ.ധേഷ്‌, അവന്റെ അനിയന്‍ ശ്രീ.ജിത്ത്‌, അവരുടെ അയല്‍ക്കാരന്‍ ശ്രീ.നാഥ്‌ എന്ന ഞാന്‍. ഞങ്ങള്‍ മൂന്ന് പേരായിരുന്നു മിക്കവാറും ഒരുമിച്ച്‌ പോയും വന്നുമിരുന്നത്‌. ഞാനും, ശ്രീ.ജിത്തും അഞ്ചിലും, ശ്രീ.ധേഷ്‌ ഏഴിലും.

ബഡായി കാച്ചുക എന്നത്‌ ഒരു കലയായി വളര്‍ത്തിയെടുക്കാന്‍ എനിക്ക്‌ സഹായകമായത്‌ സ്കൂളിലേക്കും, തിരിച്ചും നടക്കാനുള്ള ആ 3 കീമീ ദൂരമാണ്‌.

വീട്ടിലെ ചാമ്പയില്‍ കറന്റ്‌ കൊടുത്തിട്ടുണ്ടെന്നും, ഇനിയാവഴി ആരെങ്കിലും വന്നാല്‍ ഓട്ടോമറ്റിക്കായി കറന്റടിക്കുമെന്നും, കടുത്തിരുത്തിയിലെ തറവാട്ടില്‍ മത്തങ്ങാ വലുപ്പത്തില്‍ മാങ്ങ ഉണ്ടാവുമെന്നും, അരവിന്ദ ഡിസില്‍വയുടെ ബാറ്റിനുള്ളില്‍ സ്പ്രിങ്ങ്‌ വെച്ചിട്ടുണ്ടെന്നും തുടങ്ങി അമ്പരപ്പന്‍ ബഡായികള്‍ കേട്ട്‌ വാ പൊളിക്കുന്ന അവമ്മാരെ നോക്കി നില്‍ക്കാന്‍ ഒരു സുഖം തന്നെയായിരുന്നു.

അങ്ങിനെ അമേരിക്കയില്‍ ഒരിക്കലും മധുരം കഴിയാത്ത ഒരുതരം ബബിള്‍ഗം ഉണ്ടെന്ന് പറഞ്ഞ്‌, അതിന്റെ നിറവും ഗുണവും എക്സ്‌പ്ലെയിന്‍ ചെയ്ത്കൊണ്ട്‌ ഞങ്ങള്‍ മൂന്ന് പേരും വീട്ടിലേക്ക്‌ പോകുന്ന സമയം. കാളവണ്ടിക്കാരന്‍ ആന്ത്രോസിന്റെ വീടിനെ സൈഡിലുടെ ഇറങ്ങി, അങ്ങേര്‍ടെ വളപ്പിലൂടെ ചെന്നാല്‍ പാടത്തേക്കിറങ്ങാന്‍ പറ്റും.

പാടത്തിന്റെ എത എത്തിയപ്പോള്‍ കൂട്ടത്തില്‍ മൂത്ത ശ്രീ.ധേഷ്‌ എന്തോ പന്തികേട്‌ മണത്തു. അവന്‍ അകലേക്ക്‌ കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു.

അതാ, അങ്ങകലെ, ഒരു മുഴുത്ത ശീമക്കൊന്ന വടി ഫ്രഷ്‌ ആയി വെട്ടിയെടുത്തതിന്റെ ഒരറ്റം മണ്ണിലും, മറ്റേ അറ്റം ആസനത്തിലും ഊന്ന് കൊടുത്ത്‌, കയ്യും കെട്ടി ഒരുത്തന്‍ വഴിക്കു കുറുകേ നില്‍ക്കുന്നു.

ഞാന്‍ കണ്ട സിനിമകളിലെ ഒരു വില്ലന്‍ ലുക്ക്‌ അവനുണ്ടായിരുന്നു.

“മുത്തൂ, വേഗം കഴുത്തിലെ രുദ്രാക്ഷമാല മാറ്റിക്കോ.” ശ്രീധേഷ്‌ എന്നോടാക്രോശിച്ചു.

“എന്താ പ്രശ്നം?”

“അവന്‍ അടിയുണ്ടാക്കാന്‍ വന്നതാ. അവനെത്‌ ചോദിച്ചാലും നീ ചക്രപാണി മാഷ്ടെ മോനാണെന്നും, അച്ഛനോട്‌ പറഞ്ഞു കൊടുക്കുമെന്നും പറയണം. അപ്പോ അവന്‍ പൊക്കോളും….”

“ഉം.. ശരി. പക്ഷേ അച്ഛനറിഞ്ഞാ എന്നേം തല്ലും”

“നിന്നെ തല്ലില്ലെടാ. അവനാ പ്രശ്നം ണ്ടാക്ക്യേ. നീ പറഞ്ഞാ മതി.”

“ഹെഡ്‌ മാഷിന്റെ മോന്‍” എന്ന ആ പൊസിഷന്‍ ഞാനധികം മുതലെടുക്കറില്ലേങ്കിലും, തനിക്കുള്ള വില അസാരമാണെന്ന എന്റെ തിരിച്ചറിവ്‌ എനിക്ക്‌ പ്രചോദനം നല്‍കി.

“ഉം, ഞാന്‍ പറഞ്ഞു കൊടുക്കും!”

“ഇനി അവന്‍ ചോദിച്ചില്ലെങ്കിലും നീ പറഞ്ഞേക്ക്‌… കേട്ടോ ഡാ”

“ഉം…”

പക്ഷേ ജീവിതത്തില്‍ ആദ്യമായി നേരിട്ട്‌ ഒരടി കാണാന്‍ പോകുന്നതിന്റെ ത്രില്ലൊന്നും അന്നേരം എനിക്ക്‌ തോന്നിയില്ല. കയ്യും കാലും സര്‍ഗ്ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന്‌ വന്ന പോലെ വിറച്ച്‌ തുടങ്ങി.

ഞങ്ങള്‍ അവന്റെ അടുത്തെത്തി.

“നിക്കെഡാ. തീര്‍ക്കാനുള്ളത്‌ തീര്‍ത്തിട്ട്‌ പോഡാ…. @#!@#@” എന്നവന്‍ പറഞ്ഞ്‌ തീര്‍ന്നതും വടിയെടുത്ത്‌ ഞങ്ങള്‍ക്ക്‌ നേരേ വീശിയതും ഒരുമിച്ചയിരുന്നു. അവമ്മാരേക്കാളും ഒരു പൊടിക്ക്‌ പൊക്കം കുറവായതിനാല്‍ ഞാന്‍ ജസ്റ്റ്‌ രക്ഷപ്പെട്ടു,

പിന്നെ അവിടെ നടന്നത്‌ മരണ പോരാട്ടമായിരുന്നു. രണ്ടു പേരും പോത്തിനെപോലെ ശരീരമുള്ളവര്‍. വെളുത്ത യൂണിഫോം പാടത്തെ മഞ്ഞച്ചേറില്‍ മുങ്ങി. കടിച്ചും, മാന്തിയും ആത്മസുഹൃത്തുക്കളെപ്പോലെ അവര്‍ കെട്ടിപ്പിടിച്ച്‌ ഉരുണ്ടുമറിഞ്ഞു. “ഡിഷ്യും ഡിഷ്യും” എന്ന ശബ്ദങ്ങളോ, പറന്ന് വന്നുള്ള അടികളോ ഒന്നും ഞാന്‍ കണ്ടില്ല. ചുരുക്കം ചില മൂളലും, മുരക്കലും, പ്രെഷര്‍ കുക്കറില്‍ നിന്നും ആവി പോകുന്ന പോലെയുള്ള ശബ്ദങ്ങളും മാത്രം.

അടുത്തുള്ള തെങ്ങിന്റെ ബാക്കിലേക്ക്‌ ഞാന്‍ സൗകര്യപൂര്‍വ്വം മാറി നിന്നു. ചങ്കിടിപ്പ്‌ വളരേയധികമായിരിക്കുന്നു. എന്റെ ചുവന്ന ട്രൗസര്‍ എങ്ങിനെ നനഞ്ഞു എന്നാലോജിക്കാന്‍ പോലും അന്നേരം തോന്നിയില്ല.

ഒടുക്കം രണ്ടാള്‍ക്കും “ഓ, ഇന്നിനി നിര്‍ത്താം” എന്ന് തോന്നിയതുകൊണ്ടോ എന്തോ, തല്ല് നിര്‍ത്തി. പക്ഷേ പച്ചത്തെറികള്‍ മാലപ്പടക്കം പോലെ അപ്പൊഴും വന്നുകൊണ്ടിരുന്നു.

“നീ നോക്കിക്കോ… ഇവന്‍ ചക്രപാണി മാഷ്ടെ മോനാ. നാളെ നിന്നെ പൊക്കിയില്ലെങ്കി നോക്കിക്കോ. ഞാന്‍ പറഞ്ഞാ ഇവന്‍ കേള്‍ക്കും. ഇവന്‍ പറഞ്ഞു കൊടുക്കും”

അതിനിടയില്‍ എനിക്കൊരു ഗസ്റ്റ്‌ റോള്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. തെങ്ങിന്റെ സൈഡില്‍ നിന്നും കാലുകള്‍ കൂട്ടിവെച്ച്‌ ഞാന്‍ നീങ്ങി നിന്നു.

“ഇല്ലേറാ.. നീ ഇന്നന്നെ അച്ഛനോട്‌ പറഞ്ഞ്‌ കൊടുക്കില്ലേ…?” ശ്രീധേഷ്‌ എന്നിലുള്ള വിശ്വാസത്തില്‍ എന്നോട്‌ ചോദിച്ചു.

ഞാന്‍ ഒന്നും മിണ്ടിയില്ല.

“മ്മക്ക്‌ പ്പത്തന്നെ പറഞ്ഞു കൊടുക്കാം ല്ലെറാ…?”

ഞാന്‍ ദയനീയമായി ശത്രുവിനെ നോക്കി.

പെട്ടന്ന് അവന്‍ എന്നോട്‌ ചോദിച്ചു,

“ഡാ… നീ മാഷ്ടെ മോനാ?”

“ഉം…”

“നീ പറഞ്ഞു കൊടുക്കോ?”

“ഏയ്‌.. ഇല്ല”

“ഹും. പറഞ്ഞാ ണ്ടല്ലാ, നിനക്കും കിട്ടും.”

“ഏയ്‌… ഞാന്‍ പറയില്ല. ദൈവാണെ സത്യം”

“ഉം, ന്നാ മാഷ്ടേ മോന്‍ ഓടിക്കോ. ഇത്‌ ഞങ്ങള്‍ തീര്‍ത്തോളാം…”

“ഉം…”

അന്ന്‌ ഞാനിട്ട, ഒന്നൊന്നര കീമീ ദൂരമുള്ള മനക്കുളങ്ങര – കാരുര്‍ പാടം റൂട്ട്‌ എതാനും മിനിട്ടുകള്‍ കൊണ്ട്‌ കവര്‍ ചെയ്ത ആദ്യ വെക്തി എന്ന എന്റെ റെക്കോഡ്‌ വെട്ടിക്കാന്‍ പിന്നീടാര്‍ക്കുമായിട്ടില്ല.

Advertisements

അജ്ഞാത ജീവി!

മൂവാണ്ടന്‍ മാങ്ങക്കുള്ളത്‌ പോലെ, കന്നിമാസത്തില്‍ നായകള്‍ക്കുള്ളത്‌ പോലെ, മഴക്കാലത്ത്‌ പോപ്പിക്കും, ജോണ്‍സിനുമുള്ളതുപോലെ, അജ്ഞാത ജീവിക്കും അതൊരു “സീസണ്‍” കാലമായിരുന്നു.

ഗഡി ശരിക്കും ഉണ്ടോ, അതോ വല്ല തലമൂത്ത കള്ളമ്മാരും ആധുനിക രീതിയില്‍ കക്കാന്‍ നടക്കുന്നതാണോ എന്നൊന്നും അറിയുന്നതിനു മുമ്പേ, എല്ലാരും കൂടിയങ്ങ്‌ തീരുമാനിച്ചു..

ഇതതു തന്നെ! അജ്ഞാത ജീവി.

ആറ്‌ കാലും, വാ നിറയെ പല്ലും, പശൂന്റത്ര വലിപ്പവുമുള്ള സാധനം. ഒരൊറ്റ കമ്മിന്‌ ഒന്നാന്തരമൊരു മുട്ടനാടിനെ അകത്താക്കും. അതും ഒരീസം അങ്ങ്‌ ചാവക്കാട്‌ കോഴിയെ കമ്മിയാല്‍ പിറ്റേന്നങ്ങ്‌ പാലായില്‍ മാടിനെ. ആര്‍ക്കും പിടികൊടുക്കാതെ ആ ജ്ഞാത ജീവി പത്രങ്ങളിലൂടെയും, ടിവീയിലൂടെയും ജനഹൃദയങ്ങളെ കീഴടക്കി.

വിഷം വെച്ചും, കെണി വെച്ചും ജീവിയെ കുടുക്കാന്‍ നോക്കിയവരുടെ ആടുകളുല്‍ മാടുകളും ആ വിഷം തിന്നു ചത്തൊടുങ്ങിയതല്ലാതെ ജീവിയുടെ പൊടിപോലും കിട്ടിയില്ല.

പതുക്കെ വീരസാഹസികന്മാരായ ചിലര്‍ പ്രസ്താവനകള്‍ ഇറക്കി,

“ഞാനതിനെ ഇന്നലെ വീടിന്റെ പിന്നാമ്പുറത്ത്‌ കണ്ടതാ ന്നേയ്‌… ഒരു നിഴലു പോലേ കണ്ടുള്ളൂ.. ന്നാലും ഒരു വലിയ ചെന്നായേടേ പോലേണ്ടാര്‍ന്നൂ…”

ഇങ്ങനെ കഥകളിത്യാദി വെള്ളിയാഴ്ച്ചയാണോന്നൊന്നും നോക്കാതെ ഡെയ്‌ലി ബേസില്‍ റിലീസായിക്കൊണ്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും വല്ലാതെ ഭയപ്പെട്ട ഒരേ ഒരാളെ അന്ന് എന്റെ നാട്ടിലുണ്ടായിരുന്നുള്ളൂ.

ഞങ്ങള്‍ “അയ്പ്പേട്ടോ…” എന്ന് വിളിക്കുന്ന അയ്യപ്പന്‍ ചേട്ടന്‍. മധുരപ്പതിനേഴില്‍ നിക്കുന്ന രണ്ട്‌ പശുക്കളും, പിച്ചവെക്കുന്ന ആട്ടിങ്കുട്ടികളും സ്വന്തമായുള്ള ഏതൊരു മുതലാളിക്കും തോനുന്ന ധാര്‍മികമായ ഭയമേ അയ്പേട്ടനും തോന്നിയുള്ളൂ.

ജീവി എയിമാക്കുന്നത്‌ ആടിനേയും, പശുവിനേയും മാത്രമാണെന്ന വാര്‍ത്ത, രാത്രികാലങ്ങളില്‍ സ്വന്തം മാരുതി കാറിനെ തൊഴുത്തിന്റെ സൈഡിലേക്ക്‌ മാറ്റാനും, മാടുകളെ കാര്‍പ്പോര്‍ചിലേക്ക്‌ സേഫായി കെട്ടിയിടാനും അയ്പ്പേട്ടനെ പ്രേരിപ്പിച്ചു. കുടിലില്‍ നിന്ന് മാളികയിലേക്കുള്ള മാറ്റം മാടുകള്‍ക്ക്‌ “അടിച്ചു മോനേ…” എന്ന് ഇന്നസെന്റ്‌ കിലുക്കത്തില്‍ പറയുമ്പോ ഉണ്ടാകുന്ന ഫീലിംഗ്‌ പോലെയായിരുന്നു.

വീടിനോട്‌ ചേര്‍ന്ന് തന്നെ അയ്പേട്ടന്റെ പെങ്ങള്‍ക്കായി ഒരു വീട്‌ പണി നടക്കുന്നുണ്ട്‌. പെങ്ങള്‍ വിദേശത്തയതിനാല്‍,കരിങ്കല്ല്, മണ്ണ്‍, കട്ട, സിമന്റ്‌, കമ്പി, തുമ്പി തുടങ്ങി വീടു പണിയുടെ എല്ലാ മേല്‍നോട്ടവും അയ്പ്പേട്ടനായിരുന്നു. രവിലെ പത്ത്‌ മണിയായാല്‍ വാര്‍പ്പ്‌ കഴിഞ്ഞ വീടിനെ മോളില്‍ വലിച്ചുകെട്ടിയ മുണ്ടുമായി, ഫയര്‍ഫോഴ്‌സ്‌ കാരുടെ സ്റ്റെയിലില്‍ അങ്ങേരങ്ങിനെ വെള്ളം തെറിപ്പിച്‌ നില്‍ക്കുന്നത്‌ കാണാം.

പുതിയ സ്ഥലം നന്നേ പിടിച്ച മാടുകള്‍ക്ക്‌ കിടപ്പറ കക്കൂസാക്കി മാറ്റാന്‍ ഒരു ദിവസം പോലും വേണ്ടി വന്നില്ല. അല്ലെങ്കിലും അവര്‍ക്കറിയോ ഇത്‌ അയ്പ്പേട്ടന്റെ കാര്‍പ്പോര്‍ച്ചാണെന്ന്. മുട്ടിയപ്പോള്‍ അവരങ്ങ്‌ സാധിച്ചു കാണും.

എന്നിട്ടും എന്നും വളരെയധികം വൃത്തിയോടെ ഇതെങ്ങിനെ കാര്‍പ്പോര്‍ച്ച്‌ എന്നും കിടക്കുന്നു എന്ന സംശയം തീര്‍ന്നത്‌ ഒരീസം രാവിലെ അമ്പലത്തില്‍ പോയപ്പോഴാണ്‌. എണിറ്റാല്‍ ഒരു ബെഡ്കോഫിയും, ഒപ്പം പത്രവും കിട്ടിയില്ലെങ്കില്‍ ദേഷ്യം പിടിക്കുന്ന അയ്പ്പേട്ടന്‍ ദേ, അതിരാവിലെ തോത്തുമുണ്ടും ഉടുത്ത്‌, പാളയും കയ്യില്‍ പിടിച്ച്‌ കാര്‍പ്പോര്‍ച്ചില്‍ കുനിഞ്ഞിരുന്ന് ഒരക്കുന്നു. സഹധര്‍മ്മിണിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രതീകമായി മാറിയതാകാം, അയ്പ്പേട്ടന്‍.

എന്നും പത്രമെടുത്താലാദ്യം അയ്പ്പേട്ടാന്‍ നോക്കുന്നത്‌ അജ്ഞാത ജീവിയുടെ അപ്ഡെറ്റ്‌സ്‌ ആയിരിക്കും. നമ്മുടെ ഏരിയായിലേക്കെങ്ങാനും എത്തിയോ എന്നറിയാന്‍. ഭാഗ്യത്തിന്‌ ഇതുവരെ സ്വന്തം മാടുകളിലൊരെണ്ണത്തിനും വിസ കിട്ടിയില്ലല്ലോ എന്നൊര്‍ത്ത്‌ അയ്പ്പേട്ടന്‍ സമാധാനിച്ചു.

നാട്ടിലെ പ്രധാനിയും, എല്ലാവര്‍ക്കും വളരെ വേണ്ടപ്പെട്ടവനുമായിരുന്നു കൈസര്‍ എന്ന നായ. വളരെ അച്ചടക്കമുള്ളവനും, പരിചയമില്ലാത്ത “സുന്ദരി”പ്പട്ടികളെ കണ്ടാല്‍ ഒട്ടും മൈന്‍ഡാക്കാതെ നടക്കുന്നവുമായിരുന്നു കൈസര്‍. നാട്ടിലും, അയല്‍നാട്ടിലും നല്ലൊരു സുഹൃത്‌ വലയമുള്ള, ക്രോണിക്‌ ബച്ചിലര്‍.

വല്ലപ്പൊഴും, പറമ്പുകളില്‍ നിന്നും പറമ്പുകളിലേക്ക്‌ പാട്ടും പാടി റോമിംഗ്‌ നടത്തുന്ന കൈസര്‍ എന്റെ വീട്ടിലും വരുമായിരുന്നു. രജാവായി, കമ്മ്യൂണിസ്റ്റ്‌ പച്ചകളെ ശത്രുക്കളാക്കി, ഈര്‍ക്കില്‍ തലപ്പു കൊണ്ട്‌ തലകള്‍ അരിഞ്ഞിട്ട്‌, വെലസി നടന്ന എന്റെ കൂടെ അന്ന് കാവല്‍ഭടനായി കൈസറും കൂടി. ഞാന്‍, ചെടിത്തലപ്പുകള്‍ ഈര്‍ക്കിലി വെച്ച്‌ അരിഞ്ഞിടുന്നതും, വാഴപ്പിണ്ടികളില്‍ അമ്മ പപ്പടം കാച്ചാനെടുക്കുന്ന കമ്പികൊണ്ട്‌ രക്തം വാര്‍ന്നൊഴുകുന്ന വരെ “വികാര പ്രക്ഷുബ്ധനായി” ആഞ്ഞാഞ്ഞ്‌ കുത്തുന്നതും “എന്തെരെഡേയ്‌ ഇത്‌…” എന്ന സ്റ്റെയിലില്‍ കൈസര്‍ ക്ഷമയോടെ നോക്കി നിന്നത്‌ അതൊക്കെ കഴിഞ്ഞ്‌ ചെലപ്പോ കിട്ടാന്‍ ചന്‍സുള്ള പട്ടി ബിസ്കറ്റ്‌ പ്രതീക്ഷിച്ച്‌ മാത്രമായിരിക്കണം.

അങ്ങിനെ “രാജ്യങ്ങള്‍” ഒരോന്നായി കീഴടക്കി ഞാനും കൈസറും അയ്പ്പേട്ടന്‍ മേല്‍നോട്ടം വഹിക്കുന്ന പുതിയ വീടിന്റെയടുത്തെത്തി. “ശത്രുക്കള്‍ പതിയിരിക്കുന്ന കോട്ട” യാണെന്നാണ്‌ എനിക്ക്‌ തോന്നിയത്‌. എന്നിലെ ധീരനായ യോദ്ധാവ്‌ സട കുടഞ്ഞ്‌, മേത്തുള്ള പൊടി മുഴുവന്‍ കളഞ്ഞു. ഞാനും കൈസറും അകത്തേക്ക്‌ കയറി.

പതുക്കെ പതുക്കെ, വളരെ ശ്രദ്ദയോടെ ഞാന്‍ ഒരോ “അടികളും” വെച്ചു.

പച്ചാളം പാപ്പച്ചന്‍ പണ്ട്‌ പറഞ്ഞ പോലെ, “എങ്ങും കൂരാക്കൂരിരുട്ട്‌… ചീവീടുകള്‍ ചിലക്കുന്ന ശബ്ദം…”. ജനലുകളെല്ലാം അടഞ്ഞിരിക്കുന്നു. കാലില്‍ പേടിപ്പെടുത്തുന്നതരം തണുപ്പും, തരുതരിപ്പും അനുഭവപ്പെട്ടു. ഒരോ അടിയും വക്കുമ്പൊള്‍ കാലുകള്‍ താഴ്‌ന്നു പോകുന്നപോലെ…

രാജാവും, ശത്രുവും, കോട്ടയുമെല്ലാം ഒരുജാതി സ്പീഡില്‍ എങ്ങോട്ടോ ഓടിപ്പോയി. ഒപ്പം എന്റെ ധൈര്യവും.

“അയ്പ്പേട്ടാ….”

ഇതൊക്കെയെന്ത്‌… എന്നമട്ടില്‍ ഞാനുറക്കെ അയ്പ്പേട്ടനെ വിളിച്ചു.

“ട്ടാ… ട്ടാ…” എന്ന ശബ്ദം എക്കോയിട്ട്‌ തിരിച്ചുവന്നു. അതും അമ്പാടി ടാകീസിലെ സറൗണ്ട്‌ സൗണ്ടില്‍. കൈസര്‍ വാലുപൊക്കിയിരുന്നോ എന്നറിയില്ല,കിട്ടാവുന്നത്ര സ്പീഡില്‍ അവനോടി.

ആരും വിളികേള്‍ക്കുന്നില്ലെന്ന് ഒറപ്പക്കിയ ഞാന്‍ പതിയെ തിരിഞ്ഞു. മൂന്നോ നാലോ സ്റ്റെപ്പുകള്‍ മാത്രം എടുത്ത്‌ മിന്നല്‍ വേഗത്തില്‍ ഞാന്‍ പുറത്തെത്തി. “എയ്‌.. നത്തിംഗ്‌ റ്റു വറി…” എന്ന് മനസില്‍ പറഞ്ഞ്‌, വേഗം വീട്ടിലോട്ട്‌ വിട്ടു.

പിറ്റേന്ന് പുട്ടടിയും കഴിഞ്ഞ്‌ അമ്പലപ്പറമ്പില്‍ ക്രികറ്റ്‌ കളിക്കാന്‍ പോയ എന്നെ നന്തപ്പന്‍ വിളിച്ചു നിര്‍ത്തി. നന്തപ്പന്‍ ഉരുളക്കിഴങ്ങിന്റെ ആകാരമുള്ള, ചീനി മുളകിന്റെ സ്വഭാവമുള്ളവന്‍.

“ഡാ.. നീ അറിഞ്ഞോ…?”

“ഇല്ലാ…. ന്തേ?”

“ഡാ.. മ്മടെ അയ്പ്പേട്ടന്റെ പുതിയ വീട്ടില്‍ അജ്ഞാത ജീവി കേറീന്ന്… അയ്പ്പേട്ടന്‍ അതിനെ നേരിട്ട്‌ കണ്ടൂന്ന്. ആളിപ്പോ കുളിരു കേറി കെടപ്പാ…”

“ആണാ… ശരിക്കും കണ്ടോ? ”

“ഉം… കണ്ടൂ… പണി നടക്കുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം തറയില്‍ ടെയില്‍സ്‌ ഇടാനായി സിമന്റ്‌ ഇട്ടിരുന്നു. രാത്രി വന്ന ജീവീടെ കാല്‍പാടുകള്‍ ആ സിമന്റില്‍ പതിഞ്ഞേണ്ട്ന്ന്… പിന്നെ വലിയൊരാള്‍ടെ കാല്‍പാടും. നമ്മള്‍ടെ പോലെയല്ലാ ത്രേ… നമ്മള്‍ മൂന്നടി വെക്കുന്ന സ്ഥലത്ത്‌ അത്‌ ഒരടിയേ കാലു വെച്ചിട്ടുള്ളൂ… പേട്യാവും മോനെ…”

പേടിച്ചോടുമ്പോള്‍ മൂന്നടിയല്ല, അതിന്റെപ്പുറത്തെത്തുമെന്നത്‌ അവനറിയില്ലാന്ന് തോനുന്നു. പക്ഷേ എത്രയാലൊജിച്ചിട്ടും എന്റെ കാല്‍പാടുകള്‍ വലുതായതിന്റെ പിന്നെലെ രഹസ്യം എനിക്ക്‌ മനസിലായില്ല…

കഴിഞ്ഞ തവണ പെങ്ങള്‍ കൊണ്ടോന്ന കടുകട്ടി കമ്പിളിപുതപ്പില്‍ ആകെമൊത്തം മൂടി, കുളത്തവളയുടെ പോലെ തല മാത്രം പുറത്തിട്ട്‌, സഹധര്‍മ്മിണി ഉണ്ടാക്കിയ ചുക്കു കാപ്പി ഊതിയൂതിക്കുടിച്ച്‌, ലൈവ്‌ വിവരങ്ങള്‍ അറിയാന്‍ കാത്തുനിന്നവരോടായി അയ്പ്പേട്ടന്‍ പറഞ്ഞു…

“എല്ലാരും സൂക്ഷിച്ചോ… അത്‌ നമ്മുടെ നാട്ടിലും എത്തി. ജീവനില്‍ കൊതിയുള്ളോരുണ്ടെങ്കി ഇനി രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതെ നോക്കുന്നതാ നല്ലത്‌…”

അന്ന് ഞാന്‍ മനസ്സിലാക്കി, നാട്ടില്‍ അജ്ഞാത ജീവികളുണ്ടാവുന്നതെങ്ങിനെയാണെന്ന്.

സുജിക്കുട്ടന്‍ കണ്ട അഴകുള്ള മഴ!

കൊയമ്പത്തൂര്‍ എസ്‌.എന്‍.ആര്‍ കോളേജിലെ റാഗ്ഗിംഗ്‌ സീസണ്‍ പോയി, ബോറിംഗ്‌ സീസണ്‍ വന്ന കാലം. ആദ്യമൊക്കെ ദൈവങ്ങളെപ്പോലെയും, രജനികാന്ത്‌ അവര്‍കളെപ്പോലെയും ഒക്കെ മര്യാദയും, ബഹുമാനവും കൊടുത്തിരുന്ന ഞങ്ങളുടെ സാറമ്മാരെ ഞങ്ങള്‍ “കൂടുതല്‍” അടുത്തറിയാന്‍ തുടങ്ങിയപ്പോ “ഓ.. ഇന്നാ കൊഞ്ഞനം കാട്ടി മിസ്സിന്റെ ക്ലാസാ…” എന്നോ, “ഒറക്കം തൂങ്ങി സാറിന്റെ ക്ലാസാ” എന്നോ ഒക്കെ അഭിസംഭോദന ചെയ്യാന്‍ തുടങ്ങി.

ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ മുറിയില്‍ വന്ന് കിടന്നുറങ്ങാനും, അറുബോറായിരുന്ന കണക്ക്‌ ക്ലാസില്‍ എല്ലാവരും തല ചൊറിഞ്ഞ്‌ എള്ളിനിടയില്‍ ചെള്ളുണ്ടോ എന്നു നോക്കണ മാരി കണക്കുബുക്കില്‍ നോക്കിയിരിക്കുമ്പോള്‍, ഞാന്‍ മാത്രം “കിങ്ങ്സ്‌” ബേക്കറിയിലെ ഡബിള്‍ സ്റ്റ്രോങ്ങ്‌ ചായയും, ഡോണറ്റും കഴിച്ച്‌ അപ്പുറത്തുള്ള രാമകൃഷ്ണ വുമന്‍സ്‌ കൊളേജിന്റെ ജനാലക്കമ്പികളിലേക്ക്‌ തേങ്ങാപ്പൂളെടുക്കാന്‍ നില്‍ക്കുന്ന അണ്ണാരക്കണ്ണനെപ്പോലെ നോക്കിയിരിക്കുമായിരുന്നു. അതിന്റെയൊരു സുഖം ഒന്നു വേറെ തന്നെ.

കാര്യം കോളേജ്‌ മാഗസിന്‍ ഡിസൈന്‍, ബ്രോഷര്‍ ഡിസൈന്‍ എന്നൊക്കെ പറഞ്ഞ്‌ ഒട്ടുമുക്കാല്‍ ദിവസവും ഞാന്‍ ഔട്ട്‌ ഓഫ്‌ സ്റ്റേഷന്‍ ആയിരുന്നെങ്കിലും ചില ക്ലാസുകളില്‍ ഞാന്‍ എന്നും ഹാജറായിരുന്നു. അതിലാദ്യം ഒരു ദിവസത്തെ അറ്റന്‍ഡന്‍സ്‌ എടുക്കുന്ന ഞങ്ങളുടെ ക്ലാസ്‌ ഇന്‍ ചാര്‍ജ്ജ്‌ മിസ്സ്‌ എടുക്കുന്ന ക്ലാസ്സ്‌. ഒരു പച്ചപ്പാവമായിരുന്ന ആ മിസ്സിന്റെ ക്ലാസ്സ്‌ ആര്‍ക്കും മിസ്സാക്കാന്‍ ഇഷ്ടമല്ലായിരുന്നു. ഒരിക്കലും ദേഷ്യപ്പെടാന്‍ അറിയാത്ത, ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും ദേഷ്യം ഒരുതരി പോലും വരാത്ത പവം മിസ്സ്‌. അതുകഴിഞ്ഞാല്‍ പിന്നെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സ്‌ അക്കൗണ്ട്‌സ്‌ പഠിപ്പിക്കുന്ന അഴകപ്പന്‍ സാറിന്റെയാണ്‌.

പേരുപോലെ തന്നെ അഴകുള്ളയാളായിരുന്നു അഴകപ്പന്‍. കരിവീട്ടിയില്‍ കടഞ്ഞെടുത്ത, വെളിച്ചെണ്ണയില്‍ മുക്കിയെടുത്ത അഴകപ്പന്‍ സാര്‍. പൊള്ളാച്ചിപ്പക്കത്തിലെവിടെയോ വീടുള്ള, കെട്ട്യോളും, കുട്ട്യോളും, കുടവയറും ഉള്ള അഴകപ്പന്‍ സാര്‍. തനി ലോക്കല്‍ സ്ലാങ്ങില്‍ ഇങ്ക്ലീഷ്‌ പറയുന്ന, “ഞാന്‍” എന്ന ഭാവം ലവലേശം ഇല്ലാത്ത, ചെയ്യുന്ന ജോലിയോടൊരുപാട്‌ ആത്മാര്‍ത്ഥതയുള്ള അഴകപ്പന്‍ സാര്‍.

മറ്റുള്ള “ഹെവി ഡ്യൂട്ടി” സാറമ്മാരില്‍ നിന്നും ഒരുപാട്‌ വെത്യസ്താനായിരുന്നു അഴകപ്പന്‍ സാര്‍. “എന്‍ വഴി, തനീ വഴി…” എന്ന തമിഴനാടിന്റെ മുദ്രാവാക്യം നെഞ്ചിലേറ്റിയ മനുഷ്യന്‍. അതിനു കാരണവും ഉണ്ട്‌. സാറിന്റെ വാക്‌ ഭാഷയും, ശരീരഭാഷയും തന്നെ.

സാറിന്റെ കീഴ്‌ചുണ്ട്‌ അല്‍പം വലുതായി പുറത്തെക്ക്‌ തള്ളിയാണ്‌ ഇരിക്കുന്നത്‌. അതുകോണ്ടു തന്നെ സംസാരിക്കുമ്പോള്‍ ഒരു പ്രത്യേക രീതിയെയിലാണ്‌ ശബ്ദം പുറത്തേക്ക്‌ വരുക. അതുകൂടാതെ കാറിന്റെ വൈപ്പര്‍ ഓടുന്ന പോലെ ഇടക്കിടക്ക്‌ നാവുകൊണ്ട്‌ ആ ചുണ്ട്‌ ഒന്ന് ഓടിച്ച്‌ നനക്കുകയും ചെയ്തിരുന്നു അഴക്കപ്പന്‍ സാര്‍.

അധികം ആരെയും ബുദ്ധിമുട്ടിക്കാതെ “വെണെമെങ്കി നന്നായാ മതീ ഡാ…” എന്ന രീതി ഫോളോ ചെയ്തിരുന്നതു കൊണ്ട്‌ ഞങ്ങള്‍ക്ക്‌ സാറിന്റെ ക്ലാസ്സ്‌ വളരെ ഇന്ററസ്റ്റിംഗ്‌ ആയിരുന്നു. ചെറു ക്ലാസ്‌ ടെസ്റ്റുകള്‍ക്ക്‌ തലേന്നു തന്നെ പരീക്ഷക്ക്‌ ചോദിക്കാന്‍ പോകുന്ന എല്ലാ ചോദ്യങ്ങളും, ഉത്തരങ്ങളും വരെ തരാന്‍ ശുഷ്കാന്തി കാണിച്ചിരുന്നു ഞങ്ങടെ സാര്‍ (എന്നിട്ട്‌ പോലും ഫുള്‍ മാര്‍ക്ക്‌ കിട്ടാതെ അവസാനം ആ ഒരു മാര്‍ക്കിനു വേണ്ടി വീണ്ടും സാറിന്റെ കാലു പിടിച്ച ശശി എന്ന മഹാനെക്കുറിച്ച്‌ പിന്നീടൊരിക്കല്‍ പറയാം).

ഇങ്ങനെയൊക്കെയായിരുന്ന അക്കൗണ്ട്‌ ക്ലാസില്‍ വളരെ പെട്ടന്നായിരുന്നു ആ പ്രശ്നം ഉണ്ടായത്‌. സാറിന്റെ ആരും പ്രതീക്ഷിക്കാത്ത ആ “നനഞ്ഞ” പ്രതികരണം ഞങ്ങളെയല്ലാവരെയും അമ്പരപ്പിച്ചു, വേദനിപ്പിച്ചു:

ക്ലാസിലെ സത്യസന്ധനും, കഠിനാദ്വാനിയും (പക്ഷേ രണ്ടും പെണ്‍കുട്ടികളോടാണെന്ന് മാത്രം) ആയ, രജനിയുടെയും, വിജയിന്റെയും, ക്യാപ്റ്റന്റെയും കടുത്ത ഫാനായ, ചെറുപ്പക്കാരില്‍ എങ്ങനെ “ചെയിന്‍ മാര്‍ക്കെറ്റിംഗ്‌” അല്ലെങ്കില്‍ “സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌” വിജയകരമായി നടത്താം എന്ന് റിസര്‍ച്ച്‌ നടത്തിയവനും ആയ ദൈവവിശ്വാസം ഉള്ള ഒരു കുട്ടിയായിരുനു സുജയ്‌. പാലക്കാട്ടെ അതി മനോഹരമായ ശ്രീകൃഷ്ണപുരം എന്ന കൊച്ച്‌ ഗ്രാമത്തില്‍ അതിനോട്‌ ഒട്ടും യോജിക്കാത്ത ശീലങ്ങളും, സൗന്ദര്യവും ഉരുണ്ട്‌ കൂടി മനുഷ്യരൂപത്തിലായതാണ്‌ സുജയ്‌ എന്ന ചലിക്കുന്ന ഇതിഹാസം.

ഞങ്ങളെല്ലാവരും സ്നേഹത്തോടെ സുജിക്കുട്ടാ എന്ന് വിളിക്കുന്ന സുജയുടെ പ്രഥാന ഹോബി നേരത്തെ പറഞ്ഞ “സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌” ആണ്‌. പഠിക്കുന്ന ക്ലാസ്സില്‍ തുടങ്ങി, അടുത്തുള്ള ബാചിലൂടെ വളര്‍ന്ന്, അടുത്തുള്ള കോളേജ്‌ വഴി അതി സാഹസികമായി കൊയമ്പത്തൂരിലെ ഒട്ടു മിക്ക കോളേജിലേയും പെണ്‍കുട്ടികളെ പരിചയപ്പെടാനും, “കമ്പനി” യാക്കാനും കഴിഞ്ഞുവെന്ന ചാരിദാര്‍ദ്ധ്യം അവനെ ഒട്ടും അഹങ്കാരിയാക്കിയിരുന്നില്ല. അതു പറയാന്‍ കാരണം, ഞങ്ങളില്‍ പലര്‍ക്കും അവന്‍ മാത്രമായിരുന്നു പെണ്‍കുട്ടികളെ പരിചയപ്പെടുത്തി തരാനും, ഞങ്ങളെ കുറിച്ച്‌ “പോസിറ്റീവ്‌” ആയ വാര്‍ത്തകള്‍ വിതരണം ചെയ്ത്‌ പണ്‍കുട്ടികള്‍ക്കിടയില്‍ “ബ്രാന്‍ഡ്‌ നെയിം” ഉണ്ടാക്കാനും സഹായിച്ചിരുന്നത്‌.

അതവിടെ നില്‍ക്കട്ടെ. ഞങ്ങളുടെ ക്ലാസില്‍ ഞാനും, സുജിക്കുട്ടനുമയിരുന്നു ഒരുമിച്ചിരുന്നിരുന്നത്‌. അതും ആദ്യത്തെ ബെഞ്ചില്‍. അവനുമായി അടുപ്പം കൂടിയാല്‍ കിട്ടാന്‍പോകുന്ന “അനന്തമായ സാദ്ധ്യതകളെ” മുന്‍കൂട്ടി കണ്ടുകൊണ്ട്‌ തന്നെയാണ്‌ ഞാന്‍ അവന്റെയടുത്തിരുന്നത്‌.

പഠിപ്പിക്കുന്ന അദ്ധ്യാപകന്മാരെ ദൈവങ്ങളെപ്പോലെ മാത്രം കാണാന്‍ അറിയുന്ന സുജൈക്ക്‌ അഴകപ്പന്‍ സാറും അങ്ങിന തന്നെയായിരുന്നു. പഴയകാല സിനിമകളില്‍ സുന്ദരന്‍ സാറിനെ നോക്കി സ്വപ്നം കാണുന്ന നായികയെപ്പോലെ സുജിക്കുട്ടന്‍ ഇരിക്കും… അക്കൗണ്ട്സിന്റെ ആദ്യാവസനങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്‌. സാറിനെ കളിയാക്കാനൊ, മോശമായി സംസാരിക്കാനോ സുജിക്കുട്ടന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ലാ എന്നത്‌ അവന്റെ ടാറിന്റെ കളറുള്ള ശരീരത്തിനുള്ളിലെ പാലിന്റെ കളറുള്ള ഹൃദയത്തെയാണ്‌ കാണിക്കുന്നത്‌.

ദിവസങ്ങള്‍ കഴിയംതോറും ഞാന്‍ ഒരു കാര്യം ശ്രദ്ദിക്കാന്‍ തുടങ്ങി. അഴകപ്പന്‍ സാര്‍ എപ്പൊഴൊക്കെ പുസ്തകവും കയ്യിലെടുത്ത്‌ പെണ്‍പിള്ളേരുടെ ഭഗത്തൂടെ നടക്കുമ്പൊഴും, ആ ഭാഗത്തുള്ള പിള്ളേര്‍ കാറ്റുകൊണ്ട്‌ ചായുന്ന നെല്ല് പോലെ ഒരു സൈഡിലേക്ക്‌ ചായുന്നു. സാര്‍ തിരിച്ച്‌ നടക്കുമ്പോള്‍ തിരിച്ച്‌ കേറ്റിയ ബാഗിന്റെ സിപ്പ്‌ പോലെ എല്ലാവരും “സ്റ്റെഡി” ആയിട്ടിരിക്കുന്നു.

എത്രയാലൊജിച്ചിട്ടും എനിക്ക്‌ കാര്യം മനസ്സിലായില്ല. ഇനി സാറിനെ നാറുന്നുണ്ടാകുമോ? ച്ചായ്‌…. ഒരിക്കലുമില്ല. നറുമുല്ലയുടെ മണമുള്ള, മൂക്ക്‌ തുളച്ച്‌ കയറുന്ന സെന്റ്‌ അടിച്ചു വരുന്ന സാറില്‍ നിന്നും അങ്ങനെ ഒരു സംഭവം ഉണ്ടാവില്ല. പിന്നെ? ഇനി സോക്സില്‍ നിന്നും വല്ല മണവും? ഹേയ്‌, അതിലും വലിയ മണം എന്റെ ഷൂവില്‍ നിന്നും വന്നിട്ടും അവറ്റകള്‍ക്കൊരു കൂസലും ഉണ്ടയിട്ടില്ല. പിന്നല്ലെ…

അങ്ങനെയോരോന്നാലോജിച്ച്‌ കണ്‍ഫ്യൂനായി ഞാനും, അക്കൗണ്ട്‌ റ്റാലിയാവതെ കണ്‍ഫ്യൂഷനായി മറ്റുള്ളവരും ഇരിക്കുമ്പൊഴാണ്‌ സാറിന്റെ വക ഒരു ഡയലോഗ്‌…

“എന്ന സ്രീനാത്‌… യെതാവത്‌ ഡൗട്ട്‌ ഇറിക്കാ?”

ഒന്നുമില്ലാ എന്ന് പറഞ്ഞാ മോശമാവില്ലേ എന്ന് കരുതി ഞാന്‍ പറഞ്ഞു,

“യെസ്‌ സാര്‍, അയാം നോട്ട്‌ ഗെറ്റിംഗ്‌ വണ്‍ ഇഷ്യൂ…”

തങ്കപ്പന്റെ മനസ്സായ സൊറീ, തങ്കപ്പെട്ട മനസുള്ള സാര്‍ വേഗം എന്റെയടുത്തേക്ക്‌ വന്നു… സിനിമാ നടികള്‍ ഒരു വശം തിരിഞ്ഞ്‌ കസേരയില്‍ ഇരിക്കുന്ന പോലെ, വണ്‍ ബൈ ടു ആസനം ഞങ്ങളുടെ ഡെസ്കിന്റെ മൂലക്ക്‌ പൊസിഷനിലാക്കി സാര്‍ ഇരുന്നു… വാഴക്കൊലക്ക്‌ ഊന്ന് വെച്ചപോലെ.

എന്നിട്ട്‌ അല്‍പം കുനിഞ്ഞ്‌, സാറിന്റെ മുഖവും, എന്റെ മുഖവും ഒരേ നേര്‍ രേഘയില്‍ സന്ഥിക്കുന്ന അവസ്ഥയില്‍ നിര്‍ത്തിയിട്ട്‌ സാര്‍ പറഞ്ഞു,

“യെസ്സ്‌..സ്സ്‌.. സ്രീനാത്‌… സൊല്ലുങ്കോ… വാറ്റ്‌ ഇസ്‌..സ്‌… തി ഇസ്‌..സ്യൂ… യു ഹാഫ്‌? ഐ വില്‍ ഗിഫ്‌ തി സ്‌…സൊലൂഷന്‍…”

അങ്ങേരത്‌ പറഞ്ഞ്‌ കഴിഞ്ഞതും, കല്യാണത്തിന്‌ പനിനീര്‌ തളിച്ചപോലെ, ഓറഞ്ചിന്റെ തോണ്ടു കൊണ്ട്‌ മുഖത്തേക്ക്‌ നീര്‌ ചീറ്റിച്ച പോലെ…. എന്റെ മുഖം മുഴുവനും നനഞ്ഞു.

സ്സ്‌, സ്യൂ, ഫ്‌.. തുടങ്ങിയ സാറിന്റെ വാക്കുകളാണ്‌ ആ “ഷവര്‍ ഷോ” നടത്തിയതെന്ന് മനസ്സിലാക്കാന്‍ സാറിന്റെ മുല്ലപ്പൂ മണമുള്ള അത്തറിന്റെ ഗന്ധത്തിനെ മറ്റെന്തോ നാറ്റം വന്ന് ഓടിച്ച്‌ വിടേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു.

പണ്ടാരമടങ്ങാന്‍ എന്റെ കയ്യിലാണെങ്കി കര്‍ചീഫും ഇല്ല. അല്ലെങ്കിലും അത്യധികം ഉഷാറോടു കൂടി കണക്ക്‌ പറഞ്ഞുതരുന്ന സാറിന്റെ കണ്ണില്‍ നോക്കി അത്‌ തുടച്ചു കളഞ്ഞാന്‍ സാറിന്‌ വിഷമം ആയാലോ എന്ന് കരുതി ഞാന്‍ അനങ്ങാതെ ഇരുന്നു. പറയുന്നതെല്ലാം മനസ്സിലാക്കുന്നവനേ പോലെ, മുഖത്ത്‌ അത്ഭുതം വരുത്തിക്കൊണ്ട്‌ സാറിനെ തന്നെ നോക്കിയിരുന്നു.

“സോ… ഇസ്‌ താറ്റ്‌ ക്ലിയര്‍ സ്‌..സ്രീനാത്‌… യു ഡിസ്‌..കസ്‌… ഇറ്റ്‌ വിത്‌ യുവര്‍ ഫ്രണ്ട്‌..സ്‌…സ്‌…”

അതുംകൂടിയായ്പ്പോള്‍ തുള്ളിക്കൊരുകുടം എന്ന വാക്കിന്റെ ശരിക്കുള്ള മീനിംഗ്‌ എനിക്കു മനസ്സിലായി. സാറ്‌ പറഞ്ഞ്‌ കഴിഞ്ഞ്‌ തിരിഞ്ഞതും, “ഹോ സാറിന്റെ ബുദ്ധി അപാരമാണേയ്‌…” എന്നും പറഞ്ഞ്‌ സുജിക്കുട്ടന്റെ തോളത്ത്‌ ഞാന്‍ മുഖം അമര്‍ത്തി. സാറിന്റെ അപാരമായ കഴിവും, പറഞ്ഞ്‌ തന്ന പ്രോബ്ലത്തിന്റെ ബുദ്ധിമുട്ടും ഒക്കെ അലോജിച്ച്‌ തന്റെ തോളില്‍ ചാഞ്ഞതാണെന്നാണ്‌ പാവം സുജിക്കുട്ടന്‍ കരുതിയത്‌. മുഷിഞ്ഞതെങ്കിലും തല്‍കാലം മുഖം തുടക്കാന്‍ അവന്റെ കുപ്പായമേ എനിക്കപ്പോ ഉപകരിച്ചുള്ളൂ… അതിനൊരു താങ്ക്സ്‌ പറയാന്‍ പോലും അന്ന് ഞാന്‍ മെനക്കെട്ടില്ലാ എന്നത്‌ ഇന്നോര്‍ക്കുമ്പോള്‍ ദുഖം തരുന്നു.

പെണ്‍പടകള്‍ സാറ്‌ അടുത്തേക്ക്‌ വരുമ്പോള്‍ ചാഞ്ഞുപോകുന്നതിന്റെ കാരണം എനിക്കപ്പോ വളരെ വ്യെക്തവും, ശക്തവുമായിട്ട്‌ മനസ്സിലായി. ഏതായാലും ഇനിയൊരിക്കലും സംശയം ചോദിക്കാന്‍ മുതിരില്ലെന്ന് ഞാനുറപ്പിച്ചു.

അങ്ങനെ ക്ലാസ്സ്‌ കഴിയാറായി, അടുത്ത പിരീഡിനുള്ള “ബെല്ല്” അടിക്കുന്നതും നോക്കി പാടത്ത്‌ നിക്കുന്ന കൊക്കിനെപ്പോലെ സാറും, കൊക്കിനെ നോക്കി കിടക്കുന്ന ഞണ്ടുകളെപ്പോലെ ഞങ്ങളും ഇരുന്നു. ബോറഡി ബെല്ലഡിക്ക്‌ മുന്‍പ്‌ എത്തിയതുകൊണ്ടാവാം, സാറ്‌ നേരേ ഞങ്ങളുടെ അടുത്തേക്ക്‌ വന്നത്‌.ആ വരവു കണ്ടതും എനിക്ക്‌ ടെന്‍ഷന്‍ കേറിത്തുടങ്ങി… ദൈവമേ.. ഇനിയും….?

ഭാഗ്യത്തിന് ആശാന്‍ സുജിക്കുട്ടനെയാണ്‌ ലാക്കാക്കിയിരുന്നത്‌. നേരത്തേ പറഞ്ഞുവെച്ചപോലെ, അതേ പൊസിഷനില്‍, കടുകിട തെറ്റാതെ സാര്‍ വന്നിരുന്നു.

“എന്നാ സുജൈ… നാന്‍ സൊല്‍ര്‍തെല്ലാമേ പുരിയതാ…”

“ഓ യെസ്‌ സാര്‍… ഇന്‍ഫാക്റ്റ്‌, യുവര്‍ ക്ലസ്സെസ്‌ ആര്‍ സോ നൈസ്‌….” സുജിക്കുട്ടന്‍ പറഞ്ഞു.

ആ പറഞ്ഞതിത്തിരി ഓവറായില്ലേ എന്നെനിക്ക്‌ നല്ല സംശയം ഉണ്ടായിരുന്നു. അത്‌ തീര്‍ക്കാനെന്ന പോലെ, സാര്‍ ആകെ മൊത്തം ഒന്നിളകിയിരുന്നു.

“ഓഹ്‌… അപ്പടിയാ… അമാ, ഉങ്ക ഊരെങ്കേ??”

“നാന്‍ പാലക്കാട്ട്‌ കാരന്‍ സാര്‍…”

“ഓ… അങ്കെ എനക്ക്‌ ഒരു റിലേറ്റിവ്‌ ഇറുക്ക്‌… പേര്‌ വന്ത്‌ ചാക്കോ. തെരിയുമാ?”

ഹിന്ദുവായ അഴകപ്പന്‍ സാറിന്‌ ക്രിസ്ത്യാനി ബന്ധുവിനെ എങ്ങനെ കിട്ടി എന്ന് എനിക്ക്‌ മനസിലായില്ല. എന്തൊക്കെയാണെങ്കിലും, സാറും സുജിക്കുട്ടനും കൂടുതല്‍ അടുപ്പക്കാരായി വരുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. ഭാഗ്യം സാറിന്റെ മുഖത്തിന്റെ ഡയറക്ഷന്‍ വേറെ ആങ്കിളില്‍ ആണ്‌.

“സാര്‍, അപ്പൊ ഉങ്കളുടെ ഊര്‍?” സുജൈ ചോദിച്ചു.

“ഊര്‍” അഥവാ നാട്‌ സാറിന്റെ ഒരു വീക്ക്‌ പോയന്റായിരുന്നു. സ്വന്തം നാടിനെ കുറിച്ച്‌ വര്‍ണ്ണിക്കാന്‍ ശ്വസം മുട്ടി നിന്ന ജലദോഷക്കരന്റെ ആവേശത്തില്‍ സാര്‍ ആരംഭിച്ചു…

ആവേശം മൂത്ത്‌, ഇപ്പോ സാര്‍ സുജിക്കുട്ടന്റെ നേരെ തിരിഞ്ഞ്‌, കുനിഞ്ഞാണിരിക്കുന്നത്‌. മുകളില്‍ നിന്നും താഴേക്ക്‌, സുജിക്കുട്ടനെ നോക്കി സംസാരിക്കുന്ന സാറിന്റെയും സുജൈയുടെയും മുഖങ്ങള്‍ തമ്മില്‍ ഏതാണ്ട്‌ പതിനഞ്ച്‌ സെ.മീ മാത്രം ദൂരം കാണുമായിരിക്കും.

വിവരണം കേട്ട്‌ വിയര്‍ത്തതാണെന്നേ ആരും പറയൂ… ബാര്‍ബര്‍ ഗോപിയേട്ടന്‍ തലയില്‍ വെള്ളം ചീറ്റിക്കുന്ന സമയത്ത്‌ കുറച്ച്‌ വെള്ളം മുഖത്തും വീഴുമ്പോ ഉണ്ടാകുന്ന ആ ഒരു തരിപ്പും, നനവും അവന്റെ മുഖത്തും കാണാമയിരുന്നു.

പക്ഷേ ഒന്നും സഭവിക്കാത്ത പോലെ സുജിക്കുട്ടനും, ആര്‍ത്തിയോടെ സംസാരിക്കുന്ന അഴകപ്പന്‍ സാറും സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ പതിയെ അപ്പുറത്തിരിക്കുന്ന ശശിയുടെ നേരെ തിരിഞ്ഞിരുന്നു.

“റ്റ്രീ……….ങ്‌……”

അഹാ… ബെല്ലടിച്ചു… ബാക്കടിച്ചു… (ബാക്കി പാടാന്‍ കൊള്ളില്ല)

ആവേശമായി വന്ന സംഭാഷണം പെട്ടെന്ന് നിര്‍ത്തേണ്ടി വന്ന വേദനിയില്‍ സാര്‍ പറഞ്ഞു,

“സുജൈ, ബാക്കി അപ്പറം, നെക്ഷ്റ്റ്‌ ക്ലാസ്‌..സില്‍ സൊല്‍രേന്‍…”

പൂജാരി അവസാന കൈ പുണ്യാഹം ഏറ്റോം അകലേക്കെത്താന്‍ പാകത്തില്‍ വീശുന്ന പോലെ, സുജൈയുടെ മുഖത്തേക്ക്‌ അഴകപ്പന്‍ സാറിന്റെ വക…

സാര്‍ എണിറ്റതും, സുജിക്കുട്ടന്‍ എന്റെ തോളിലേക്ക്‌ മുഖം ചായ്ക്കാന്‍ നോക്കി…

ഹും, ഞനാരാ മോന്‍. ഒഴിഞ്ഞുമാറിക്കൊണ്ട്‌ ഞാന്‍ ചോദിച്ചു… “എന്തു പറ്റിയെഡാ…?”

“അതേയ്‌, ഞാനും കര്‍ച്ചീഫ്‌ എടുത്തിട്ടില്ലെഡാ…” അവന്‍ ഒന്നാക്കിക്കൊണ്ട്‌ പറഞ്ഞു.

സുജിക്കുട്ടന്റെ നല്ലമനസ്സിന്‌ പണ്ടേ ആരാധകരുള്ളതാണ്‌. ദേ, ഇപ്പൊ നമ്മുടെ അഴകപ്പന്‍ സാറും. കഴിഞ്ഞ തവണത്തെ ക്ലാസ്‌ കഴിഞ്ഞതു മുതല്‍ സാറിന്‌ സുജിക്കുട്ടനെ ഭയങ്കര കാര്യമാണ്‌. വന്നാല്‍ ആദ്യം അവന്റെയടുത്തെത്തും. പിന്നെ നട്ടുകര്യവും, വീട്ടുകാര്യവും ഒക്കെ പറഞ്ഞ്‌ തുടങ്ങും. ഏതായാലും ദിവസവും ഒന്നോ രണ്ടോ (അന്ന് രണ്ട്‌ പിരീഡ്‌ ക്ലാസ്സ്‌ അഴകപ്പന്‍ സാറിന്റെ വകയായിരിക്കും) കര്‍ച്ചീഫ്‌ കൊണ്ടുവരാന്‍ സുജിക്കുട്ടന്‍ മറക്കാതെ ഓര്‍ത്തു.

സാറിന്റെ വായില്‍ നിന്നും ബെല്ലും ബ്രേക്കുമില്ലാതെ ബഹിര്‍ഗമിക്കുന്ന ദ്രാവകരൂപത്തിനെ ഒഴിവാക്കാന്‍ സുജിക്കുട്ടന്റെ നിഷ്കളങ്കമായ മനസ്സിന്‌ അറിയില്ലായിരുന്നു. അങ്ങനെ അലോജിച്ച്‌ വിഷണ്ണനായിരുന്ന സുജിക്കുട്ടനോട്‌ ഞാനൊരു ഉപായം പറഞ്ഞുകൊടുത്തു. എറ്റവും എളുപ്പമുള്ളതും എഫക്റ്റീവുമായ ഉപായം.

അതായത്‌, ഇപ്പൊ സാര്‍ നിന്റെ തലക്ക്‌ മുകളിലും, നീ താഴെയുമാണ്‌. വെള്ളം പിടിക്കാന്‍ വെച്ച ഓട്ടക്കലം പോലെയാണ്‌ നീ സാറിന്റെ മുഖത്തേക്ക്‌ നോക്കിയിരിക്കുന്നത്‌. സ്വാഭാവികമായും ഗുരുത്വാകര്‍ഷണ നിയമം വെച്ച്‌, ദ്രാവകം മുകളില്‍ നിന്നും താഴോട്ടാണല്ലോ പതിക്കുന്നത്‌. അതിനാല്‍ ഇനി മുതല്‍ സാര്‍ വരുമ്പോ അങ്ങേരേ ഇങ്ങനെ ഒന്നരക്കാലില്‍ ഡെസ്കിന്റെ മൂലക്കിരുത്തരുത്‌. വന്നപാടെ അങ്ങേരെ നിന്റെയടുത്ത്‌ ബെഞ്ചില്‍ പിടിച്ചിരുത്തണം. അപ്പോ അങ്ങേര്‍ നേരെ നോക്കിയല്ലേ സംസാരിക്കൂ. വായില്‍ നിന്ന് ചാടുന്നതെല്ലാം മുന്നിലെ ഡെസ്കിലേക്ക്‌ വീണോളും. വേണമെങ്കി നീ നിന്റെ അക്കൗണ്ട്സ്‌ ബുക്ക്‌ അവിടെ വെച്ചുകൊടുത്തോ. പ്രോബ്ലം സോള്‍വ്ഡ്‌!

“ഹോ.. നീയാണെഡാ എന്റെ ആത്മാര്‍ഥ മിത്രം… ” എന്നും പറഞ്ഞ്‌ ഒരൊറ്റ കെട്ടിപ്പിടുത്തമായിരുന്നു അവനെന്നെ. ഞാനങ്ങ്‌ സെന്റിയായിപ്പോയി. എന്തായാലും, അതിനു പകരമായി അവന്‍ എനിക്ക്‌ രാമ കൃഷ്ണ കോളേജിലേയും, അപ്പാസാമി കൊളേജിലേയും ഒരോ കുട്ടികളെ “മുട്ടിച്ചു” തന്നത്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല.

അങ്ങനെ ഞാന്‍ പറഞ്ഞുകൊടുത്ത ഐഡിയയുമായി അടുത്ത ദിവസം സുജിക്കുട്ടന്‍ സാര്‍ വരാനായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ ഗഡി നേരേ വന്നത്‌ സുജിക്കുട്ടന്റെ അടുത്തേക്ക്‌…

എന്റെയടുത്തേക്ക്‌ നീങ്ങിയിരുന്ന്, ആവശ്യത്തിന്‌ സ്ഥലമുണ്ടാക്കി, രണ്ട്‌ കൈ കൊണ്ടും ആനയിച്ച്‌ സുജയ്‌, സാറിനിരിക്കാനുള്ള സിഗ്നല്‍ കൊടുത്തു. തുറന്നു വെച്ച എലിപ്പെട്ടിയല്‍ ഓടിക്കയറിയ എലിയേപ്പോലെ സാര്‍ അവിടെ അന്നിരുന്നു. എല്ലാം പ്ലാന്‍ ചെയ്തപോലെ നടന്നതിലുള്ള സന്തോഷം വക്ക്‌ വിണ്ട അലുമിനിയം പാത്രത്തിന്റെ വായ പോലെയുള്ള ഒരു ചെറു ചിരിയില്‍ സുജിക്കുട്ടനൊതുക്കിനിര്‍ത്തി.

പക്ഷേ…. പിന്നീട്‌ സംഭവിച്ചത്‌ പ്ലാന്‍ ചെയ്ത മാതിരി അത്രക്ക്‌ പെര്‍ഫെക്റ്റ്‌ ആയിട്ടല്ലായിരുന്നു.

ഇല്ലാത്ത സ്ഥലമുണ്ടാക്കി സാറിനെ ഇരുത്തിയെങ്കിലും, വളരെ ജാമായിട്ടാണ്‌ അവര്‍ ഇരുന്നത്‌. അതായത്‌ സാറും സുജിക്കുട്ടനും കട്ടക്ക്‌ കട്ട വെത്യാസത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്ത്‌ ഇരിക്കുന്നു.

പ്രതീക്ഷിച്ച മാതിരി സാര്‍ നേരെ മുന്നോട്ട്‌ നോക്കി സംസാരിക്കുമെന്ന് കരുതിയിരുന്ന സുജിക്കുട്ടന്‍ നോക്കിയയ്പ്പോള്‍ കണ്ടത്‌ തന്റെ കണ്ണിനു നേരെ എയിം ചെയ്ത്‌ വെച്ചിരിക്കുന്ന നനഞ്ഞ്‌ വിരിഞ്ഞ ചുണ്ടുകളും, “സ്‌..സോ… റ്റെല്‍ മി സ്‌..സുജൈ…” എന്ന കിക്ക്‌ സ്റ്റാര്‍ട്ട്‌ ഡയലോഗുമാണ്‌.

അപ്പോള്‍ ആ രണ്ട്‌ മുഖങ്ങള്‍ തമ്മിലുള്ള അകലം, സെന്റി മീറ്ററുകള്‍കും, മില്ലീ മീറ്ററുകള്‍ക്കും ഇടയിലെവിടെയോ ആയിരുന്നു…

ആ സംഭവത്തിനു ശേഷം ഒരു പെണ്‍കുട്ടിയെ പോലും അവനെനിക്ക്‌ മുട്ടിച്ചു തന്നില്ല എന്നത്‌ വേദനയോടെ സ്മരിക്കട്ടെ.

അടിക്കുറിപ്പ്‌: ഈ കഥയില്‍ അല്‍പം മാത്രമേ സത്യമുള്ളൂ. ബാകിയൊക്കെ ചുമ്മാ മസാല ചേര്‍ത്തതാണ്‌. അറിഞ്ഞുകൊണ്ട്‌ ആരെയും കളിയാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ആ സെമസ്റ്ററിലെ അക്കൗണ്ട്‌ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയും പിന്നീടുള്ള നാല്‌ സെമസ്റ്ററുകള്‍ ആഞ്ഞ്‌ ശ്രമിച്ചത്തിനു ശേഷമാണ്‌ ആ പേപ്പര്‍ ഒന്ന് പാസായിക്കിട്ടിയയതെന്നും ഇക്കൂട്ടത്തില്‍ പറയട്ടെ.

കുട്ടപ്പന്റെ പെണ്ണുകാണല്‍

കുട്ടപ്പന്‍ അങ്ങ്‌ ദുഫായിലാണ്‌ കാശുണ്ടാക്കുന്നത്‌. ജീവിതം ഇങ്ങനെ കാശുണ്ടാക്കാനും, കുടവയര്‍ വീര്‍പ്പിക്കനും മാത്രം ആയാല്‍ പോരാ എന്ന സഹപ്രവര്‍ത്തകരുടെയും, സഹ മുറിയന്മാരുടെയും സദാസമയമുള്ള ഉപദേശങ്ങള്‍ക്ക്‌ വഴങ്ങി ആശാനിപ്പോ നാട്ടിലെത്തിയിരിക്കുകയാണ്‌. ഒരു പെണ്ണിനെ കുടുക്കാന്‍.

കുട്ടപ്പന്‍ ഒരു മഹാ പാവമാണ്‌. ഏതൊരു നാടും കള്ളവുമില്ലാ ചതിയുമില്ലാ എള്ളൊളമില്ലാ പൊളിവചനം എന്ന മട്ടാണ്‌ കുട്ടപ്പന്‌. തെറ്റുകണ്ടാല്‍, “ഓ.. ഇതാണോ തെറ്റ്‌?” എന്ന് ചോദിക്കുന്ന മനസ്സ്‌. പണ്ട്‌ കോളേജില്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട്‌ ആദ്യമായി “ത്രിശ്ശൂരാണല്ലേ വീട്‌…” എന്ന് ചോദിച്ചപ്പോള്‍ പെരുമ്പറ പോലെ മുഴങ്ങിയ ചങ്കുള്ള കുട്ടപ്പന്‌ ഒരു പെണ്ണ്‍ കാണല്‍ എന്ന് പറയുന്നത്‌ ജീവിതത്തില്‍ ആദ്യമായി നടക്കുന്ന “റിയാലിറ്റി ഷോ” ആയിരുന്നു. ആ സീന്‍ അലോജിക്കുമ്പൊഴെ കുട്ടപ്പന്റെ കയ്യും കാലും വിറക്കും.

അല്ല. ഞാനെതിനാ ഇങ്ങനെ വറീഡ്‌ അകുന്നത്‌? ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്‍… അപ്പൊ ഞാന്‍ ശരിക്ക്‌ നോക്കണ്ടേ… സംസാരിക്കണ്ടേ… എന്നൊക്കെ വീണ്ടും വീണ്ടും അലോജിച്ച്‌ കുട്ടപ്പന്‍ ആത്മധൈര്യം വീണ്ടെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അവളുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. ഒറ്റ നോട്ടത്തില്‍ തന്നെ അവളെ വിലയിരുത്താന്‍ എനിക്ക്‌ പറ്റുാ? അവള്‍ എന്നേക്കാള്‍ നന്നായി ഇംഗ്ലീഷ്‌ പറയുമോ? എന്നേക്കാള്‍ കൂടുതല്‍ “ലോക വിവരം” അവള്‍ക്കുണ്ടാകുമോ? തുടങ്ങിയ ആയിരം ചോദ്യങ്ങളില്‍ ഉത്തരം കിട്ടാതെ കുട്ടപ്പന്‍ വീണ്ടും ഭയന്നു വിറച്ചു.

പെണ്‍ വീട്ടിലേക്ക്‌ മൂന്ന് നാല്‌ മണിക്കൂര്‍ യാത്രയുണ്ട്‌. ഉച്ചയൂണിനു നില്‍ക്കാതെ തിരിക്കുകയും വേണം. അതിനാല്‍ കുട്ടപ്പനും കൂട്ടരും അന്ന് നേരത്തേ തന്നെ വീട്ടില്‍ നിന്നിറങ്ങി.അതുകോണ്ട്‌ തന്നെ ഭക്ഷണപ്രിയനായിരുന്ന കുട്ടപ്പന്‌ രാവിലെ ഒന്നും കഴിക്കാന്‍ തരമൊത്തിരുന്നില്ല. കാറോടിക്കന്‍ ഡ്രൈവര്‍ ഉണ്ടായിരുന്നെങ്കിലും, “എന്റെ കാര്‍, എന്റെ കാശ്‌, എന്റെ ഡ്രൈവിംഗ്‌” എന്ന മുദ്രാവാക്യത്തില്‍ അള്ളിപ്പിടിച്ചിരുന്ന കുട്ടപ്പന്‍, തന്‍ തന്നെ വണ്ടിയോടിച്ചാ മതി എന്ന തീരുമാനവും എടുത്തു.

കോഴിക്കോട്ടെ കടല്‍കാറ്റില്‍ മതിമറന്ന് സുന്ദരിയായി നില്‍ക്കുന്ന ഒരു ഗ്രാമത്തിലാണ്‌ അവളുടെ വീട്‌. സ്ഥലമടുക്കും തോറും കുട്ടപ്പന്റെ ആധി കൂടാന്‍ തുടങ്ങി. കുട്ടപ്പന്റെ കാര്‍ റോട്ടിലെ ഒരു തരിപൂഴിപോലും ഇളകാത്ത അത്ര സ്ലോ മോഷനില്‍ ആ ഗ്രാത്തിന്റെ ഇടവഴികളിലൂടെ നീങ്ങി. കാറിലിരിക്കുന്ന എല്ലാവരും എന്തോ ഇടിക്കുന്ന ശബ്ദം കേട്ട്‌ അങ്ങോട്ടുമിങ്ങോട്ടും നോക്കി. കുട്ടപ്പന്‍ മാത്രം അത്‌ കേള്‍ക്കാത്ത പോലെ നെഞ്ചില്‍ കയ്യമര്‍ത്തി കാറോടിച്ചു.

“അതാ.. ആ കാണുന്ന ചുവന്ന ഗേറ്റാ…”

കുട്ടപ്പന്റെ അമ്മാവന്‍ ഒരു വീട്‌ ചൂണ്ടിക്കാട്ടി പറഞ്ഞു.

കുട്ടപ്പന്റെ ഹൃദയം അവന്റെ കാറിന്റെ എഞ്ചിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. മുഖത്തു നിന്നും ചുവന്ന മാര്‍ക്സിസ്റ്റുകാര്‍ പോയി, കോണ്‍ഗ്രസ്സുകാര്‍ വന്നു. ഒരുവിധം കുട്ടപ്പന്‍ വണ്ടി ഗേറ്റിനടുത്തേക്ക്‌ ഒതുക്കിനിര്‍ത്തി.

“ഡാ… നീ നമ്മടെ ഡ്രൈവറാണെന്നെങ്ങാനും ആ കുട്ടി വിചാരിക്കുാ?” അമ്മാവന്റെ സംശയം.

അവര്‍ ഗേറ്റും കടന്ന് വീട്ടിലേക്ക്‌.

കുട്ടപ്പന്റെ കണ്ണുകള്‍ വീടിനെ മൊത്തമായൊന്നു നോക്കി. രണ്ട്‌ നില വീട്‌. കറുത്ത അംബാസിഡര്‍ കാറ്‌. കൊള്ളാം സെറ്റപ്‌…

കുട്ടിയുടെ അഛനെ പോലെ തോന്നിക്കുന്ന ഒരാള്‍ വേഗത്തില്‍ പുറത്തിറങ്ങി വരുന്നു…

“ഹാ… നിങ്ങളെത്തിയോ… ഞങ്ങള്‍ പ്രതീക്ഷിച്ചിരിക്കുവായിരുന്നു… വരൂ… വരൂ… അകത്തേക്കിരിക്കാം…”

കുട്ടപ്പന്റെ കണ്ണുകള്‍ വീടിന്റെ ജനാലകളിലൂടെ നീങ്ങി.. ഇനി അവളെങ്ങാനും അവിടെ എന്നെ നോക്കി നില്‍പുണ്ടാവുമോ… ഞാന്‍ മര്യാദക്കു തന്നെയല്ലേ നടക്കുന്നത്‌? ഡ്രസ്സ്‌ ചുളിഞ്ഞില്ലല്ലോ? മുഖത്ത്‌ റ്റെന്‍ഷന്‍ കാണുമോ? അങ്ങനെ നീണ്ടുപോയി കുട്ടപ്പന്റെ ചിന്തകള്‍.

കാര്‍ന്നോമ്മാരെല്ലാം ചര്‍ച്ചതുടങ്ങി. ഹര്‍ത്താലില്‍ തുടങ്ങി,സന്തോഷ്‌ മാധവനെയും കൂട്ടരേയും വന്ദിച്ച്‌, ഏഴാം ക്ലാസ്സ്‌ വഴി പവര്‍ കട്ടിലെത്തിയിട്ടും ചര്‍ച്ചക്ക്‌ അവസാനം ഉണ്ടായില്ല. അതിലൊന്നും തലയിടാതെ കുട്ടപ്പന്‍ കയ്യില്‍ കിട്ടിയ പത്രത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിക്കൊണ്ടിരുന്നു.

അപ്പോഴാണ്‌ പെണ്ണിന്റെ അമ്മ പലതരം പലഹാരങ്ങളുമായി വന്നത്‌. മുന്നിലിട്ടിരിക്കുന്ന ടീപോയ്‌ മുഴുവന്‍ കളര്‍ഫുള്‍! ലഡു, ജിലേബി, പപ്പടവട, കായ-ചക്ക വറുത്തത്‌, മിക്സ്ചര്‍ അങ്ങിനെ അങ്ങിനെ. രാവിലെ മുതല്‍ പട്ടിണിക്കിട്ടിരുന്ന കുട്ടപ്പന്റെ വയര്‍ മറനീക്കി പുറത്ത്‌ വന്നു.

കയ്യെത്തിച്ചെടുക്കാന്‍ ഏറ്റവും ഉയരത്തിലിരുന്ന ലഡുവായിരുന്നു എളുപ്പം. കുട്ടപ്പന്‍ ഒരെണ്ണമെടുത്ത്‌ പപ്പടവട ശബ്ദമുണ്ടക്കാതെ തിന്നുന്നമാതിരി തിന്നു.

“കൊള്ളാം…” കുട്ടപ്പന്റെ വയര്‍ പറഞ്ഞു.

“ഇനി…?”

ജിലേബി? കയ്യില്‍ മെഴുക്കാവും… ന്നാലും സാരല്ല്യ…

കായ വറുത്തത്‌? ശബ്ദമുണ്ടാക്കാതെ തിന്നണം. ന്നലും സാരല്ല്യ. ഇവരുടെ കത്തിവെക്കലിനിടയില്‍ അത്‌ നിഷ്‌പ്രഭം.

തുടര്‍ന്ന് ചക്ക വറുത്തത്‌… പപ്പടവട… ഇടക്കിടെ ചായ ഒരോ സിപ്പ്‌… കുട്ടപ്പന്‍ അറിയാതെ തന്നെ അതില്‍ മുഴുകിയിരുന്നുപോയ്‌. കാര്‍ന്നോമ്മാരുടെ ചര്‍ച്ചക്കിടയില്‍ എന്നെയരും ശ്രദ്ദിക്കുന്നില്ലാ എന്ന അറിവും കുട്ടപ്പന്റെ കയ്യിനും, വായ്ക്കും പണികൊടുത്തുകൊണ്ടിരുന്നു.

“ന്താ… മ്മടെ പയ്യന്‍ ഒരു ശാന്തപ്രിയനാണെന്ന് തോണൂ? ഒന്നും മിണ്ടണില്ലാ…”

അതുവരെ അവിടെയുണ്ടായിരുന്ന ഒരു “വേവ്‌ ലെങ്ങ്‌തില്‍” നിന്നും വെത്യസ്തമായൊരു ശബ്ദം കേട്ട കുട്ടപ്പന്‍ തലപൊക്കി നോക്കി…

ഞാന്‍ കണ്ടേ…. എന്ന മട്ടില്‍ ഒരു കള്ളക്കണ്ണുമായി പെണ്ണിന്റെ അച്ചന്‍.

കയ്യിലിരിക്കുന്ന ജിലേബിയുടെ ബാക്കി പ്ലേറ്റിലേക്ക്‌ വെച്ച്‌, ചുണ്ടില്‍ നിന്നും എണ്ണമയം തൂവാലകോണ്ട്‌ തുടച്ച്‌, കുട്ടപ്പന്‍ വൃത്തിയായി ഒന്ന് ചിരിച്ചു…

“ഈ വഹ വിഷയത്തിലൊന്നും ഒരു താല്‍പര്യോം ഇല്ലാന്ന് തോന്നണൂ…? ഉവ്വോ?” അതിലെന്തോ ദ്വയാര്‍ദ്ധമില്ലേയെന്ന് കുട്ടപ്പന്‌ തോന്നി. കുട്ടീടെ അച്ചന്‍ വിടുന്നമട്ടില്ല.

ഏയ്‌… ഞാനാ ടൈപ്പല്ലാ എന്ന് അറിയിക്കാന്‍ മാത്രം, അധികം ശബ്ദമുണ്ടാക്കാതെ കുട്ടപ്പന്‍ പറഞ്ഞു,

“ഓഹ്‌.. ഈ വിഷയത്തിലൊന്നും എനിക്ക്‌ താല്‍പര്യമില്ല. അങ്ങ്‌ ദുബായില്‍ ഇതൊന്നുമില്ലല്ലോ…”

“ന്ന് വെച്ചാ? ജിലേബിയോ അതോ കറന്റ്‌ കട്ടോ?” പിന്നേം കുട്ടീടച്ഛന്‍.

“ഞാന്‍ നിങ്ങടെ വര്‍ത്തമാനത്തെ കുറിച്ചാ…” ചെറുങ്ങനെ ഒന്ന് ചമ്മിയെങ്കിലും കുട്ടപ്പന്‍ പറഞ്ഞു.

“ഹ ഹ ഹാ…”

അതുവരെ മിണ്ടാതിരുന്ന കുട്ടപ്പന്റെ ശബ്ദം കേട്ടതിന്റെ ആശ്ചര്യത്തിലായിരിക്കണം, പെണ്ണിന്റെ അച്ചന്‍ ഉറക്കെ ചിരിച്ചു. എല്ലാവരുടെയും ശ്രദ്ധ കുട്ടപ്പനിലായി.

തന്നെ നോക്കിയിരിക്കുന്ന ആറെട്ട്‌ തലകള്‍! കുട്ടപ്പന്റെ ആധി പിന്നെയും കൂടി. ബ്ലഡ്‌ പ്രഷര്‍ കൂടി, ആകെ അസ്വസ്ഥനായി അവന്‍ ഒന്നിളകി ഇരുന്നു. വെളുത്ത തൂവാല കൊണ്ട്‌ ഒലിച്ചിറങ്ങിയ വിയര്‍പ്പ്‌ തുടച്ച്‌ നീക്കി…

“ന്നാ, മ്മക്ക്‌ കുട്ട്യേ വിളിക്കാലേ… ചെക്കന്‌ ഇനി ക്ഷമ കിട്ടീന്ന് വരില്ലാ…” എതോ ഒരു വയസ്സന്‍ ശബ്ധം.

“ഈശ്വരാ… ആ നിമിഷം അടുത്തിരിക്കുന്നു. ഞാന്‍ എന്ത്‌ അവളോട്‌ പറയും? അവളെന്നോടെന്ത്‌ പറയും?” കുട്ടപ്പന്റെ കാലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.

വിളറിയ മുഖം ആരും ശ്രദ്ദിക്കാതിരിക്കാന്‍ അവന്‍ മുഖം താഴേക്ക്‌ പിടിച്ചു. തനിക്കിതൊന്നും ഒരു പ്രശ്നമേയല്ലെന്നറിയിക്കാന്‍, നേരത്തേ വായിച്ച്‌ വെച്ച പത്രം ഒന്നൂടെ എടുത്ത്‌ വായിച്ചു. ഒരു മാറ്റ്രിമോണിയല്‍ പേജ്‌. എതോ അഗോള പ്രശ്നം ചൂടോടെ വായിക്കുന്നപോലെ കുട്ടപ്പന്‍ തന്റെ കണ്ണുകളോടിച്ചു… “ഗ്രൂം വാണ്ടട്‌…. ബ്രൈഡ്‌ വാണ്ടട്‌…”

പത്രം വിറക്കുന്നുണ്ടോ… ഉണ്ടെന്ന് മനസ്സിലാക്കിയ കുട്ടപ്പന്‍ പത്രം മടക്കി മടിയില്‍ വെചു. വേഗം കുറച്ച്‌ മിക്സചര്‍ എടുത്ത്‌ വായിലിട്ടു. ചായ ഗ്ലാസ്‌ കയ്യിലെടുത്ത്‌ പിടിച്ചു. വിറയന്‍ കൂടുന്നുവെന്നറിഞ്ഞ കുട്ടപ്പന്‍ കാലാട്ടാന്‍ തുടങ്ങി.

നെഞ്ചിനിടിപ്പിനിടയില്‍ കാര്‍ന്നോമ്മാരെന്തൊക്കെയോ പറഞ്ഞത്‌ കുട്ടപ്പന്‍ കേട്ടില്ല.

“എന്താ ഡാ… നിനക്ക്‌ കാണണ്ടേ? ന്നാ നിന്നെ അവള്‍ക്ക്‌ കാണണം ന്ന്… തിരിഞ്ഞൊന്ന് നോക്കെഡാ…”

എല്ലാവരും ചിരിക്കുന്നു…

ഓ… അപ്പോള്‍ അവള്‍ എന്റെ വലത്‌ വശത്ത്‌ വാതിലിനോട്‌ ചേര്‍ന്ന് നില്‍ക്കുന്നുണ്ട്‌. ദൈവമേ… എങ്ങിനെ ഞാന്‍ തലയുയര്‍ത്തി അവളെ….

കുട്ടപ്പന്‍ തല പതുക്കെ ഒന്ന് തിരിച്ചു. ഗ്രാനൈറ്റ്‌ തറയിലൂടെ അവന്റെ കണ്ണുകള്‍ അവളുടെ കാലിനോ അല്ലെങ്കില്‍ വാതിലിനോ വേണ്ടി പരതി…

അതാ… ചെറുങ്ങനെ വളച്ച്‌ ഷേയ്പ്പ്‌ ആക്കിയ നഘത്തില്‍ ക്രീം ക്യൂട്ടക്സ്‌ ഇട്ട്‌ രണ്ട്‌ വെളുത്ത കാല്‍പാദങ്ങള്‍!

മുകളിലേക്ക്‌ നോക്കണോ? അവള്‍ എന്നേ നോക്കി നില്‍ക്കുകയാണോ… ? കുട്ടപ്പന്റെ ഹൃദയം വളരെ ലോലമായിപ്പോയി.

ഒരു സെക്കന്റിന്റെ ആയിരത്തിലൊരു ഭാഗം കൊണ്ട്‌ കുട്ടപ്പന്‍ തല ഒന്ന് മേലോട്ടാക്കി, അവളുടെ മുഖം വഴി, സീലിംഗ്‌ ഫാനില്‍ തട്ടി, ചുമരിലെ ശകുന്തളയുടെ പെയിന്റിംഗ്‌ വഴി നേരേ പഴയ മാറ്റ്രിമോണിയല്‍ പേജിലെത്തിച്ചു. എന്നിട്ടൊന്ന് ശ്വാസം വിട്ടു. കര്‍ട്ടനും, ഫാനും, സീലിങ്ങും, ചുമരും, പെയിന്റിങ്ങും ഒക്കെ കൂടി മഴക്കാലത്ത്‌ കാണുന്ന വര്‍ണ്ണരാജി പോലെ തോന്നിയ കുട്ടപ്പന്‌ അതിനിടയില്‍ കുട്ടിയുടെ മുഖം ക്ലിയറായില്ല. വെളുത്ത എന്തോ ഒന്ന് ഇടയില്‍ ഉണ്ടായിരുന്നു. അതവളുടെ മുഖമോ.. അതോ കര്‍ട്ടന്റെ കളറോ എന്നൊരു സംശയം മാത്രം. എതായാലും ഇനിയവളുടെ മുഖത്ത്‌ നോക്കനുള്ള ധൈര്യം കിട്ടില്ലെന്ന് കുട്ടപ്പന്‌ ഉറപ്പായിരുന്നു.

കണ്ണുകള്‍ വീണ്ടും മാറ്റ്രിമോണിയലില്‍ ഊരുചുറ്റിയപ്പൊഴും, ഹൃദയം മിസ്സായിപ്പോയ തന്റെ ഭാവി വധുവിന്റെ മുഖമുദ്രയെക്കുറിച്ചോത്ത്‌ വിഷണ്ണമായിരുന്നു.

“കുട്ട്യോള്‍ക്കെന്തെങ്കിലും മിണ്ടണെങ്കീ….” കുട്ടീടച്ഛന്‍ പിന്നേം.

“എയ്യ്‌… അതൊന്നും വേണ്ടാ… സാരല്ല്യാ…”

അങ്ങേര്‍ പറഞ്ഞ്‌ മുഴുമിപ്പിക്കുന്നതിനു മുന്‍പേ കുട്ടപ്പന്‍ പറഞ്ഞു. ഇപ്പൊഴേ പാതി ജീവന്‍ പോയി. ഇനി ബാക്കീള്ളതെങ്കിലും കളയാതെ നോക്കണ്ടെ.

അധികം വൈകാതെ, അടുത്തു തന്നെ കാണാമെന്ന് പറഞ്ഞ്‌ കൈ കൊടുത്ത്‌ അവര്‍ തിരിച്ചുപോന്നു.

“ഡാ… എന്താഡാ… നീ ഒന്നും മിണ്ടാത്തെ…?”

വണ്ടി കുട്ടിയുടെ ഗ്രാമം കഴിഞ്ഞെന്നുറപ്പാക്കിയ കുട്ടപ്പന്റെ അമ്മാവന്‍ ചോദിച്ചു

“ഉം… പലഹാരങ്ങളൊക്കെ വളരെ നന്നായിരുന്നു. എനിക്കിഷ്ടായി…” കുട്ടപ്പന്‍ പറഞ്ഞു.

“അപ്പോ കുട്ട്യോ? അവളെ ഇഷ്ടായില്ലേ നിനക്ക്‌?”

“അമ്മാവാ… തെരക്കിനിടയില്‍ കുട്ടിയെ ശ്രദ്ദിക്കാന്‍ പറ്റിയില്ലമ്മാവാ…”

അത്‌ പറഞ്ഞതും, കാറിന്റെയുള്ളില്‍ ഒരു കൂട്ടച്ചിരി പടര്‍ന്നു.

[പിന്നീട്‌ അമ്മാവന്‍ വഴി, കുട്ടിയുടെ വീട്ടുകാരോട്‌ ഒരു ഫോട്ടോ അയച്കുതരാന്‍ കുട്ടപ്പന്‍ ആവശ്യപ്പെട്ടു. അപ്പൊഴെങ്കിലും ഒന്ന് നന്നായി കാണാം എന്ന പ്രതീക്ഷയുമയി.]

കസേര സര്‍ക്കസ്‌!

1992 ലെ ഒരു വേനലവധിക്കാലം. പൊതുവേ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കാന്‍ അന്നും എന്റെ മനസ്സ്‌ സമ്മതിച്ചിരുന്നില്ല.

നട്ടുച്ചക്കു പോലും പാടത്ത്‌ ക്രിക്കറ്റ്‌ കളിച്ചോണ്ടിരിക്കുന്ന ചേട്ടന്‍സ്‌ ബൗണ്ടറിക്ക്‌ പുറത്തേക്ക്‌ പന്തടിച്ചാല്‍ പെറുക്കിയായിട്ട്‌ എന്നെ വെച്ചത്‌ എന്റെ ആ സ്മാര്‍റ്റ്‌നെസ്‌ കണ്ടിട്ടായിരുന്നു. ചേട്ടന്‍സിന്‌ കളിയില്ലാത്ത ദിവസങ്ങളില്‍ എന്റെ അയല്‍വാസി ജിത്തുവിന്റെ കൂടെ ഫിഷിങ്ങിനു പോകും. പക്ഷേ കാലമൊരുപാട്‌ ഞാന്‍ ട്രൈ ചെയ്തിട്ടും ഒരു നല്ല മീന്‍പിടുത്തക്കാരനാവാന്‍ എനിക്കായില്ല. ഞാനാകെ സക്സസ്ഫുള്ളായി പിടിച്ച മീനുകള്‍ തുപ്പലംകൊത്തിയും, മാക്രിയുമാണ്‌(അതു രണ്ടും മാത്രെ നമ്മുടെ റ്റൈമിംഗ്‌ നോക്കി സ്ലോമോഷനില്‍ നീന്തൂ). അതും ചൂണ്ടയില്‍ കുടുങ്ങാന്‍ മാത്രമില്ലാത്ത ചീള്‌ സാധനങ്ങള്‍. അതുകൊണ്ട്‌ ചൂണ്ട മാറ്റിവെച്ച്‌ കാലുകൊണ്ട്‌ വെള്ളം കരയിലേക്ക്‌ തെറ്റിച്ചാണ്‌ ഞാന്‍ അവന്മാരെ കുടുക്കിയിരുന്നത്‌. ഒരോ തവണ തേകുമ്പോഴും ചാടിക്കളിക്കുന്ന ലവന്മാരെ നോക്കിനില്‍കാന്‍ എന്ത്‌ രസമാന്നറിയോ…

ഇതു രണ്ടും കഴിഞ്ഞാല്‍ പിന്നെയുള്ള പണി വീടിന്റെ അടുത്തുള്ള തങ്കേച്ചിയുടെ (തങ്കേച്ചി വയസ്സായ, എന്റെ അച്ചന്റെ ഒരു അകന്ന ബന്ധുവായ ഒരമ്മായിയാണ്‌) വീട്ടില്‍ സൈക്കിള്‍ ഓടിക്കാന്‍ പോകലാണ്‌. അവിടെ അവരുടെ മക്കള്‍ പണ്ട്‌ ബാങ്ക്ലൂരില്‍ നിന്നും വന്നപ്പോള്‍ പിള്ളേര്‍ക്ക്‌ കളിക്കാനായി ഒരു ചെറിയ സൈസ്‌ സൈക്കിള്‍ കൊണ്ടുവന്നു. അവര്‍ തിരിച്കു പോയപ്പോ അതിവിടെ വച്ചിട്ട്‌ പോയി. ആദ്യമൊക്കെ വല്ലപ്പോഴും അകലെ നിന്നു മാത്രം ഒന്ന് നോക്കുകയോ… ആരും കാണാതെ ഒന്ന് തൊടുകയോ ചെയ്തിരുന്ന ആ സൈക്കിള്‍ പിന്നെ പതുക്കെ പതുക്കെ ഞാന്‍ സ്വന്തമാക്കി തുടങ്ങി. പിന്നെ അത്‌ എന്റെ അനുവാദമില്ലാതെ തങ്കേച്ചി പോലും തൊടില്ല എന്ന സ്ഥിതിയായി.

അന്നത്തെ കാലത്ത്‌ കമ്പികൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക്കിന്റെ നൂലുകൊണ്ട്‌ നെയ്ത വട്ടത്തിലുള്ള കസേര വളരെ പ്രസിദ്ധമായിരുന്നു. അത്തരം ഒരു രണ്ടുമൂന്നെണ്ണം തങ്കേച്ചിയുടെ വീട്ടിലും ഉണ്ടായിരുന്നു. ആ കസേരക്ക്‌ പൊക്കം ഇച്ചിരി കുടുതലാണ്‌. യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോലെ വേണം അതിലിരിക്കാന്‍. ക്ലോസറ്റ്‌ പോലെ തന്നെ അതിന്റെ ഒത്ത നടുഭാഗത്ത്‌ നല്ലോരു ഓട്ടയാണ്‌. ആസനം ആ കുഴിക്കകത്തേക്ക്‌ വച്ച്‌ ഒന്നിരുന്നാല്‍ ലൂസ്‌ മോഷന്‍ വന്ന് യൂറോപ്യനില്‍ ഇരിക്കുന്ന അതേ സുഖമാണ്‌.

പക്ഷേ എനിക്ക്‌ അപ്പോ അങ്ങിനെ അതില്‍ ഇരിക്കാന്‍ ഉള്ള വലിപ്പം ഇല്ലായിരുന്നു. എന്നു വെച്ചാല്‍ ഞാന്‍ അതിലിരുന്നാല്‍ ഓട്ടവീണ ഷട്ടില്‍ ബാറ്റിനുള്ളിലൂടെ ഷട്ടില്‍ പുറത്തേക്ക്‌ പോണപോലെ ഞാന്‍ പോകും. ചെറിയ ചെക്കനായ എനിക്ക്‌ അന്നാ കസേരയില്‍ കയറുക എന്നത്‌ തെങ്ങുകയറുന്നതിലും മെനക്കേടായിരുന്നു. അതുകൊണ്ട്‌ തന്നെ എനിക്കതൊരു സര്‍ക്കസ്‌ കൂടാരം പോലെ എന്തോ ഒരു സാധനമായിരുന്നു.

പൊത്തിപ്പിടിച്ച്‌ അതിനുമുകളിലേക്ക്ക്‌ കയറും. എന്നിട്ട്‌ അതിന്റെ നടുവിലുള്ള തുള വഴി പുറത്തേക്ക്‌ ഊഴ്‌ന്നിറങ്ങും. പിന്നെ ഞാന്‍ പതിയെ സ്റ്റൈല്‍ മാറ്റി. ആദ്യം തല തുളയിലൂടെ പുറത്തേക്കിടും… പിന്നെ കയ്യ്‌… പിന്നെ കാലുകള്‍.. അങ്ങിനെ പതുക്കെ പതുക്കെ എലി പാമ്പിന്റെ വായില്‍ പോകുന്ന അതേ സ്പീഡില്‍ ഞാന്‍ പുറത്ത്‌ വരും. സംഭവം കെള്‍ക്കുന്ന അത്ര നിസ്സാരമായിരുന്നില്ല. നല്ല മെയ്‌ വഴക്കം ഉള്ളവര്‍ക്കേ അതു പറ്റൂ. ഞാന്‍ ആ തുളയിലൂടെ പുറത്തേക്ക്‌ കടക്കാന്‍ കാണിക്കുന്ന സര്‍ക്കസ്‌ കണ്ടാല്‍ ആരും ഒന്ന് പേടിക്കും… കയ്യും കാലും ഒക്കെ കൂടെ മിക്സ്‌ ആയി പരത്താന്‍ കിടക്കുന്ന പൊറോട്ട പോലെ ആകെ ഒരു കോമ്പ്ലക്സ്‌ പൊസിഷനില്‍ ആണേയ്‌ ആ സര്‍ക്കസ്‌.

ചെറിയ ബുദ്ധിയേ അന്ന് ഉള്ളെങ്കിലും, എന്റെയീ കസേര സര്‍ക്കസ്‌ ഒരു സംഭവമാണെന്നെനിക്ക്‌ മനസ്സിലായത്‌ എന്റെ കൂട്ടുകാരന്‍ ജിത്തു അതെന്നോട്‌ നേരിട്ട്‌ പറഞ്ഞപ്പോളാണ്‌. “ഡാ.. നീയിതെങ്ങെന്യാ ഉള്ളീക്കോടെ പുറത്തേക്ക്‌ വന്നേ… എനിക്ക്‌ പറ്റില്ലാലോ…”

ആ ഡയലോഗില്‍ ഞാന്‍ വീണു. താന്‍ ഒരു വെറും നിസ്സാരനല്ലെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. പാടത്ത്‌ പന്ത്‌ പെറുക്കാനും, ചൂണ്ടയിടാനും പോകാതെ ഞാന്‍ എന്റെ സമയം മുഴുവന്‍ കസേര സര്‍ക്കസിനായി ചെലവഴിച്ചു… ഞാന്‍ ശരിക്കും ഒരു പുലിയായി മാറുകയായിരുന്നു.

അങ്ങനെ എന്റെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ തങ്കേച്ചിയുടെ വീട്ടില്‍ അവരുടെ മക്കളും ഫാമിലിയും അവധിയാഘോഷിക്കാന്‍ വന്നത്‌. അവരുടെ 2 മക്കളും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ മെമ്മെറിയായിപ്പ്പ്പോയ അവരുടെ ആ സൈക്കിള്‍ അവിടെ വീണ്ടും കണ്ടപ്പോള്‍ അവരുടെ അഹ്ലാദത്തിന്‌ ഒരു കന്നഡ സ്റ്റൈല്‍ വന്നു. അതോട്‌ കൂടി ഹോം വര്‍ക്ക്‌ ചെയ്യാതെ ക്ലാസിന്‌ പുറത്ത്‌ നില്‍ക്കുന്നവനേപ്പോലെയായി ഞാന്‍. അവന്മാര്‍ ഫുള്‍ടൈം ആ സൈക്കിളില്‍ തന്നെയായിരുന്നു. ചെറുപ്രായത്തിലേ എന്റെ മനസ്സില്‍ പകയുടെ വിത്ത്‌ പാകിയത്‌ അവന്മാര്‍ മത്രമാണ്‌.

നാവില്‍ മലയാളത്തിന്റെ വാല്‍ക്കഷണം പോലും ആ പൊടീസിന്‌ വരില്ല. ഇങ്ക്ലീഷ്‌ പറയുന്നവര്‍ മഹാ വൃത്തികെട്ടവന്മാരും, ഹിന്ദി പറയുന്നവര്‍ സംസ്കാരമില്ലാത്തവരുമാണെന്ന് മനസ്സിലാക്കിയിരുന്ന കാലം. കണ്ണ്‌ മഞ്ഞളിക്കുന്ന തരത്തിലുള്ള ഡ്രെസ്സും, വീട്ടിനകത്ത്‌ പോലും ഷൂസുമൊക്കെ ഇട്ട്‌ അവന്മാര്‍ ആകെ വിലസി. ഞാന്‍ ശരിക്കും അടിച്ച ലോട്ടറി കളഞ്ഞുപോയവനെപ്പോലെയായി.

എന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം, തങ്കേച്ചി എന്നെ അവമ്മാരുമായി മുട്ടിച്ചു. ഹിന്ദി സിനിമയില്‍ ഗുണ്ടകള്‍ നയകനെ നോക്കുന്ന പോലെ, തലയൊക്കെ പൊക്കി, ബട്ടന്‍സ്‌ അഴിച്ചിട്ടിരിക്കുന്ന ഷര്‍ട്ട്‌ പിന്നിലേക്ക്‌ തൂക്കി അവന്മ്മാരെന്നെ നോക്കി… എന്നിട്ട്‌ കയ്യ്‌ തന്നു. പോടാ പുല്ലന്മാരെ… നിന്റെയൊന്നും കൂട്ടാവാന്‍ എന്നെ കിട്ടില്ലെന്നും പറഞ്ഞ്‌ ഇറങ്ങിപോകേണ്ടതായിരുന്നു ഞാന്‍. പിന്നെ തങ്കേച്ചി പറഞ്ഞതല്ലേ… ഞാനായിട്ട്‌ അങ്ങിനെ ഒന്നും ചെയ്യരുത്‌ എന്ന് കരുതി മാത്രം.. ഞാനും കയ്‌ കൊടുത്തു.

പക്ഷേ റ്റു ബി ഫ്രാങ്ക്‌, മലയാളം ക്ലാസാണെന്ന് കരുതി സംസ്കൃതം ക്ലാസില്‍ കേറിയിരുന്ന അവസ്ഥയായിരുന്നു എനിക്ക്‌. യെവമ്മാര്‍ പറയുന്നതൊന്നും അങ്ങോട്ട്‌ പിടികിട്ടുന്നില്ല. ഞാനിതുവരെ കേള്‍ക്കാത്ത എന്തൊക്കെയോ കളികള്‍ കളിക്കുന്നു… കോപ്രായങ്ങള്‍ കാട്ടുന്നു. ക്രികറ്റ്‌ കളി അങ്ങ്‌ ബാങ്ക്ലൂരിലും ഉണ്ടെന്ന് ഇവമ്മാരുടെ കയ്യില്‍ ബാറ്റും ബോളും കണ്ടപ്പൊഴാണ്‌ പിടി കിട്ടിയത്‌. ആകെ കുറച്ച്‌ പരിചയം അതിലായതിനാല്‍ ഞാനും കളിക്കാന്‍ കൂടി. പക്ഷേ എന്നും പന്ത്‌ പെറുക്കി മാത്രം ശീലമുള്ള എനിക്ക്‌ ബാറ്റിങ്ങോ ബോളിങ്ങോ ശരിയായിട്ട്‌ ചെയ്യാന്‍ പറ്റിയില്ല. എന്റെ തവളപിടുത്തം കണ്ട്‌ അവന്മാര്‍ ചിരിച്ചു… മനപ്പൂര്‍വം.. വീണ്ടും വീണ്ടും.

നിരാശയോട്‌ കൂടി ഞാന്‍ കളിനിര്‍ത്തി… അവിടുത്തെ കസേരയില്‍ വന്നിരുന്നു. “ട്രിങ്ങ്‌!!!!” എനിക്ക്‌ അപ്പൊഴാണ്‌ തലയില്‍ മറ്റൊന്നുദിച്ചത്‌. കസേര സര്‍ക്കസ്‌! അതിലെ എന്റെ പ്രകടനം കണ്ടാല്‍ ഇവമ്മാര്‍ സൈഡാവും. അത്‌ കട്ടായം. സിനിമാ നടന്‍ ജയനെപ്പോലെ, ചോരകണ്ടാല്‍ മാത്രം ശക്തി കിട്ടുന്നവനെപ്പോലെ ഞാന്‍ അവമ്മാരെ നോക്കി…

എന്റെ അഭ്യാസപ്രകടനം കാണിക്കാന്‍ ഞാന്‍ അവമ്മാരെ വിളിച്ചു.

“അതേയ്‌, നിങ്ങള്‍ക്കീ കസേരേഡെ ഉള്ളിലൂടെ പുറത്തേക്ക്‌ വരാന്‍ പറ്റുവോ? തല ആദ്യം പുറത്ത്‌ വരണം. പറ്റുാ?”

എവിടെ.. അവന്മാര്‍ വായപൊളിക്കുമെന്ന് എനിക്ക്‌ നന്നായി അറിയാമായിരുന്നു.

അവമ്മാര്‍ പൊളിച്ചു!

“എന്നാ ഞാന്‍ കാട്ട്യരാം… നോകീക്കോ…”

വര്‍ഷങ്ങളായി ഓടിക്കുന്ന ബുള്ളറ്റ്‌ പുല്ല്‌ പോലെ ഓണാക്കി കയറി ഓടിച്ചു പോകുന്ന ലാഘവത്തോടെ ഞാന്‍ ആ കസേരയില്‍ ചാടിക്കയറി.

അവമ്മാരെ ഒന്നൂടെ ഒന്ന് നോക്കീട്ട്‌, ഞാന്‍ എന്റെ സര്‍ക്കസ്‌ തുടങ്ങി. എന്റെ തല ഞാന്‍ ആദ്യം തുളയിലൂടെ പുറത്തേക്കിട്ടു… അവമ്മാര്‍ എന്നെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. എന്റെ പ്രകടനത്തിന്‌ ആദ്യായിട്ടാണ്‌ അങ്ങനെ ഒരു കയ്യടി കിട്ടുന്നത്‌. സ്വാഭാവികമായും ഞാനതില്‍ മതിമറന്നു. കുറച്ച്‌ കൂടി വെറൈറ്റി ആക്കാന്‍ വേണ്ടി, ഒരു കാലും, ഒരു കയ്യും മാത്രം ഞാന്‍ ഇത്തവണ ഓട്ടയിലൂടെ പുറത്തേക്കിട്ടു. എന്നും ചെയ്യുന്ന പോലെ അത്രക്ക്‌ സ്മൂത്തല്ല ഇപ്പരുപാടിയെന്ന് ഉള്ളില്‍ തോന്നിയെങ്കിലും, ഞാന്‍ പിന്മാറിയില്ല. അടുത്തകാലും ഞാന്‍ ബുദ്ധുമുട്ടി അകത്തേക്കിട്ടു.

മലബന്ധം വന്നവര്‍ മുക്കുന്ന പോലത്തെ ഒരു ശബ്ദമാണ്‌ പിന്നെ കേട്ടത്‌. ഞാന്‍ ബ്ലോക്കായിരിക്കുന്നു! ചത്ത മീനിന്റെ കണ്ണുകള്‍ പോലെ എന്റെ കണ്ണുകള്‍ തുറിച്ചു ചാടി. ഹെവി വെയ്റ്റ്‌ ലിഫ്റ്റിങ്ങുകാര്‍ വെയിറ്റ്‌ ലിഫ്റ്റുമ്പോള്‍ ഉണ്ടാക്കുന്ന അതേ ശബ്ദത്തില്‍ ഞാന്‍ അലറി… നോ രക്ഷ! തലയുടെ ലൊകേഷന്‍ തറയിലേക്കായതിനാല്‍, അവമ്മാരുടെ കാലിലെ ഷൂസുകള്‍ മത്രമേ കണ്ടുള്ളൂ എങ്കിലും, അവമ്മാര്‍ കയ്യടി നിര്‍ത്തിയത്‌ എനിക്ക്‌ മനസ്സിലായി. അപ്പോ സംഭവം സീരിയസ്‌ ആയിരിക്കുന്നു!

എനിക്ക്‌ നഷ്ടപ്പെട്ട മാനത്തിനെകുറിച്ചോര്‍ക്കാന്‍ എനിക്കപ്പോ തോന്നിയില്ല. മാനത്തേക്കാള്‍ വലുതാണല്ലോ പ്രാണന്‍! ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ നീങ്ങിനോക്കി… രക്ഷയില്ലാ… ഞാന്‍ ഫുള്‍ പ്രെഷര്‍ കൊടുത്തു… ശരിക്കും ലണ്ടനില്‍ പോകുന്ന അതേ താളത്തോടും, ആകാംക്ഷയോടും കൂടി.

പക്ഷേ ആ മുക്കല്‍, എന്റെ പെര്‍മിഷന്‍ ഇല്ലാതെ തന്നെ മറ്റൊരു കാര്യം കൂടി ഒപ്പിച്ചു… നമ്പര്‍ റ്റൂ! എല്ലാം വളരെ പെട്ടന്നായിരുന്നു.

അരുതാത്തത്‌ നടന്നു കഴിഞ്ഞൂ എന്നറിഞ്ഞിട്ടും, അതിനെതിരെ പ്രതികരിക്കാനാവാതെ ഞാന്‍ കുടുങ്ങിക്കിടന്നു… കണ്ടന്‍ കത്രികയില്‍ പെട്ട പെരുച്ചാഴി പോലെ.

തങ്കേച്ചി വന്നെന്നെ വലിച്ച്‌ പുറത്തിട്ടതും, ഞാന്‍ വീട്ടിലേക്കോടി… വെറുതേ റോമിങ്ങിലായിരുന്ന പട്ടിയെ കല്ലെറിഞ്ഞ്‌ പ്രകോപിപ്പിച്ചാല്‍ ഓടേണ്ടിവരുന്ന ഗതികേടായിരുന്നു അപ്പൊ എനിക്ക്‌.

അന്ന് ഞാന്‍ മനസ്സിലാക്കി… ജീവിതത്തില്‍ അണ്ടര്‍ വെയറിനുള്ള വില.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഈ ഓര്‍മ്മക്ക്‌ കടപ്പാട്‌ വിശാലമനസ്കന്റെ “സില്‍ക്ക്‌”
 ( http://kodakarapuranam.sajeevedathadan.com/ )
 എന്ന പോസ്റ്റാണ്‌.

വെറുതേ കിട്ടിയ ഇടിയുണ്ടകള്‍.

കൊയമ്പത്തൂരിന്റെ ഹൃദയഭാഗത്ത്‌ വെറും നാലായിരം റുപ്യക്ക്‌ ഒരു പോര്‍ട്ടിക്കോയും, രണ്ട്‌ എമണ്ടന്‍ ഹാളും, 2 കിടപ്പുമുറികളും, അതേ അളവില്‍ കുളിമുറികളും, ഒരു കിച്ചണും പിന്നെയിതൊന്നും പോരാഞ്ഞിട്ട്‌ താഴെ ഭൂമിക്കടിയില്‍ വിശാലമായൊരു ഗോഡൗണും ഒക്കെ ഉള്ള ഒരു കിടിലന്‍ രണ്ടുനില വീട്ടിലാണ്‌ ഞങ്ങള്‍ 6 പയ്യന്‍സ്‌ പോസ്റ്റ്‌ ഗ്രാജുവേഷന്റെ 3 വര്‍ഷം കഴിച്ച്‌ കൂട്ടിയത്‌. ആദ്യത്തെ നിലയില്‍ ഞങ്ങളും, മുകളിലത്തെ നിലയില്‍ അതെ കോളെജില്‍ പഠിക്കുന്ന മറ്റു ചില പിള്ളേരും.

പുതിയൊരു കലാലയത്തില്‍ ചേര്‍ന്നതിന്റെ എല്ല ത്രില്ലും എനിക്കുണ്ടായിരുന്നു. ആദ്യമായി ഹോസ്റ്റലില്‍ നിന്നും മാറിയുള്ള ജീവിതം എനിക്ക്‌ പഴയ ഹോസ്റ്റലില്‍ വല്ലപ്പോഴും മാത്രം മയിലുകള്‍ താണ്ടി മേലേ ചാവടിയില്‍ പോയി ചൂട്‌ പൊറൊട്ട കഴിക്കുന്ന പോലെയായിരുന്നു. വീട്ടില്‍ മൂന്ന് നേരവും കുക്കാന്‍ ഒരു അക്ക വരും. ആദ്യമൊക്കെ അവര്‍ മുറി മലയാളം പറയുന്നതിന്റെ ഒപ്പം, ഭക്ഷണവും മുറി മലയാളത്തിലായിരുന്നു വെച്ചത്‌. പിന്നെ ഞങ്ങള്‍ പതിയെ പതിയെ കടലച്ചമ്മന്തിക്ക്‌ പകരം തേങ്ങാ ചമ്മന്തിയും, ഡബിള്‍ കോട്ടഡ്‌ ഊത്തപ്പത്തിനു പകരം കനമില്ലാത്ത മൊരിഞ്ഞ ദോശയും ഒക്കെ ഉണ്ടാക്കാന്‍ പഠിപ്പിച്ചു കൊടുത്തു.

മൊബെയിലിന്റെ ഉപയോഗം എയ്ഡ്സിന്റെ ഓവറായ പുബ്ലിസിറ്റിയേക്കാളും വേഗത്തില്‍ കൂടിക്കൊണ്ടിരുന്ന കാലം. എങ്ങിനെയും ഒരു മൊബെയിലില്‍ ഒപ്പിച്ചില്ലെങ്കി ആ എയര്‍റ്റെല്‍ തരുന്ന ഫ്രീ മെസ്സേജും, റ്റോക്‌ റ്റൈമും ഒക്കെ വെറുതേ ആവില്ലേ… അത്‌ പാടില്ലെന്നോര്‍ത്ത്‌ ഞങ്ങളും വാങ്ങി മൊബെയില്‍.

സത്യം പറയാലോ… മൊബെയിലൊരു അസാധാരണ സംഭവം തന്നെ. കൂടെ പഠിക്കുന്ന പെമ്പിള്ളേരെ ക്ലാസില്‍ വെച്ച്‌ കണ്ടാ മിണ്ടാനൊരു മടി. പക്ഷേ, ഈ കുന്ത്രാണ്ടത്തില്‍ രാവിലെയും, രാത്രിയും പറ്റിയാല്‍ ഉച്ചക്കും ഒരോ ഫോര്‍വേഡ്‌ മെസ്സേജ്‌ അയക്കുംബോ എന്താ സുഖം. അതേ സ്പീഡില്‍ തിരിച്ചിങ്ങോട്ട്‌ വരുന്ന മെസ്സേജും നോക്കി ഇരിക്കാന്‍ അതിലും സുഖം. ഓ നിനക്കിപ്പൊഴേ അവള്‍ ഈ മെസ്സേജ്‌ അയച്ചുള്ളോ? എനിക്ക്‌ നേരത്തെ അവളയച്ചിരുന്നു എന്ന് പറയുമ്പോ, അവളെന്റെയല്ലേ എന്നൊരു ഭാവം എന്നില്‍ വന്നിരുന്നു.

പതുക്കെ അക്ഷരങ്ങള്‍ ശബ്ദങ്ങളായി. ആദ്യമൊക്കെ മൂന്നോ നാലോ മിനിട്ട്‌ മാത്രം നീണ്ട സംഭാഷണങ്ങളില്‍ ഉപ്പും മുളകും പുളിയും ഒക്കെ കൂടാന്‍ തുടങ്ങിയപ്പോ മണിക്കൂറുകളായി. വൈകീട്ട്‌ വന്നാല്‍ തുടങ്ങുന്ന സംഭാഷണങ്ങള്‍ അങ്ങിനെ രാത്രി വരെയും, പിന്നീട്‌ പാതി രാത്രി വരെയും.. ചില സമയത്ത്‌ അതി രാവിലെ വരെയും നീണ്ടു പോയി. ആ ഒരു എക്സ്പീരിയന്‍സ്‌ ഉള്ളതുകൊണ്ട്‌ മാത്രം ഇന്ന് സുഖമായി 24 മണിക്കൂറും ജോലിചെയ്യാന്‍ ഞങ്ങളില്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല.

വീടിനുള്ളില്‍ എല്ലാം പാരകള്‍ ആയതിനാല്‍ ഞങ്ങളില്‍ പലരും പുറത്തിറങ്ങിയാണ്‌ കത്തിവെക്കാറ്‌. 3-4 മണിക്കൂര്‍ തുടര്‍ച്ചയായി അടിക്കടി വെച്ചങ്ങിനെ ഉലാത്തും… വഴിയില്‍ എരിവും, പുളിയുമെല്ലാം കൊഴിഞ്ഞു വീഴും. ഇടത്തെ കയ്യ്‌ കഴച്ചാല്‍ വലത്തേതിലേക്ക്‌ മൊബെയില്‍ മാറ്റും… കാലു കഴച്ചാല്‍.. ഇല്ല, കാല്‌ കഴക്കാറില്ല. ഒട്ടും പറ്റാതെ വന്നാല്‍, അവിടെ പകല്‍ തുണി തേക്കാന്‍ വരുന്ന അണ്ണന്റെ ഒരു ഉന്ത്‌ വണ്ടിയുണ്ട്‌, അതില്‍ കയറി ഇരിക്കും. ഇനി സമയം രാത്രി ഒരു മണി, രണ്ട്‌ മണി ഒക്കെ അയാല്‍, പുറത്ത്‌ മഞ്ഞ്‌ വീണ്‌ എരിവോ പുളിയോ കുറയുന്നു എന്ന് മനസ്സിലായാല്‍ പതുക്കെ തലയും, കയ്യും, കാലും ഉന്തുവണ്ടിക്കകത്തേക്ക്‌ വലിച്ച്‌ വെക്കും. തട്ട്‌ കിട്ടിയ അട്ടയെപ്പോലെ ചുരുണ്ടുകൂടി, അതിനുള്ളില്‍ ഇരുന്ന് കത്തിവെക്കും.ക്ലാസിലെ 6 മണിക്കൂര്‍ 6 യുഗങ്ങളായി തോന്നുകയും, വീട്ടിലെത്തിയാലുള്ള 12-14 മണിക്കൂര്‍ വെറും സെക്കന്‍ഡുകള്‍ പോലെയാവുകയും ചെയ്തത്‌ ഞങ്ങളില്‍ മൊബെയില്‍ ഉള്ളവര്‍ക്ക്‌ മാത്രമായിരുന്നു.

ആദ്യ സെമസ്റ്റര്‍ പതിനെട്ടാമത്തെ വയസ്സാഘോഷിക്കുന്ന അയലത്തെ വീട്ടിലെ തമിഴത്തിപ്പെണ്ണിന്റെ പോലെ ഒരുപാടാഗ്രഹങ്ങള്‍ക്ക്‌ വളമിട്ടിട്ട്‌ വേഗം പോയി. അതിനിടയിലെ ഒരു സാധാരണ ദിവസം, ഞങ്ങളെല്ലാവരും വീട്ടില്‍ സ്ത്രീ എന്ന, എത്ര പഠിച്ചാലും (ട്രൈ ചെയ്താലും) അരിയര്‍ വീഴുന്ന ആ മഹാ പ്രതിഭാസത്തെക്കുറിച്ച്‌ ഗ്രൂപ്‌ ഡിസ്കഷന്‍ നടത്തുകയായിരുന്നു. ബോഡര്‍ കടന്ന് വരുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വാതന്ത്ര്യം കാംക്ഷിച്ച്‌ വരുന്നതാണെന്നും, അതല്ലാ, നാട്ടിലെ എതോ കേസുകെട്ട്‌ വീട്ടിലറിഞ്ഞ്‌ അവിടെ നിന്നും കയറ്റിവിടുന്നതാനെനും, ഇനിയിതൊന്നുമല്ല, ഇങ്ങനെ പുറത്ത്‌ പഠിപ്പിച്ചാല്‍ കല്യാണ മാര്‍കറ്റില്‍ നല്ല വിലകിട്ടുമെന്നും തുടങ്ങി പല പല അഭിപ്രായങ്ങളിലൂടെയും സമയം പോയപ്പോ ആ രാത്രിക്ക്‌ പാതിവയസ്സായത്‌ ഞങ്ങളറിഞ്ഞില്ല.

പതുക്കെ പെണ്‍കള്‍ നാങ്കള്‍ക്ക്‌ വിഷയമേ അല്ലെന്ന മട്ടിലുള്ളവര്‍ കിടന്നുറങ്ങി. അയക്കാനുള്ള മെസ്സേജുകള്‍ മുഴുവനും അയച്ചുതീര്‍ക്കാനുള്ള ധ്രിതിയില്‍ ഞാനും മറ്റ്‌ മൂന്ന് പേരും ഉറക്കത്തിന്‌ അപായം കൊടുത്ത്‌ കുത്തിയിരുന്നു. എനിക്ക്‌ മെസ്സേജ്‌ ടൈപ്‌ ചെയ്യാന്‍ താമസിച്ചതുകൊണ്ടാണോ അതോ കൊറെ പേര്‍ക്ക്‌ അയക്കാന്‍ ഉള്ളതുകൊണ്ടാണോ എന്തോ, അവസാനം ഞാന്‍ മാത്രം ഉറങ്ങാതെ ഇരുന്നു…

സമയം രാവിലെ മൂന്ന് മണി. എന്റെ ശാസനകള്‍ ഓവര്‍ റൈഡ്‌ ചെയ്ത്‌ ഉറക്കം കോട്ടുവായിട്ട്‌ അലാം അടിപ്പിച്ചു. ഞാന്‍ പതുക്കെ കിടപ്പ്‌ മുറിയിലേക്ക്‌ നടക്കാന്‍ തുടങ്ങിയതും,

“ഡിംഗ്‌… ഡോാാാാാാാാാങ്ങ്‌….”

അരോ കോളിംഗ്‌ ബെല്ലി. ഈ സമയത്ത്‌ ആരായിരിക്കുമെന്ന് അലോജിക്കാനുള്ള ബുദ്ധി അപ്പോ എനിക്ക്‌ തോനിയില്ല. പിന്നീടത്‌ തോന്നിയെങ്കിലും കാര്യമുണ്ടായിരുന്നില്ല.

വല്ലാതെ ബുദ്ധിമിട്ടുള്ള പൊലെ ഞാന്‍ നടന്ന് വാതില്‍ തുറന്നു. ഡിമ്മായ വഴിവിളക്കിന്റെ പമ്മിയ വെളിച്ചത്തില്‍, വീടിന്റെ മുന്നിലും, വഴിയിലുമായി ഒരു മുപ്പതോളം, നല്ല വലിപ്പമുള്ള തലകള്‍!

ഇവമ്മാര്‍ ഇക്കൊല്ലത്തെ കോളേജ്‌ ഡേയുടെ പിരിവിനെങ്ങാനും വന്നതായിരിക്കുമോ എന്നൊരു സംശയം തോന്നിയെങ്കിലും, അവമ്മാരുടെ തലയില്‍ നിന്നും താഴോട്ടിറങ്ങി നോക്കിയ എന്റെ കണ്ണില്‍ നാലിഞ്ച്‌ വ്യസത്തിലുള്ള വടികളും, സൈക്കിള്‍ ചങ്ങലകളും കുടുങ്ങിയപ്പോ, പിരിക്കാന്‍ വന്നിരിക്കുന്നത്‌ കാശല്ല, മറ്റെന്തോ ആണെന്ന് മനസ്സിലായി.

മൊത്തം നല്ല കരിക്കട്ടയില്‍ പറഞ്ഞ്‌ പണിയിച്ചപോലെ ശരീരമുള്ള അണ്ണാച്ചികള്‍. പലരേയും കോളേജില്‍ കണ്ടപോലെ ഒരു തോന്നല്‍. പക്ഷേ,ഒട്ടുമിക്കവരും മുഖം കര്‍ചീഫ്‌ വച്ച്‌ കെട്ടിയിരിക്കുന്നു. രാത്രിയിലെ തണുപ്പ്‌ മാറ്റാനാവുമോ?

ഏറ്റവും മുന്നില്‍, എന്റെ തൊട്ട്‌ മുന്നില്‍ നിന്നവന്‍ സത്യമായിട്ടും വിരുമാണ്ടി സിനിമയിലെ കമലിന്റെ അതേ ആകാരസൗഷ്ടുഭം ഉള്ളവനായിരുന്നു, കൂടാതെ, വീതുളിയേക്കാളും മൂര്‍ച്ചയുള്ള ക്രിതാവും, മുഖത്തെ കടുപ്പം കൂട്ടാന്‍ കയ്യില്‍ പിടിച്ച തടിയന്‍ വടിക്കഷണവും. അവനാ വടികൊണ്ട്‌, അതേ വണ്ണത്തിലുള്ള കാലിലെ മസിലില്‍ ചുമ്മാ തട്ടിക്കൊണ്ടിരുന്നു…

“നീങ്ക എസ്‌ എന്‍ ആര്‍ പസിങ്കളാ…? ” അവന്‍ എന്നെ നോക്കി പറഞ്ഞു.

അത്രയും കാലം ഞാനനുഭവിക്കാത്ത വല്ലാത്തൊരു തണുപ്പെനിക്കനുഭവപ്പെട്ടതിനാല്‍, അല്‍പം വെറച്ചുകൊണ്ട്‌, ഒട്ടും കൂസലില്ലാതെ ഞാന്‍,

“ആമാം… MCA പണ്ണ്രേന്‍..”

“അണ്ണാ… ഇവനാ അന്ത —- ? പോട്ട്ക്കലാം ണ്ണേ…” (ചേട്ടാ, ആളിവന്‍ തന്നെയാണോ? ഇപ്പൊ തന്നെ പൂശിയാലൊ?)

“ഇവന്‍ കെടയാത്‌. ഉള്ളെ പാപ്പോം..” വിരുമാണ്ടി ഉറച്ച കാലുകളുമായി അകത്തേക്ക്‌… രാജാവിനു വേണ്ട വഴിയൊതുക്കി, ഞാന്‍ വരാന്തയിലേക്ക്‌ മാറിനിന്നു. തൊട്ടു പിറകേ മുപ്പതോളം വന്ന ആ വെട്ടുകിളിക്കൂട്ടവും അകത്തേക്ക്‌ ജാഥ നയിച്ചു. എല്ലാവരും അകത്തെ രണ്ടാമത്തെ ഹാളില്‍ മിസ്സായ പാമ്പിനെ തെരയാന്‍ തുടങ്ങി.

ഒന്ന്… രണ്ട്‌… മൂന്ന്.. അത്രയുമായപ്പോഴേക്കും അകത്തുനിന്നും പഴംതമിഴ്‌ പാട്ടുകള്‍ ഉച്ചത്തില്‍ കേട്ടുതുടങ്ങി. ഏതപകടാവസ്ഥയിലും സ്വന്തം തടി നോക്കണം എന്ന സദാചാരത്തിന്റെ മറവില്‍ ഞാന്‍ ഇരുട്ട്‌ മൂടിയ അടുക്കളയിലോട്ട്‌ നീങ്ങി. അടുക്കളയിലേക്ക്‌ രണ്ട്‌ ഹാളില്‍ നിന്നും വാതിലുകള്‍ ഉണ്ട്‌. രണ്ടാമത്തെ ഹാളിലേക്ക്‌ തുറക്കുന്ന വാതിലിന്റെ ചെറിയൊരു ഗ്യാപ്പിലൂടെ ഞാന്‍ കണ്ടു… ഉറക്കം വരാതെ കാലാട്ടിക്കിടന്ന മൂന്ന് പാമ്പുകളെ ചുമരിലേക്ക്‌ താങ്ങി നിര്‍ത്തിയിരിക്കുന്നു. മന്തന്‍ വടികൊണ്ടുള്ള അടികള്‍ കയ്കൊണ്ട്‌ തടയാന്‍ നോക്കുന്നതിനിടയില്‍ തലയിലും, തുടയിലും കൊള്ളുന്നു… ചില കിളികള്‍ അവമ്മാരെ ചവിട്ടുന്നു… എരിവിനു വേണ്ടി തെറിയും. ഡിസ്കവറി ചാനലില്‍ മുപ്പത്‌ സിങ്കങ്ങള്‍ക്ക്‌ കിട്ടിയ മൂന്ന് പേടമാനുകള്‍ പിടയുന്നതുപോലെന്നാത്മമിത്രങ്ങള്‍!

അടിക്കാന്‍ ചാന്‍സ്‌ കിട്ടാത്ത ഒരു കിളിയതാ, ചാരിക്കിടന്ന വാതിലിനപ്പുറത്തെ ഇരുട്ടിലേക്കെത്തി നോക്കുന്നു. അവനതാ വാതില്‍ തുറക്കുന്നു.

മുണ്ടിന്റെയറ്റത്തിന്റെ നല്ലൊരു ഭാഗവും വായിലേക്കാക്കി നിന്നിരുന്ന എന്നെ അവന്‍ കണ്ടു… കണ്ടില്ലാ… എന്നായപ്പോഴേക്കും ഞാന്‍ മര്യാദക്ക്‌ വീടിന്‌ പുറത്തേക്കിറങ്ങി. തണുത്തചോരയുള്ള അടിച്ചിട്ടും കൊഴുപ്പില്‍ മാത്രം കൊള്ളുന്ന മൂന്ന് യമണ്ടന്മാരെ തല്ലുന്നത്‌ നിര്‍ത്തി, നീരോലി വടി പോലിരുന്ന എന്നെ ഉന്നമിട്ട്‌ വെട്ടുകിളിക്കൂട്ടം പുറത്തേക്കാശ്രോച്ച്‌ വന്നു…

എന്നെ കോളറില്‍ പിടിച്ചൊരുത്തന്‍ നടുറോട്ടിലേക്ക്‌ വലിച്ചിട്ടു.

“നാന്‍ MCA താന്‍… UG കെടയാത്‌… ” ഒഴിവാവുകയാണെങ്കില്‍ നടക്കട്ടെ എന്ന് കരുതി പറഞ്ഞ്‌ നോക്കി… യെവടെ. “ഏങ്കെടാ അന്ത — പസിങ്ക?” (എവിടെയടാ ആ — പിള്ളേര്‍) എന്നും ചോദിച്ചായിരുന്നു പിന്നെ പ്രയോഗം. മറ്റേ പാമ്പുകളെ തല്ലി, നടു ചതഞ്ഞ വടികളുടെ ചതയാത്ത ഭാഗങ്ങള്‍ എന്റെ തലയിലും, പുറത്തും, തടയാന്‍ പൊങ്ങിയ കയ്കളിലും മാറി മാറി മുത്തി.

കടിക്കാന്‍ വന്നിട്ടെന്തോ ഓര്‍ത്ത്‌ തിരിഞ്ഞോടിയ അരണയെപ്പോലെ, അവമ്മാര്‍ എന്നെ ശരിക്കൊന്ന് പെരുമാറാതെ ഓടിപ്പോയി. ചുറ്റിലും ചിതറിക്കിടന്ന വടിക്കഷണങ്ങള്‍ക്കും, സൈക്കിള്‍ ചങ്ങലകള്‍ക്കുമിടയില്‍ നിന്നും ഞാനെന്റെ ചെരുപ്പെടുത്ത്‌ കയ്യില്‍ പിടിച്ചു. തല്ലുന്നതിനിടയില്‍ എന്റെ കാവിമുണ്ടാരോ ഊരിക്കൊണ്ടുപോയത്‌ ഞാനങ്ങു ക്ഷമിച്ച്‌, മെല്ലെ മെല്ലെ റൂമിലേക്ക്‌ കയറി.

അവിടെ അതാ മൂന്നെണ്ണം പിന്നിലേക്ക്‌ കയ്യും കൊടുത്ത്‌ സീലിംഗ്‌ ഫാനിലെ പൊടിനോക്കിയിരിക്കുന്നു. ഞാനും അവരുടെ കൂട്ടത്തില്‍ കാറ്റുകൊള്ളാന്‍ കൂടി. അടികിട്ടിയാല്‍ അതിത്രപെട്ടന്ന് നീര്‌ വെക്കുമെന്നറിയാത്ത വിഢ്ഢികള്‍, അതും നോക്കി ഏങ്ങലടിക്കുന്നു! കഷ്ടം.

കിടപ്പുമുറിയില്‍ നിന്നും അതുവരെ സ്റ്റണ്ട്‌ സീന്‍ സ്വപ്നം കാണുകയായിരുന്ന രണ്ട്‌ പേര്‍ ഇറങ്ങി വരുന്നു…

ഒന്നാമന്‍ : “ഡാ… എന്താഡാ ണ്ടായേ…?”

രണ്ടാമന്‍ : “ഡാ.. അവമ്മാര്‌ നിങ്ങളെ തല്ലിയാ? ഞാനുറക്കത്തില്‍ ഒന്നും അറിഞ്ഞില്ലെഡാ” (അറിഞ്ഞിരുന്നെങ്കില്‍…)

ഉടനേ എണീറ്റ്‌ വന്ന് ചെള്ളക്കിടാനുള്ള ഊര്‍ജ്ജം ഞങ്ങളിലാര്‍ക്കും ബാകിയില്ലായിരുന്നതിനാല്‍, അവമ്മാര്‍ രണ്ടും ജസ്റ്റിന്‌ രക്ഷപ്പെട്ടു.

കയ്യും, തലയും തടവുന്നതിനിടയില്‍ ഞാന്‍ സംഭവം മുഴുവനും അവമ്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തു. എന്നിട്ടും അവമ്മാരെന്തിനു വന്നിങ്ങനെ പണിഞ്ഞിട്ട്‌ പോയീ എന്നാര്‍ക്കും മനസ്സിലായില്ല. ഡിഗ്രിക്ക്‌ പഠിക്കുന്ന പീക്കിരി പിള്ളേരാണ്‌ നമുക്കിട്ട്‌ പണിതത്‌ എന്നു മാത്രം മനസ്സിലയി. നാണക്കേട്‌. നാളെ കോളേജിലെങ്ങിനെ കയ്യ്‌.. അല്ല തല പൊക്കി നടക്കും?

ഇനിയും ഇത്തരത്തില്‍ അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ കരുതി, ഞങ്ങളെല്ലാരും രണ്ട്‌ ഷര്‍ട്ട്‌ (ഒന്ന് കീറിയാല്‍ അടുത്തതുണ്ടല്ലോ) ഇട്ടാണ്‌ ക്കോളേജിലെത്തിയത്‌. ഭാഗ്യം. പെണ്‍പടകളാരും അറിഞ്ഞിട്ടില്ലെന്ന് തോനുന്നു. അവരൊന്നും ചോദിച്ചില്ല.

അല്‍പം കഴിഞ്ഞപ്പോ ഞങ്ങളുടെ ഒരു സുഹൃത്ത്‌ ഇന്നലത്തെ പാമ്പുപിടുത്തത്തിന്റെ യധാര്‍ഥ കഥയുമായി വന്നു.

“ഡാ… അവമ്മാര്‍ക്കാളു മാറിയതാ. നമ്മടെ സീനിയേഴ്സുമായി എന്തോ അലമ്പായി. അവമ്മരെ നോക്കി നിങ്ങടെ വീട്ടില്‍ വന്നതാ. കിട്ടാതായപ്പോ കലി തീര്‍ക്കാന്‍ നിങ്ങള്‍ക്കിട്ട്‌ പണിതു. ആക്ച്വലി സീനിയര്‍ ഗഡീസ്‌ നിങ്ങടെ വീടിന്റെ രണ്ടാമത്തെ നിലയില്‍ ഉണ്ടായിരുന്നെടാ.”

അതുവരെ എല്ലാം കേട്ട്‌ നിക്കുകയായിരുന്ന എന്റെ സഹമുറിയന്‍ അപ്പോ പറഞ്ഞു…

“ഹും… നിനക്കറിയോ, ഇന്നലത്തെ ആ പടയുടെ ലീഡര്‍ (വീരുമാണ്ടി) എന്റെ പഴയ ഫ്രണ്ടായിരുന്നെടാ… ഇവിടത്തെ ഒരു ചെറിയ ഗുണ്ടയാ…”

ആ ഗുണ്ടയാ എന്റെ മേത്തീ ഉണ്ടകള്‍ തന്നതെന്നറിഞ്ഞിട്ടും, ആ ഉണ്ടകള്‍ക്ക്‌ പകരം എനിക്കൊരു ഉണ്ടയും കൊടുക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും ഞാന്‍ പറഞ്ഞു…

“പിന്നെ… ഒരു ഗുണ്ട. ഉണ്ടയാ… ഉണ്ട!”

ആ പറഞ്ഞതിന്റെ മീനിംഗ്‌ അപ്പൊ എനിക്ക്‌ മത്രേ അറിയുമായിരുന്നുള്ളൂ. ഒരു തണുത്ത രാത്രിയുടെ നല്ല ഓര്‍മ്മകളുമായി ഞാന്‍ തിരിച്ച്‌ പോയി, എന്റെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക്‌. രണ്ട്‌ ദിവസം കഴിഞ്ഞിട്ടേ പിന്നെ ഞാന്‍ തിരിച്ച്‌ വീടണഞ്ഞുള്ളൂ. എന്തിനാ വെറുതേ ഞാനായിട്ട്‌….

എതായാലും ആ ഒരു രാത്രികൊണ്ട്‌ കൊണ്ട്‌ ഞാന്‍ പഠിച്ച പാഠങ്ങള്‍ പലതാണ്‌:

  1. ആരെങ്കിലും കോളിംഗ്‌ ബെല്ലിയാല്‍ ആദ്യമേ പോയി തുറക്കരുത്‌. മറ്റാരെങ്കിലും പോയി തുറക്കട്ടേന്നേയ്‌.
  2. രാത്രി ഉറങ്ങാതെ ഇരിക്കരുത്‌. എന്തൊക്കെ വന്നാലും.
  3. തല്ല് കിട്ടും എന്നുറപ്പായ സന്ദര്‍ഭങ്ങളില്‍, മറ്റൊന്നും ആലോജിക്കരുത്‌… ഓടിക്കോണം.
  4. വെറുതേ കിട്ടുന്ന ഇടിയുണ്ടക്ക്‌ ഒട്ടും രുചിയുണ്ടാവില്ല. മാത്രവുമല്ല, കിട്ടുന്നതൊന്നും ട്രാന്‍സ്ഫറബിള്‍ അല്ല. സ്വയം തിന്നു തീര്‍ത്തേ പറ്റൂ.
  5. വല്ലാതെ ഭയപ്പെട്ടാല്‍, മൂത്രമൊഴിക്കും.

എന്റെ രഹസ്യം പൊളിഞ്ഞു (അനുഭവകഥ)

അഞ്ചാം ക്ലാസില്‍ നിന്നും ആറിലേക്ക്‌ അപ്ഗ്രേഡായ കാലം. അന്നൊക്കെ എന്നും വൈകീട്ട്‌ അമ്പലക്കുളത്തിലെ കുളി ഒഴിച്ചുകൂടാനാവാത്തതായിരുന്നു. വൃത്തിയാവുക എന്നതിലുപരി, പലതരത്തിലുള്ള ജലകേളികളില്‍ പങ്കെടുക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. അരയില്‍, നിക്കറിന്‌ മുകളില്‍ കെട്ടിവെച്ച തോര്‍ത്ത്‌ മുണ്ടുമായി കാരൂരിന്റെ പല ഭാഗത്തുനിന്നും പിള്ളേര്‍ എത്തും… പിന്നെ ഒരു ഒന്ന് രണ്ട്‌ മണിക്കൂര്‍ മരണ കളികളാണ്‌. അതു കഴിയുമ്പോ ട്രാക്റ്റര്‍ കയറിയ കണ്ടം പോലെ അമ്പലക്കുളം ആകെ അലമ്പായി കിടക്കും…

ഊളാക്ക്‌ കുത്തല്‍, കുളത്തിലേക്ക്‌ ചാഞ്ഞ്‌ നിക്കുന്ന തെങ്ങിന്റെ മണ്ടയില്‍ നിന്നും ചാടല്‍, ഡബിള്‍ മലക്കം മറഞ്ഞ്‌, പള്ളയടിക്കാതെ സേഫായി ചാടല്‍ അങ്ങനെ മത്സര ഐറ്റംസ്‌ ഒരുപാടാണ്‌. എല്ലാത്തിനും, അതിന്റേതായ ഭവിഷ്യത്തുകളും ഉണ്ടായിരുന്നു. പള്ളയടിച്ചൊ, പുറം അടിച്ചോ ഉയരത്തില്‍ നിന്നും വീണാല്‍ കിട്ടുന്ന സുഖം അനുഭവിക്കതെ അറിയാന്‍ യാതൊരു നിവൃത്തിയുമില്ല. ഒരു ജൂനിയര്‍ പെര്‍ഫോമറാണെങ്കില്‍ കൂടി, എല്ലാ ഇനങ്ങളിലും ഞാന്‍ അത്യാവശ്യം നന്നായി തെന്നെ പെര്‍ഫോമിയിരുന്നു.

ഞങ്ങള്‍ ആണുങ്ങള്‍ മാത്രമേ ആ സമയം കുളിക്കാന്‍ ഉണ്ടാവാറുള്ളൂ. മറ്റൊന്നും നോക്കാനില്ലാത്തതിനാലും, കുളത്തില്‍ പാമ്പ്‌, ബ്രാല്‌ തുടങ്ങിയ ഇച്ചിരി വലിപ്പമുള്ളതും, കടിച്ചാല്‍ പണിയാകുന്നതുമായ സാധങ്ങള്‍ തീരെ കുറവായതിനാലും, വെറുതേ ഒരു ബുദ്ധിമുട്ടൊഴിവാക്കാന്‍ വേണ്ടി, ആരും ജട്ടിയിട്ട്‌ കുളിക്കാറില്ല. തോര്‍ത്ത്‌ മുണ്ട്‌ മാത്രേ അരയില്‍ ഉണ്ടാവൂ. ഞാന്‍ അക്കാലങ്ങളില്‍ സ്വദവേ ആ സാധനം ഉപയോഗിക്കാത്തതിനാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ചോര്‍ക്കാറെ ഇല്ല.

അന്നൊരവധി ദിവസമായിരുന്നു. സാധാരണ ഞങ്ങള്‍ ജൂനിയര്‍ പിള്ളേര്‍ കളിക്കുമ്പോള്‍, സീനിയര്‍ ഗഡീസ്‌ കുളിക്കാന്‍ എത്താറില്ല. പക്ഷേ, അന്ന് അവധിയായതിനാലോ എന്തോ… അവരും വന്നിരുന്നു. കുളത്തില്‍ നല്ല തിരക്കനുഭവപ്പെട്ടൊരു ദിവസമായിരുന്നു അന്ന്. ജാതി-പ്രായ ഭേദമന്യേ എല്ലാരും ഒത്ത്ചേരുന്ന ഒരസുലഭ മുഹൂര്‍ത്തം. തോര്‍ത്തുമുണ്ടുടുത്ത്‌ ഞങ്ങളിറങ്ങി… അരഭാഗം മാത്രം മുക്കി, ഞങ്ങളാ തരിപ്പിലങ്ങനെ നിന്നു…

അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ദിച്ചത്‌… കുളക്കരയിലതാ നാലഞ്ച്‌ പെമ്പിള്ളേര്‍. അതില്‍ മൂന്നെണ്ണം നമ്മടെ കളിക്കൂട്ടുകാരാണ്‌. ബട്ട്‌, നാലാമത്തെ സുന്ദരിയെ ഞാനാ ഏരിയയിലെന്നല്ല, മനക്കുളങ്ങര, കൊപ്രക്കളം, വഴിയമ്പലം ഏരിയകളിലൊന്നും കണ്ടിട്ടേയില്ല. നമ്മുടെ നാട്ടിലെ പെമ്പിള്ളേര്‍ക്കില്ലാത്തൊരു നിറവും, സ്മാര്‍ട്നെസ്സും അവള്‍ക്കുണ്ടായിരുന്നു. അവളുടെ മുടി മറ്റവളുമാരുടെ പോലെ ചീയാന്‍ ഇട്ട ഓലക്കെട്ട്‌ പോലെ ആയിരുന്നില്ല… അതിനെല്ലാമുപരി, വെള്ളത്തിനടിയില്‍ പള്ളാത്തി വെട്ടുമ്പൊള്‍ ഉണ്ടാകുന്ന തിളക്കം കണ്ട്‌ അവളുടെ മുഖത്ത്‌ വിടര്‍ന്ന ചിരിയായിരുന്നു. ഹോ… സഹിക്കാന്‍ പറ്റില്ല.

റോട്ടിലെ കലക്കവെള്ളത്തില്‍ തലമാത്രം പുറത്തിട്ട്‌ കിടക്കുന്ന തവളകളെപ്പോലെ, ആ കുളത്തില്‍ പത്തിരുപത്‌ തലകള്‍ അവരെ ലാത്രം നോക്കി ഒലിപ്പിച്ചുകൊണ്ടിരുന്നു. അതിലൊരു തലയായി മാറാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അപ്പൊ ഒരു ബോഡി വിത്‌ മസ്സില്‍ ഷോ കാണിക്കാന്‍ ഉള്ള ധൈര്യം എനിക്കില്ലായിരുന്നു.

ആരും വെള്ളത്തിനു മുകളില്‍ വരുന്നില്ല. ആ പെമ്പിള്ളേരാണെങ്കി പോകുന്നുമില്ല. വെള്ളം നിറഞ്ഞ കല്‍പ്പടവില്‍ വരുന്ന മീനിനെ നോക്കി അവരങ്ങിനെ നില്‍കുകയാണ്‌. പണ്ടാരക്കാലികള്‍!!

എന്റെ ഒരു ഗതികേടോര്‍ക്കണേ… പെട്ടന്നതാ കൂട്ടത്തിലൊരുത്തന്‌ ബയങ്കരന്‍ ഒരൈഡിയ. നീന്തല്‍ മത്സരം നടത്താമെന്ന്. അക്കരെ പിടിക്കണം. ഓണ്‍ലി ജൂനിയേര്‍സ്‌. എനിക്ക്‌ നീന്താന്‍ അറിയാമെങ്കിലും, ഇതുവരെ ഞാന്‍ കുളത്തിനക്കരെ വരെ നീന്തിയിട്ടില്ല. പേടിച്ചിട്ടല്ല. അമ്മ പറഞ്ഞിട്ടുണ്ട്‌, അങ്ങനെ നീന്തണ്ടാന്ന്.

പക്ഷേ, ആ പെമ്പിള്ളേര്‍ നോക്കി നില്‍ക്കുന്നുണ്ട്‌. ഞാന്‍ മാത്രം മാറിയാല്‍ എന്റെ മാനം പോകും. വൈകിയാല്‍ അമ്മ ചീത്തപറയും എന്ന് പറഞ്ഞ്‌ കേറിപ്പോകാനാണെങ്കില്‍ എന്റെ നാണവും മാനവും, നനഞ്ഞാല്‍ ട്രാന്‍സ്പരന്റാകുന്ന എന്റെ തോര്‍ത്തും സമ്മതിക്കുന്നുമില്ല. എന്ത്‌ ചെയ്യും…

ഒടുവില്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ നീന്താന്‍ തന്നെ തീരുമാനിച്ചു. ചങ്ക്‌ അമിട്ട്‌ പോലെ ഇടിക്കുന്നത്‌ എനിക്കും, കുളത്തിലെ പരല്‍മീനുകള്‍ക്കും നന്നായി കേള്‍ക്കാമായിരുന്നു.

റെഡീ… വണ്‍… റ്റു… ത്രീ….

ഞാന്‍ കണ്ണടച്ച്‌ നീന്തി… എന്തും വരട്ടെ… എനിക്ക്‌ അക്കരെ വരെ നീന്തിയേ ഒക്കൂ എന്ന് മനസ്സില്‍ കരുതി, സര്‍വ്വശക്തിയുമെടുത്ത്‌ നീന്തി… അവമ്മാര്‍ക്കൊപ്പമാണോ… അതോ ഞാന്‍ മുന്നിലാണോ എന്നൊരു സംശയം മാത്രേ അപ്പൊ ഉണ്ടായിരുന്നുള്ളൂ. ശരീരത്തിലെ നവദ്വാരങ്ങളില്‍ ഒട്ടുമുക്കാലെണ്ണത്തിലും വെള്ളം കയറിത്തുടങ്ങിയത്‌ ഞാനറിഞ്ഞു. പക്ഷേ അതൊന്നും എനിക്ക്‌ ഒരു കാര്യമായി തോന്നിയില്ല. ഞാന്‍ കുതിച്ചു… എന്റെ കാല്‍പാദങ്ങളില്‍ കല്ല് കെട്ടിവെച്ചപോലെ ഒരു ഫീലിംഗ്‌… പിന്നെ കയ്കളും… എന്നിട്ടും, കണ്ണ്‍ തുറക്കാതെ ആഞ്ഞ്‌ നീന്തി…

അക്കരെ എത്തറായെന്ന് എന്റെ മനസ്സ്‌ പറഞ്ഞിട്ടാവണം, ഞാന്‍ കണ്ണ്‍ തുറന്ന് നോക്കി…

മുന്നില്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ കല്‍പ്പടവ്‌ ഉണ്ടായിരുന്നില്ല. ചണ്ടിയും, വള്ളിപ്പടര്‍പ്പും മാത്രം…

ഞാന്‍ തിരിഞ്ഞു നോക്കി…

എന്റെ റൂട്ട്‌ മാറിപ്പോയിരിക്കുന്നു!

വലത്തോട്ടെടുത്താല്‍ പൊട്ടക്കാടാണെന്നെനിക്കറിയാമായിരുന്നിട്ടും, ഞാനവിടെത്തന്നെ എങ്ങിനെ എത്തിയോ ആവോ. അതും, നീന്തല്‍ തുടങ്ങ്യേടത്ത്‌ നിന്ന് കഷ്ടി പത്ത്‌ വാര അകലം കാണും.

സ്ഥലത്തിന്റെ ഡേഞ്ചര്‍ എനിക്കറിയാമായിരുന്നു. നീന്തല്‍ നിര്‍ത്തി, കാല്‌ നിലത്തുറപ്പിക്കാന്‍ നോക്കി. നിലയില്ല. ആകെ ഉള്ള സ്റ്റാമിന മൊത്തം നീന്തിക്കളഞ്ഞതിനാല്‍, ഇനി തിരിച്ചുനീന്താനവില്ലെന്ന് എനിക്കറിയാമായിരുന്നു.

മറ്റൊന്നും അലോജിക്കെണ്ടി വന്നില്ല. ഫുള്‍റ്റിഫുള്‍ സൗണ്ടില്‍ ഞാനലറിക്കരഞ്ഞു…

“ചേട്ടമ്മാരേ… രക്ഷിക്കണേ… രക്ഷി… ണേ… (‘ക്ക’ വെള്ളത്തില്‍ മുങ്ങി).

ചേട്ടമ്മാര്‍ വന്നെന്നെ തിരിച്ച്‌ കൊണ്ടൊന്നു.അവര്‍ അതുവരെ റോളൊന്നും കാണിക്കാതെ നിന്നതെന്തേ എന്ന് എനിക്കപ്പൊഴേ സംശയം ഉണ്ടായിരുന്നു.

കൂട്ടത്തില്‍ ക്രൂരനും, മൂത്തതുമായ ഷാജിയേട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു…

“ഡാ —കളെ… നീന്തലിന്റെ കപ്പ്‌ നമുക്ക്‌ മുത്തപ്പന്‌ കൊടുക്കാം… എല്ലാരും കയ്യടിച്ചോ…” (എന്നെ നാട്ടില്‍ മുത്തു എന്നും, സ്നേഹത്തോടെ മുത്തപ്പാ… എന്നും വിളിച്ചുവന്നിരുന്നു)

അതും പറഞ്ഞ്‌ കട്ട ജിമ്മായ ഷാജിയേട്ടന്‍ എന്റെ അരയിലെ തോര്‍ത്തുമുണ്ട്‌ വലിച്ചൂരി… ഒരാട്ടിന്‍ കുട്ടിയെ പിടിച്ച്‌ പൊക്കുന്നപോലെ, വെറും നാലടി രണ്ടിഞ്ച്‌ മാത്രള്ള എന്നെ വായുവിലേക്കുയര്‍ത്തി…

പരിപൂര്‍ണ്ണ നഗ്നനായി, കുളത്തിലേക്കാഞ്ഞ്‌ നിക്കുന്ന തെങ്ങിന്തലപ്പുകല്‍ക്കിടയിലൂടെ നാണിച്ച്‌ വരുന്ന വെയിലിനെ നോക്കി, ഞാന്‍ അലറിക്കരഞ്ഞു… ആര്‌ കേള്‍ക്കാന്‍…

പിന്നീട്‌ അജു പറഞ്ഞാണ്‌ ഞാനറിഞ്ഞത്‌, അതുവരെ പള്ളാത്തിയേയും, ബ്രാലിനേയും നോക്കിക്കോണ്ടിരുന്ന പെമ്പിള്ളേര്‍ പെട്ടെന്നെന്തോ കണ്ട്‌ പേടിച്ചൊരോട്ടമായിരുന്നു എന്ന്.