കസേര സര്‍ക്കസ്‌!

1992 ലെ ഒരു വേനലവധിക്കാലം. പൊതുവേ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കാന്‍ അന്നും എന്റെ മനസ്സ്‌ സമ്മതിച്ചിരുന്നില്ല.

നട്ടുച്ചക്കു പോലും പാടത്ത്‌ ക്രിക്കറ്റ്‌ കളിച്ചോണ്ടിരിക്കുന്ന ചേട്ടന്‍സ്‌ ബൗണ്ടറിക്ക്‌ പുറത്തേക്ക്‌ പന്തടിച്ചാല്‍ പെറുക്കിയായിട്ട്‌ എന്നെ വെച്ചത്‌ എന്റെ ആ സ്മാര്‍റ്റ്‌നെസ്‌ കണ്ടിട്ടായിരുന്നു. ചേട്ടന്‍സിന്‌ കളിയില്ലാത്ത ദിവസങ്ങളില്‍ എന്റെ അയല്‍വാസി ജിത്തുവിന്റെ കൂടെ ഫിഷിങ്ങിനു പോകും. പക്ഷേ കാലമൊരുപാട്‌ ഞാന്‍ ട്രൈ ചെയ്തിട്ടും ഒരു നല്ല മീന്‍പിടുത്തക്കാരനാവാന്‍ എനിക്കായില്ല. ഞാനാകെ സക്സസ്ഫുള്ളായി പിടിച്ച മീനുകള്‍ തുപ്പലംകൊത്തിയും, മാക്രിയുമാണ്‌(അതു രണ്ടും മാത്രെ നമ്മുടെ റ്റൈമിംഗ്‌ നോക്കി സ്ലോമോഷനില്‍ നീന്തൂ). അതും ചൂണ്ടയില്‍ കുടുങ്ങാന്‍ മാത്രമില്ലാത്ത ചീള്‌ സാധനങ്ങള്‍. അതുകൊണ്ട്‌ ചൂണ്ട മാറ്റിവെച്ച്‌ കാലുകൊണ്ട്‌ വെള്ളം കരയിലേക്ക്‌ തെറ്റിച്ചാണ്‌ ഞാന്‍ അവന്മാരെ കുടുക്കിയിരുന്നത്‌. ഒരോ തവണ തേകുമ്പോഴും ചാടിക്കളിക്കുന്ന ലവന്മാരെ നോക്കിനില്‍കാന്‍ എന്ത്‌ രസമാന്നറിയോ…

ഇതു രണ്ടും കഴിഞ്ഞാല്‍ പിന്നെയുള്ള പണി വീടിന്റെ അടുത്തുള്ള തങ്കേച്ചിയുടെ (തങ്കേച്ചി വയസ്സായ, എന്റെ അച്ചന്റെ ഒരു അകന്ന ബന്ധുവായ ഒരമ്മായിയാണ്‌) വീട്ടില്‍ സൈക്കിള്‍ ഓടിക്കാന്‍ പോകലാണ്‌. അവിടെ അവരുടെ മക്കള്‍ പണ്ട്‌ ബാങ്ക്ലൂരില്‍ നിന്നും വന്നപ്പോള്‍ പിള്ളേര്‍ക്ക്‌ കളിക്കാനായി ഒരു ചെറിയ സൈസ്‌ സൈക്കിള്‍ കൊണ്ടുവന്നു. അവര്‍ തിരിച്കു പോയപ്പോ അതിവിടെ വച്ചിട്ട്‌ പോയി. ആദ്യമൊക്കെ വല്ലപ്പോഴും അകലെ നിന്നു മാത്രം ഒന്ന് നോക്കുകയോ… ആരും കാണാതെ ഒന്ന് തൊടുകയോ ചെയ്തിരുന്ന ആ സൈക്കിള്‍ പിന്നെ പതുക്കെ പതുക്കെ ഞാന്‍ സ്വന്തമാക്കി തുടങ്ങി. പിന്നെ അത്‌ എന്റെ അനുവാദമില്ലാതെ തങ്കേച്ചി പോലും തൊടില്ല എന്ന സ്ഥിതിയായി.

അന്നത്തെ കാലത്ത്‌ കമ്പികൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക്കിന്റെ നൂലുകൊണ്ട്‌ നെയ്ത വട്ടത്തിലുള്ള കസേര വളരെ പ്രസിദ്ധമായിരുന്നു. അത്തരം ഒരു രണ്ടുമൂന്നെണ്ണം തങ്കേച്ചിയുടെ വീട്ടിലും ഉണ്ടായിരുന്നു. ആ കസേരക്ക്‌ പൊക്കം ഇച്ചിരി കുടുതലാണ്‌. യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോലെ വേണം അതിലിരിക്കാന്‍. ക്ലോസറ്റ്‌ പോലെ തന്നെ അതിന്റെ ഒത്ത നടുഭാഗത്ത്‌ നല്ലോരു ഓട്ടയാണ്‌. ആസനം ആ കുഴിക്കകത്തേക്ക്‌ വച്ച്‌ ഒന്നിരുന്നാല്‍ ലൂസ്‌ മോഷന്‍ വന്ന് യൂറോപ്യനില്‍ ഇരിക്കുന്ന അതേ സുഖമാണ്‌.

പക്ഷേ എനിക്ക്‌ അപ്പോ അങ്ങിനെ അതില്‍ ഇരിക്കാന്‍ ഉള്ള വലിപ്പം ഇല്ലായിരുന്നു. എന്നു വെച്ചാല്‍ ഞാന്‍ അതിലിരുന്നാല്‍ ഓട്ടവീണ ഷട്ടില്‍ ബാറ്റിനുള്ളിലൂടെ ഷട്ടില്‍ പുറത്തേക്ക്‌ പോണപോലെ ഞാന്‍ പോകും. ചെറിയ ചെക്കനായ എനിക്ക്‌ അന്നാ കസേരയില്‍ കയറുക എന്നത്‌ തെങ്ങുകയറുന്നതിലും മെനക്കേടായിരുന്നു. അതുകൊണ്ട്‌ തന്നെ എനിക്കതൊരു സര്‍ക്കസ്‌ കൂടാരം പോലെ എന്തോ ഒരു സാധനമായിരുന്നു.

പൊത്തിപ്പിടിച്ച്‌ അതിനുമുകളിലേക്ക്ക്‌ കയറും. എന്നിട്ട്‌ അതിന്റെ നടുവിലുള്ള തുള വഴി പുറത്തേക്ക്‌ ഊഴ്‌ന്നിറങ്ങും. പിന്നെ ഞാന്‍ പതിയെ സ്റ്റൈല്‍ മാറ്റി. ആദ്യം തല തുളയിലൂടെ പുറത്തേക്കിടും… പിന്നെ കയ്യ്‌… പിന്നെ കാലുകള്‍.. അങ്ങിനെ പതുക്കെ പതുക്കെ എലി പാമ്പിന്റെ വായില്‍ പോകുന്ന അതേ സ്പീഡില്‍ ഞാന്‍ പുറത്ത്‌ വരും. സംഭവം കെള്‍ക്കുന്ന അത്ര നിസ്സാരമായിരുന്നില്ല. നല്ല മെയ്‌ വഴക്കം ഉള്ളവര്‍ക്കേ അതു പറ്റൂ. ഞാന്‍ ആ തുളയിലൂടെ പുറത്തേക്ക്‌ കടക്കാന്‍ കാണിക്കുന്ന സര്‍ക്കസ്‌ കണ്ടാല്‍ ആരും ഒന്ന് പേടിക്കും… കയ്യും കാലും ഒക്കെ കൂടെ മിക്സ്‌ ആയി പരത്താന്‍ കിടക്കുന്ന പൊറോട്ട പോലെ ആകെ ഒരു കോമ്പ്ലക്സ്‌ പൊസിഷനില്‍ ആണേയ്‌ ആ സര്‍ക്കസ്‌.

ചെറിയ ബുദ്ധിയേ അന്ന് ഉള്ളെങ്കിലും, എന്റെയീ കസേര സര്‍ക്കസ്‌ ഒരു സംഭവമാണെന്നെനിക്ക്‌ മനസ്സിലായത്‌ എന്റെ കൂട്ടുകാരന്‍ ജിത്തു അതെന്നോട്‌ നേരിട്ട്‌ പറഞ്ഞപ്പോളാണ്‌. “ഡാ.. നീയിതെങ്ങെന്യാ ഉള്ളീക്കോടെ പുറത്തേക്ക്‌ വന്നേ… എനിക്ക്‌ പറ്റില്ലാലോ…”

ആ ഡയലോഗില്‍ ഞാന്‍ വീണു. താന്‍ ഒരു വെറും നിസ്സാരനല്ലെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. പാടത്ത്‌ പന്ത്‌ പെറുക്കാനും, ചൂണ്ടയിടാനും പോകാതെ ഞാന്‍ എന്റെ സമയം മുഴുവന്‍ കസേര സര്‍ക്കസിനായി ചെലവഴിച്ചു… ഞാന്‍ ശരിക്കും ഒരു പുലിയായി മാറുകയായിരുന്നു.

അങ്ങനെ എന്റെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ തങ്കേച്ചിയുടെ വീട്ടില്‍ അവരുടെ മക്കളും ഫാമിലിയും അവധിയാഘോഷിക്കാന്‍ വന്നത്‌. അവരുടെ 2 മക്കളും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ മെമ്മെറിയായിപ്പ്പ്പോയ അവരുടെ ആ സൈക്കിള്‍ അവിടെ വീണ്ടും കണ്ടപ്പോള്‍ അവരുടെ അഹ്ലാദത്തിന്‌ ഒരു കന്നഡ സ്റ്റൈല്‍ വന്നു. അതോട്‌ കൂടി ഹോം വര്‍ക്ക്‌ ചെയ്യാതെ ക്ലാസിന്‌ പുറത്ത്‌ നില്‍ക്കുന്നവനേപ്പോലെയായി ഞാന്‍. അവന്മാര്‍ ഫുള്‍ടൈം ആ സൈക്കിളില്‍ തന്നെയായിരുന്നു. ചെറുപ്രായത്തിലേ എന്റെ മനസ്സില്‍ പകയുടെ വിത്ത്‌ പാകിയത്‌ അവന്മാര്‍ മത്രമാണ്‌.

നാവില്‍ മലയാളത്തിന്റെ വാല്‍ക്കഷണം പോലും ആ പൊടീസിന്‌ വരില്ല. ഇങ്ക്ലീഷ്‌ പറയുന്നവര്‍ മഹാ വൃത്തികെട്ടവന്മാരും, ഹിന്ദി പറയുന്നവര്‍ സംസ്കാരമില്ലാത്തവരുമാണെന്ന് മനസ്സിലാക്കിയിരുന്ന കാലം. കണ്ണ്‌ മഞ്ഞളിക്കുന്ന തരത്തിലുള്ള ഡ്രെസ്സും, വീട്ടിനകത്ത്‌ പോലും ഷൂസുമൊക്കെ ഇട്ട്‌ അവന്മാര്‍ ആകെ വിലസി. ഞാന്‍ ശരിക്കും അടിച്ച ലോട്ടറി കളഞ്ഞുപോയവനെപ്പോലെയായി.

എന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം, തങ്കേച്ചി എന്നെ അവമ്മാരുമായി മുട്ടിച്ചു. ഹിന്ദി സിനിമയില്‍ ഗുണ്ടകള്‍ നയകനെ നോക്കുന്ന പോലെ, തലയൊക്കെ പൊക്കി, ബട്ടന്‍സ്‌ അഴിച്ചിട്ടിരിക്കുന്ന ഷര്‍ട്ട്‌ പിന്നിലേക്ക്‌ തൂക്കി അവന്മ്മാരെന്നെ നോക്കി… എന്നിട്ട്‌ കയ്യ്‌ തന്നു. പോടാ പുല്ലന്മാരെ… നിന്റെയൊന്നും കൂട്ടാവാന്‍ എന്നെ കിട്ടില്ലെന്നും പറഞ്ഞ്‌ ഇറങ്ങിപോകേണ്ടതായിരുന്നു ഞാന്‍. പിന്നെ തങ്കേച്ചി പറഞ്ഞതല്ലേ… ഞാനായിട്ട്‌ അങ്ങിനെ ഒന്നും ചെയ്യരുത്‌ എന്ന് കരുതി മാത്രം.. ഞാനും കയ്‌ കൊടുത്തു.

പക്ഷേ റ്റു ബി ഫ്രാങ്ക്‌, മലയാളം ക്ലാസാണെന്ന് കരുതി സംസ്കൃതം ക്ലാസില്‍ കേറിയിരുന്ന അവസ്ഥയായിരുന്നു എനിക്ക്‌. യെവമ്മാര്‍ പറയുന്നതൊന്നും അങ്ങോട്ട്‌ പിടികിട്ടുന്നില്ല. ഞാനിതുവരെ കേള്‍ക്കാത്ത എന്തൊക്കെയോ കളികള്‍ കളിക്കുന്നു… കോപ്രായങ്ങള്‍ കാട്ടുന്നു. ക്രികറ്റ്‌ കളി അങ്ങ്‌ ബാങ്ക്ലൂരിലും ഉണ്ടെന്ന് ഇവമ്മാരുടെ കയ്യില്‍ ബാറ്റും ബോളും കണ്ടപ്പൊഴാണ്‌ പിടി കിട്ടിയത്‌. ആകെ കുറച്ച്‌ പരിചയം അതിലായതിനാല്‍ ഞാനും കളിക്കാന്‍ കൂടി. പക്ഷേ എന്നും പന്ത്‌ പെറുക്കി മാത്രം ശീലമുള്ള എനിക്ക്‌ ബാറ്റിങ്ങോ ബോളിങ്ങോ ശരിയായിട്ട്‌ ചെയ്യാന്‍ പറ്റിയില്ല. എന്റെ തവളപിടുത്തം കണ്ട്‌ അവന്മാര്‍ ചിരിച്ചു… മനപ്പൂര്‍വം.. വീണ്ടും വീണ്ടും.

നിരാശയോട്‌ കൂടി ഞാന്‍ കളിനിര്‍ത്തി… അവിടുത്തെ കസേരയില്‍ വന്നിരുന്നു. “ട്രിങ്ങ്‌!!!!” എനിക്ക്‌ അപ്പൊഴാണ്‌ തലയില്‍ മറ്റൊന്നുദിച്ചത്‌. കസേര സര്‍ക്കസ്‌! അതിലെ എന്റെ പ്രകടനം കണ്ടാല്‍ ഇവമ്മാര്‍ സൈഡാവും. അത്‌ കട്ടായം. സിനിമാ നടന്‍ ജയനെപ്പോലെ, ചോരകണ്ടാല്‍ മാത്രം ശക്തി കിട്ടുന്നവനെപ്പോലെ ഞാന്‍ അവമ്മാരെ നോക്കി…

എന്റെ അഭ്യാസപ്രകടനം കാണിക്കാന്‍ ഞാന്‍ അവമ്മാരെ വിളിച്ചു.

“അതേയ്‌, നിങ്ങള്‍ക്കീ കസേരേഡെ ഉള്ളിലൂടെ പുറത്തേക്ക്‌ വരാന്‍ പറ്റുവോ? തല ആദ്യം പുറത്ത്‌ വരണം. പറ്റുാ?”

എവിടെ.. അവന്മാര്‍ വായപൊളിക്കുമെന്ന് എനിക്ക്‌ നന്നായി അറിയാമായിരുന്നു.

അവമ്മാര്‍ പൊളിച്ചു!

“എന്നാ ഞാന്‍ കാട്ട്യരാം… നോകീക്കോ…”

വര്‍ഷങ്ങളായി ഓടിക്കുന്ന ബുള്ളറ്റ്‌ പുല്ല്‌ പോലെ ഓണാക്കി കയറി ഓടിച്ചു പോകുന്ന ലാഘവത്തോടെ ഞാന്‍ ആ കസേരയില്‍ ചാടിക്കയറി.

അവമ്മാരെ ഒന്നൂടെ ഒന്ന് നോക്കീട്ട്‌, ഞാന്‍ എന്റെ സര്‍ക്കസ്‌ തുടങ്ങി. എന്റെ തല ഞാന്‍ ആദ്യം തുളയിലൂടെ പുറത്തേക്കിട്ടു… അവമ്മാര്‍ എന്നെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. എന്റെ പ്രകടനത്തിന്‌ ആദ്യായിട്ടാണ്‌ അങ്ങനെ ഒരു കയ്യടി കിട്ടുന്നത്‌. സ്വാഭാവികമായും ഞാനതില്‍ മതിമറന്നു. കുറച്ച്‌ കൂടി വെറൈറ്റി ആക്കാന്‍ വേണ്ടി, ഒരു കാലും, ഒരു കയ്യും മാത്രം ഞാന്‍ ഇത്തവണ ഓട്ടയിലൂടെ പുറത്തേക്കിട്ടു. എന്നും ചെയ്യുന്ന പോലെ അത്രക്ക്‌ സ്മൂത്തല്ല ഇപ്പരുപാടിയെന്ന് ഉള്ളില്‍ തോന്നിയെങ്കിലും, ഞാന്‍ പിന്മാറിയില്ല. അടുത്തകാലും ഞാന്‍ ബുദ്ധുമുട്ടി അകത്തേക്കിട്ടു.

മലബന്ധം വന്നവര്‍ മുക്കുന്ന പോലത്തെ ഒരു ശബ്ദമാണ്‌ പിന്നെ കേട്ടത്‌. ഞാന്‍ ബ്ലോക്കായിരിക്കുന്നു! ചത്ത മീനിന്റെ കണ്ണുകള്‍ പോലെ എന്റെ കണ്ണുകള്‍ തുറിച്ചു ചാടി. ഹെവി വെയ്റ്റ്‌ ലിഫ്റ്റിങ്ങുകാര്‍ വെയിറ്റ്‌ ലിഫ്റ്റുമ്പോള്‍ ഉണ്ടാക്കുന്ന അതേ ശബ്ദത്തില്‍ ഞാന്‍ അലറി… നോ രക്ഷ! തലയുടെ ലൊകേഷന്‍ തറയിലേക്കായതിനാല്‍, അവമ്മാരുടെ കാലിലെ ഷൂസുകള്‍ മത്രമേ കണ്ടുള്ളൂ എങ്കിലും, അവമ്മാര്‍ കയ്യടി നിര്‍ത്തിയത്‌ എനിക്ക്‌ മനസ്സിലായി. അപ്പോ സംഭവം സീരിയസ്‌ ആയിരിക്കുന്നു!

എനിക്ക്‌ നഷ്ടപ്പെട്ട മാനത്തിനെകുറിച്ചോര്‍ക്കാന്‍ എനിക്കപ്പോ തോന്നിയില്ല. മാനത്തേക്കാള്‍ വലുതാണല്ലോ പ്രാണന്‍! ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ നീങ്ങിനോക്കി… രക്ഷയില്ലാ… ഞാന്‍ ഫുള്‍ പ്രെഷര്‍ കൊടുത്തു… ശരിക്കും ലണ്ടനില്‍ പോകുന്ന അതേ താളത്തോടും, ആകാംക്ഷയോടും കൂടി.

പക്ഷേ ആ മുക്കല്‍, എന്റെ പെര്‍മിഷന്‍ ഇല്ലാതെ തന്നെ മറ്റൊരു കാര്യം കൂടി ഒപ്പിച്ചു… നമ്പര്‍ റ്റൂ! എല്ലാം വളരെ പെട്ടന്നായിരുന്നു.

അരുതാത്തത്‌ നടന്നു കഴിഞ്ഞൂ എന്നറിഞ്ഞിട്ടും, അതിനെതിരെ പ്രതികരിക്കാനാവാതെ ഞാന്‍ കുടുങ്ങിക്കിടന്നു… കണ്ടന്‍ കത്രികയില്‍ പെട്ട പെരുച്ചാഴി പോലെ.

തങ്കേച്ചി വന്നെന്നെ വലിച്ച്‌ പുറത്തിട്ടതും, ഞാന്‍ വീട്ടിലേക്കോടി… വെറുതേ റോമിങ്ങിലായിരുന്ന പട്ടിയെ കല്ലെറിഞ്ഞ്‌ പ്രകോപിപ്പിച്ചാല്‍ ഓടേണ്ടിവരുന്ന ഗതികേടായിരുന്നു അപ്പൊ എനിക്ക്‌.

അന്ന് ഞാന്‍ മനസ്സിലാക്കി… ജീവിതത്തില്‍ അണ്ടര്‍ വെയറിനുള്ള വില.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഈ ഓര്‍മ്മക്ക്‌ കടപ്പാട്‌ വിശാലമനസ്കന്റെ “സില്‍ക്ക്‌”
 ( http://kodakarapuranam.sajeevedathadan.com/ )
 എന്ന പോസ്റ്റാണ്‌.

Advertisements

വെറുതേ കിട്ടിയ ഇടിയുണ്ടകള്‍.

കൊയമ്പത്തൂരിന്റെ ഹൃദയഭാഗത്ത്‌ വെറും നാലായിരം റുപ്യക്ക്‌ ഒരു പോര്‍ട്ടിക്കോയും, രണ്ട്‌ എമണ്ടന്‍ ഹാളും, 2 കിടപ്പുമുറികളും, അതേ അളവില്‍ കുളിമുറികളും, ഒരു കിച്ചണും പിന്നെയിതൊന്നും പോരാഞ്ഞിട്ട്‌ താഴെ ഭൂമിക്കടിയില്‍ വിശാലമായൊരു ഗോഡൗണും ഒക്കെ ഉള്ള ഒരു കിടിലന്‍ രണ്ടുനില വീട്ടിലാണ്‌ ഞങ്ങള്‍ 6 പയ്യന്‍സ്‌ പോസ്റ്റ്‌ ഗ്രാജുവേഷന്റെ 3 വര്‍ഷം കഴിച്ച്‌ കൂട്ടിയത്‌. ആദ്യത്തെ നിലയില്‍ ഞങ്ങളും, മുകളിലത്തെ നിലയില്‍ അതെ കോളെജില്‍ പഠിക്കുന്ന മറ്റു ചില പിള്ളേരും.

പുതിയൊരു കലാലയത്തില്‍ ചേര്‍ന്നതിന്റെ എല്ല ത്രില്ലും എനിക്കുണ്ടായിരുന്നു. ആദ്യമായി ഹോസ്റ്റലില്‍ നിന്നും മാറിയുള്ള ജീവിതം എനിക്ക്‌ പഴയ ഹോസ്റ്റലില്‍ വല്ലപ്പോഴും മാത്രം മയിലുകള്‍ താണ്ടി മേലേ ചാവടിയില്‍ പോയി ചൂട്‌ പൊറൊട്ട കഴിക്കുന്ന പോലെയായിരുന്നു. വീട്ടില്‍ മൂന്ന് നേരവും കുക്കാന്‍ ഒരു അക്ക വരും. ആദ്യമൊക്കെ അവര്‍ മുറി മലയാളം പറയുന്നതിന്റെ ഒപ്പം, ഭക്ഷണവും മുറി മലയാളത്തിലായിരുന്നു വെച്ചത്‌. പിന്നെ ഞങ്ങള്‍ പതിയെ പതിയെ കടലച്ചമ്മന്തിക്ക്‌ പകരം തേങ്ങാ ചമ്മന്തിയും, ഡബിള്‍ കോട്ടഡ്‌ ഊത്തപ്പത്തിനു പകരം കനമില്ലാത്ത മൊരിഞ്ഞ ദോശയും ഒക്കെ ഉണ്ടാക്കാന്‍ പഠിപ്പിച്ചു കൊടുത്തു.

മൊബെയിലിന്റെ ഉപയോഗം എയ്ഡ്സിന്റെ ഓവറായ പുബ്ലിസിറ്റിയേക്കാളും വേഗത്തില്‍ കൂടിക്കൊണ്ടിരുന്ന കാലം. എങ്ങിനെയും ഒരു മൊബെയിലില്‍ ഒപ്പിച്ചില്ലെങ്കി ആ എയര്‍റ്റെല്‍ തരുന്ന ഫ്രീ മെസ്സേജും, റ്റോക്‌ റ്റൈമും ഒക്കെ വെറുതേ ആവില്ലേ… അത്‌ പാടില്ലെന്നോര്‍ത്ത്‌ ഞങ്ങളും വാങ്ങി മൊബെയില്‍.

സത്യം പറയാലോ… മൊബെയിലൊരു അസാധാരണ സംഭവം തന്നെ. കൂടെ പഠിക്കുന്ന പെമ്പിള്ളേരെ ക്ലാസില്‍ വെച്ച്‌ കണ്ടാ മിണ്ടാനൊരു മടി. പക്ഷേ, ഈ കുന്ത്രാണ്ടത്തില്‍ രാവിലെയും, രാത്രിയും പറ്റിയാല്‍ ഉച്ചക്കും ഒരോ ഫോര്‍വേഡ്‌ മെസ്സേജ്‌ അയക്കുംബോ എന്താ സുഖം. അതേ സ്പീഡില്‍ തിരിച്ചിങ്ങോട്ട്‌ വരുന്ന മെസ്സേജും നോക്കി ഇരിക്കാന്‍ അതിലും സുഖം. ഓ നിനക്കിപ്പൊഴേ അവള്‍ ഈ മെസ്സേജ്‌ അയച്ചുള്ളോ? എനിക്ക്‌ നേരത്തെ അവളയച്ചിരുന്നു എന്ന് പറയുമ്പോ, അവളെന്റെയല്ലേ എന്നൊരു ഭാവം എന്നില്‍ വന്നിരുന്നു.

പതുക്കെ അക്ഷരങ്ങള്‍ ശബ്ദങ്ങളായി. ആദ്യമൊക്കെ മൂന്നോ നാലോ മിനിട്ട്‌ മാത്രം നീണ്ട സംഭാഷണങ്ങളില്‍ ഉപ്പും മുളകും പുളിയും ഒക്കെ കൂടാന്‍ തുടങ്ങിയപ്പോ മണിക്കൂറുകളായി. വൈകീട്ട്‌ വന്നാല്‍ തുടങ്ങുന്ന സംഭാഷണങ്ങള്‍ അങ്ങിനെ രാത്രി വരെയും, പിന്നീട്‌ പാതി രാത്രി വരെയും.. ചില സമയത്ത്‌ അതി രാവിലെ വരെയും നീണ്ടു പോയി. ആ ഒരു എക്സ്പീരിയന്‍സ്‌ ഉള്ളതുകൊണ്ട്‌ മാത്രം ഇന്ന് സുഖമായി 24 മണിക്കൂറും ജോലിചെയ്യാന്‍ ഞങ്ങളില്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല.

വീടിനുള്ളില്‍ എല്ലാം പാരകള്‍ ആയതിനാല്‍ ഞങ്ങളില്‍ പലരും പുറത്തിറങ്ങിയാണ്‌ കത്തിവെക്കാറ്‌. 3-4 മണിക്കൂര്‍ തുടര്‍ച്ചയായി അടിക്കടി വെച്ചങ്ങിനെ ഉലാത്തും… വഴിയില്‍ എരിവും, പുളിയുമെല്ലാം കൊഴിഞ്ഞു വീഴും. ഇടത്തെ കയ്യ്‌ കഴച്ചാല്‍ വലത്തേതിലേക്ക്‌ മൊബെയില്‍ മാറ്റും… കാലു കഴച്ചാല്‍.. ഇല്ല, കാല്‌ കഴക്കാറില്ല. ഒട്ടും പറ്റാതെ വന്നാല്‍, അവിടെ പകല്‍ തുണി തേക്കാന്‍ വരുന്ന അണ്ണന്റെ ഒരു ഉന്ത്‌ വണ്ടിയുണ്ട്‌, അതില്‍ കയറി ഇരിക്കും. ഇനി സമയം രാത്രി ഒരു മണി, രണ്ട്‌ മണി ഒക്കെ അയാല്‍, പുറത്ത്‌ മഞ്ഞ്‌ വീണ്‌ എരിവോ പുളിയോ കുറയുന്നു എന്ന് മനസ്സിലായാല്‍ പതുക്കെ തലയും, കയ്യും, കാലും ഉന്തുവണ്ടിക്കകത്തേക്ക്‌ വലിച്ച്‌ വെക്കും. തട്ട്‌ കിട്ടിയ അട്ടയെപ്പോലെ ചുരുണ്ടുകൂടി, അതിനുള്ളില്‍ ഇരുന്ന് കത്തിവെക്കും.ക്ലാസിലെ 6 മണിക്കൂര്‍ 6 യുഗങ്ങളായി തോന്നുകയും, വീട്ടിലെത്തിയാലുള്ള 12-14 മണിക്കൂര്‍ വെറും സെക്കന്‍ഡുകള്‍ പോലെയാവുകയും ചെയ്തത്‌ ഞങ്ങളില്‍ മൊബെയില്‍ ഉള്ളവര്‍ക്ക്‌ മാത്രമായിരുന്നു.

ആദ്യ സെമസ്റ്റര്‍ പതിനെട്ടാമത്തെ വയസ്സാഘോഷിക്കുന്ന അയലത്തെ വീട്ടിലെ തമിഴത്തിപ്പെണ്ണിന്റെ പോലെ ഒരുപാടാഗ്രഹങ്ങള്‍ക്ക്‌ വളമിട്ടിട്ട്‌ വേഗം പോയി. അതിനിടയിലെ ഒരു സാധാരണ ദിവസം, ഞങ്ങളെല്ലാവരും വീട്ടില്‍ സ്ത്രീ എന്ന, എത്ര പഠിച്ചാലും (ട്രൈ ചെയ്താലും) അരിയര്‍ വീഴുന്ന ആ മഹാ പ്രതിഭാസത്തെക്കുറിച്ച്‌ ഗ്രൂപ്‌ ഡിസ്കഷന്‍ നടത്തുകയായിരുന്നു. ബോഡര്‍ കടന്ന് വരുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വാതന്ത്ര്യം കാംക്ഷിച്ച്‌ വരുന്നതാണെന്നും, അതല്ലാ, നാട്ടിലെ എതോ കേസുകെട്ട്‌ വീട്ടിലറിഞ്ഞ്‌ അവിടെ നിന്നും കയറ്റിവിടുന്നതാനെനും, ഇനിയിതൊന്നുമല്ല, ഇങ്ങനെ പുറത്ത്‌ പഠിപ്പിച്ചാല്‍ കല്യാണ മാര്‍കറ്റില്‍ നല്ല വിലകിട്ടുമെന്നും തുടങ്ങി പല പല അഭിപ്രായങ്ങളിലൂടെയും സമയം പോയപ്പോ ആ രാത്രിക്ക്‌ പാതിവയസ്സായത്‌ ഞങ്ങളറിഞ്ഞില്ല.

പതുക്കെ പെണ്‍കള്‍ നാങ്കള്‍ക്ക്‌ വിഷയമേ അല്ലെന്ന മട്ടിലുള്ളവര്‍ കിടന്നുറങ്ങി. അയക്കാനുള്ള മെസ്സേജുകള്‍ മുഴുവനും അയച്ചുതീര്‍ക്കാനുള്ള ധ്രിതിയില്‍ ഞാനും മറ്റ്‌ മൂന്ന് പേരും ഉറക്കത്തിന്‌ അപായം കൊടുത്ത്‌ കുത്തിയിരുന്നു. എനിക്ക്‌ മെസ്സേജ്‌ ടൈപ്‌ ചെയ്യാന്‍ താമസിച്ചതുകൊണ്ടാണോ അതോ കൊറെ പേര്‍ക്ക്‌ അയക്കാന്‍ ഉള്ളതുകൊണ്ടാണോ എന്തോ, അവസാനം ഞാന്‍ മാത്രം ഉറങ്ങാതെ ഇരുന്നു…

സമയം രാവിലെ മൂന്ന് മണി. എന്റെ ശാസനകള്‍ ഓവര്‍ റൈഡ്‌ ചെയ്ത്‌ ഉറക്കം കോട്ടുവായിട്ട്‌ അലാം അടിപ്പിച്ചു. ഞാന്‍ പതുക്കെ കിടപ്പ്‌ മുറിയിലേക്ക്‌ നടക്കാന്‍ തുടങ്ങിയതും,

“ഡിംഗ്‌… ഡോാാാാാാാാാങ്ങ്‌….”

അരോ കോളിംഗ്‌ ബെല്ലി. ഈ സമയത്ത്‌ ആരായിരിക്കുമെന്ന് അലോജിക്കാനുള്ള ബുദ്ധി അപ്പോ എനിക്ക്‌ തോനിയില്ല. പിന്നീടത്‌ തോന്നിയെങ്കിലും കാര്യമുണ്ടായിരുന്നില്ല.

വല്ലാതെ ബുദ്ധിമിട്ടുള്ള പൊലെ ഞാന്‍ നടന്ന് വാതില്‍ തുറന്നു. ഡിമ്മായ വഴിവിളക്കിന്റെ പമ്മിയ വെളിച്ചത്തില്‍, വീടിന്റെ മുന്നിലും, വഴിയിലുമായി ഒരു മുപ്പതോളം, നല്ല വലിപ്പമുള്ള തലകള്‍!

ഇവമ്മാര്‍ ഇക്കൊല്ലത്തെ കോളേജ്‌ ഡേയുടെ പിരിവിനെങ്ങാനും വന്നതായിരിക്കുമോ എന്നൊരു സംശയം തോന്നിയെങ്കിലും, അവമ്മാരുടെ തലയില്‍ നിന്നും താഴോട്ടിറങ്ങി നോക്കിയ എന്റെ കണ്ണില്‍ നാലിഞ്ച്‌ വ്യസത്തിലുള്ള വടികളും, സൈക്കിള്‍ ചങ്ങലകളും കുടുങ്ങിയപ്പോ, പിരിക്കാന്‍ വന്നിരിക്കുന്നത്‌ കാശല്ല, മറ്റെന്തോ ആണെന്ന് മനസ്സിലായി.

മൊത്തം നല്ല കരിക്കട്ടയില്‍ പറഞ്ഞ്‌ പണിയിച്ചപോലെ ശരീരമുള്ള അണ്ണാച്ചികള്‍. പലരേയും കോളേജില്‍ കണ്ടപോലെ ഒരു തോന്നല്‍. പക്ഷേ,ഒട്ടുമിക്കവരും മുഖം കര്‍ചീഫ്‌ വച്ച്‌ കെട്ടിയിരിക്കുന്നു. രാത്രിയിലെ തണുപ്പ്‌ മാറ്റാനാവുമോ?

ഏറ്റവും മുന്നില്‍, എന്റെ തൊട്ട്‌ മുന്നില്‍ നിന്നവന്‍ സത്യമായിട്ടും വിരുമാണ്ടി സിനിമയിലെ കമലിന്റെ അതേ ആകാരസൗഷ്ടുഭം ഉള്ളവനായിരുന്നു, കൂടാതെ, വീതുളിയേക്കാളും മൂര്‍ച്ചയുള്ള ക്രിതാവും, മുഖത്തെ കടുപ്പം കൂട്ടാന്‍ കയ്യില്‍ പിടിച്ച തടിയന്‍ വടിക്കഷണവും. അവനാ വടികൊണ്ട്‌, അതേ വണ്ണത്തിലുള്ള കാലിലെ മസിലില്‍ ചുമ്മാ തട്ടിക്കൊണ്ടിരുന്നു…

“നീങ്ക എസ്‌ എന്‍ ആര്‍ പസിങ്കളാ…? ” അവന്‍ എന്നെ നോക്കി പറഞ്ഞു.

അത്രയും കാലം ഞാനനുഭവിക്കാത്ത വല്ലാത്തൊരു തണുപ്പെനിക്കനുഭവപ്പെട്ടതിനാല്‍, അല്‍പം വെറച്ചുകൊണ്ട്‌, ഒട്ടും കൂസലില്ലാതെ ഞാന്‍,

“ആമാം… MCA പണ്ണ്രേന്‍..”

“അണ്ണാ… ഇവനാ അന്ത —- ? പോട്ട്ക്കലാം ണ്ണേ…” (ചേട്ടാ, ആളിവന്‍ തന്നെയാണോ? ഇപ്പൊ തന്നെ പൂശിയാലൊ?)

“ഇവന്‍ കെടയാത്‌. ഉള്ളെ പാപ്പോം..” വിരുമാണ്ടി ഉറച്ച കാലുകളുമായി അകത്തേക്ക്‌… രാജാവിനു വേണ്ട വഴിയൊതുക്കി, ഞാന്‍ വരാന്തയിലേക്ക്‌ മാറിനിന്നു. തൊട്ടു പിറകേ മുപ്പതോളം വന്ന ആ വെട്ടുകിളിക്കൂട്ടവും അകത്തേക്ക്‌ ജാഥ നയിച്ചു. എല്ലാവരും അകത്തെ രണ്ടാമത്തെ ഹാളില്‍ മിസ്സായ പാമ്പിനെ തെരയാന്‍ തുടങ്ങി.

ഒന്ന്… രണ്ട്‌… മൂന്ന്.. അത്രയുമായപ്പോഴേക്കും അകത്തുനിന്നും പഴംതമിഴ്‌ പാട്ടുകള്‍ ഉച്ചത്തില്‍ കേട്ടുതുടങ്ങി. ഏതപകടാവസ്ഥയിലും സ്വന്തം തടി നോക്കണം എന്ന സദാചാരത്തിന്റെ മറവില്‍ ഞാന്‍ ഇരുട്ട്‌ മൂടിയ അടുക്കളയിലോട്ട്‌ നീങ്ങി. അടുക്കളയിലേക്ക്‌ രണ്ട്‌ ഹാളില്‍ നിന്നും വാതിലുകള്‍ ഉണ്ട്‌. രണ്ടാമത്തെ ഹാളിലേക്ക്‌ തുറക്കുന്ന വാതിലിന്റെ ചെറിയൊരു ഗ്യാപ്പിലൂടെ ഞാന്‍ കണ്ടു… ഉറക്കം വരാതെ കാലാട്ടിക്കിടന്ന മൂന്ന് പാമ്പുകളെ ചുമരിലേക്ക്‌ താങ്ങി നിര്‍ത്തിയിരിക്കുന്നു. മന്തന്‍ വടികൊണ്ടുള്ള അടികള്‍ കയ്കൊണ്ട്‌ തടയാന്‍ നോക്കുന്നതിനിടയില്‍ തലയിലും, തുടയിലും കൊള്ളുന്നു… ചില കിളികള്‍ അവമ്മാരെ ചവിട്ടുന്നു… എരിവിനു വേണ്ടി തെറിയും. ഡിസ്കവറി ചാനലില്‍ മുപ്പത്‌ സിങ്കങ്ങള്‍ക്ക്‌ കിട്ടിയ മൂന്ന് പേടമാനുകള്‍ പിടയുന്നതുപോലെന്നാത്മമിത്രങ്ങള്‍!

അടിക്കാന്‍ ചാന്‍സ്‌ കിട്ടാത്ത ഒരു കിളിയതാ, ചാരിക്കിടന്ന വാതിലിനപ്പുറത്തെ ഇരുട്ടിലേക്കെത്തി നോക്കുന്നു. അവനതാ വാതില്‍ തുറക്കുന്നു.

മുണ്ടിന്റെയറ്റത്തിന്റെ നല്ലൊരു ഭാഗവും വായിലേക്കാക്കി നിന്നിരുന്ന എന്നെ അവന്‍ കണ്ടു… കണ്ടില്ലാ… എന്നായപ്പോഴേക്കും ഞാന്‍ മര്യാദക്ക്‌ വീടിന്‌ പുറത്തേക്കിറങ്ങി. തണുത്തചോരയുള്ള അടിച്ചിട്ടും കൊഴുപ്പില്‍ മാത്രം കൊള്ളുന്ന മൂന്ന് യമണ്ടന്മാരെ തല്ലുന്നത്‌ നിര്‍ത്തി, നീരോലി വടി പോലിരുന്ന എന്നെ ഉന്നമിട്ട്‌ വെട്ടുകിളിക്കൂട്ടം പുറത്തേക്കാശ്രോച്ച്‌ വന്നു…

എന്നെ കോളറില്‍ പിടിച്ചൊരുത്തന്‍ നടുറോട്ടിലേക്ക്‌ വലിച്ചിട്ടു.

“നാന്‍ MCA താന്‍… UG കെടയാത്‌… ” ഒഴിവാവുകയാണെങ്കില്‍ നടക്കട്ടെ എന്ന് കരുതി പറഞ്ഞ്‌ നോക്കി… യെവടെ. “ഏങ്കെടാ അന്ത — പസിങ്ക?” (എവിടെയടാ ആ — പിള്ളേര്‍) എന്നും ചോദിച്ചായിരുന്നു പിന്നെ പ്രയോഗം. മറ്റേ പാമ്പുകളെ തല്ലി, നടു ചതഞ്ഞ വടികളുടെ ചതയാത്ത ഭാഗങ്ങള്‍ എന്റെ തലയിലും, പുറത്തും, തടയാന്‍ പൊങ്ങിയ കയ്കളിലും മാറി മാറി മുത്തി.

കടിക്കാന്‍ വന്നിട്ടെന്തോ ഓര്‍ത്ത്‌ തിരിഞ്ഞോടിയ അരണയെപ്പോലെ, അവമ്മാര്‍ എന്നെ ശരിക്കൊന്ന് പെരുമാറാതെ ഓടിപ്പോയി. ചുറ്റിലും ചിതറിക്കിടന്ന വടിക്കഷണങ്ങള്‍ക്കും, സൈക്കിള്‍ ചങ്ങലകള്‍ക്കുമിടയില്‍ നിന്നും ഞാനെന്റെ ചെരുപ്പെടുത്ത്‌ കയ്യില്‍ പിടിച്ചു. തല്ലുന്നതിനിടയില്‍ എന്റെ കാവിമുണ്ടാരോ ഊരിക്കൊണ്ടുപോയത്‌ ഞാനങ്ങു ക്ഷമിച്ച്‌, മെല്ലെ മെല്ലെ റൂമിലേക്ക്‌ കയറി.

അവിടെ അതാ മൂന്നെണ്ണം പിന്നിലേക്ക്‌ കയ്യും കൊടുത്ത്‌ സീലിംഗ്‌ ഫാനിലെ പൊടിനോക്കിയിരിക്കുന്നു. ഞാനും അവരുടെ കൂട്ടത്തില്‍ കാറ്റുകൊള്ളാന്‍ കൂടി. അടികിട്ടിയാല്‍ അതിത്രപെട്ടന്ന് നീര്‌ വെക്കുമെന്നറിയാത്ത വിഢ്ഢികള്‍, അതും നോക്കി ഏങ്ങലടിക്കുന്നു! കഷ്ടം.

കിടപ്പുമുറിയില്‍ നിന്നും അതുവരെ സ്റ്റണ്ട്‌ സീന്‍ സ്വപ്നം കാണുകയായിരുന്ന രണ്ട്‌ പേര്‍ ഇറങ്ങി വരുന്നു…

ഒന്നാമന്‍ : “ഡാ… എന്താഡാ ണ്ടായേ…?”

രണ്ടാമന്‍ : “ഡാ.. അവമ്മാര്‌ നിങ്ങളെ തല്ലിയാ? ഞാനുറക്കത്തില്‍ ഒന്നും അറിഞ്ഞില്ലെഡാ” (അറിഞ്ഞിരുന്നെങ്കില്‍…)

ഉടനേ എണീറ്റ്‌ വന്ന് ചെള്ളക്കിടാനുള്ള ഊര്‍ജ്ജം ഞങ്ങളിലാര്‍ക്കും ബാകിയില്ലായിരുന്നതിനാല്‍, അവമ്മാര്‍ രണ്ടും ജസ്റ്റിന്‌ രക്ഷപ്പെട്ടു.

കയ്യും, തലയും തടവുന്നതിനിടയില്‍ ഞാന്‍ സംഭവം മുഴുവനും അവമ്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തു. എന്നിട്ടും അവമ്മാരെന്തിനു വന്നിങ്ങനെ പണിഞ്ഞിട്ട്‌ പോയീ എന്നാര്‍ക്കും മനസ്സിലായില്ല. ഡിഗ്രിക്ക്‌ പഠിക്കുന്ന പീക്കിരി പിള്ളേരാണ്‌ നമുക്കിട്ട്‌ പണിതത്‌ എന്നു മാത്രം മനസ്സിലയി. നാണക്കേട്‌. നാളെ കോളേജിലെങ്ങിനെ കയ്യ്‌.. അല്ല തല പൊക്കി നടക്കും?

ഇനിയും ഇത്തരത്തില്‍ അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ കരുതി, ഞങ്ങളെല്ലാരും രണ്ട്‌ ഷര്‍ട്ട്‌ (ഒന്ന് കീറിയാല്‍ അടുത്തതുണ്ടല്ലോ) ഇട്ടാണ്‌ ക്കോളേജിലെത്തിയത്‌. ഭാഗ്യം. പെണ്‍പടകളാരും അറിഞ്ഞിട്ടില്ലെന്ന് തോനുന്നു. അവരൊന്നും ചോദിച്ചില്ല.

അല്‍പം കഴിഞ്ഞപ്പോ ഞങ്ങളുടെ ഒരു സുഹൃത്ത്‌ ഇന്നലത്തെ പാമ്പുപിടുത്തത്തിന്റെ യധാര്‍ഥ കഥയുമായി വന്നു.

“ഡാ… അവമ്മാര്‍ക്കാളു മാറിയതാ. നമ്മടെ സീനിയേഴ്സുമായി എന്തോ അലമ്പായി. അവമ്മരെ നോക്കി നിങ്ങടെ വീട്ടില്‍ വന്നതാ. കിട്ടാതായപ്പോ കലി തീര്‍ക്കാന്‍ നിങ്ങള്‍ക്കിട്ട്‌ പണിതു. ആക്ച്വലി സീനിയര്‍ ഗഡീസ്‌ നിങ്ങടെ വീടിന്റെ രണ്ടാമത്തെ നിലയില്‍ ഉണ്ടായിരുന്നെടാ.”

അതുവരെ എല്ലാം കേട്ട്‌ നിക്കുകയായിരുന്ന എന്റെ സഹമുറിയന്‍ അപ്പോ പറഞ്ഞു…

“ഹും… നിനക്കറിയോ, ഇന്നലത്തെ ആ പടയുടെ ലീഡര്‍ (വീരുമാണ്ടി) എന്റെ പഴയ ഫ്രണ്ടായിരുന്നെടാ… ഇവിടത്തെ ഒരു ചെറിയ ഗുണ്ടയാ…”

ആ ഗുണ്ടയാ എന്റെ മേത്തീ ഉണ്ടകള്‍ തന്നതെന്നറിഞ്ഞിട്ടും, ആ ഉണ്ടകള്‍ക്ക്‌ പകരം എനിക്കൊരു ഉണ്ടയും കൊടുക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും ഞാന്‍ പറഞ്ഞു…

“പിന്നെ… ഒരു ഗുണ്ട. ഉണ്ടയാ… ഉണ്ട!”

ആ പറഞ്ഞതിന്റെ മീനിംഗ്‌ അപ്പൊ എനിക്ക്‌ മത്രേ അറിയുമായിരുന്നുള്ളൂ. ഒരു തണുത്ത രാത്രിയുടെ നല്ല ഓര്‍മ്മകളുമായി ഞാന്‍ തിരിച്ച്‌ പോയി, എന്റെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക്‌. രണ്ട്‌ ദിവസം കഴിഞ്ഞിട്ടേ പിന്നെ ഞാന്‍ തിരിച്ച്‌ വീടണഞ്ഞുള്ളൂ. എന്തിനാ വെറുതേ ഞാനായിട്ട്‌….

എതായാലും ആ ഒരു രാത്രികൊണ്ട്‌ കൊണ്ട്‌ ഞാന്‍ പഠിച്ച പാഠങ്ങള്‍ പലതാണ്‌:

  1. ആരെങ്കിലും കോളിംഗ്‌ ബെല്ലിയാല്‍ ആദ്യമേ പോയി തുറക്കരുത്‌. മറ്റാരെങ്കിലും പോയി തുറക്കട്ടേന്നേയ്‌.
  2. രാത്രി ഉറങ്ങാതെ ഇരിക്കരുത്‌. എന്തൊക്കെ വന്നാലും.
  3. തല്ല് കിട്ടും എന്നുറപ്പായ സന്ദര്‍ഭങ്ങളില്‍, മറ്റൊന്നും ആലോജിക്കരുത്‌… ഓടിക്കോണം.
  4. വെറുതേ കിട്ടുന്ന ഇടിയുണ്ടക്ക്‌ ഒട്ടും രുചിയുണ്ടാവില്ല. മാത്രവുമല്ല, കിട്ടുന്നതൊന്നും ട്രാന്‍സ്ഫറബിള്‍ അല്ല. സ്വയം തിന്നു തീര്‍ത്തേ പറ്റൂ.
  5. വല്ലാതെ ഭയപ്പെട്ടാല്‍, മൂത്രമൊഴിക്കും.

Blog at WordPress.com.

Up ↑