കട്ടപ്പന മാഹാത്മ്യം.

(എന്റെ കോളേജ്‌ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില വ്യക്തികളും, സംഭവങ്ങളും ഈ പോസ്റ്റ്‌ മുതല്‍ എഴുതിത്തുടങ്ങാം എന്ന് കരുതി. എന്റെ ഒരു സുഹൃത്ത്‌ Pramod PP (പീ പീ പീ എന്ന് വിളിപ്പേര്‌ )ആണ്‌ ഇതിന്റെ ആശയങ്ങളും മറ്റും തന്നത്‌. പിന്നേ, നമ്മുടെ ബ്ലോഗര്‍ ശ്രീ ശോബിന്‍ ന്റെ പോസ്റ്റുകളും എന്നെ പ്രോത്സാഹിപ്പിച്ചു എന്ന് പറയാതെ വയ്യ.)

 പലക്കാട്‌ – വാളയാര്‍ ബോര്‍ഡറിനോട്‌ ചേര്‍ന്നുള്ള ചാവടി എന്ന കൊച്ചു ഗ്രാമം. ആ കൊച്ചു ഗ്രാമത്തിന്റെ നിഷ്കളങ്കമായ ഭംഗി മുഴുവന്‍ കളയാന്‍ പാകത്തിന്‌ പഴയ ഡ്രാകുള കോട്ട പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ കോട്ട! ക്ഷമിക്കണം, അതാണ്‌ ശ്രീ നാരായണ ഗുരു കോളേജ്‌ എന്ന ജനകോടികളുടെ വിശ്വസ്ഥമായ സ്ഥാപനം… ഞങ്ങളുടെ സ്വന്തം കോളേജ്‌. ഞാന്‍ പറയാന്‍ പോകുന്ന സംഭവങ്ങള്‍ നടക്കുന്നത്‌, ഈ കോളേജിനോട്‌ ചേര്‍ന്ന് തന്നെ നിലകൊള്ളുന്ന ബോയ്സ്‌ ഹോസറ്റലില്‍ ആണ്‌. ഇന്ന് ഈ ഹോസ്റ്റല്‍ ലേഡീസ്‌ ഹോസ്റ്റല്‍ ആണ്‌. ഞങ്ങള്‍ മലന്ന് കിടന്ന് സ്വപ്നം കാണാറുള്ള കട്ടിലുകളില്‍, ഞങ്ങള്‍ കുളിക്കാറുള്ള ബാത്‌ റൂമുകളില്‍, ഞങ്ങള്‍ കത്തി വെക്കാന്‍ ചെന്നിരിക്കുന്ന കാന്റീനില്‍ എല്ലാം… ഇന്ന് തരുണി മണികളായ സുന്ദര സുരഭില മന്ദാരപ്പൂക്കള്‍ വിലസുന്നുണ്ടാവണം.മനസ്സിന്‌ സ്വസ്ഥത കിട്ടാന്‍ ഇതില്‍ കൂടുതല്‍ വെറെ എന്തു വേണം?

ഓ കെ. നമുക്ക്‌ ഇനി കഥയിലേക്ക്‌ വരാം.
കട്ടപ്പന ഒരു പാവം ചെക്കനാണ്‌. ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ഒരു ഉരുള്‍പ്പൊട്ടലില്‍ ഉരുണ്ട്‌ വന്നതാണീ മഹാന്‍. റൂമിലെ നിത്യ ഹരിത കാമുകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവനെ സ്നേഹമുള്ളവര്‍ ഇടുക്കി എന്നും വിളിച്ചു പോന്നു. ഒരുപാട്‌ അപകീര്‍ത്തികള്‍ എന്നും ഈ പാവം കട്ടപ്പനയുടെ കൂടെ ഉണ്ടായിരുന്നു. അവനോട്‌ ചോദിച്ചാല്‍ പറയും, “ആളുകള്‍ അങ്ങനെ പലതും എന്നെ പറ്റി പറയും, അതൊക്കെ അസൂയ കൊണ്ട്‌ പറയുന്നതെ ഡേയ്‌.. ” എന്ന്. ഒക്കെ സഹിക്കാം, ചിലര്‍ അവന്‍ ഒരു വായില്‍ നോക്കി ആണെന്ന് പോലും പറഞ്ഞുവത്രെ. ജീവിതത്തില്‍ ഒരിക്കലും ഒരു പെണ്ണിന്റെ “വായില്‍” നോക്കി കട്ടപ്പന സമയം കളഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. പിന്നെ, കട്ടപ്പന കാശു വാങ്ങിയാല്‍ തിരിച്ച്‌ കൊടുക്കില്ലത്രേ. സത്യം എന്നാല്‍ അതല്ല, ജീവിതത്തില്‍ കാശിനേക്കാള്‍ വില സ്നേഹത്തിനാണ്‌ കട്ടപ്പന കൊടുക്കുന്നത്‌. അതുകൊണ്ട്‌ മാത്രം ചിലപ്പോള്‍ കാശ്‌ തിരിച്ച്‌ കൊടുക്കാന്‍ കട്ടപ്പന പാട്‌ പെടാറില്ല. പിന്നെ, ചിലര്‍ പറയുന്നു, കുളി എന്നത്‌ എന്താണെന്ന് പോലും അറിയാത്തവന്‍ ആണ്‌ ഇവന്‍ എന്ന്. പക്ഷേ കട്ടപ്പന പറയും, “വൃത്തി എന്നത്‌ ശരീരത്തിനല്ല വേണ്ടൂ. മനസ്സിനാണ്‌. അങ്ങിനെ നോക്കുമ്പോള്‍, ഞാന്‍ സദാ സമയവും കുളിച്ചവനെപ്പോലെയാണ്‌…” എന്ന്. എന്നാലും ഉള്ളത്‌ പറയാലോ.. കട്ടപ്പന ആള്‌ സുന്ദരനാണ്‌.

കട്ടപ്പനയുടെ മനസ്സ്‌ കോളേജ്‌ ഗ്രൗണ്ട്‌ പോലെ പരന്ന് വിശാലമാണ്‌. അങ്ങിനെ ഇങ്ങിനെ ഒന്നും ഏതെങ്കിലും ഒരു പെണ്ണിന്റെ സ്നേഹം കൊണ്ട്‌ മാത്രം നിറക്കാന്‍ (fulfill) പറ്റുന്നതല്ലാ ആ മനസ്സ്‌. അതുകൊണ്ട്‌ മാത്രം, അതുകൊണ്ട്‌ മാത്രം കട്ടപ്പന പല പല പെണ്‍പിള്ളാരുടെയും സ്നേഹം കൊണ്ട്‌ മനസ്സ്‌ നിറക്കാന്‍ ശ്രമിച്ചു. ഒരു പെണ്ണിന്റെ ലൈന്‍ ഇടുമ്പോള്‍ കട്ടപ്പനക്ക്‌ ഒരൊറ്റ നിബന്ധനയേ ഉള്ളൂ. എപ്പോള്‍ ചോദിചാലും സ്നേഹം സൊറി, കാശ്‌ കൊടുക്കാന്‍ ഉണ്ടായിരിക്കണം. കാശു തീരുമ്പോള്‍ ആ പോസ്റ്റിലേക്ക്‌ കട്ടപ്പന വേറെ ആളെ നോക്കും. ഇതിലെല്ലാമുപരിയായി മറ്റൊരു പ്രധാനകാര്യം കട്ടപ്പനയുടെ ഡിപ്പാര്‍ട്‌മെന്റില്‍ (biochemistry) ആണ്‍കുട്ടികളായി ആകെ 3 പേരും, ബാകി മുഴുവനും പെണ്‍കൊടികളുമാണ്‌ എന്നതാണ്‌. എറിയാന്‍ അറിയാത്തവമ്മാരും വടികിട്ടിയാല്‍ നന്നായി എറിയാന്‍ പഠിച്ചുപോകും എന്നത്‌ പരമമായ സത്യം.

അങ്ങിനെ ആ ഒഴിവുകളില്‍ ജോലി ചെയ്ത പെണ്‍കുട്ടികള്‍ ധാരാളം. ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല കെട്ടൊ. സലിം കുമാര്‍ പറഞ്ഞ പോലെ, “കാണാന്‍ സുന്ദരനും, സ്വഭാവത്തില്‍ സത്ഗുണനും, സമൂഹത്തില്‍ പരമോന്നതുനുമായ…” യുവാവ്‌. പിന്നെ ആരെയും വീഴ്തുന്ന രീതിയിലുള്ള പ്രണയലേഘനങ്ങള്‍.. അവന്റെ ലേഘനങ്ങള്‍ വായിച്ചാല്‍ ഏത്‌ കരിങ്കല്ലിന്റെ മനസ്സുള്ളവളും ഉരുകും. ഈ കോളെജിലെ പല ഹിറ്റ്‌ പ്രണയലേഖനങ്ങളും ടിയാന്റെയാണ്‌. അതിന്റെ കോപ്പികള്‍ അയല്‍ കോളേജുകളില്‍ ഇന്നും റെഫറന്‍സിനായി ഉപയോഗിച്ച്‌ വരുന്നു.

ഇങ്ങനെയൊക്കെ ആയിരുന്നാലും, കട്ടപ്പനക്ക്‌ പല തരത്തിലുള്ള മാനസികമായ വിഷമങ്ങള്‍ ഉണ്ടായിരുന്നു. എല്ലാമുള്ളവര്‍ക്ക്‌ മനസ്സമാധാനം ഇല്ല എന്ന് കേട്ടിട്ടില്ലേ… അതു തന്നെ. അത്‌ കട്ടപ്പനയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. വെള്ളമടിച്ച്‌ ഫിറ്റ്‌ ആവുമ്പൊഴും, പാതിമയക്കത്തിലും ആ വിഷമം വാചകങ്ങളിലൂടെ അവനില്‍ നിന്നും പുറത്ത്‌ വന്നു. എന്തിനധികം പറയുന്നു, ഞങ്ങളുടെ സഹമുറിയനായ പീ പീ പീ യെ (വലുതാക്കിയാല്‍ പ്രമോദ്‌ പി.പി) നോക്കി “നീ ഒടുക്കത്തെ ഗ്ലാമറടാ തെണ്ടീ” എന്ന് പോലും കട്ടപ്പന പറഞ്ഞു. പാവം വിഷമം കൊണ്ടാണ്‌ പറഞ്ഞതെങ്കിലും, ഒരാളെങ്കിലും അങ്ങിനെ പറഞ്ഞല്ലോ എന്നോര്‍ത്ത്‌ പീ പീ ഉള്ളില്‍ സന്തോഷിച്ചു. മുടിക്ക്‌ സ്റ്റെയില്‍ പോരാ, വീട്ടില്‍ നിന്നും ആവശ്യത്തിന്‌ പോക്കറ്റ്‌ മണി തരുന്നില്ലാ എന്ന് തുടങ്ങി നിരവധി പ്രശനങ്ങള്‍ കട്ടപ്പനയെ എന്നും അലട്ടിക്കൊണ്ടിരുന്നു.

പതിവില്ലാതെ അര്‍ദ്ധരാത്രി റൂമില്‍ വെളിച്ചം കണ്ടിട്ടാണ്‌ ഞങ്ങള്‍ ഒരു ദിവസം രാത്രി എണിറ്റത്‌. നോക്കിയപ്പോള്‍ കണ്ടത്‌ നമ്മുടെ നായകന്‍ വളരെ ശ്രദ്ധയോടെ എന്തോ എഴുതുന്നു. ഇടക്കിടെ ജനലിലൂടെ അപ്പുറത്തുള്ള തെങ്ങിന്തോപ്പിലെ മണ്ടരി വന്ന തേങ്ങാക്കുലകളിലേക്ക്‌ നോക്കി അവന്‍ എന്തോ ആലോജിക്കുന്നു. പിന്നെയും എഴുതുന്നു. ഞങ്ങള്‍ക്ക്‌ ഒന്നും പിടികിട്ടിയില്ല. സെമസ്റ്റര്‍ എക്സാമിനു പോലും 11 മണിക്ക്‌ ശേഷം പുസ്തകം തുറക്കാത്ത ഇവന്‍ എന്താണീ കുത്തിപ്പിടിച്ച്‌ ഇരിക്കുന്നത്‌ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. പിന്നീട്‌ അവനറിയാതെ തന്നെ ഞങ്ങള്‍ ഒരു അന്വേഷണം നടത്തിയതില്‍ നിന്നും പേരു വക്കാതെ അവന്‍ എഴുതിയ ഒരു കത്ത്‌ ഞങ്ങള്‍ക്ക്‌ കിട്ടി. ഏതോ ഒരു സ്വാമിക്ക്‌ തന്റെ വിഷമങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ഒരു കത്തായിരുന്നു അത്‌. ദൈവഭയമുള്ള നല്ല ഒന്നാന്തരം ക്രിസ്ത്യാനിക്കുടുമ്പത്തില്‍ പിറന്ന ഇവന്‌ ഇതെങ്ങനെ ഈ സ്വാമിയുമായി ഇടപാട്‌..? ഞങ്ങള്‍ പിന്നേം ഞെട്ടി. എന്തൊക്കെയായാലും തന്റെ വിഷമങ്ങള്‍ യാതൊരു മറയുമില്ലാതെ എഴുതിയിരുക്കുന്നത്‌ കണ്ട്‌ ഞങ്ങള്‍ക്കും സ്വല്‍പ്പം വിഷമം വന്നു എന്നത്‌ മറച്ചു വെക്കാന്‍ വയ്യ. അതുകൊണ്ട്‌ തന്നെ അവന്റെ ഈ പ്രശനങ്ങള്‍ക്ക്‌ ഒരു പരിഹാരം കാണണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങള്‍ ആ കത്ത്‌ പുബ്ലിഷ്‌ ചെയ്തു. വേറെ എവിടെയുമല്ല. ഹോസ്റ്റല്‍ നോട്ടീസ്‌ ബോര്‍ഡില്‍. അടുത്ത ദിവസം പ്രതീക്ഷിച്ചത്‌ പോലെ തന്നെ നോട്ടീസ്‌ ബോര്‍ഡിനു മുന്നില്‍ നല്ല തിരക്കനുഭവപ്പെട്ടു. പഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്ന പോലെ. പേരു വക്കാത്ത ആ കത്തിന്റെ മുതലാളി ആര്‌ എന്ന ചോദ്യം അത്‌ വായിച്ച എല്ലാവരുടെയും മുഖത്ത്‌ തെളിഞ്ഞു കണ്ടു. ആ രസകരമായ കാഴ്ചയും കണ്ട്‌ നിന്ന ഞങ്ങള്‍ മറ്റൊരു കാഴ്ച കണ്ട്‌ ഒന്നൂടെ ഞെട്ടി! അതാ അവന്‍ ആ കത്തും വായിച്ച്‌ കുടുകുടെ ചിരിച്ച്‌ കൊണ്ട്‌ വരുന്നു. അതേ, കട്ടപ്പന തന്നെ. ഞങ്ങളെ കണ്ടതും, അവന്‍ അടുത്ത്‌ വന്ന് പറഞ്ഞു “അളിയാ, ദേ അവിടെ നോട്ടിസ്‌ ബോര്‍ഡില്‍ എതൊ ഒരുത്തന്‍ ഒരു സ്വാമിക്കെഴുതിയ കത്ത്‌ ഒട്ടിച്ച്‌ വെച്ചിരിക്കുന്നു. ഇവനൊന്നും വേറേ പണിയില്ലേ…”. പക്ഷേ അത്‌ പറയുമ്പോഴും “ഇതില്‍ ഏതു തെണ്ടിയാടാ ഇത്‌ ചെയ്തേ… ” എന്ന അര്‍ത്ഥത്തില്‍ അവന്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്നാണല്ലോ. നമ്മുടെ കട്ടപ്പനയും ഒരുനാള്‍ അങ്ങിനെ കുടുങ്ങി. ഒന്നും കട്ടതിനല്ല. താന്‍ എഴുതിയ പ്രേമ ലേഖനത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അയല്‍-ഡിപ്പോയിലെ ഒരു സുന്ദരിക്ക്‌ വച്ച്‌ നീട്ടിയതിന്‌. തൊണ്ടിയോട്‌ കൂടി കട്ടപ്പന പിടിക്കപ്പെട്ടു.

ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. വധിക്കാന്‍ ആരെയും കിട്ടാത്തതിനാലും, കൈയ്യില്‍ കാശില്ലാത്തതിനാലും പീ പീ യും, മറ്റൊരു സുഹൃത്ത്‌ സുബ്ബുവും അന്ന് റൂമില്‍ തന്നെ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ വാലിനു തീ പിടിച്ചപോലെ കട്ടപ്പന റൂമിലേക്ക്‌ ഓടി വന്നത്‌. അവന്റെ മുഖം ഭയവും, ദുഖവും ഒക്കെ കൂടി ഒരു അവിയല്‍ പോലെ ആയി മാറിയിരുന്നു. വന്ന് കയറിയപാടെ അവന്‍ പറഞ്ഞു, “അളിയാ ചതിച്ചെടാ. അപ്പന്‍ വന്നിട്ടുണ്ട്‌. ആ പെണ്ണ്‍ എനിക്കെതിരെ കമ്പ്ലൈന്റ്‌ കൊടുത്തെടാ. അതു പോരാഞ്ഞിട്ട്‌ എനിക്ക്‌ തന്നു വിടുന്ന ഫീസ്‌ ഓഫിസിലേക്കല്ല എത്തുന്നത്‌ എന്നും, ക്ലാസില്‍ കയറുന്ന പതിവില്ലെന്നും, കഴിഞ്ഞ സെമ്മിലെ പരീക്ഷ ഒന്നും എഴുതിയിട്ടില്ലെന്നും ഒക്കെ ആ മൂശേട്ട മാഡം അപ്പനോട്‌ പറഞ്ഞുകൊടുത്തെടാ.”. പാവം. ഞങ്ങള്‍ക്കവനോട്‌ സഹതാപം തോന്നി.

പക്ഷേ അവന്‍ അപ്പോ അവിടെ വന്നത്‌ മറ്റൊരാവശ്യത്തിനായിരുന്നു. കോളെജില്‍ നിന്ന് കിട്ടിയ മോന്റെ റിപ്പോര്‍ട്‌ കേട്ട്‌ മതിയാവാതെ, മോനെ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കാന്‍ അപ്പന്‍ ഹോസ്റ്റലിലോട്ട്‌ കെട്ടിയെടുക്കുന്നുവത്രേ. അപ്പന്‍ എത്തുന്നതിനു മുന്‍പ്‌ അവന്‍ കിടക്കുന്ന കട്ടില്‍ ഞങ്ങള്‍ ഒന്ന് വൃത്തിയാക്കി കൊടുക്കണം. അതവന്‍ ഒരു യാചനയുടെ ഭാഷയില്‍ ആണത്‌ പറഞ്ഞത്‌. ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പേ അവന്‍ തിരിച്ച്‌ കോളേജിലേക്ക്‌ ഓടിപ്പോയി.

പാവമല്ലേ, ഒന്ന് സഹായിച്ച്‌ കളയാമെന്ന് ഞങ്ങള്‍ക്കും തോന്നി. അങ്ങിനെ വിചാരിച്ച്‌ അവന്റെ ബെഡ്‌ ലേക്ക്‌ നോക്കിയ ഞങ്ങളുടെ മനസ്സില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു… “മോനേ ഇത്‌ വേണോ”. മുന്‍സിപ്പലിറ്റി ചവറുകൂന പോലും നാണിച്ച്‌ തലതാഴ്തിപ്പൊകുന്ന തരം സ്റ്റയിലും, പരിമളവുമായിരുന്നു അവന്റെ ബെഡിന്‌. ഈ കാലമാടന്റെ കയ്യില്‍ തന്നെ വന്ന് പെട്ടല്ലോ എന്നോര്‍ത്ത്‌ കരയുന്ന ജട്ടികള്‍ ഒരു വശത്ത്‌, കട്ടപ്പനയുടെ ഷൂസും, ഈ കട്ടിലും മാത്രമാണ്‌ ലോകം എന്നോര്‍ത്ത്‌ തളര്‍ന്നു കിടക്കുന്ന സോക്സ്‌ മറു വശത്ത്‌. മറ്റുള്ളവരുടെ സോക്സുകള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നത്‌ കാണുമ്പോള്‍ ഇവന്റെ സോക്സ്‌ അറിയാതെ ചോദിച്ചുപോയിട്ടുണ്ടാവണം, “എവരൊക്കെ എന്തിനാ ഇങ്ങനെ വെയിലത്ത്‌ കിടക്കണേ…” എന്ന്. പിന്നെ ജീന്‍സ്‌. ഒരു ജീന്‍സാവുമ്പോള്‍ കുറച്ച്‌ അഴുക്കൊക്കെ അവാം. അതാണ്‌ നാട്ടുനടപ്പ്‌. അങ്ങനെ നോക്കിയാല്‍, ലോകത്തിലെ ഏറ്റവും സ്റ്റെയിലന്‍ ജീന്‍സ്‌ കട്ടപ്പനക്ക്‌ മാത്രം സ്വന്തം. അങ്ങിനെ ഇപ്പറഞ്ഞതെല്ലാം കൂടി കട്ടപ്പനയുടെ കിടക്കയുടെ മോടി കൂട്ടി. എന്തിനധികം പറയുന്നു… ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും കൊതുകുകളും കുടുമ്പവും സ്ഥിരതാമസത്തിനായി ഇവന്റെ കിടക്കയില്‍ എത്തിയിരുന്നു.

ഇപ്രകാരത്തില്‍പെട്ട ആ കിടക്കയില്‍ കയ്‌ വക്കുന്നത്‌ അറിഞ്ഞുകോണ്ട്‌ പാമ്പിങ്കൂട്ടില്‍ കയ്യിടുന്നത്‌ പോലെയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പക്ഷേ പാവം കട്ടപ്പനയെ കൊലക്ക്‌ കൊടുക്കാനും തോനുന്നില്ല. അവസാനം തൊട്ടപ്പുറത്ത്‌ കിടക്കുന്ന ശ്രീനാഥിന്റെ(അതായത്‌ എന്റെ) കിടക്ക വലിയ മോശം അല്ലാത്തതിനാല്‍ അത്‌ കട്ടപ്പനയുടെ കിടക്കയാണെന്ന് പറഞ്ഞ്‌ കാണിച്ചുകൊടുക്കാം എന്ന് ഞങ്ങള്‍ പരിപാടിയിട്ടു.

താമസിയാതെ കട്ടപ്പനയും നിര്‍മ്മാതാവും സ്ഥലത്തെത്തി. വന്നവഴിയേ കട്ടപ്പന നോക്കിയത്‌ അവന്റെ കിടക്കയിലോട്ടാണ്‌. കണ്ണുകള്‍ ചുളിച്ച്‌ ദയനീയമായി അവന്‍ ഞങ്ങളെ നോക്കി. പന്നികളേ… അത്യാവശ്യ സമയത്ത്‌ കാലു വാരിയല്ലേടാ… എന്നവന്‍ മനസ്സില്‍ പറഞ്ഞിരിക്കണം. അത്‌ ശരിക്കും മനസ്സിലാക്കിയ ഞങ്ങള്‍ കണ്ണുകള്‍ കോപ്രായം കാട്ടി അവന്‌ കാര്യം മനസ്സിലാക്കിക്കൊടുത്തു.

വളരെയധികം ബഹുമാനത്തോടെയും, മര്യാദയോടെയും കട്ടപ്പന അപ്പന്‌ ഇരിക്കാന്‍ കസേര നീക്കിയിട്ട്‌ കൊടുത്തു. ഞങ്ങളുടെ റൂം ആകെ ഒന്ന് കണ്ണോടിച്ച അപ്പന്‍ മോനോട്‌ ചോദിച്ചു…

“ഡാ.. നിന്റെ ബെഡ്‌ എതാഡാ…”

“ദാ.. അതാ.” ശ്രീനാഥിന്റെ ബെഡ്‌ ചൂണ്ടി പീ പീ പറഞ്ഞു.

അദ്ധേഹത്തിന്റെ കണ്ണുകള്‍ അടുത്ത കിടക്കയിലേക്കും… പിന്നീട്‌ അതിന്റെ അടുത്തതിലേക്കും നീണ്ടു. ഒപ്പം ഞങ്ങളുടെ കണ്ണുകളും.

പെട്ടെന്ന് എന്തോ കണ്ട്‌ അപ്പന്‍ നെറ്റി ചുളിച്ചു… അത്‌ കട്ടപ്പനയുടെ ബെഡ്‌ കണ്ടിട്ടാണെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായി.

“ആരുടെയാഡാ ആ ബെഡ്‌…. ???” അപ്പന്‍ ചോദിച്ചു.

“ഡാഡീ… അത്‌ പ്രവ്വീണിന്റെയാ. ഞങ്ങളുടെ റൂം മേറ്റാ പ്രവീണ്‍. ഒരു വൃത്തീം വെടിപ്പും ഇല്ല. ഞാന്‍ എത്ര വട്ടം പറഞ്ഞതാ ന്നാ. ഫുള്‍ റ്റൈം കറങ്ങി നടക്കും. ഇപ്പൊ തന്നെ എവിടെയോ തെണ്ടാന്‍ പോയിരിക്കുവാ” മോന്‍ ഒറ്റശ്വാസത്തില്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു.

“ഇങ്ങനെയുള്ള വൃത്തിയില്ലാത്ത കുട്യോളുമായി കൂട്ട്‌ വേണ്ടാന്ന് പറഞ്ഞിട്ടില്ലേ നിന്നോട്‌…” അപ്പന്‍ ചോദിച്ചു.

അപ്പന്റെ ആ ഡയലോഗിന്റെ ആഘാതം പുറത്ത്‌ കാണിക്കാതെ കട്ടപ്പന പറഞ്ഞു…
“അത്‌ പിന്നെ ഡാഡീ.. നമുക്കിഷ്ടമുള്ള പോലെ ഒന്നും റൂം കിട്ടില്ല. സാരമില്ല. ഞാന്‍ ഇതൊക്കെ അഡ്‌ജസ്റ്റ്‌ ചെയ്തോളാം ഡഡീ… “. അത്‌ കേട്ട്‌ പീ പീ യും സുബ്ബുവും പരസ്പരം നോക്കി. സത്യത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്യുന്നത്‌ അവന്മാരാണല്ലോ.

ഏതായാലും മകന്റെ ആ ഡയലോഗില്‍ അപ്പന്‍ അലിഞ്ഞു.

“അല്ലേലും ആ കുട്ടിയേ പറഞ്ഞിട്ട്‌ കാര്യമില്ല. കാര്‍ന്നോമ്മാരെ കണ്ടല്ലേ പിള്ളേര്‍ പഠിക്കുന്നത്‌. കഷ്ടം. ”

അപ്പന്റെ അപ്രതീക്ഷിതമായ ആ ഡയലോഗ്‌ കേട്ട്‌ കട്ടപ്പന പോലും ചിരിച്ചുപോയി.

Advertisements

15 comments on “കട്ടപ്പന മാഹാത്മ്യം.

 1. ശ്രീ പറയുക:

  ശ്രീനാഥേ…

  ഇരിയ്ക്കട്ടേ എന്റെ വക നാളികേരം ഒന്ന്.
  “ഠേ!”

  ഹോസ്റ്റല്‍‌ ഓര്‍‌മ്മക്കുറിപ്പുകള്‍ ഇനിയും പോരട്ടേ… നല്ല എഴുത്ത് തന്നെ.

  [എന്റെ ബ്ലോഗ് ഈ എഴുത്തിനൊരു പ്രചോദനമായി എന്നറിഞ്ഞതില്‍‌ സന്തോഷം]
  🙂

 2. ഹരിദാസ് പറയുക:

  കട്ടപ്പനയുടെ അപ്പന്‍ മലയാളം ബ്ലോഗുവായിക്കാത്ത ആളാണെന്നു കരുതാം അല്ലേ ശ്രീനാഥേ?

  എന്തായാലും സംഭവം കൊള്ളാം………………
  ഇനിയും പോരട്ടെ……

 3. കൊള്ളാം , നന്നായിരിക്കുന്നു

 4. “അല്ലേലും ആ കുട്ടിയേ പറഞ്ഞിട്ട്‌ കാര്യമില്ല. കാര്‍ന്നോമ്മാരെ കണ്ടല്ലേ പിള്ളേര്‍ പഠിക്കുന്നത്‌. കഷ്ടം. “

  ഹ ഹ ഹ….രസിച്ചു.

 5. sivakumar പറയുക:

  നന്നായി …..ഇനിയും എഴുതൂ…..

 6. ധ്വനി പറയുക:

  എഴുത്തു കിടു!

  (പക്ഷേ കയ്യിലിരുപ്പു ശരിയല്ലാ! കട്ടപ്പനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നാണു ഞാനും! അടി! അടി! 😀 )

 7. ബയാ‍ന്‍ പറയുക:

  ശ്രീനാഥ്: ഹോസ്റ്റള്‍ ലൈഫ്; ഒരു സീരീസ് ആക്കിയാലും തീരില്ല. അതൊരു വല്ലാത്ത ലോകമാ. വായിച്ചു ഇടക്കിടെ ചിരിപ്പിച്ചു, ഇനിയും വേണം.

 8. anoop പറയുക:

  mone…muthappa………

  supperrr.ultimate…item….nee itravalya kidilamanennu njan arinjila….

 9. sharu പറയുക:

  നന്നായി കെട്ടോ…. കലക്കി…. അക്ഷരപിശാച് ചിലപ്പോള്‍ വന്നു പോകുന്നു… തുടരുക….:)

 10. കോളേജ് വിശേഷങ്ങള്‍ ഇനിയും പോരട്ടെ. 🙂

 11. Raj പറയുക:

  ആശാനേ കലക്കി…
  നന്നായങ്ങടു സുഖിച്ചു, കാരണം ഞാനും ഒരു കട്ടപ്പനക്കാരനാണേ..! പക്ഷേ കഥയിലെപ്പോലെയല്ല ട്ടോ!

 12. Anand പറയുക:

  കൊള്ളാം. ഞങ്ങള്‍ക്കും ഒരു കു‌ട്ടുകാരന്‍ ഉണ്ടായിരുന്നു. കട്ടപ്പനയില്‍ നിന്നും വന്നതുകൊണ്ട് കട്ടപ്പന എന്നും പിന്നീട്ട് ‘കട്ടു’ എന്നും സ്നേഹത്തോടെ വിളിച്ചിരുന്നു. പണ്ടു പണ്ടാണേ

 13. meenu പറയുക:

  kollaam ..what all things are happening in hostels.u published exactly..good attempt….expecting more

 14. […] കട്ടിപ്പുടി കട്ടിപ്പുടി (സംഭവകഥ) എന്റെ ഡിഗ്രീ കോളേജ്‌ ജീവിതം എനിക്കൊരുപാട്‌ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ 3 വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം(മറ്റൊരു അനുഭവം ഇവിടെ). […]

 15. ആര്യന്‍ പറയുക:

  “അതുകൊണ്ട്‌ തന്നെ അവന്റെ ഈ പ്രശനങ്ങള്‍ക്ക്‌ ഒരു പരിഹാരം കാണണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു…. ഞങ്ങള്‍ ആ കത്ത്‌ പുബ്ലിഷ്‌ ചെയ്തു. വേറെ എവിടെയുമല്ല. ഹോസ്റ്റല്‍ നോട്ടീസ്‌ ബോര്‍ഡില്‍.”
  “ഇവന്റെ സോക്സ്‌ അറിയാതെ ചോദിച്ചുപോയിട്ടുണ്ടാവണം, “എവരൊക്കെ എന്തിനാ ഇങ്ങനെ വെയിലത്ത്‌ കിടക്കണേ…” എന്ന്”
  “ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും കൊതുകുകളും കുടുമ്പവും സ്ഥിരതാമസത്തിനായി ഇവന്റെ കിടക്കയില്‍ എത്തിയിരുന്നു”
  ………………………………………………
  നല്ല humour സെന്‍സ്, നല്ല അനുഭവ കഥ. ആ നോട്ടീസ് ബോര്‍ഡ് സംഭവമാണ് കലകലക്കിയത്!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )