കൊട്ടത്തോക്ക്‌ – രഹസ്യം പരസ്യമാകുന്നു!

ഒരു കാലത്ത്‌ നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന കുട്ടികളുടെ മാരകായുധമായിരുന്നു “കൊട്ടത്തോക്ക്‌” (പാലക്കാട്ടുകാര്‍ ഇതിനെ പാവുട്ടത്തോക്ക്‌ എന്നാണ്‌ വിളിക്കുന്നത്‌). ഈ കൊട്ടത്തോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനഗളില്‍ ഒരുപാട്‌ കാലം ഞാന്‍ വര്‍ത്തിച്ചിട്ടുള്ളതിനാലും, അതിന്റെ പെരുമ നശിച്ചു പോകുന്നതിനാലും,തോക്കില്ലാതെ ദുരിതം അനുഭവിക്കുന്ന മിത്രങ്ങളുടെ നൊമ്പരം അറിയാവുന്നതിനാലും, സര്‍വ്വോപരി പുതിയ തലമുറക്ക്‌ ഇതൊരു അറിവായിരിക്കുമെന്നതിനാലും ഈ തോക്കിന്റെ രഹസ്യം ഞാന്‍ ഇവിടെ പുറത്ത്‌ വിടുന്നു. എന്റെ അറിവില്‍ കൊട്ടത്തോക്കിന്‌ ഇതുവരെ ആരും പേറ്റന്റ്‌ എടുത്തിട്ടില്ല.

അതീവ രഹസ്യമായി വച്ചിരുന്ന കൊട്ടത്തൊക്കിന്റെ നിര്‍മ്മാണ രഹസ്യം പുറത്താക്കുന്നതറിഞ്ഞ്‌ എനിക്ക്‌ എന്തൊക്കെ പ്രശ്നങ്ങളാണ്‌ അഭിമുഘീകരിക്കേണ്ടി വരുക എന്നറിയില്ല. പക്ഷെ,കുട്ടികള്‍ക്കു മാത്രമല്ല, സമരമുഖത്തില്‍ പോരാടുന്ന യുവനേതാക്കള്‍ക്കും, വെള്ളമടിച്ചു വരുന്ന കെട്ടിയവനെ തല്ലാന്‍ തോനുന്ന ഭാര്യമാര്‍ക്കും, നിന്നെ തല്ലാനുള്ള അരോഗ്യം എനിക്കില്ലാ എന്ന് തോനുന്നവര്‍ക്കും, ബസ്സില്‍ ഇക്കിളികൂട്ടുന്ന പൂവാലന്മാരെ നേരിടുന്ന വനിതകള്‍ക്കും അങ്ങനെ ഒരുപാട്‌.. ഒരുപാട്‌ പേര്‍ക്ക്‌ ഉപകരിച്ചേക്കവുന്ന ഒരു ആയുധമാണ്‌ കൊട്ടത്തോക്കെന്ന് എനിക്ക്‌ തോന്നിയതിനാലാണ്‌ ഞാന്‍ ഈ റിസ്ക്‌ എടുക്കുന്നത്‌. കേരളത്തിലെ എല്ലാവരും ഒരു കൊട്ടത്തോക്കെങ്കിലും സ്വന്തമാക്കണം എന്ന് മാത്രമാണെന്റെ ആഗ്രഹം.

ഇനി നമുക്ക്‌ തുടങ്ങാം.

എന്താണീ കൊട്ടത്തോക്ക്‌?

കേരളത്തിന്റെ തനതായ പ്രകൃതിയില്‍, പരിഷ്കാരവും, സിമന്റ്‌ കൂടുകളും എത്തിനോക്കാത്ത ചെറുഗ്രാമങ്ങളില്‍ കൊച്ചു കുട്ടികള്‍ വോളിവുഡ്‌ സിനിമകളിലെ ഡബിള്‍ ബാരല്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്ന പോലെ വെടിവെച്ച്‌ കളിക്കാന്‍ ഉപയോഗിക്കുന്ന തോക്കിന്റെ നാടന്‍ പേരാണ്‌ “കൊട്ടത്തോക്ക്‌” (പുതിയ തലമുറക്ക്‌ പറയാന്‍ എളുപ്പത്തിനായി ഞാന്‍ ഒരു പുതിയ പേര്‌ ഇട്ടിട്ടുണ്ട്‌ – ബാസ്കറ്റ്‌ ഗണ്‍!). പക്ഷേ, കൊട്ടത്തോക്കിനെ അത്ര നിസ്സരമായി കാണാന്‍ വരട്ടെ! ഈ തോക്ക്‌ തുപ്പുന്ന ഉണ്ട തൊലിപ്പുറത്ത്‌ കൊണ്ടാല്‍, എണ്ണയിലിട്ട പൂരി പോലെ കൊണ്ട ഭാഗം ചുവന്നു പൊള്ളക്കും. നല്ല നീറ്റലും കൂടെ കിട്ടും. ഈ തോക്കിന്റെ ശക്തി ഞാന്‍ പരീക്ഷിച്ചതിങ്ങനെയാണ്‌ : നല്ലൊരു വാഴപ്പിണ്ടി തിരഞ്ഞു പിടിച്ചു. അതിനെ ലക്ഷ്യമാക്കി ഞാനെന്റെ തോക്കില്‍ നിന്നും വെടിയുതിര്‍ത്തു. ഉണ്ട പിണ്ടിയും തുളച്ചപ്പുറം ചെന്നു. ചോരക്കു പകരം പിണ്ടിനീര്‍ ധാരായായ്‌ ഒഴുകി… തികച്ചും നാടനായ ഈ തോക്കിന്റെ എല്ലാ ഭാഗങ്ങളും പ്രകൃതിയില്‍ നിന്നു തന്നെ ചുമ്മാ കിട്ടുന്നവയാണ്‌. അതുകൊണ്ട്‌ തന്നെ, ഇത്‌ ഒട്ടും ചിലവില്ലാത്ത ഒരു പരിപാടിയാണ്‌. ഇനി ഈ തോക്കിന്‌ ആ പേരുകിട്ടാനുള്ള കാരണം, ഇതിലുപയോഗിക്കുന്ന ഉണ്ടയാണ്‌. ഉപയോഗശുന്യമായ കുറ്റിക്കാടുകളിലും, പൊട്ടക്കിണറുകളുടെ വശങ്ങളിലും അള്ളിപ്പിടിച്ച്‌ വളരുന്ന ഒരുതരം വള്ളിച്ചെടിയുണ്ട്‌, ആ ചെടിയില്‍ ഉണ്ടാകുന്ന ചെറിയ കായക്ക്‌ പറയുന്ന പേരാണ്‌ കൊട്ടക്കായ (മഞ്ഞ നിരം, ഏതാണ്ട്‌ ചെറിയ കടല യുടെ വലിപ്പം.). നല്ല ബലവും, കട്ടിയുമുള്ള ഈ കായ പറിച്ചു വെച്ചൊരുപാട്‌ ദിവസം കഴിഞ്ഞാലും ഉണങ്ങാറില്ലത്രെ.

കൊട്ടത്തോക്കിന്റെ ഭാഗങ്ങള്‍?

വളരെ ലളിതം. നന്നായി മൂത്ത, വളരെ വലിപ്പം കുറഞ്ഞ മുളക്കഷണം ഉണക്കിയത്‌(ഏകദേശം ഒരു ഓടക്കുഴലിന്റെ അത്ര വണ്ണമേ പാടുള്ളൂ). ഇതാണ്‌ നമ്മുടെ തോക്കുണ്ടാകാനായി ആകെ വേണ്ടത്‌. പിന്നെ നേരത്തെ പറഞ്ഞ കൊട്ടക്കായ, ഉണ്ടയായി ഉപയോഗിക്കാന്‍. തോക്കിന്‌ 2 ഭാങ്ങങ്ങള്‍ ഉണ്ട്‌. ഒരു കുഴലും, പിന്നെ ഒരു പിടിയോട്‌ കൂടിയ വടിയും. ദാറ്റ്‌സാള്‍! ഈ വടി കുഴലിന്റെ ഉള്ളില്‍ തീര്‍ത്തും റ്റൈറ്റ്‌ ആയി കയറാന്‍ പാകത്തിനുള്ളതായിരിക്കണം. അതായത്‌, ഒരു വാള്‍ ഉറയിലിട്ട പോലെ. വടിയുടെ നീളം കുഴലിന്റെ നീട്ടത്തിനേക്കാള്‍ ഒരു തരിക്ക്‌ ചെറുതായിരിക്കണം. തോക്കിന്റെ ആകെ മൊത്തം റ്റോട്ടല്‍ നീളം ഒരു ചാണ്‍ മാത്രമേ പാടുള്ളൂ. അതായത്‌, പോക്കറ്റിലോ, ഹാന്‍ഡ്‌ ബാഗിലോ ഒളിപ്പിക്കാമെന്ന്.

ഈ പണ്ടാരം എങ്ങിനെയാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌? എങ്ങിനെയാണ്‌ ഉപയോഗിക്കുന്നത്‌?

സമ്മര്‍ദം. അതായത്‌, പ്രഷര്‍. നേരത്തെ പറഞ്ഞല്ലൊ, ഒരു കുഴലും, വടിയും. ആദ്യം നമ്മള്‍ ഒരു കൊട്ടക്കായ എടുത്ത്‌ കുഴലിന്റെ അറ്റത്ത്‌ കുത്തിക്കേറ്റി വക്കുന്നു. പിന്നീട്‌ ആവി വന്ന പുട്ട്‌ പുറത്തെടുക്കുന്ന പോലെ വടി ഉപയോഗിച്ച്‌ കൊട്ടക്കായയെ അകത്തേക്ക്‌ തള്ളി നീക്കുന്നു. വടി മുഴുവനും ഉള്ളിലേക്ക്‌ കയറ്റിക്കഴിയുമ്പോള്‍, നമ്മുടെ കൊട്ടക്കായ കുഴലിന്റെ മറ്റേ അറ്റത്ത്‌ എത്തിയിരിക്കും.

ഇനി, അടുത്ത ഉണ്ട (കൊട്ടക്കായ) എടുക്കുക. വീണ്ടും വടികൊണ്ട്‌ ഉണ്ടയെ കുഴലിലേക്ക്‌ കയറ്റുക. പക്ഷേ ഇത്തവണ, അത്‌ കുറച്ചകത്തേക്ക്‌ പോയ ശേഷം നില്‍ക്കും.കാരണം, കുഴലിനുള്ളില്‍ 2 ഉണ്ടകള്‍ക്കുമിടയില്‍ വായു സമ്മര്‍ദം. ഇപ്പോള്‍ നമ്മള്‍ ഉണ്ട ലോഡ്‌ ചെയ്തു കഴിഞ്ഞു. ഇനി ഈ വടിയുടെ പിടിയില്‍ ശക്തിയില്‍ ഒരു തള്ളു കൊടുക്കുക (ആശാരിമാര്‍ ഉളി കയ്യു കൊണ്ട്‌ അടിക്കുന്ന കണ്ടിട്ടില്ലേ, അതു പോലെ. പക്ഷേ, നല്ല ശക്തിയില്‍ വേണം.). അറ്റത്തിരിക്കുന്ന കൊട്ടക്കായ വലിയൊരു ശബ്ദത്തോട്‌ കൂടി മിന്നല്‍ വേഗത്തില്‍ തെറിച്ചുപോകും. അപ്പൊള്‍ രണ്ടാമത്തെ കൊട്ടക്കായ അറ്റത്തെത്തിയിരിക്കും. വീണ്ടും ഉണ്ട നിറക്കുക… വെടി വക്കുക… ബാങ്ങ്‌.. ബാങ്ങ്‌… ഉണ്ട ഉദ്ദേശിച്ചിടത്ത്‌ തന്നെ കൊള്ളിക്കാന്‍ പറ്റിയാല്‍, ഉദ്ദേശിച്ച കാര്യം നടന്നിരിക്കും.

kottathokkukottathokk
നിര്‍മ്മാണപ്പൊടിക്കയ്കള്‍ ?

ശരിക്കും നല്ല രീതിയില്‍ പണിത തോക്കാണെങ്കില്‍, കണ്ടാല്‍ ഒരു ചെറിയ വടിക്കഷണം ആണെന്നേ തോന്നൂ. ഒരറ്റത്തെ പിടിയില്‍ പിടിച്ചു വലിച്ചാല്‍ അതിനോട്‌ കൂടെ, വടി ഊരിവരും…

വേറെ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ?

പിന്നെ… ഉണ്ട്‌. ഇത്‌ വല്ലവന്റെയും കണ്ണിലാ, മറ്റ്‌ കേന്ദ്ര സ്ഥാനങ്ങളിലോ കൊണ്ടാല്‍, ആ ഭാഗം പിന്നെ ഉപയോഗിക്കേണ്ടി വരില്ല. അടിച്ചു പോയിരിക്കുമെന്നുള്ളത്‌ കട്ടായം. അതുകൊണ്ട്‌, ആളും തരവും നോക്കി മാത്രം ആക്രമിക്കുക.

പിന്നെ, ഉണ്ടയെപ്പറ്റി! കൊട്ടക്കായ ഇന്നത്തെ കാലത്ത്‌ അത്ര സുലഭമല്ല. ഞാന്‍ തന്നെ പണ്ട്‌ ഏ സാധനം കിട്ടാതെ, വീടിന്റെ അടുത്തുള്ള പൊട്ടക്കിണറ്റില്‍ ഇറങ്ങിയാണ്‌ പൊട്ടിച്ചിരുന്നത്‌. പക്സേ സാരമില്ല, പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താവുന്നതേ ഉള്ളു.

ഞാനിങ്ങനെ ഈ തോക്കിന്റെ രഹസ്യങ്ങള്‍ പരസ്യമാക്കുന്നത്‌ എല്ലാവര്‍ക്കും നല്ലത്‌ മാത്രം വരാന്‍ ആഗ്രഹിക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. തോക്കിന്‌ ലൈസന്‍സ്‌ കിട്ടുന്നില്ലാ എന്ന് പറഞ്ഞ്‌ മനസ്സമാധാനം പോയ ഒരുപാട്‌ മിത്രങ്ങളെ എനിക്കറിയാം. അവരുടെ വേദനയാണ്‌ എന്നെ ഇതിന്‌ പ്രേരിപ്പിച്ചത്‌. അവര്‍ ഇന്ന് വളരെ പ്രശസ്തരായ കൊട്ടത്തോക്ക്‌ വെടിവെപ്പുകാരാണ്‌.

എനിക്ക്‌ ഒന്നേ പറയാനുള്ളൂ….

ഉണരൂ… നല്ലൊരു നാളേക്കായി ഹാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യൂ… തിന്മകള്‍ക്കെതിരെ നമുക്കിനി കൊട്ടക്കായകള്‍ കൊണ്ട്‌ ഉത്തരം പറയാം… ബാങ്ങ്‌ ബാങ്ങ്‌ ബാങ്ങ്‌…

get the PDF of this post

 —————————————————————————————

Advertisements

6 thoughts on “കൊട്ടത്തോക്ക്‌ – രഹസ്യം പരസ്യമാകുന്നു!

Add yours

 1. വളരെ ശക്തമായൊരു ആയുധവും, അതിന്റെ രഹസ്യങ്ങളും എന്റെ വായനക്കാര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു… നിങ്ങളും തോക്കെടുക്കൂ… വെടിയുതിര്‍ക്കൂ…

 2. ആശാന്റെ നെഞ്ചത്തിട്ട് ആരും ഒന്നു പൊട്ടിക്കാ‍തെ നോക്കണെ!
  ഇവിടേ നല്ല എ കെ 47 ഉറുപ്പ്യക്കു പത്തു വച്ചു കിട്ടാനുണ്ടൂ.അപ്പൊ പിന്നെ ഏതായാലും ഞാനുണ്ടാക്കാന്‍ പോവുന്നില്ല.എങ്കിലും. ഒരു തോക്കുണ്ടാക്കാന്‍ പടിപ്പിച്ചതിനും, (അതും നന്നായ്ട്ടു തന്നെ!) നന്ദി.

 3. ശ്രീനാഥേ, കലക്കി..

  ചെറുപ്പത്തില്‍ ഞാനും ഈ തോക്കുവച്ച് വെടിവെച്ച് കളിച്ചിട്ടുണ്ട്.
  പാട്ടത്തോക്ക് എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്.. (പാട്ട എവിടെ നിന്നു വന്നു എന്നു ചോദിക്കരുതേ.. ). അതുണ്ടാക്കുന്ന വിധം അറിയില്ലായിരുന്നു. ചെറുപ്പത്തില്‍ ഞങ്ങളുടെ ഒന്നിച്ചു കളിക്കാന്‍ വന്നിരുന്ന വലിയവരുണ്ടാക്കിയ തോക്ക് വെച്ചായിരുന്നു കളി. ( രണ്ട് മൂന്നു വയസ്സിന്റെ മൂപ്പേ ഈ വലിയവര്‍ക്കു കാണുകയുള്ളൂ, എങ്കിലും ഇവരാണു എല്ലാത്തിനും മുന്നില്‍ നിന്ന് ഞങ്ങളെ ചെറിയ പിള്ളേരെ നയിക്കുന്നവര്‍ മരത്തില്‍ കയറുന്നതും, തത്തയെ പിടിക്കുന്നതും, ചവണ വെച്ച് മാങ്ങ എയ്ത് വീഴ്ത്തുന്നതും ഒക്കെ. അപ്പോള്‍ അവര്‍ വലിയവര്‍ തന്നെ.)

  ഇന്ന് ആരെങ്കിലും കളിക്കുന്നുണ്ടോ ആവൊ.. ?

  ശ്രീ പറഞ്ഞത ശരിയാണ് ഇതിന്റെ വെടി കൊണ്ടാല്‍ എന്റമ്മോ… !!

  ഇനിയും ഉണ്ടോ ഇതേ പോലെ, എങ്കില്‍ എഴുതൂ..

  ഇത്ര രസകരമായി എഴുതിയതിനു ദാ, ആ കൈ ഒന്നു തന്നേ.. 🙂

 4. വാഹ്… വാഹ് !!
  അന‍്യം നിന്നു പോകുന്ന കലാരൂപങ്ങളേ, മാരകായുധങ്ങളേ, ഗൂഡജ്ഞാനങ്ങളേ – ഡോണ്ട് വറി.

  വെടി തകര്‍ത്തു, “അഹങ്കാരാ”.

 5. അന്യം നിന്നുപോകുന്ന കേരളീയ മരകയുധത്തെ പരിചയപ്പെടുത്തി തന്നതിന് നന്ദി 🙂 ഇനിയുമുണ്ടോ ഇട്ടരം സ്റ്റോക്ക്‌ വേറെ? എന്തായാലും ഈ പരിചയപ്പെടുത്തല്‍ കലക്കി! 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: