ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

ഒട്ടുമിക്കവര്‍ക്കും അറിയാം, ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വക്കേണ്ട രീതി. ക്ഷേത്രത്തിനകത്ത്‌ ഇടത്‌ ഭഗത്തുള്ള ഓവുചാല്‍ വരെ ഒരു പകുതി പ്രദക്ഷിണം, അവിടെ തൊഴുത്‌ തിരിച്ച്‌ നടന്ന്, വലതു ഭാഗത്തുകൂടെ ഓവുചാല്‍ വരെ മറുപകുതി പ്രദ്ക്ഷിണം. അതിനുള്ള കാരണവും നിങ്ങള്‍ക്കറിയാം എന്ന് വിശ്വസിക്കുന്നു.

എനിക്കറിയാവുന്നത്‌, ശിവക്ഷേത്രത്തിലെ ഒാവുചാല്‍ ഗംഗാ നദിയെ പ്രദിനിധാനം ചെയ്യുന്നു. അതുകൊണ്ട്‌ തന്നെ, പുണ്യ നദിയായ ഗംഗയെ മുറിച്ച്‌ കടക്കുന്നത്‌ ശുഭമല്ല എന്ന് പറയപ്പെടുന്നു.

ഇനി, നേരത്തെ പറഞ്ഞ പ്രദക്ഷിണത്തിനെ പറ്റി…
ആദ്യപകുതി ഓവുചാല്‍ വരെ വന്ന്, തൊഴുതതിന്‌ ശേഷം, തിരിച്ച്‌ വരേണ്ടത്‌ ബലിക്കല്ലിനകത്ത്‌ കൂടെയാണ്‌. ബലിക്കല്ലുകള്‍ക്കകത്ത്‌ കൂടെ വേണം തിരിച്ച്‌ നടന്ന് മറുവശത്തുകൂടി ഓവുചാലിനടുത്തെത്താന്‍. അവിടെനിന്നും സാധാരണ പോലെ, പ്രദക്ഷിണ വഴിയിലൂടെ വരാം. ചുരുക്കിപ്പറഞ്ഞാല്‍, പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോള്‍, ഒരിക്കലും വിപരീത ദിശയില്‍ നടക്കാന്‍ പാടില്ല എന്ന് സാരം. അങ്ങിനെ നടക്കേണ്ട അവസരത്തില്‍ (ഉദാ:മുമ്പേ പറഞ്ഞ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം) ബലിക്കല്ലുകള്‍ക്കുള്ളിലൂടെ, പ്രദക്ഷിണവഴിയിലൂടെയല്ലാതെ വേണം നടക്കാന്‍. (ഇത്‌ ഹിന്ദു അനുഷ്ഠാനകോശം എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്‌)

എല്ലാ ശിവക്ഷേത്രങ്ങളിലും ഇങ്ങനെ പകുതി പ്രദക്ഷിണം ആണൊ? അല്ല. അതിന്‌ ഏറ്റവും നല്ല ഒരു ഉദാഹരണമാണ്‌ എന്റെ നാട്ടിലെ ശ്രീ ശങ്കര നാരായണക്ഷേത്രം. പേരില്‍ നിന്ന് തന്നെ മനസ്സിലാവും, പ്രതിഷ്ഠ ശങ്കരനും, നാരായണനും ചേര്‍ന്നതാണ്‌ എന്ന്. ശാസ്ത്രപ്രകാരം, ആ അമ്പലത്തില്‍ രണ്ട്‌ ശക്തികളും ഒരുപോലെ നിലകൊള്ളുന്നു. അത്‌ കൊണ്ട്‌ തന്നെ പ്രദക്ഷിണം സധാരണ പോലെയാണ്‌.

എന്റെ അറിവ്‌ ഒരിക്കലും പൂര്‍ണ്ണമോ, പരമ സത്യമോ ആവണമെന്നില്ല. തെറ്റുകള്‍ കാണുന്നവര്‍ എന്നെ തിരുത്താന്‍ ശ്രമിക്കുക.

“O Arjuna, try to tolerate them.”

എന്റെ ഒരു സുഹൃത്ത്‌ അയച്ചു തന്ന ഈശ്വര വചനങ്ങളിള്‍ ഒന്ന്…

“Heat and cold, pleasure and pain arise merely because of the contact of the senses with the sense objects. They are fleeting. Therefore O Arjuna, try to tolerate them.”

എനിക്ക്‌ ഒരുപാട്‌ പ്രജോദനം തന്ന വാക്കുകള്‍…

മരണം

അരോടും ഒന്നും പറയാതെയാ വന്നത്‌. എന്നെ പിന്നില്‍ നിന്ന് ശബ്ദം ഉണ്ടാക്കി ഒന്ന് പേടിപ്പിച്ചുകൂടായിരുന്നില്ലെ?നിന്റെ നിറമോ, മണമോ, രൂപമോ ഒന്നും എനിക്ക്‌ ഇന്നും അറിയില്ല. നിനക്കെന്റെ മുമ്പില്‍ ഒന്നു വന്ന് നില്‍ക്കാമായിരുന്നില്ലെ?എന്നെ പറ്റിച്ചിട്ടിങ്ങനെ എന്തു കിട്ടി?

നീയും നിന്റെ മിത്രങ്ങളും കൂടി കളിക്കുകയാണെന്ന് മനസ്സിലായി. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്‌ ഇങ്ങനെ വന്നാല്‍ കഷ്ടമാണ്‌…

കാരണം ഞാന്‍ ജീവിച്ച്‌ തീര്‍ന്നില്ലായിരുന്നു….

Welcome to my blog on മരണം

ക്ഷേത്ര ദര്‍ശനം എങ്ങിനെ?

എത്രപേര്‍ക്ക്‌ ഞാനീ പറയുന്നതിനേക്കുറിച്ച്‌ അറിവുണ്ടെന്നറിയില്ല. എങ്കിലും, ഒഴിവു ദിവസങ്ങളും, സൗകര്യവും നോക്കി, ഉറക്കം മുഴുവനാക്കി, മഴയൊന്നും ഇല്ലല്ലോ എന്നുറപ്പാക്കി, ഇന്നലെ ചെയ്ത പാപങ്ങള്‍ ഇന്ന് അമ്പലത്തില്‍ പോയി കളഞ്ഞിട്ട്‌ വരാം എന്ന് കരുതുന്ന കുറച്ച്‌ പേര്‍ക്ക്‌ ഇതുപകരിച്ചേക്കാം…

ഞാനൊരു അമ്പലവാസി ആയത്‌ കൊണ്ട്‌ മത്രമല്ല, പലര്‍ക്കും ഇത്‌ ഉപകരിക്കും എന്ന് കരുതി മാത്രം. തെറ്റുകള്‍ കണ്ടാല്‍ എന്നെ തല്ലാന്‍ വടിയെടുക്കുക!

എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ, നമ്മള്‍ ശരിക്കും എന്തിനാണ്‌ അമ്പലത്തില്‍ പോകുന്നത്‌ എന്ന്?

അഥവാ അതറിയുമെങ്കില്‍, എങ്ങിനെയാണ്‌ അമ്പലത്തില്‍ പോകേണ്ടത്‌ എന്നറിവുണ്ടോ?

അതും അറിയുമെങ്കില്‍, തൊഴുത്‌ തിരിച്ച്‌ വരുമ്പോള്‍, എന്ത്‌ മാറ്റമാണ്‌ തൊഴാന്‍ പോയപ്പോഴുള്ളതിനേക്കാള്‍ ഉണ്ടയത്‌ എന്നാലോചിച്ചിട്ടുണ്ടൊ?

ഇതൊക്കെ പറയാന്‍ ഇവനാരെടാ എന്നൊരിക്കലും തോനല്ലേ..

എനിക്കും ഇതൊന്നും അറിയില്ലായിരുന്നു. ഇപ്പൊഴും പൂര്‍ണ്ണാമായിട്ടൊന്നും അറിയില്ലെങ്കിലും, എനിക്ക്‌ ബോദ്ധ്യമായ ചില കാര്യങ്ങള്‍ ഇവിടെ പറയാം എന്ന് തോന്നി.

ഈശ്വരന്മാര്‍ ഒരുപാടുണ്ട്‌. ഇതില്‍ ഞാന്‍ ആരെയാണ്‌ കൂടുതല്‍ സ്നേഹിക്കേണ്ടത്‌, ആരെയാണ്‌ ഭജിക്കേണ്ടത്‌?

ഒട്ടുമുക്കാല്‍ പേരും ഒരു വിധം എല്ലാ ദൈവങ്ങളെയും ഇഷ്ടപ്പെടുന്നു. എങ്കിലും, ഒരോരുത്തരുടെയും ഇഷ്ടദൈവം ആര്‌? സത്യത്തില്‍, ഒരോരുത്തരുടെയും ആഗ്രഹസഫലീകരണം ആണ്‌ പ്രധാനം. ധനലാഭം, ശത്രു സംഹാരം, രോഗ സംഹാരം, ശാന്തി, ബുദ്ധി… അങ്ങിനെ അവനവന്റെ ലക്ഷ്യപ്രാപ്തിയാണ്‌ അവന്റെ ഇഷ്ട ദൈവത്തിനെ കണ്ടെത്താന്‍ സഹായിക്കുന്നത്‌.

പ്രൊഫ: ഗോപാല കൃഷ്ണന്റെ പ്രഭാഷണം കേട്ടവര്‍ക്കറിയാം, അമ്പലത്തില്‍ പോകുന്നതിന്റെ സത്യം. അദ്ദേഹം അമ്പലങ്ങളും, ശാസ്ത്ര സത്യങ്ങളും തമ്മിലുള്ള ബന്ധത്തിനെകുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്‌.

അമ്പലം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ്‌ നാം അമ്പലത്തില്‍ പോകുന്നത്‌. ഇത്‌ ശാസ്ത്ര ഭാഷ്യം. നാമ്മുടെ സങ്കടങ്ങളും, ആഹ്രഹങ്ങളും പറയാനാണ്‌ അമ്പലത്തില്‍ പോകുന്നതെന്ന് നമ്മുടെ ഭാഷ്യം. എന്നാല്‍, ഒരു തിരുമേനി പറയും, ദൈവ പ്രീതിക്കും, ആഗ്രഹലബ്ധിക്കും ഒക്കെയാണ്‌ അവിടെ വരേണ്ടത്‌ എന്ന്.

ഇതില്‍ ഏതാണ്‌ സത്യം? എല്ലാം സത്യങ്ങള്‍ തന്നെ. പക്ഷെ, “ഈശ്വരാ, എനിക്ക്‌ സ്വയം കള്ളുകുടി നിര്‍ത്താന്‍ പറ്റില്ല, അങ്ങു തന്നെ ഇതു മാറ്റിത്തരണം!” എന്ന് പറഞ്ഞ്‌ അമ്പലത്തില്‍ പോയിട്ട്‌ യാതൊരു കാര്യവുമില്ല. ദൈവപ്രീതി കിട്ടണമെങ്കില്‍, ദൈവത്തെ പ്രീതിപ്പെടുത്തണം. അതിന്‌ ദൈവത്തിന്റെ അരാധകനാവണം. എനിക്ക്‌ സുഖം തരൂ എന്നല്ല, എല്ലാം നന്നാവണേ എന്നല്ല അവിടെ നിന്ന് കൈ കൂപ്പി പറയേണ്ടത്‌.

നാമം ചൊല്ലണം, ഭജിക്കണം… ഒരോ ദൈവത്തിനും അവരുടേതയ നാമങ്ങള്‍ ഉണ്ട്‌. അതിനായില്ലെങ്കില്‍, കലിയുഗത്തിലെ ഏറ്റവും ഭലം കിട്ടുന്ന നാമം ചൊല്ലാം… “ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ…”

ആഗ്രഹങ്ങള്‍ പതിയെ സാധിക്കും, നമ്മള്‍ നമുക്ക്‌ വേണ്ടി ഭജിക്കാതിരുന്നാല്‍ മാത്രം!

ഇനി അമ്പലം ഊര്‍ജ്ജ സ്രോതസ്സാണെന്ന് പറഞ്ഞല്ലോ, ശരിയായ രീതിയില്‍, പ്രതിഷ്ഠക്ക്‌ മുന്‍പില്‍ പ്രാര്‍ഥിച്ചാല്‍, ഒരു പോസിറ്റിവ്‌ എനര്‍ജി നമ്മിലേക്ക്‌ വരും. ഇത്‌ ഞാന്‍ പറഞ്ഞതല്ല. പ്രൊഫ: തന്നെ പറഞ്ഞതാണ്‌. അതുകൊണ്ടാണ്‌ അമ്പലത്തില്‍ ശരീരം പൂര്‍ണ്ണമായി മറയ്ക്കാതെ പോകണം എന്ന് പറയുന്നത്‌. തീര്‍ഛയായും, സ്ത്രീകള്‍ക്ക്‌ ആ കാര്യത്തില്‍ ലേശം ബുദ്ധിമുട്ടുണ്ട്‌, അതു കൊണ്ട്‌ തന്നെ, സ്ത്രീകള്‍ കുറച്ചധികം സമയം പ്രാര്‍ഥിക്കണമെന്ന് സാരം.

എല്ലാ അംബലത്തിലും പൂജ കഴിഞ്ഞാല്‍, പുണ്യാഹം തളിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്‌. ഈ പുണ്യാഹ ജലവും, നേരത്തെ പറഞ്ഞ ഊര്‍ജ്ജ സ്രോതസ്സിന്റെ ഒരു ഉറവിടമാണ്‌. തിരുമേനി പുണ്യാഹം തളിക്കുമ്പൊ, അതെത്ര ദൂരം എത്തുന്നൊ, ആ ദൂരത്തിനുള്ളില്‍ നിന്ന് വേണം പ്രാര്‍ഥിക്കാന്‍. അതുകൊണ്ട്‌ തന്നെ, കഴിയുന്നതും അടുത്ത്‌ നില്‍ക്കാന്‍ ശ്രമിച്ചോളൂ…

ഇനി അമ്പലത്തില്‍ പോകുമ്പോള്‍ ശീലിക്കേണ്ടത്‌…

നേരത്തെ പറഞ്ഞ പോലെ, നമ്മുടെ ശരീരത്തിന്‌ ഊര്‍ജ്ജം ആഗീരണം ചെയ്യുന്നതിന്‌, ശരീരം ശുദ്ധമായിരിക്കണം. അതുകൊണ്ട്‌ തന്നെ, പുക വലി, മദ്യപാനം മറ്റ്‌ ശാരീരികമായി അശുദ്ധമാക്കുന്ന ശീലങ്ങള്‍ ഇവയൊക്കെ ഒഴിവാക്കണം. കുളി എന്തായാലും വേണമെന്ന് പറയണ്ടല്ലോ.

അമ്പലത്തില്‍ പോയി, തിരിച്ചെത്തുന്ന വരെ നാമം ജപിക്കണം. മറ്റൊരു തരത്തിലുള്ള ചിന്തകളും മനസ്സില്‍ വരാതെ നോക്കണം.

ഇനി പ്രാര്‍ഥിക്കേണ്ട വിധം…
കൈ കൂപ്പി, കണ്ണ്‍ തുറന്ന് പ്രത്ഷ്ഠയെ നോക്കിയോ, കണ്ണടച്ച്‌ മനസ്സില്‍ ധ്യാനിച്ചോ പ്രാര്‍ഥിക്കാം. കൈ കൂപ്പുമ്പോള്‍, അത്‌ ഒരു താമര മൊട്ടിന്റെ ആകൃതിയില്‍ ആയിരിക്കണം.

ഓരോ ദൈവങ്ങള്‍ക്കും വെക്കേണ്ട പ്രദക്ഷിണം വ്യത്യാസമുള്ളതാണ്‌. (ശരിയായ കണക്ക്‌ എനിക്കും അത്ര ഓര്‍മ്മയില്ല, ശിവന്‌, 7 പ്രദക്ഷിണം ആണ്‌ ഉത്തമം…)

ക്ഷേത്രത്തിനകത്ത്‌ ഒരു പ്രദക്ഷിണവും, പുറത്ത്‌ മൂന്നൊ അതില്‍ക്കൂടുതലോ പ്രദക്ഷിണം വെക്കാം. അകത്ത്‌ വെക്കുന്നതിനേക്കാള്‍ പുറത്ത്‌ പ്രദക്ഷിണം വെക്കുന്നതിനാണ്‌ ഗുണം കൂടുതല്‍. അതിന്‌ പ്രൊഫ: പറയുന്ന കാരണം, ക്ഷേത്രം എന്ന ഭഗവാന്റെ വാസസ്ഥലത്തിനുള്ളില്‍ കയറിയാണ്‌ നമ്മള്‍ പ്രദക്ഷിണം വെക്കുന്നത്‌. ക്ഷേത്രത്തിന്റെ സെക്യൂരിറ്റി വലയം മറി കടന്നുള്ള പ്രദക്ഷിണത്തേക്കാള്‍, എന്തുകൊണ്ടും ഉചിതം പുറത്ത്‌ കൂടെയുള്ള പ്രദക്ഷിണമാണ്‌.

ഒരോ കാലടിയും പതുക്കെ, നാമം ജപിച്ച്‌ കൊണ്ട്‌ വേണം പ്രദക്ഷിണം വെക്കുമ്പൊള്‍ നടക്കാന്‍. ഒരു ഗര്‍ഭിണി തലയില്‍ കുടവുമായി എങ്ങിനെ നടക്കുമോ, അതുപോലെ വേണം പ്രദക്ഷിണം വെക്കുവാന്‍.

അമ്പലത്തിനടുത്ത്‌ ആല്‍മരമുണ്ടെങ്കില്‍, അവിടെയും പോയി ഇതുപോലെ പ്രദക്ഷിണം വെക്കണം. രാവിലെ, 7 മണിക്ക്‌ മുമ്പാണെങ്കില്‍ ഉത്തമം. അതിനും ഒരു കാരണം ഉണ്ടത്രെ. ആല്‍മരം മറ്റുള്ള വൃക്ഷങ്ങളെ അപേക്ഷിച്ച്‌ ഒരുപാട്‌ കൂടുതല്‍ ശുദ്ധ വായു ഉത്പാദിപ്പിക്കുന്നു. ആല്‍മരത്തിന്റെ കീഴെ, ഈ ശുദ്ധവായു വന്ന് നിറയുന്നു. രാവിലെ, ഏകദേശം 7 മണിക്ക്‌ ശേഷം, നല്ല കാറ്റ്‌ വരാന്‍ തുടങ്ങുന്നതിനാല്‍, ഈ ശുദ്ധവായു അവിടെ നിന്നും നീങ്ങിപ്പോകുന്നു. അതിനാലാണ്‌, നേരത്തെ തന്നെ അല്‍മരച്ചോട്ടില്‍ പ്രദക്ഷിണം വെക്കാന്‍ പറയുന്നത്‌.

തിരിച്ച്‌ വന്ന് അമ്പലനടയില്‍ ഒന്നുകൂടി തൊഴുത്‌ തിരിച്ചെത്തിയാല്‍, ക്ഷേത്രദര്‍ശനം ഒരുവിധം ആയി എന്ന് പറയാം.

ഇത്‌ കൂടാതെ, വഴിപാടുകള്‍, നേര്‍ച്ചകള്‍ തുടങ്ങി മറ്റ്‌ പല കാര്യങ്ങളും ക്ഷേത്രദര്‍ശനത്തിന്റെ ഭാഗമായുണ്ടെങ്കിലും, അതൊന്നും നിത്യവും ചെയ്യാനുള്ള കാര്യങ്ങള്‍ അല്ലാത്തതിനാല്‍, ഞാന്‍ എഴുതുന്നില്ല…

download ക്ഷേത്ര ദര്‍ശനം എങ്ങിനെ?(PDF)

നാടിന്റെ മണം…!

ഉച്ച ഭക്ഷണവും കഴിഞ്ഞ്‌, ഒരു കൈ മൗസിലും, തുറന്ന്‌ പിടിച്ച കണ്ണുകള്‍ മോണിറ്ററിലും എയിം ചെയ്ത്‌ ഞാന്‍ ഉറങ്ങുകയാണ്‌. ജോലി ഒന്നും പ്രത്യേകിച്ച്‌ ചെയ്യാന്‍ ഇല്ലാത്തതിനാലും, ഇ-മെയില്‍സ്‌ ഒക്കെ ചെക്ക്‌ ചെയ്ത്‌ കഴിഞ്ഞതിനാലും, ഉറക്കം എന്തുകൊണ്ടും സ്വാഭാവികം മാത്രം.പാതി മയക്കത്തില്‍ റ്റെന്‍ഷന്‍ അടിച്ചുകൊണ്ടുള്ള ഈ ഇരുപ്പ്‌ പക്ഷെ, പണ്ട്‌ ഞാന്‍ ഏഴാം തരത്തില്‍ പരീക്ഷയെഴുതുമ്പോള്‍, ഡെസ്ക്കില്‍ എഴുതിയിട്ട ഉത്തരങ്ങള്‍ തെരഞ്ഞു കണ്ടുപിടിക്കാന്‍ അനുഭവിച്ചതിലും ഭയാനകം.

ഇവിടെ ഈ ഹൈടെക്‌ നഗരത്തില്‍ ജീവിതം എനിക്ക്‌ മടുത്തു. പൊട്ടന്‍ കടിച്ച പട്ടി കണക്കെയാണ്‌ ഇവിടെ എല്ലാവരും. എന്തിനോ വേണ്ടി പരക്കം പായുന്നു… ഓടുന്നു, ചാടുന്നു, മലക്കം മറിയുന്നു എന്നിട്ടവസാനം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു.. എന്നിട്ടോ? പിന്നെയും എണീറ്റ്‌ ഓടാന്‍ തുടങ്ങുന്നു.

പൊടി കലക്കിയ കാടിവെള്ളം പോലത്തെ ചായയും, വെയിലത്തുണക്കിയ, പാള പോലുള്ള റൊട്ടിയും തിന്ന്‌ എന്റെ നല്ലവനായ ശരീരം നന്നായി പുഷ്ടിപ്പെ്പ്പട്ടു. പുറത്തേക്ക്‌ തുറിച്ച്‌ ചാടുന്ന എന്റെ സ്വന്തം കുടവയറിനെ നോക്കി ഞാന്‍ തന്നെ സഹതപ്പിക്കും… എന്റെ ജോലി എനിക്ക്‌ തരുന്ന സമ്മാനമാണ്‌ എന്റെയീ കുടവയര്‍!.
നാട്ടിലായിരുന്നെങ്കില്‍…

ഇപ്പൊ നാട്ടില്‍ നല്ല മഴക്കാലം. ദേഹത്ത്‌ വീണാല്‍ വേദനിക്കുന്ന തരത്തില്‍ ഉള്ള മഴ. സദാ സമയവും ഇരുട്ട്‌ മൂടി, ഒലിച്ചിറങ്ങുന്ന വെള്ളച്ചാലുമളുമായി എന്റെ വീട്ടുവളപ്പും, വഴികളും. റൊഡറികിലെ ചുവന്ന നിറമുള്ള ചെളിക്കുണ്ടുകളില്‍ നിന്നും, ഈര്‍ക്കിലിക്കെണിയുമായി തവളയെ പിടിക്കാന്‍ പോകാറുള്ളത്‌ ഒര്‍മ്മവന്നു പോകുന്നു…

പൊരിഞ്ഞ മഴയത്ത്‌ അമ്പലത്തിനടുത്തുള്ള വലിയ സ്റ്റേജില്‍ കൂട്ടികാര്‍ക്കൊപ്പം നാട്ടു നടപ്പുകളും, സിനിമാക്കഥകളും അടിച്ചു വിട്ടിരുന്നതും, മഴയത്ത്‌ അമ്പലക്കുളത്തില്‍ മുങ്ങാംകുഴിയിട്ട്‌ കുളിച്ച്‌ തിമിര്‍ത്തതും, പാടത്തിനടുത്തുള്ള കനാലില്‍ ചൂണ്ടയിടന്‍ പോകുന്നതും ഓര്‍ക്കുമ്പൊ എന്റെ ഇന്നത്തെയീ ജീവിതത്തിനൊടുള്ള എന്റെ ദേഷ്യം കൂടിക്കൊണ്ടിരുന്നു.

ഇന്നുകൂടി അമ്മ വിളിച്ചപ്പൊ പറഞ്ഞു, “ഓ, ഇവിടെ നല്ല മഴയാ ഡാ. പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല. നശിച്ച മഴയാ..”. പാവം അമ്മക്കറിയില്ലാലൊ, മകന്‍ മഴയെ ഇപ്പൊ ഭയങ്കരമായി പ്രേമിച്ചു തുടങ്ങി എന്ന്‌.

നാട്ടിലാണെങ്കി, ഞാന്‍ ഇപ്പൊ എന്റെ മുറിയില്‍ പുതച്ച്‌ മൂടി ഉറങ്ങുന്നുണ്ടാവും. പുറത്തെ ഇടിവെട്ടും, മഴയും ഒപ്പം ‘ീ‍ ആയി കിട്ടുന്ന കുളിരും ആസ്വദിച്ച്‌ ഇരുണ്ട ആ മുറിയില്‍ എന്റെ സ്വപ്നങ്ങളെയും കെട്ടിപ്പ്പ്പിടിച്ച്‌ അങ്ങനെ ഉറങ്ങുന്നുണ്ടാവും.. ആപ്പൊ, അമ്മ വന്നു എന്നൊട്‌ പറയും, “ഹെയ്‌ മാന്‍, അര്‍ യു സ്ലീപിംഗ്‌ ഹഹ്‌?”. പക്ഷെ, അമ്മ എന്നോട്‌ ഇംഗ്ലീഷില്‍ സംസാരിക്കില്ലല്ലൊ… പിന്നെ ഇതാരാ…

“എയ്‌ മാന്‍, വേക്‌ അപ്‌.. വേക്‌ അപ്‌..” ഞാന്‍ ഞെട്ടി ഉണര്‍ന്നു. എന്റെ ഒരു കൈ ഇപ്പൊ മൗസില്‍ ഇല്ല. എന്റെ മുമ്പില്‍ നില്‍ക്കുന്നു എന്റെ പ്രോജക്ട്‌ മാനേജര്‍!!!

പറയാതെ വന്ന ഉറക്കത്തിനെയാണൊ, സ്വപ്നത്തിനെയാണൊ, അതൊ മാനേജറെയാണൊ ഉള്ളില്‍ തെറിപറയേണ്ടത്‌ എന്ന്‌ ഞാന്‍ അലോചിച്ചു…എനിക്കപ്പൊ ഒരു പാട്ട്‌ പാടാന്‍ തോന്നി..
“പൂമാനമേ.. ഒരു രാഗമേഘം താ….”