വിദ്യ

പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള വസ്ത്രമണിഞവരുടെയും മക്കൾ അവസാന വർഷ കലാലയജീവിതത്തിന്റെ സുഘമറീയാൻ മുന്നേ സ്ഥലം പിടിച്ചിരുന്നു. അതറിയാതെ എന്റഛൻ എന്നേയും കൊണ്ട് ക്രൈസ്റ്റ് കോളെജിന്റെ പടി കയറി.
അവിടുത്തെ അഛനൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മകന്റെ ഭാവി ഭദ്രമാക്കാൻ ഇനിയേത് സ്ഥാപനത്തിനാകും എന്ന ചിന്തയോടെ എന്റച്ഛനും, ജീവിതത്തിലാദ്യമായൊരു അസാമാന്യ കാലാലയം കണ്ടതിന്റെ അത്ഭുതത്തിൽ ഞാനും അവിടെ നിന്നു പടിയിറങി. എന്റെ ജീവിതത്തിൽ ആദ്യത്തേതും, അവസാനത്തെതുമായ കാലലയ നിമിഷങളായിരുന്നു അത്.

കല്യാണക്കുറി കൊടുക്കാനെന്നപോലെ പിന്നീടുള്ള നാളുകൾ പ്ലസ് റ്റു സ്കൂളുകളിൽ അപേക്ഷ കൊടുക്കാനുള്ള യാത്രയിലായിരുന്നു പിന്നീട്. ചാലക്കുടി, മാള, ഇരിഞാലക്കുട റൂട്ടിലായിരുന്നു മിക്കാവറും. ആ യാത്രക്കൊടുവിൽ, ആളൂർ R.M.H.S High School നാണ് എന്റെ നറൂക്കു വീണത്. വീട്ടിൽ നിന്നും ഏതാനും കീ.മീ അകലെ. വഴിയമ്പലം വരെ സൈക്കിളിൽ പോയി, അവിടെ നിന്നും മാള ബസ്സിൽ കയറിയാൽ നേരെ സ്കൂളിന്റെ മുന്നിലിറങാം.

പുതിയ നിറങൾ, പുതിയ മണങൾ, പുതിയ സുഹ്രുത്തുക്കൾ, അദ്ധ്യാപകർ. അതിലെല്ലമുപരി, എല്ലാ പാഠ്യപുസ്തകങളും ആങ്കലേയത്തിൽ. ഒരു ശരാശരി മലയാളം ഗവണ്മെന്റ് സ്കൂളിൽ നിന്നും വരുന്ന എനിക്ക് അന്നാണ് പല വെളിപാടുകളും ഉണ്ടായത്.

എല്ലാ വെല്ലുവിളികളേയും തരണം ചെയ്ത്, ഞാനെന്റെ ആദ്യ ദിനങൾ തള്ളി നീക്കി. ക്ലാസിന്റെ വലതു വശം നിറയെ, ഞാനിനിയും പരിചയപ്പെടാത്ത പെൺകുട്ടികൾ. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം എന്റെ ആദ്യത്തെ ക്ലസ്സ് റ്റെസ്റ്റിൽ ഭയാനകമായ തോൽവി നേരിടേണ്ടി വരുമോ എന്ന് ഞാൻ ആകുലപ്പെട്ടു. ബോട്ടനി ടെസ്റ്റിന്റെ മാർക്കുകൾ ഒരോ പേര് വിളിച്ച് സരള ടീച്ചർ കൊടുത്തു തുടങി. എന്റേതല്ലാത്ത കാരണങളായിരിക്കണം, അന്നെനിക്കായിരുന്നു ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയത്. അതിലഭിമാനിക്കാനൊന്നും അന്നെനിക്കറിയില്ലായിരുന്നു. ഒരു പുതിയ ചുറ്റുപാടിൽ എന്നിലെ ബാലനെ ഒരു യുവാവിന്റെ പടച്ചട്ടയാൽ മറച്ച് പിടിക്കാനെന്തൊക്കായ്യാണിനി ഞാൻ ചെയ്യേണ്ടതെന്നാലൊജിച്ച്, ഡെസ്കിൽ കയ്കൾ കൊണ്ടൊരു മുറിയുണ്ടാക്കി, തലയതിന്റെയുള്ളിൽ തിരുകി വെച്ച് ഞാൻ കിടന്നു. എന്റെ ഹ്രിദയമിടിപ്പിനൊപ്പം ആടുന്ന കാലുകളെ നോക്കി, വിയർപ്പരിക്കുന്ന മുഖവുമായി ഞാനങിനെ കിടന്നു.

ഒരു തണൂത്ത കാറ്റാണെന്നെ ആദ്യം തൊട്ടത്. പിന്നാലെ, ഞാനിതുവരെ അനുഭവിക്കാത്തൊരു സുഗന്ധം. എന്റെയടുത്താരോ വന്നിരിക്കുന്നു എന്നറിയാൻ അതുമാത്രമല്ല കാരണമായത്. താഴെ നോക്കിയിരിക്കുന്ന എന്റെ കണ്ണുകൾ പറഞു, നോക്കൂ, അത് കൾസറായി അല്ല. ഫ്രോക്ക് ആണ്. തലയുയർത്തി നിവർന്നിരിക്കാനുള്ള ധൈര്യം, നേരത്തെ പറഞ പടച്ചട്ടയുടെ കൂടെ എവിടേക്കോ പറന്നു പോയി. എന്റെ ഹ്രിദയം കാലാടുന്നതിനു മുന്നേ വേഗത്തിലോടി. അനങാതെയിരിക്കാൻ ഞാനാഗ്രഹിച്ചെങ്കിലും, എന്റെ ശരീരം എന്നെ ചതിച്ചു.

“തനിക്കാണല്ലെ ഫസ്റ്റ്. ആളു മോശമല്ലല്ലോ, പഠിപ്പിസ്റ്റാണെന്നു പറയില്ല”

അതായിരുന്നു, ഞാനദ്യമായി കേട്ട അവളുടെ ശബ്ദം. ഒരേ ക്ലാസിലാണെന്ന ഒരൊറ്റ ധൈര്യത്താൽ, ഇതുവരെ പരിചയപ്പെടാത്ത എന്റെയത്തുവന്നിരുന്ന്, ഒട്ടും കൂസലില്ലാതെ അന്നവളെന്നെ അവളുടെ കൂട്ടുകാരനാക്കി. പിന്നീടങോട്ട്, ഞാനെപ്പൊഴെങ്കിലും ഡെസ്കിൽ തല ചായ്ച് കിടന്നാൽ, അതൊരു കാര്യത്തിനു വെണ്ടി മാത്രമായിരുന്നു, അവൾ എന്റെയടൂത്ത് വന്നിരിക്കാൻ മാത്രമായിരുന്നു.

ഞാൻപോലും കേൾക്കാനാഗ്രഹിക്കാത്ത എന്റെ സ്വരം കൊണ്ടവളെന്നെ പാട്ടു പാടിച്ചു. ഡെസ്കിൽ തലകൽ പൂഴ്ത്തി വെച്ച്, ഞങൾ എന്റെ പാട്ടിന് കാതോർത്തു. ആ ഡെസ്കിന്റെയടിയിൽ, എന്റെ വിരലുകളും, നഘവും മെനഞ വെടിക്കെട്ടിന്റെ ഉച്ചസ്ഥായിയിൽ, അവളൊരു കിളിയെപ്പോലെ ചിരിച്ചു. അറിയാതെയവളെന്നെയൊരങ്കാരിയാക്കി. മൗനത്തിനും ശബ്ദമുണ്ടെന്നവളെന്നെ പഠിപ്പിച്ചു.

എന്റെ പ്രണയം മൊട്ടിടുമ്പൊഴും, തളിരിടുമ്പൊഴും, പൂത്തുലഞപ്പൊഴും എന്നോടൊപ്പം നിന്നവൾ, ഒരു വഴികാട്ടിയായി.

ആരോടും പറയാത്ത ഒരുപാട് മുറിവുകൾ അവളെന്നിൽ നിന്നും മറച്ചിരുന്നു. ഒറ്റക്കു കിട്ടുന്ന നിമിഷങളിൽ, അവൾ അവളുടെ കൊന്തമാല കയ്യിൽ പിടിക്കുമായിരുന്നു. വേദനയുടെ തീവ്രത കണ്ണിരിന്റെ നിറം പോലെയലിച്ചു കളയാൻ അവളാഗ്രഹിച്ചിരുന്നു. ഡെസ്കിൽ തലവെച്ച്, താഴെനോക്കിക്കിടന്നൊരുനിമിഷത്തിൽ അവളെന്നോട് പറഞു, അവൾക്കൊരു കന്യാസ്ത്രിയാകണമെന്ന്.

ആ രണ്ട് വർഷത്തിന്റെയൊറ്റടുവിൽ, ആരോടും പറയാതെ, അവൾ എവിടെക്കോ പോയി. അവളുടെ വീട്ടിലെ ഫോൺ നമ്പർ ആർക്കുമറിയുമായിരുന്നില്ല. വൈകി വന്ന ഇന്റെർനെറ്റിനെ ഇന്നു ഞാൻ ശപിക്കുന്നു. അവളെവിടെയായിരിക്കും? എന്നെ മറന്നിട്ടുണ്ടാകുമോ?

അന്നുമിന്നും, ഒരുപിടി കുളിർമ്മയുള്ള ഓർമ്മകളാണ് ആ പേരുകേട്ടാൽ – വിദ്യ.

അന്നെന്നോട് യാത്ര പറയാതെ പോയ മിത്രമേ, നിന്നെ ഞാനോർക്കുന്നു. അന്നുമിന്നുമിനിയെന്നും.

ഒരു മാത്രയുടെയിതൾ മാത്രമായ് നീയന്നു വന്നു…
ഒരുമിത്രമായന്നുനീയെൻ മൗനത്തിൻ മുഖമടർത്തു.

ഹ്രിദയമാകെനിൻ മണം നിറയും മുൻപ്,
ഇതുവഴിവരില്ലെന്നു പറയാതെന്തേ നീപോയ്..

സൗഹ്രിദം വളരുകയും, പൂക്കുകയും,
സുഗന്ധം പരത്തുകയും ചെയ്യുന്നൊ-
രുദ്യാനമുണ്ടതിൽവച്ചൊരുനാൾ നാം കണ്ടുമുട്ടും.
അതുവരെ…

Featured post

ഓലപ്പടക്കം

വിഷുക്കണിയല്ല, വിഷുക്കൈനീട്ടമല്ല, സദ്യയല്ല..
എന്തിനധികം.. കന്പിത്തിരിയും, മത്താപ്പും, തലചക്രവും, മേശപ്പൂവുമല്ല…
പടക്കമായിരുന്നു എന്റെയാവേശം!

ആദിത്യനരുൾ ചെയ്ത കിരണങ്ങളാൽ തഴുകിയുണങ്ങിയ പനയോലച്ചീളുകൾ,
അമാനുഷമായ കരവിരുതിനാൽ മെടഞ്ഞെടുത്ത്,
ഒരു പൊടി കരിമരുന്നതിൽ വെച്ച്, കരിപുരട്ടിയ ചെരുതിരി നാട്ടി, ഒറ്റവലി!

ഓലപ്പടക്കം ഞങൾക്ക് വേണ്ടി പൊട്ടാൻ തയ്യാറായി, ഓല മെടഞ്ഞ മുറത്തിലങ്ങിനെ കിടന്നു.

വീടിന്റെ തൊട്ടടുത്താണ് സിജൂന്റെ വീട്. വിഷുക്കാലമായാൽ അവന്റെ വീടൊരു പടക്ക നിർമ്മാണശാലയായി മാറും. സിജൂന്റച്ചൻ ഓലപ്പടക്കങ്ങളുടെ ഉസ്താദായിരുന്നു. അവന്റെ വീടിനു ചുറ്റും പനയോലകൾ ഉണക്കാനിട്ടിരിക്കുന്നതു കാണുന്പോൾ വരാനിരിക്കുന്ന വിഷുദിനങ്ങളും, പൊട്ടാനിരിക്കുന്ന പടക്കങ്ങളും എന്റെ മനസ്സിലേക്കോടി വരും.

കശുവണ്ടി കൊടുത്താൽ കിട്ടും ഓലപ്പടക്കം. അതിപ്പോ കാശുകൊടുത്താലും കിട്ടും. പക്ഷെ പറന്പിലേക്കൊന്നിറങ്ങിയാൽ ഇഷ്ടത്തിനു കശുമാങ കിട്ടും, അതിന്റെയണ്ടി മാത്രം പിഴുതെടുത്തു കൊടുത്താൽ കിട്ടുന്ന പടക്കത്തിനു ശബ്ദം കൂടും.

ഞാൻ പൊടിയായിരുന്നപ്പോൾ ചേട്ടൻ ഓലപ്പടക്കം തിരി കത്തിച്ച് വലിച്ചറിയുന്നതും നോക്കി നിക്കും. അന്നെനിക്ക് പടക്കം കൈകൊണ്ട് കത്തിച്ച് എറിഞ്ഞു പൊട്ടിക്കാനുള്ള പ്രായപരിധി ആയിട്ടില്ലായിരുന്നു. നീളമുള്ള കടലാസിന്റെ ഒരറ്റത്തോ, കയറുകഷ്ണത്തിന്റെ ഒരറ്റത്തോ മറ്റോ പടക്കം വെച്ച്, മറ്റേ അറ്റത്ത് തീകൊളുത്തി, അര ഫർലോങ് ദൂരം മാറി നില്കും. ക്ഷമ എന്ന വാക്കിന്റെ അർത്ഥം വളരെ ചെറുപ്പത്തിലേ ലോകമെന്നെ പഠിപ്പിക്കുകയായിരുന്നു. പിന്നെ വളർന്നു വന്നപ്പോഴേതോ ഒരു വിഷുവിന് ചേട്ടൻ “ങാ എന്നാ ചെക്കൻ പൊട്ടിച്ചു നോക്കട്ടെ” എന്ന മട്ടിൽ എനിക്കൊരു ചാൻസ് തന്നു.

ഭയ ഭക്തി ബഹുമാനത്തോടെ ഞാനൊരു പടക്കമെടുത്ത് അതിന്റെ തിരി തീയിൽ നനച്ച്, തിരി കത്തിയോ എന്ന് പോലും നോക്കാതെ ഞാൻ ആകാശത്തിലേക്ക് വലിച്ചറിഞ്ഞു. ഞാനും പടക്കവുമായുള്ള അപാരമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ഠേ!

താഴെ മുട്ടരുത്. അതിനു മുന്നേ പടക്കം പൊട്ടണം. അതാണതിന്റെ ഒരിത്. ഇനിയെങാനും താഴെവീണാൽ, തിരി കെട്ടാൽ, ഒന്നും നോക്കാതെ പൊയി എടുത്തു നോക്കും, പാതി കത്തിയൊടുങ്ങിയ തിരി ഒന്നുകൂടെ കത്തിക്കും. തിരിക്കും പടക്കത്തിനുമിടയിൽ മൈക്രൊ സെക്കന്റുകൾ മാത്രമുള്ളപ്പോൾ ആകാശത്തോട്ടെറിയും.

ഠേ!

ഞാനറിയാതെ തന്നെ എന്റെയാഹങ്കാരവും വളർന്നു. ആ ദിവസങ്ങളിൽ പടക്കം എന്ന ഒരേയൊരു വികാരം മാത്രമാണ് ഞാൻ കൊണ്ടുനടന്നത്. വല്ലാത്തൊരു ആവേശത്തോടെ ഞാൻ പടക്കങ്ങളുമായി പരീക്ഷണങ്ങൾ തുടങ്ങി. മൂന്നോ നാലോ പടക്കത്തിന്റെ തിരികൾ കൂട്ടിയിണക്കി, ചിരട്ടയുടെ കണ്ണിൽ തുളയിട്ട്, അതിൽ തിരുകി വെക്കും. എന്നിട്ട് ചിരട്ട കമിഴ്ത്തി വെച്ച്, തിരിക്കു തീ കൊടുക്കും. മണ്ണിൽ കുഴി കുത്തി, അതിൽ പടക്കം വെച്ച് പൊട്ടിക്കും.

കൃഷ്ണൻ ചേട്ടന്റെ മതിലിന്റെ ഇടിഞ്ഞു തുടങ്ങിയ വെട്ടുകല്ലുകൾക്കിടയിൽ പടക്കങ്ങൾ സുഘമായി കയറിയിരിക്കാമെന്നും, അതുപൊട്ടുന്പോൾ കല്ലിന്റെ ഒരുഭാഗം മനോഹരമായി തെറിച്ചു പോകുമെന്ന് കാണിച്ചു തന്നതും ദിലിച്ചേട്ടനാണ്. ആ ശിഷ്യത്വം എന്നെ ഓലപ്പടക്കം പൊട്ടിക്കുന്നതിൽ അഗ്രഗണ്യനാക്കി.

ആയിടക്കാണ് ഒരു വിഷുക്കാലത്ത് അമ്മയും ചിറ്റമാരും കൂടി കടുത്തുരുത്തിയിൽ ഞങ്ങളുടെ തറവാട്ടിലേക്ക് പോകാൻ തീരുമാനമായത്. അമ്മമ്മയുടെയും, മുത്തച്ഛന്റേയും വക മൂന്നു ചിറ്റമാരും, ഒരമ്മാവനുമാണെനിക്കുള്ളത്. “മുക്കാലിക്കൽ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഞങ്ങളുടെ തറവാട്ടിൽ അമ്മമ്മയും , മുത്തച്ചനും കൂടാതെ, അപ്പുമ്മാവനും അമ്മായിയും, ദേവിചിറ്റയും കുടുമ്പവും താമസിച്ചിരുന്നു.

ബാക്കിയുള്ള രണ്ട് ചിറ്റമാരും, എന്റമ്മയും മാത്രമാണ് ത്യശൂരിൻറെ പ്രാന്ത പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തത്. അതുകൊണ്ട് തന്നെ അവധിക്കാലങ്ങളിൽ ത്രിശൂര് നിന്നും കടുത്തുരുത്തിയിലേക്കുള്ള യാത്ര അന്നത്തെ കാലത്തൊരു സംഭവമായിരുന്നു ഞങ്ങൾക്ക്.

എന്റെ വീട്ടിൽ നിന്നും ഞാനും അമ്മയും. കാരൂരെന്ന ഗ്രാമത്തിൽ നിന്നും, കൊടകര ടൌൺ വരെയെത്താൻ വല്ല ഓട്ടോയും കിട്ടിയാലാലയി. ഇല്ലെങ്കിൽ നടക്കണം. അവിടെ ചാലക്കുടി സ്റ്റോപ്പിൽ മിക്കവാറും രമച്ചിറ്റയും , മൂത്തവൻ അനുവും, അനുജത്തി രാധുവും കാണും. അനുവിനെന്റെ സമപ്രായമാണ് . അവനെന്നെക്കാളല്പം ലോകവിവരം കൂടുതലാണെന്ന് തോന്നിയിരുന്നെങ്കിലും, ഇംഗ്ലീഷ് മീഡിയമാണെന്നറിയാമെങ്കിലും, എന്റെയത്ര പടക്കം പൊട്ടിച്ച് പരിചയം അവനുണ്ടാവില്ല എന്ന അഹങ്കാരമുള്ളതുകൊണ്ട് ഞാനത് ഗൗനിക്കാൻ പോയില്ല.

കൊടകരയിൽ നിന്നും ഓർഡിനറിയിൽ ചാലക്കുടിയിലേക്ക്. അവിടെ ഞങ്ങളെ കാത്ത് പ്രേമച്ചിറ്റയും മൂത്തവൻ പ്രവീണും, അനുജത്തി ലക്ഷ്മിയും കാത്തു നിൽക്കുന്നുണ്ടാവും. പ്രവീണിനും എന്റെ സമപ്രായമാണ്. ചാലക്കുടിയിലെ കുറച്ച് പ്രമാണിമാരുടെ മക്കൾ അവന്റെ കൂട്ടുകാരായുള്ളതെനിക്കറിയാമെങ്കിലും, അവനും ഇംഗ്ലീഷ് മീഡിയമാണെന്നറിയാമെങ്കിലും അവമ്മാർക്കാർക്കെങ്കിലും പത്ത് സെക്കന്റിൽ ഒന്നിന് പുറകെ ഒന്നായി പത്ത് പടക്കം പൊട്ടിക്കാനാകുമോ? ഇല്ല.

എനിക്കാദ്യമായി, പച്ചക്കളറുള്ള വണ്ടി സൂപ്പർ എക്സ്പ്രസ്സാണെന്നും, സൂപ്പർ ഫാസ്റ്റിനും, ഫാസ്റ് പാസ്സഞ്ചറിനും തമ്മിലുള്ള വെത്യാസങ്ങൾ എന്തെല്ലാമാണെന്നും ആ ചാലക്കുടി ബസ് സ്റ്റാൻഡിൽ വെച്ചാണ് അമ്മ എനിക്ക് പറഞ്ഞു തന്നത്.

അവിടെ നിന്നും ഞങ്ങളെല്ലാവരും കൂടി കോട്ടയം വണ്ടി കയറും. വഴിയിൽ എത്ര മാരുതി കാറുകൾ കണ്ടു, എത്ര അംബാസഡർ കാറുകൾ കണ്ടു എന്ന കണക്കെടുപ്പായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. എറണാകുളം വഴിയാണ് പോകുന്നതെങ്കിൽ, ഞാനതു വരെ പോകാത്ത ആ പട്ടണത്തിനെ അദ്‌ഭുതത്തോടെ നോക്കിയിരിക്കും. എല്ലാം പുതുമയുള്ള കാഴ്ചകൾ.

മുക്കാലിക്കലെത്തിയാൽ പിന്നെ ഞങ്ങൾ തവളക്കുളത്തിൽ വീണ ചേരയെപ്പോലെയാണ്. എവിടെനിന്ന് തുടങ്ങണമെന്നൊരു പിടിയുമില്ല. കരോട്ട് പോണം, കൗമുദിചിറ്റയുടെ വീട്ടിൽ പോണം, അവിടെ ശ്രീക്കുട്ടൻ ചേട്ടന്റെ കയ്യിലുള്ള രഹസ്യപ്പെട്ടി തുറന്ന് കാണണം. അതൊരു സംഭവം പെട്ടിയായിരുന്നു ഞങ്ങൾക്ക്. അതിന്റെയുള്ളിൽ പഴയതും, വിലപ്പെട്ടതുമായ പലതുമുണ്ട്. ഓല ഗ്രന്ഥങ്ങൾ, ആനവാൽ കെട്ടിയ മോതിരം, വെളിച്ചം കാണാത്ത മയിൽപ്പീലി അങ്ങിനെ പലതും. അത് തുറക്കാൻശ്രീക്കുട്ടൻ ചേട്ടന് മാത്രമേ അറിയുള്ളൂ എന്നാണ് ഞങ്ങളോട് പറഞ്ഞരിക്കുന്നത്. ഞങ്ങളെ കാണിക്കാൻ താക്കോലിട്ട് അങ്ങോട്ടുമിങ്ങോട്ടും തിരിക്കും. പെട്ടി പതിയെ തുറക്കുന്നുണ്ടെന്ന് കാണിക്കാൻ, ശ്രീക്കുട്ടൻ ചേട്ടൻ മുഖത്ത് പല ഭാവങ്ങൾ വരുത്തും. പൊട്ടാൻ മുട്ടി നിൽക്കുന്ന ആനപ്പടക്കത്തിനെ നോക്കുന്ന പോലെ ഞങ്ങളങ്ങിനെയിരിക്കും.

ക്രിക്കറ്റ് കളിക്കണം, അമ്പലത്തിനടുത്തുള്ള ചായക്കടയിൽ നിന്നും ഗ്യാസ് മിട്ടായി വാങ്ങണം. ടൗണിലെ ബേക്കറിയിൽ നിന്നും പാൽപേട വാങ്ങണം, എന്നിട്ടത് കൗമുദി ചിറ്റയുടെ വീട്ടിലെ ഫ്രിഡ്ജിൽ കൊണ്ടുവെക്കണം. കിണറ്റിൽ നിന്നും വെള്ളംകോരി കുളിമുറിയിലെ ടാങ്കിൽ നിറയ്ക്കണം. കൊക്കോ മരത്തിൽ നിന്നും കൊക്കോ പഴം പറിക്കണം. ഊഞ്ഞാല് കെട്ടണം. പണി പിടിപ്പതാണ്.

അന്ന് വിഷുത്തലേന്നാണ്. അപ്പുമ്മാവൻ അങ്ങാടി വരെ പോകാനുള്ള തയ്യാറെടുപ്പായിരുന്നു. ഒരു കൈ സഹായത്തിനു ഞാനും കൂടെ പോയി. അങ്ങാടി ചന്തയായിരുന്നു അമ്മാവന്റെ ലക്‌ഷ്യം. ഒരു വീട് നിറയെ തിങ്ങി നിറഞ്ഞിരിക്കുന്ന ജനത്തിന് വേണ്ട എല്ലാ പല വ്യഞ്ജനങ്ങളും അമ്മാവൻ വാങ്ങി കൂട്ടി. ഗ്രഹിണി പിടിച്ച ആട് പ്ലാവിലയെ നോക്കുന്ന പോലെ ഞാനതെല്ലാം ചുമ്മാ നോക്കി നടന്നു.

പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്. ചന്തയിലെ തിരക്കുകൾക്കിടയിൽ, ആരും ശ്രദ്ധിക്കാതെ പോയൊരു കട. കട എന്നൊന്നും പറയാനില്ല. ഒരു വയസ്സായ വല്യമ്മച്ചി, മീൻ വിൽക്കാൻ ഇരിക്കുന്ന മട്ടിൽ തന്റെ മുന്നിലെ കുട്ടയിൽ നോക്കി ഒരുക്കുന്നു. ആരും ആ വഴി പോലും പോകുന്നില്ല.
പക്ഷെ ആ കൂട്ടക്കുള്ളിലെ കാഴ്ച കണ്ടപ്പോൾ എന്റെ ഹൃദയം ആഹ്ലാദം കൊണ്ട് പൊട്ടി തകരുമെന്ന് തോന്നി.

ഠേ!

ഓലപ്പടക്കങ്ങൾ! ഒരു കുട്ട നിറയെ ഓലപ്പടക്കങ്ങൾ! പച്ചക്കറി സ്റ്റാളുകൾക്കും മറ്റു വീട്ടു സമാന സ്റ്റാളുകൾക്കുമിടയിൽ, സദ്യയിലയിൽ ക്ഷണിക്കാതെ വന്ന ഈച്ചയെപ്പോലെ അവരും, അവരുടെ പടക്കം നിറച്ച കുട്ടയും.

ആ സന്ധ്യയിലെ തണുത്ത കാറ്റിൽ നനവ് പടർന്നു തുടങ്ങിയ ആ പടക്കങ്ങൾ എന്നെ നോക്കി കേഴുന്നതായി എനിക്ക് തോന്നി. അവരെ ഒരു ചെറു തീനാളത്തോട് ചേർത്ത് വച്ച് , ഗുരുത്വാകർഷണത്തിനെതിരെ പറന്ന് , വലിയൊരു ശബ്ദത്തോടെ ഒന്നുമല്ലാതായിത്തീരാൻ
അവരാഗ്രഹിക്കുന്നതായെനിക്ക് തോന്നി. ഞാനെന്റെയാഗ്രഹം അമ്മാവനോട് പറഞ്ഞു.

കടുത്തുരുത്തിയിൽ ഓലപ്പടക്കങ്ങൾ ഗ്രനേഡിന് സമമാണെന്ന് അമ്മാവന്റെ ചുകന്ന തുടുത്ത മുഖം കണ്ടപ്പോഴാണെനിക്ക് മനസ്സിലായത്. എനിക്ക് പടക്കങ്ങളിലുള്ള പ്രാവീണ്യത്തിനെ കുറിച്ചൊന്നും പറയാൻ ആ സമയം ഉചിതമായി എനിക്ക് തോന്നിയില്ല. ആരുതാത്തതെന്തോ അറിയാതെ എന്റെ നാവിൽ നിന്നും വീണതാണെന്നു കരുതി മിണ്ടാതിരുന്നാൽ മതി എന്ന മട്ടായിരുന്നു അമ്മാവനപ്പോൾ. കോലുമിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കരയുന്ന കുട്ടിയെപ്പോലെ ഞാനമ്മാവന്റെ പിറകിൽ കൂടി. ഇതത്ര അപകടം പിടിച്ച സാധനമല്ലെന്നും, ഞാൻ വളരെ സൂക്ഷിച്ച് കടലാസിൽ വെച്ച പൊട്ടിച്ചോളാമെന്നുമൊക്കെയുള്ള എന്റെ മാർക്കറ്റിംഗ് വാചകങ്ങളിൽ അവസാനം അമ്മാവൻ മുട്ടുകുത്തി.

വാടാത്ത തക്കാളി നോക്കി എടുക്കുന്നപോലെ, അമ്മാവൻ ഓരോരോ പടക്കങ്ങളിലേക്ക് വിരൽ ചൂണ്ടി പൊട്ടാൻ ചാൻസില്ല എന്ന് തോന്നുന്നവ കാണിച്ചു കൊടുത്തു. ആ വല്യമ്മ അമ്മാവൻ ചൂണ്ടിയ പടക്കങ്ങൾ ഒരു കടലാസു പൊതിയിലാക്കി എനിക്ക് തന്നു. ഒരു പൊതി ആലുവ പോലെ, ഒരു പൊതി പാൽ പേട മിട്ടായി പോലെ, ഞാനാ പൊതി എന്നോട് ചേർത്ത് പിടിച്ച് തിരിച്ചുനടന്നു. ആ നിമിഷം മുതൽ മുക്കാലിക്കലെത്തുന്ന വരെ അപ്പുമ്മാൻ എനിക്ക് തന്ന ഉപദേശങ്ങൾ കേട്ടാൽ, പടക്കമെന്നല്ല, വിഷു എന്ന് കേട്ടാൽ പോലും ആരും ഭയന്ന് വിറക്കും. അത്ര ഭയാനകമായൊരു സംഭവമായിരുന്നു അമ്മാവന്റെ മനസ്സിൽ പടക്കങ്ങൾ.

വീട്ടിലെത്തിയിട്ടും അപ്പുമ്മാൻ വെറുതെയിരുന്നില്ല. അമ്മായിയിൽ തുടങ്ങി, അമ്മയുടെയും, ചിറ്റമാരുടെയും ഉള്ളിൽ അപകടത്തിന്റെയും, മുത്തു(എന്നെ മുത്തുവെന്നും, സ്നേഹമുള്ളവർ മുത്തപ്പാ എന്നും വിളിച്ചു പോന്നിരുന്നു) അരുതാത്തതെന്തോ ഇപ്പൊ ചെയ്യും എന്നുമുള്ള ഭയവും ആളിപ്പടർത്തി. അമ്മമ്മയും, മുത്തച്ഛനും എനിക്കെതിരെ ശക്തമായി രംഗത്തു വന്നു. പറഞ്ഞിട്ട് കേൾക്കാത്ത ഇവനെ, എന്ത് വിലകൊടുത്തും പടക്കം പൊട്ടിക്കുന്നതിൽ നിന്നും വിലക്കണമെന്നവർ അമ്മയോട് പറഞ്ഞു. ഞാൻ പടക്കം പൊട്ടിച്ച് നടക്കുന്നത് കണ്ട് ശീലമുള്ളതുകൊണ്ടായിരിക്കണം, ഒന്ന് രണ്ട് തവണ ട്രൈ ചെയ്തിട്ട്, അമ്മ നിർത്തി.

ഞാൻ എല്ലാം മറികടന്ന്, ഒരു മണ്ണെണ്ണ വിളക്കും കത്തിച്ച്, മറുകയ്യിൽ പടക്കപ്പൊതിയുമായി മുറ്റത്തോട്ടിറങ്ങി. പിന്നണിയിൽ എന്താണ് പടക്കമെന്നും, അത് പൊട്ടിയാൽ എന്താണപകടമെന്നും, പടക്കം പൊട്ടിച്ചവർക്കുണ്ടായ അപകടങ്ങളെന്താണെന്നും ഒന്നിന് പുറകെ ഒന്നായി ചിറ്റമാർ പറയുന്നതെനിക്ക് കേൾക്കാമായിരുന്നു.

തറവാടിന്റെ മുറ്റത്ത് അന്ന് ഞാനെന്റെ ജീവിതത്തിൽ അനുഭവിക്കാത്ത അത്രയും പ്രതിരോധവും, വിയോജിപ്പുമാണ് എനിക്ക് നേരിടേണ്ടി വന്നത്. ഒരു വശത്ത്, എന്റെ അമ്മാവനും, അമ്മായിയും, ചിറ്റമാരും എന്നെ പടക്കം പൊട്ടിക്കാൻ വിടാതെ ദേഷ്യപ്പെടുന്നു. മറുവശത്ത്, ഇനിയിതിൽ നിന്നും പിന്മാറിയാൽ തകരുന്ന എന്റെ അഭിമാനം എന്നെ നോക്കി കരയുന്നു. അനുവും പ്രവീണും അങ്ങോട്ടോ.. ഇങ്ങോട്ടോ മറിയാൻ പാകത്തിന് നില്കുന്നു. അവരുടെ മുഖത്ത് യുദ്ധഭീതി നിഴലിച്ചിരുന്നു. എന്റെ മാനം ചീറ്റിപ്പോയൊരു പടക്കമാകാതിരിക്കാൻ ഞാൻ തീരുമാനിച്ചു.

എന്തായാലും, എറിഞ്ഞു പൊട്ടിച്ച് എല്ലാവരെയും കയ്യിലെടുക്കാൻ പറ്റില്ലെന്ന് എനിക്കുറപ്പായി. അവസാനം, കടലാസിന്റെ അറ്റത്ത് വെച്ച് തീ കൊടുക്കാമെന്ന ധാരണയിൽ ഞാനാളെല്ലാവരും ഒത്തു ചേർന്നു.

അമ്മമാരും, കുട്ടികളും, അമ്മാവനും, അമ്മമ്മയും, മുത്തച്ഛനും എല്ലാവരും എന്റെ പടക്കം പൊട്ടിക്കൽ കാണാൻ ഉമ്മറപ്പടിയിൽ വന്നിരുന്നു. സായം സന്ധ്യ ഇരുട്ടിന് വഴിമാറിത്തുടങ്ങിയിരുന്നു. ആദ്യമായാണെനിക്ക് ഇത്രയും വലിയൊരു സദസ്സിനു മുന്നിൽ പടക്കം പൊട്ടിക്കാനുള്ള അവസരമുണ്ടാവുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. വൈകാതെ, ഞാൻ കടലാസിന്റെയൊരറ്റത്ത് ഒരു പടക്കം വെച്ചു.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഈ പടക്കം നാട്ടിലെ പോലെ അല്ല, ഇതിന്റെ തിരിക്കു ചുറ്റും ഒരു കടലാസ് ചുരുട്ടി വെച്ചിരിക്കുന്നു. അതെന്തിനാണെന്ന് എനിക്ക് അന്നും ഇന്നും മനസ്സിലായിട്ടില്ല. ഏതായാലും, അങ്ങിനെ ഞാൻ പതിയെ കടലാസിന്റെ മറുവശത്ത് തീ കൊളുത്തി. തീ പിടിക്കുന്നതിനു മുന്നേ എല്ലാവരും കൂടി ബഹളമുണ്ടാക്കി തുടങ്ങിയിരുന്നു, എന്നോട് ഓടി മാറി നിൽകാൻ. ചുമ്മാ ഒരു പേരിനു വേണ്ടി ഞാൻ കുറച്ചകലേക്ക് നീങ്ങി നിന്നു. എല്ലാവരും ചെവിപൊത്തി, പടക്കം പൊട്ടുന്നതും കാത്തിരുന്നു…

ഠേ!

അത്രക്കധികമില്ലെങ്കിലും, അത്യാവശ്യം സബ്ദത്തോടെ പടക്കം പൊട്ടി. എല്ലാവരുടെയും മുഖം ആകാക്ഷയുടെയും, അത്ഭുതത്തിന്റെയും പരമോന്നത തലങ്ങളിലേക്കെത്തി. എന്റെ ചുണ്ടിൽ ഒരു സാഹസികന്റെ ചിരി പടർന്നു.

കാര്യം വിജയകരമായെങ്കിലും, ആരും എന്നെ പ്രോത്സാഹിപ്പിച്ചില്ല. മാത്രമല്ല, ഇനിയൊന്നും വേണ്ട എന്ന മട്ടിൽ എല്ലാവരും പൊട്ടി തട്ടി എണീക്കാൻ തുടങ്ങി. അതെനിക്ക് സഹിച്ചില്ല. മുക്കാലി മുഴങ്ങുമാർ ഞാനുച്ചത്തിൽ പറഞ്ഞു..

“ഇനി ഞാൻ പടക്കമെറിഞ്ഞു പൊട്ടിക്കും”

വീടിനകത്തേക്ക് കയറാൻ തുടങ്ങിയവർ അതെ വേഗത്തിൽ തിരിഞ്ഞു നിന്നു. ഞാൻ മറ്റൊരു യുദ്ധത്തിനു തയ്യാറെടുത്തു. ശരവർഷം പോലെ അമ്മാവനും, ചിറ്റമാരും എന്നെ ഭീഷണിപ്പെടുത്തി.. മുത്തച്ഛൻ അത്യുച്ചത്തിൽ എന്നോട് കയർത്തു.

ഒന്നും കേൾക്കാതെ, ഉള്ളിൽ ചെറിയൊരു ഭയവുമായി ഞാൻ ഒരു പടക്കം കയ്യിലെടുത്തു. എന്നിട്ടെന്നോട് തന്നെ ചോദിച്ചു, വേണോ?

പിന്നണിയിൽ, ചിറ്റമാരുടെയും, അമ്മാവന്റെയും ശബ്ദം അലയടികളായെന്റെ ചെവിയിലെത്തി. പരമാവധി ശ്രദ്ധ കൈവരിച്ച് ഞാൻ പടക്കത്തിന്റെ തിരി വിളക്കിന്റെയടുത്തേക്ക് കൊണ്ട് ചെന്നു…

പക്ഷെ…

ഈ കടുത്തുരുത്തി പടക്കത്തിന്റെ തിരി ഇത്രവേഗത്തിൽ തീപിടിക്കുമെന്ന് മനസ്സിലാക്കി വരുന്നതിനു മുന്നേ തന്നെ, പടക്കം അതിന്റെ ജോലി തുടങ്ങിയിരുന്നു. ആ തിരിച്ചറിവ്, എന്റെ തലയിൽ നിന്നും കയ്യിലെക്കെത്തുന്നതിനു മുന്നേ പടക്കം അതിന്റെ ജോലി ആരംഭിച്ചിരുന്നു.

ഠേ!

തള്ളവിവരലിനും, ചുരുണ്ടുവിരലിനുമിടയിൽ, ഇക്കിളി കൊണ്ടിരുന്ന പടക്കം, പെട്ടെന്ന് സകല ശക്തിയുമെടുത്ത് പൊട്ടിത്തെറിച്ചു. പിന്നണിയിലെ ചിറ്റമാരുടെ ശബ്ദം വായുവിലലിഞ്ഞു പോയി. പടക്കത്തിന്റെ വിമോചന സമരത്തിൽ പെട്ട മണ്ണെണ്ണ വിളക്കിന്റെ തീ കെട്ടുപോയി. എന്നിട്ടും, എന്റെ കണ്ണുകളിൽ വെളുവെളുത്ത പുളിക്കുന്ന പ്രകാശം മാത്രം. കാതുകളിൽ കരിവണ്ടുകളുടെ കൂത്താട്ടം മാത്രം.

നടന്നത് അപകടമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നതിനു മുന്നേ അപ്പുമ്മാൻ എന്റെയടുത്തെത്തി. എന്റെ കാഴ്ചക്കൊന്നും പറ്റിയിട്ടില്ലെന്ന് അമ്മാവനറിയാൻ വേണ്ടി, പതിവിലും കൂടുതാലായി ഞാൻ കണ്ണ് മിഴിച്ചു പിടിച്ചു നിന്നു. ചെവി കേൾക്കാനൊരു കുഴപ്പവമില്ലെന്നറിയിക്കാൻ, അമ്മാവൻ ചോദിക്കാതെ തന്നെ “ഏയ്.. അങ്ങനെ കുഴപ്പൊന്നൂല്യാമ്മാവാ” എന്ന് പറയുകയും ചെയ്തു.

പൊള്ളുന്ന കൈവിരലുകൾ പോകറ്റിലിട്ട്, ഒരു നനഞ്ഞ പടക്കം പോലെ ഞാൻ വീടിന്റെയകത്തേക്കോടി. പിറ്റേന്ന്, അപമാന ഭാരം താങ്ങാനാവാതെ, ബാക്കി വന്ന പടക്കങ്ങൾ ഞാൻ കൊണ്ടുപോയി കുഴിച്ചിട്ടു.

അന്നുമുതലാണ്, വലിയ പ്രഷർ ഉള്ള ജോലികൾ എന്നെക്കൊണ്ട് ചെയ്യാനാവില്ലെന്ന് ഞാൻ മനസിലാക്കിയത്.

Featured post

മുണ്ട്

Mohanlal-Style-Best

ഊരിയെറിയാൻ പേടിയായിരുന്നെങ്കിലും, ആദ്യമായി എന്റെ മനസ്സിൽ
മുണ്ടിന്റെ ആത്മാവിനെ നട്ടത് ആട് തോമയായിരുന്നു.
തൂക്ക് കയറിൽ നിന്നും ജസ്റ്റ് രക്ഷപ്പെട്ട ഹൈദർ മരയ്ക്കാർക്ക് തോന്നിയപോലെ,
അന്നെനിക്കും ആ ഒരു തോന്നലുണ്ടായി.
ഞാനൊരാജയ്യനാണെന്ന തോന്നൽ.
എട്ടാം താരത്തിലാണെങ്കിലും, പൗരുഷം എന്താണെന്ന് മനസിലാക്കി തന്ന
അച്ഛന്റെ പോളിയിസ്റ്റർ മുണ്ടിനെ,
ഞാൻ അന്നോളമെനിക്കറിയാവുന്ന അല്ലാ ആദരങ്ങളോടും കൂടെ നോക്കി നിന്നു.

എത്രയുടുത്താലും അരയിൽ ഉറച്ചിരിക്കാല്ലായിരുന്നു.
പതിമൂന്നു വയസുകാരന്റെ ഉയരത്തിനെ “പൊടി ച്ചെക്കൻ” എന്ന മട്ടിൽ നോക്കി,
നിലത്തു ചാഞ്ഞു നടന്നു മുണ്ടിന്റെയറ്റം.
അച്ഛന്റെ അത്രയും പ്രായോഗിക പരിശീലനം അമ്മക്കില്ലാത്തതിനാൽ,
മുണ്ടിന്റെ നല്ലൊരു ഭാഗവും ചുരുട്ടി കേറ്റി വലിച്ച് മുറുക്കി ഉടുത്തു തന്നു, അമ്മ.
ഒരു വടം കയർ കെട്ടിയ പോലെ.
ആട് തോമക്കെന്നല്ല , ലോകത്തിലെ ഒരു ശക്തിക്കും അതിനെ അഴിച്ചു കളയാനുള്ള പ്രാപ്തിയുണ്ടായിരുന്നില്ല.

ചോര നിറവും കറുപ്പും ഇടകലർന്ന വിലകുറഞ്ഞ തരം മുണ്ട്,
ഞാനും എന്റെ കൂട്ടുകാരും അതിനെ നരസിംഹം മുണ്ട് എന്ന് വിളിച്ചു.
മുളച്ചിട്ടില്ലെങ്കിലും, ആ മുണ്ടുടുത്താൽ എന്റെ മീശ പിരിയും.
ലോകം കാൽ ചുവട്ടിലാകും, എന്റെ ബി എസ് എ സൈക്കിൾ ഘട ഘട്ട ശബ്ദമുള്ള റോയൽ എൻഫീൽഡാകും.
മുണ്ടിന്റെ പരുത്ത അറ്റം കാൽപാദത്തിന്റെ മുകളിൽ തട്ടി ഉരയുന്പോൾ,
ലാലേട്ടൻ ഒരു പതിനേഴ് വയസുകാരനെ വഷളാക്കി തുടങ്ങിരുന്നു.

അന്പലമുറ്റത്തെ ചരൽ മണലിൽ ടെണ്ടുൽക്കർ ആയി,”അയ് ലവ് മൈ ഇന്ത്യ” സ്റ്റിക്കറൊട്ടിച്ച
ബാറ്റുമായി ഞാൻ നിൽകുന്പോൾ നീ എന്റെ തുടകൾക്കിടയിൽ മറഞ്ഞിരുന്നു തരും.
കൗമാരത്തിന്റെ തീക്ഷ്ണമായ സ്വപ്നങ്ങളിൽ പോരാടി ക്ഷീണിച്ച്,
പാതിമയക്കത്തിൽ കിടക്കുന്പോൾ, വിശ്വസ്തനായ പുതപ്പായി നീ മാറും.
മധുരമുള്ള കദളിക്കഷ്ണം വായിലിട്ടു കഴിഞ്ഞാൽ, എന്റെ കയ്യിനനാവശ്യമാകുന്ന പ്രസാദം,
വീടുവരെ ചുമക്കാൻ അരയിലൊരു പൊതിയുണ്ടാക്കി തരും.
അങ്ങിനെ നാം ആത്മമിത്രങ്ങളാകുകയായിരുന്നു.

പ്രായവും കാലവും മുണ്ടിനു വേണ്ടി അടിപിടി തുടർന്നു.
കാലം ജയിച്ചു, നിത്യവസ്ത്രത്തിൽ നിന്നും, കാൾസറായി, മുണ്ടിന്റെ ആത്മാവിനെ കാർന്നു തിന്നു.
ദൈവങ്ങൾക്കും, മാവേലിക്കും മാത്രമായി മുണ്ടിന്റെ ലോകം ഒതുങ്ങി.
ഞാനും, എന്റെ കസവു മുണ്ടും ഒരുമിച്ചു വേദനിച്ചു.

യൗവനത്തിലെ പൂന്പാറ്റകൾ എങ്ങിനെയാണ് പറക്കുന്നത് എന്ന്
“ഖുശി” യിലൂടെ മാത്രം മനസിലാവുന്ന കാലം.
സിക്സ് പാക് അല്ല, സിക്സ് പോകറ്റുള്ള പാന്റിൽ നാണം മറച്ച കാലം.
കാണുന്ന എല്ലാ പെൺ കുസുമങ്ങൾക്കും എന്നെക്കാൾ ധൈര്യമുണ്ടെന്ന് തോന്നിയ കാലം.
അവരുടെ കണ്ണുകളിൽ “നീ ഓണാശോഷത്തിന് മുണ്ടുടുത്തു വരില്ലേ..” –
എന്ന് പറയുന്പോൾ തിളങ്ങിയ നക്ഷത്രങ്ങൾ,
എന്നെയും, എന്റെ മുണ്ടിനെയും വീണ്ടും അടുപ്പിച്ചു.
ഞങൾ പരസ്പരം നോക്കി ആശ്ളേഷിച്ചു.
മടക്കി കുത്തുന്പോൾ, മുട്ടിനു മുകളിൽ തട്ടി തടഞ് മുണ്ടെന്നൊട് പറഞ്ഞു,
“നോക്കൂ, നിന്റെ കൂട്ടുകാരികൾക്കിതാണിഷ്ടം.”
എന്റെയുള്ളിൽ നാണംകൂനിയിരുന്ന ആത്മവിശ്വാസം ഉയർത്തെണീറ്റു,
രാവണപ്രഭൂവിൽ ഡയലോഗ് ഡെലിവറിക്ക് ശേഷം , തളർന്ന കൈയാൽ താങ്ങി,
മറുകൈ കൊണ്ട് മുണ്ട് മടക്കിയുടുത്ത്, സ്ലോ മോഷനിൽ നടന്ന ലാലേട്ടനെ പോലെ.

നാല് വർഷമായി മുണ്ടുടുത്തിട്ട്.
സായ്പ്പമ്മാർ കളിയാകുമോ എന്ന ഭയം.
സ്വന്തം നാടല്ലല്ലോ എന്ന ഭയം.
ഞാനെന്റെ മുണ്ടിനെ തരം താഴ്‌ത്തിയിരിക്കുന്നു.
ഞാനൊരിക്കലും ചെയുമെന്ന് കരുതാത്ത അപരാധം!

എനിക്ക് മാപ്പു തരിക.
നിന്നെ വിശ്വസിക്കാതെ, നിന്റെ കഴുത്തിൽ ബെൽറ്റിട്ടു നടന്ന,
നിന്നെയോർക്കാതെ കല്യാണ സദ്യയുണ്ട് നടന്ന,
നിന്നെ കൂടെ കൂട്ടാതെ കടല് കടന്ന,
എനിക്ക് മാപ്പു തരിക.

അല്ലെങ്കിലും, ലാലേട്ടനോടുള്ള അത്രേം ഇഷ്ടം,
നിനക്കെന്നോടില്ലെന്ന് പണ്ടേ തോന്നിയിരുന്നു.

Featured post

പനിനീർ പൂവ്

ഒന്നുറപ്പാണ്.
നിന്റെ തലയറുക്കപ്പെടും.

ഒന്നെയിനിയറിയേണ്ടതുള്ളൂ..
അവളുടെ മൃദുലമാം അധരങ്ങളോ,
അതികായൻമ്മാരുടെ മാറിന്റെ മണമോ,
തീപ്പെട്ടവന്റെയലങ്കാരമോ…
ഏതാണ് നിന്റെ ശവമഞ്ചം ?

Featured post

നേരമായ്‌…

ശോഷിച്ച കോശങ്ങളനുസരണ കാട്ടാതെ,
മോഹിച്ച സ്വപ്നങ്ങള്‍ കരുണകാട്ടാതെ,
കൊഴിഞ്ഞു വീഴാന്‍.
നിന്നെയിക്കിളികൂട്ടാനെത്തുന്ന കാറ്റിനാലാ-
രോരുമറിയാതെ പറന്നിറങ്ങാന്‍.

നേരമായ്‌,
നിന്‍ കാല്‍ചുവട്ടിലെന്നും,
ചുമ്പിച്ചുറങ്ങാന്‍,
നിന്‍ ജീവനാടിതന്‍ വിശപ്പടക്കാന്‍,
നിന്‍ ഭോജ്യമായ്‌ അടിഞ്ഞുചേരാന്‍.

നേരമായ്‌,
ഒരുനാള്‍ നിന്റെ ശിഖരങ്ങളില്‍,
നീപോലുമറിയാതെ പുനര്‍ജ്ജനിക്കാന്‍,
കൂവളത്തിലായ്‌ പുണര്‍ന്നുറങ്ങാന്‍.

Featured post

കുട്ടപ്പന്റെ പെണ്ണുകാണല്‍

കുട്ടപ്പന്‍ അങ്ങ്‌ ദുഫായിലാണ്‌ കാശുണ്ടാക്കുന്നത്‌. ജീവിതം ഇങ്ങനെ കാശുണ്ടാക്കാനും, കുടവയര്‍ വീര്‍പ്പിക്കനും മാത്രം ആയാല്‍ പോരാ എന്ന സഹപ്രവര്‍ത്തകരുടെയും, സഹ മുറിയന്മാരുടെയും സദാസമയമുള്ള ഉപദേശങ്ങള്‍ക്ക്‌ വഴങ്ങി ആശാനിപ്പോ നാട്ടിലെത്തിയിരിക്കുകയാണ്‌. ഒരു പെണ്ണിനെ കുടുക്കാന്‍.

കുട്ടപ്പന്‍ ഒരു മഹാ പാവമാണ്‌. ഏതൊരു നാടും കള്ളവുമില്ലാ ചതിയുമില്ലാ എള്ളൊളമില്ലാ പൊളിവചനം എന്ന മട്ടാണ്‌ കുട്ടപ്പന്‌. തെറ്റുകണ്ടാല്‍, “ഓ.. ഇതാണോ തെറ്റ്‌?” എന്ന് ചോദിക്കുന്ന മനസ്സ്‌. പണ്ട്‌ കോളേജില്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട്‌ ആദ്യമായി “ത്രിശ്ശൂരാണല്ലേ വീട്‌…” എന്ന് ചോദിച്ചപ്പോള്‍ പെരുമ്പറ പോലെ മുഴങ്ങിയ ചങ്കുള്ള കുട്ടപ്പന്‌ ഒരു പെണ്ണ്‍ കാണല്‍ എന്ന് പറയുന്നത്‌ ജീവിതത്തില്‍ ആദ്യമായി നടക്കുന്ന “റിയാലിറ്റി ഷോ” ആയിരുന്നു. ആ സീന്‍ അലോജിക്കുമ്പൊഴെ കുട്ടപ്പന്റെ കയ്യും കാലും വിറക്കും.

അല്ല. ഞാനെതിനാ ഇങ്ങനെ വറീഡ്‌ അകുന്നത്‌? ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്‍… അപ്പൊ ഞാന്‍ ശരിക്ക്‌ നോക്കണ്ടേ… സംസാരിക്കണ്ടേ… എന്നൊക്കെ വീണ്ടും വീണ്ടും അലോജിച്ച്‌ കുട്ടപ്പന്‍ ആത്മധൈര്യം വീണ്ടെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അവളുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. ഒറ്റ നോട്ടത്തില്‍ തന്നെ അവളെ വിലയിരുത്താന്‍ എനിക്ക്‌ പറ്റുാ? അവള്‍ എന്നേക്കാള്‍ നന്നായി ഇംഗ്ലീഷ്‌ പറയുമോ? എന്നേക്കാള്‍ കൂടുതല്‍ “ലോക വിവരം” അവള്‍ക്കുണ്ടാകുമോ? തുടങ്ങിയ ആയിരം ചോദ്യങ്ങളില്‍ ഉത്തരം കിട്ടാതെ കുട്ടപ്പന്‍ വീണ്ടും ഭയന്നു വിറച്ചു.

പെണ്‍ വീട്ടിലേക്ക്‌ മൂന്ന് നാല്‌ മണിക്കൂര്‍ യാത്രയുണ്ട്‌. ഉച്ചയൂണിനു നില്‍ക്കാതെ തിരിക്കുകയും വേണം. അതിനാല്‍ കുട്ടപ്പനും കൂട്ടരും അന്ന് നേരത്തേ തന്നെ വീട്ടില്‍ നിന്നിറങ്ങി.അതുകോണ്ട്‌ തന്നെ ഭക്ഷണപ്രിയനായിരുന്ന കുട്ടപ്പന്‌ രാവിലെ ഒന്നും കഴിക്കാന്‍ തരമൊത്തിരുന്നില്ല. കാറോടിക്കന്‍ ഡ്രൈവര്‍ ഉണ്ടായിരുന്നെങ്കിലും, “എന്റെ കാര്‍, എന്റെ കാശ്‌, എന്റെ ഡ്രൈവിംഗ്‌” എന്ന മുദ്രാവാക്യത്തില്‍ അള്ളിപ്പിടിച്ചിരുന്ന കുട്ടപ്പന്‍, തന്‍ തന്നെ വണ്ടിയോടിച്ചാ മതി എന്ന തീരുമാനവും എടുത്തു.

കോഴിക്കോട്ടെ കടല്‍കാറ്റില്‍ മതിമറന്ന് സുന്ദരിയായി നില്‍ക്കുന്ന ഒരു ഗ്രാമത്തിലാണ്‌ അവളുടെ വീട്‌. സ്ഥലമടുക്കും തോറും കുട്ടപ്പന്റെ ആധി കൂടാന്‍ തുടങ്ങി. കുട്ടപ്പന്റെ കാര്‍ റോട്ടിലെ ഒരു തരിപൂഴിപോലും ഇളകാത്ത അത്ര സ്ലോ മോഷനില്‍ ആ ഗ്രാത്തിന്റെ ഇടവഴികളിലൂടെ നീങ്ങി. കാറിലിരിക്കുന്ന എല്ലാവരും എന്തോ ഇടിക്കുന്ന ശബ്ദം കേട്ട്‌ അങ്ങോട്ടുമിങ്ങോട്ടും നോക്കി. കുട്ടപ്പന്‍ മാത്രം അത്‌ കേള്‍ക്കാത്ത പോലെ നെഞ്ചില്‍ കയ്യമര്‍ത്തി കാറോടിച്ചു.

“അതാ.. ആ കാണുന്ന ചുവന്ന ഗേറ്റാ…”

കുട്ടപ്പന്റെ അമ്മാവന്‍ ഒരു വീട്‌ ചൂണ്ടിക്കാട്ടി പറഞ്ഞു.

കുട്ടപ്പന്റെ ഹൃദയം അവന്റെ കാറിന്റെ എഞ്ചിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. മുഖത്തു നിന്നും ചുവന്ന മാര്‍ക്സിസ്റ്റുകാര്‍ പോയി, കോണ്‍ഗ്രസ്സുകാര്‍ വന്നു. ഒരുവിധം കുട്ടപ്പന്‍ വണ്ടി ഗേറ്റിനടുത്തേക്ക്‌ ഒതുക്കിനിര്‍ത്തി.

“ഡാ… നീ നമ്മടെ ഡ്രൈവറാണെന്നെങ്ങാനും ആ കുട്ടി വിചാരിക്കുാ?” അമ്മാവന്റെ സംശയം.

അവര്‍ ഗേറ്റും കടന്ന് വീട്ടിലേക്ക്‌.

കുട്ടപ്പന്റെ കണ്ണുകള്‍ വീടിനെ മൊത്തമായൊന്നു നോക്കി. രണ്ട്‌ നില വീട്‌. കറുത്ത അംബാസിഡര്‍ കാറ്‌. കൊള്ളാം സെറ്റപ്‌…

കുട്ടിയുടെ അഛനെ പോലെ തോന്നിക്കുന്ന ഒരാള്‍ വേഗത്തില്‍ പുറത്തിറങ്ങി വരുന്നു…

“ഹാ… നിങ്ങളെത്തിയോ… ഞങ്ങള്‍ പ്രതീക്ഷിച്ചിരിക്കുവായിരുന്നു… വരൂ… വരൂ… അകത്തേക്കിരിക്കാം…”

കുട്ടപ്പന്റെ കണ്ണുകള്‍ വീടിന്റെ ജനാലകളിലൂടെ നീങ്ങി.. ഇനി അവളെങ്ങാനും അവിടെ എന്നെ നോക്കി നില്‍പുണ്ടാവുമോ… ഞാന്‍ മര്യാദക്കു തന്നെയല്ലേ നടക്കുന്നത്‌? ഡ്രസ്സ്‌ ചുളിഞ്ഞില്ലല്ലോ? മുഖത്ത്‌ റ്റെന്‍ഷന്‍ കാണുമോ? അങ്ങനെ നീണ്ടുപോയി കുട്ടപ്പന്റെ ചിന്തകള്‍.

കാര്‍ന്നോമ്മാരെല്ലാം ചര്‍ച്ചതുടങ്ങി. ഹര്‍ത്താലില്‍ തുടങ്ങി,സന്തോഷ്‌ മാധവനെയും കൂട്ടരേയും വന്ദിച്ച്‌, ഏഴാം ക്ലാസ്സ്‌ വഴി പവര്‍ കട്ടിലെത്തിയിട്ടും ചര്‍ച്ചക്ക്‌ അവസാനം ഉണ്ടായില്ല. അതിലൊന്നും തലയിടാതെ കുട്ടപ്പന്‍ കയ്യില്‍ കിട്ടിയ പത്രത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിക്കൊണ്ടിരുന്നു.

അപ്പോഴാണ്‌ പെണ്ണിന്റെ അമ്മ പലതരം പലഹാരങ്ങളുമായി വന്നത്‌. മുന്നിലിട്ടിരിക്കുന്ന ടീപോയ്‌ മുഴുവന്‍ കളര്‍ഫുള്‍! ലഡു, ജിലേബി, പപ്പടവട, കായ-ചക്ക വറുത്തത്‌, മിക്സ്ചര്‍ അങ്ങിനെ അങ്ങിനെ. രാവിലെ മുതല്‍ പട്ടിണിക്കിട്ടിരുന്ന കുട്ടപ്പന്റെ വയര്‍ മറനീക്കി പുറത്ത്‌ വന്നു.

കയ്യെത്തിച്ചെടുക്കാന്‍ ഏറ്റവും ഉയരത്തിലിരുന്ന ലഡുവായിരുന്നു എളുപ്പം. കുട്ടപ്പന്‍ ഒരെണ്ണമെടുത്ത്‌ പപ്പടവട ശബ്ദമുണ്ടക്കാതെ തിന്നുന്നമാതിരി തിന്നു.

“കൊള്ളാം…” കുട്ടപ്പന്റെ വയര്‍ പറഞ്ഞു.

“ഇനി…?”

ജിലേബി? കയ്യില്‍ മെഴുക്കാവും… ന്നാലും സാരല്ല്യ…

കായ വറുത്തത്‌? ശബ്ദമുണ്ടാക്കാതെ തിന്നണം. ന്നലും സാരല്ല്യ. ഇവരുടെ കത്തിവെക്കലിനിടയില്‍ അത്‌ നിഷ്‌പ്രഭം.

തുടര്‍ന്ന് ചക്ക വറുത്തത്‌… പപ്പടവട… ഇടക്കിടെ ചായ ഒരോ സിപ്പ്‌… കുട്ടപ്പന്‍ അറിയാതെ തന്നെ അതില്‍ മുഴുകിയിരുന്നുപോയ്‌. കാര്‍ന്നോമ്മാരുടെ ചര്‍ച്ചക്കിടയില്‍ എന്നെയരും ശ്രദ്ദിക്കുന്നില്ലാ എന്ന അറിവും കുട്ടപ്പന്റെ കയ്യിനും, വായ്ക്കും പണികൊടുത്തുകൊണ്ടിരുന്നു.

“ന്താ… മ്മടെ പയ്യന്‍ ഒരു ശാന്തപ്രിയനാണെന്ന് തോണൂ? ഒന്നും മിണ്ടണില്ലാ…”

അതുവരെ അവിടെയുണ്ടായിരുന്ന ഒരു “വേവ്‌ ലെങ്ങ്‌തില്‍” നിന്നും വെത്യസ്തമായൊരു ശബ്ദം കേട്ട കുട്ടപ്പന്‍ തലപൊക്കി നോക്കി…

ഞാന്‍ കണ്ടേ…. എന്ന മട്ടില്‍ ഒരു കള്ളക്കണ്ണുമായി പെണ്ണിന്റെ അച്ചന്‍.

കയ്യിലിരിക്കുന്ന ജിലേബിയുടെ ബാക്കി പ്ലേറ്റിലേക്ക്‌ വെച്ച്‌, ചുണ്ടില്‍ നിന്നും എണ്ണമയം തൂവാലകോണ്ട്‌ തുടച്ച്‌, കുട്ടപ്പന്‍ വൃത്തിയായി ഒന്ന് ചിരിച്ചു…

“ഈ വഹ വിഷയത്തിലൊന്നും ഒരു താല്‍പര്യോം ഇല്ലാന്ന് തോന്നണൂ…? ഉവ്വോ?” അതിലെന്തോ ദ്വയാര്‍ദ്ധമില്ലേയെന്ന് കുട്ടപ്പന്‌ തോന്നി. കുട്ടീടെ അച്ചന്‍ വിടുന്നമട്ടില്ല.

ഏയ്‌… ഞാനാ ടൈപ്പല്ലാ എന്ന് അറിയിക്കാന്‍ മാത്രം, അധികം ശബ്ദമുണ്ടാക്കാതെ കുട്ടപ്പന്‍ പറഞ്ഞു,

“ഓഹ്‌.. ഈ വിഷയത്തിലൊന്നും എനിക്ക്‌ താല്‍പര്യമില്ല. അങ്ങ്‌ ദുബായില്‍ ഇതൊന്നുമില്ലല്ലോ…”

“ന്ന് വെച്ചാ? ജിലേബിയോ അതോ കറന്റ്‌ കട്ടോ?” പിന്നേം കുട്ടീടച്ഛന്‍.

“ഞാന്‍ നിങ്ങടെ വര്‍ത്തമാനത്തെ കുറിച്ചാ…” ചെറുങ്ങനെ ഒന്ന് ചമ്മിയെങ്കിലും കുട്ടപ്പന്‍ പറഞ്ഞു.

“ഹ ഹ ഹാ…”

അതുവരെ മിണ്ടാതിരുന്ന കുട്ടപ്പന്റെ ശബ്ദം കേട്ടതിന്റെ ആശ്ചര്യത്തിലായിരിക്കണം, പെണ്ണിന്റെ അച്ചന്‍ ഉറക്കെ ചിരിച്ചു. എല്ലാവരുടെയും ശ്രദ്ധ കുട്ടപ്പനിലായി.

തന്നെ നോക്കിയിരിക്കുന്ന ആറെട്ട്‌ തലകള്‍! കുട്ടപ്പന്റെ ആധി പിന്നെയും കൂടി. ബ്ലഡ്‌ പ്രഷര്‍ കൂടി, ആകെ അസ്വസ്ഥനായി അവന്‍ ഒന്നിളകി ഇരുന്നു. വെളുത്ത തൂവാല കൊണ്ട്‌ ഒലിച്ചിറങ്ങിയ വിയര്‍പ്പ്‌ തുടച്ച്‌ നീക്കി…

“ന്നാ, മ്മക്ക്‌ കുട്ട്യേ വിളിക്കാലേ… ചെക്കന്‌ ഇനി ക്ഷമ കിട്ടീന്ന് വരില്ലാ…” എതോ ഒരു വയസ്സന്‍ ശബ്ധം.

“ഈശ്വരാ… ആ നിമിഷം അടുത്തിരിക്കുന്നു. ഞാന്‍ എന്ത്‌ അവളോട്‌ പറയും? അവളെന്നോടെന്ത്‌ പറയും?” കുട്ടപ്പന്റെ കാലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.

വിളറിയ മുഖം ആരും ശ്രദ്ദിക്കാതിരിക്കാന്‍ അവന്‍ മുഖം താഴേക്ക്‌ പിടിച്ചു. തനിക്കിതൊന്നും ഒരു പ്രശ്നമേയല്ലെന്നറിയിക്കാന്‍, നേരത്തേ വായിച്ച്‌ വെച്ച പത്രം ഒന്നൂടെ എടുത്ത്‌ വായിച്ചു. ഒരു മാറ്റ്രിമോണിയല്‍ പേജ്‌. എതോ അഗോള പ്രശ്നം ചൂടോടെ വായിക്കുന്നപോലെ കുട്ടപ്പന്‍ തന്റെ കണ്ണുകളോടിച്ചു… “ഗ്രൂം വാണ്ടട്‌…. ബ്രൈഡ്‌ വാണ്ടട്‌…”

പത്രം വിറക്കുന്നുണ്ടോ… ഉണ്ടെന്ന് മനസ്സിലാക്കിയ കുട്ടപ്പന്‍ പത്രം മടക്കി മടിയില്‍ വെചു. വേഗം കുറച്ച്‌ മിക്സചര്‍ എടുത്ത്‌ വായിലിട്ടു. ചായ ഗ്ലാസ്‌ കയ്യിലെടുത്ത്‌ പിടിച്ചു. വിറയന്‍ കൂടുന്നുവെന്നറിഞ്ഞ കുട്ടപ്പന്‍ കാലാട്ടാന്‍ തുടങ്ങി.

നെഞ്ചിനിടിപ്പിനിടയില്‍ കാര്‍ന്നോമ്മാരെന്തൊക്കെയോ പറഞ്ഞത്‌ കുട്ടപ്പന്‍ കേട്ടില്ല.

“എന്താ ഡാ… നിനക്ക്‌ കാണണ്ടേ? ന്നാ നിന്നെ അവള്‍ക്ക്‌ കാണണം ന്ന്… തിരിഞ്ഞൊന്ന് നോക്കെഡാ…”

എല്ലാവരും ചിരിക്കുന്നു…

ഓ… അപ്പോള്‍ അവള്‍ എന്റെ വലത്‌ വശത്ത്‌ വാതിലിനോട്‌ ചേര്‍ന്ന് നില്‍ക്കുന്നുണ്ട്‌. ദൈവമേ… എങ്ങിനെ ഞാന്‍ തലയുയര്‍ത്തി അവളെ….

കുട്ടപ്പന്‍ തല പതുക്കെ ഒന്ന് തിരിച്ചു. ഗ്രാനൈറ്റ്‌ തറയിലൂടെ അവന്റെ കണ്ണുകള്‍ അവളുടെ കാലിനോ അല്ലെങ്കില്‍ വാതിലിനോ വേണ്ടി പരതി…

അതാ… ചെറുങ്ങനെ വളച്ച്‌ ഷേയ്പ്പ്‌ ആക്കിയ നഘത്തില്‍ ക്രീം ക്യൂട്ടക്സ്‌ ഇട്ട്‌ രണ്ട്‌ വെളുത്ത കാല്‍പാദങ്ങള്‍!

മുകളിലേക്ക്‌ നോക്കണോ? അവള്‍ എന്നേ നോക്കി നില്‍ക്കുകയാണോ… ? കുട്ടപ്പന്റെ ഹൃദയം വളരെ ലോലമായിപ്പോയി.

ഒരു സെക്കന്റിന്റെ ആയിരത്തിലൊരു ഭാഗം കൊണ്ട്‌ കുട്ടപ്പന്‍ തല ഒന്ന് മേലോട്ടാക്കി, അവളുടെ മുഖം വഴി, സീലിംഗ്‌ ഫാനില്‍ തട്ടി, ചുമരിലെ ശകുന്തളയുടെ പെയിന്റിംഗ്‌ വഴി നേരേ പഴയ മാറ്റ്രിമോണിയല്‍ പേജിലെത്തിച്ചു. എന്നിട്ടൊന്ന് ശ്വാസം വിട്ടു. കര്‍ട്ടനും, ഫാനും, സീലിങ്ങും, ചുമരും, പെയിന്റിങ്ങും ഒക്കെ കൂടി മഴക്കാലത്ത്‌ കാണുന്ന വര്‍ണ്ണരാജി പോലെ തോന്നിയ കുട്ടപ്പന്‌ അതിനിടയില്‍ കുട്ടിയുടെ മുഖം ക്ലിയറായില്ല. വെളുത്ത എന്തോ ഒന്ന് ഇടയില്‍ ഉണ്ടായിരുന്നു. അതവളുടെ മുഖമോ.. അതോ കര്‍ട്ടന്റെ കളറോ എന്നൊരു സംശയം മാത്രം. എതായാലും ഇനിയവളുടെ മുഖത്ത്‌ നോക്കനുള്ള ധൈര്യം കിട്ടില്ലെന്ന് കുട്ടപ്പന്‌ ഉറപ്പായിരുന്നു.

കണ്ണുകള്‍ വീണ്ടും മാറ്റ്രിമോണിയലില്‍ ഊരുചുറ്റിയപ്പൊഴും, ഹൃദയം മിസ്സായിപ്പോയ തന്റെ ഭാവി വധുവിന്റെ മുഖമുദ്രയെക്കുറിച്ചോത്ത്‌ വിഷണ്ണമായിരുന്നു.

“കുട്ട്യോള്‍ക്കെന്തെങ്കിലും മിണ്ടണെങ്കീ….” കുട്ടീടച്ഛന്‍ പിന്നേം.

“എയ്യ്‌… അതൊന്നും വേണ്ടാ… സാരല്ല്യാ…”

അങ്ങേര്‍ പറഞ്ഞ്‌ മുഴുമിപ്പിക്കുന്നതിനു മുന്‍പേ കുട്ടപ്പന്‍ പറഞ്ഞു. ഇപ്പൊഴേ പാതി ജീവന്‍ പോയി. ഇനി ബാക്കീള്ളതെങ്കിലും കളയാതെ നോക്കണ്ടെ.

അധികം വൈകാതെ, അടുത്തു തന്നെ കാണാമെന്ന് പറഞ്ഞ്‌ കൈ കൊടുത്ത്‌ അവര്‍ തിരിച്ചുപോന്നു.

“ഡാ… എന്താഡാ… നീ ഒന്നും മിണ്ടാത്തെ…?”

വണ്ടി കുട്ടിയുടെ ഗ്രാമം കഴിഞ്ഞെന്നുറപ്പാക്കിയ കുട്ടപ്പന്റെ അമ്മാവന്‍ ചോദിച്ചു

“ഉം… പലഹാരങ്ങളൊക്കെ വളരെ നന്നായിരുന്നു. എനിക്കിഷ്ടായി…” കുട്ടപ്പന്‍ പറഞ്ഞു.

“അപ്പോ കുട്ട്യോ? അവളെ ഇഷ്ടായില്ലേ നിനക്ക്‌?”

“അമ്മാവാ… തെരക്കിനിടയില്‍ കുട്ടിയെ ശ്രദ്ദിക്കാന്‍ പറ്റിയില്ലമ്മാവാ…”

അത്‌ പറഞ്ഞതും, കാറിന്റെയുള്ളില്‍ ഒരു കൂട്ടച്ചിരി പടര്‍ന്നു.

[പിന്നീട്‌ അമ്മാവന്‍ വഴി, കുട്ടിയുടെ വീട്ടുകാരോട്‌ ഒരു ഫോട്ടോ അയച്കുതരാന്‍ കുട്ടപ്പന്‍ ആവശ്യപ്പെട്ടു. അപ്പൊഴെങ്കിലും ഒന്ന് നന്നായി കാണാം എന്ന പ്രതീക്ഷയുമയി.]

Featured post

എന്റെ രഹസ്യം പൊളിഞ്ഞു (അനുഭവകഥ)

അഞ്ചാം ക്ലാസില്‍ നിന്നും ആറിലേക്ക്‌ അപ്ഗ്രേഡായ കാലം. അന്നൊക്കെ എന്നും വൈകീട്ട്‌ അമ്പലക്കുളത്തിലെ കുളി ഒഴിച്ചുകൂടാനാവാത്തതായിരുന്നു. വൃത്തിയാവുക എന്നതിലുപരി, പലതരത്തിലുള്ള ജലകേളികളില്‍ പങ്കെടുക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. അരയില്‍, നിക്കറിന്‌ മുകളില്‍ കെട്ടിവെച്ച തോര്‍ത്ത്‌ മുണ്ടുമായി കാരൂരിന്റെ പല ഭാഗത്തുനിന്നും പിള്ളേര്‍ എത്തും… പിന്നെ ഒരു ഒന്ന് രണ്ട്‌ മണിക്കൂര്‍ മരണ കളികളാണ്‌. അതു കഴിയുമ്പോ ട്രാക്റ്റര്‍ കയറിയ കണ്ടം പോലെ അമ്പലക്കുളം ആകെ അലമ്പായി കിടക്കും…

ഊളാക്ക്‌ കുത്തല്‍, കുളത്തിലേക്ക്‌ ചാഞ്ഞ്‌ നിക്കുന്ന തെങ്ങിന്റെ മണ്ടയില്‍ നിന്നും ചാടല്‍, ഡബിള്‍ മലക്കം മറഞ്ഞ്‌, പള്ളയടിക്കാതെ സേഫായി ചാടല്‍ അങ്ങനെ മത്സര ഐറ്റംസ്‌ ഒരുപാടാണ്‌. എല്ലാത്തിനും, അതിന്റേതായ ഭവിഷ്യത്തുകളും ഉണ്ടായിരുന്നു. പള്ളയടിച്ചൊ, പുറം അടിച്ചോ ഉയരത്തില്‍ നിന്നും വീണാല്‍ കിട്ടുന്ന സുഖം അനുഭവിക്കതെ അറിയാന്‍ യാതൊരു നിവൃത്തിയുമില്ല. ഒരു ജൂനിയര്‍ പെര്‍ഫോമറാണെങ്കില്‍ കൂടി, എല്ലാ ഇനങ്ങളിലും ഞാന്‍ അത്യാവശ്യം നന്നായി തെന്നെ പെര്‍ഫോമിയിരുന്നു.

ഞങ്ങള്‍ ആണുങ്ങള്‍ മാത്രമേ ആ സമയം കുളിക്കാന്‍ ഉണ്ടാവാറുള്ളൂ. മറ്റൊന്നും നോക്കാനില്ലാത്തതിനാലും, കുളത്തില്‍ പാമ്പ്‌, ബ്രാല്‌ തുടങ്ങിയ ഇച്ചിരി വലിപ്പമുള്ളതും, കടിച്ചാല്‍ പണിയാകുന്നതുമായ സാധങ്ങള്‍ തീരെ കുറവായതിനാലും, വെറുതേ ഒരു ബുദ്ധിമുട്ടൊഴിവാക്കാന്‍ വേണ്ടി, ആരും ജട്ടിയിട്ട്‌ കുളിക്കാറില്ല. തോര്‍ത്ത്‌ മുണ്ട്‌ മാത്രേ അരയില്‍ ഉണ്ടാവൂ. ഞാന്‍ അക്കാലങ്ങളില്‍ സ്വദവേ ആ സാധനം ഉപയോഗിക്കാത്തതിനാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ചോര്‍ക്കാറെ ഇല്ല.

അന്നൊരവധി ദിവസമായിരുന്നു. സാധാരണ ഞങ്ങള്‍ ജൂനിയര്‍ പിള്ളേര്‍ കളിക്കുമ്പോള്‍, സീനിയര്‍ ഗഡീസ്‌ കുളിക്കാന്‍ എത്താറില്ല. പക്ഷേ, അന്ന് അവധിയായതിനാലോ എന്തോ… അവരും വന്നിരുന്നു. കുളത്തില്‍ നല്ല തിരക്കനുഭവപ്പെട്ടൊരു ദിവസമായിരുന്നു അന്ന്. ജാതി-പ്രായ ഭേദമന്യേ എല്ലാരും ഒത്ത്ചേരുന്ന ഒരസുലഭ മുഹൂര്‍ത്തം. തോര്‍ത്തുമുണ്ടുടുത്ത്‌ ഞങ്ങളിറങ്ങി… അരഭാഗം മാത്രം മുക്കി, ഞങ്ങളാ തരിപ്പിലങ്ങനെ നിന്നു…

അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ദിച്ചത്‌… കുളക്കരയിലതാ നാലഞ്ച്‌ പെമ്പിള്ളേര്‍. അതില്‍ മൂന്നെണ്ണം നമ്മടെ കളിക്കൂട്ടുകാരാണ്‌. ബട്ട്‌, നാലാമത്തെ സുന്ദരിയെ ഞാനാ ഏരിയയിലെന്നല്ല, മനക്കുളങ്ങര, കൊപ്രക്കളം, വഴിയമ്പലം ഏരിയകളിലൊന്നും കണ്ടിട്ടേയില്ല. നമ്മുടെ നാട്ടിലെ പെമ്പിള്ളേര്‍ക്കില്ലാത്തൊരു നിറവും, സ്മാര്‍ട്നെസ്സും അവള്‍ക്കുണ്ടായിരുന്നു. അവളുടെ മുടി മറ്റവളുമാരുടെ പോലെ ചീയാന്‍ ഇട്ട ഓലക്കെട്ട്‌ പോലെ ആയിരുന്നില്ല… അതിനെല്ലാമുപരി, വെള്ളത്തിനടിയില്‍ പള്ളാത്തി വെട്ടുമ്പൊള്‍ ഉണ്ടാകുന്ന തിളക്കം കണ്ട്‌ അവളുടെ മുഖത്ത്‌ വിടര്‍ന്ന ചിരിയായിരുന്നു. ഹോ… സഹിക്കാന്‍ പറ്റില്ല.

റോട്ടിലെ കലക്കവെള്ളത്തില്‍ തലമാത്രം പുറത്തിട്ട്‌ കിടക്കുന്ന തവളകളെപ്പോലെ, ആ കുളത്തില്‍ പത്തിരുപത്‌ തലകള്‍ അവരെ ലാത്രം നോക്കി ഒലിപ്പിച്ചുകൊണ്ടിരുന്നു. അതിലൊരു തലയായി മാറാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അപ്പൊ ഒരു ബോഡി വിത്‌ മസ്സില്‍ ഷോ കാണിക്കാന്‍ ഉള്ള ധൈര്യം എനിക്കില്ലായിരുന്നു.

ആരും വെള്ളത്തിനു മുകളില്‍ വരുന്നില്ല. ആ പെമ്പിള്ളേരാണെങ്കി പോകുന്നുമില്ല. വെള്ളം നിറഞ്ഞ കല്‍പ്പടവില്‍ വരുന്ന മീനിനെ നോക്കി അവരങ്ങിനെ നില്‍കുകയാണ്‌. പണ്ടാരക്കാലികള്‍!!

എന്റെ ഒരു ഗതികേടോര്‍ക്കണേ… പെട്ടന്നതാ കൂട്ടത്തിലൊരുത്തന്‌ ബയങ്കരന്‍ ഒരൈഡിയ. നീന്തല്‍ മത്സരം നടത്താമെന്ന്. അക്കരെ പിടിക്കണം. ഓണ്‍ലി ജൂനിയേര്‍സ്‌. എനിക്ക്‌ നീന്താന്‍ അറിയാമെങ്കിലും, ഇതുവരെ ഞാന്‍ കുളത്തിനക്കരെ വരെ നീന്തിയിട്ടില്ല. പേടിച്ചിട്ടല്ല. അമ്മ പറഞ്ഞിട്ടുണ്ട്‌, അങ്ങനെ നീന്തണ്ടാന്ന്.

പക്ഷേ, ആ പെമ്പിള്ളേര്‍ നോക്കി നില്‍ക്കുന്നുണ്ട്‌. ഞാന്‍ മാത്രം മാറിയാല്‍ എന്റെ മാനം പോകും. വൈകിയാല്‍ അമ്മ ചീത്തപറയും എന്ന് പറഞ്ഞ്‌ കേറിപ്പോകാനാണെങ്കില്‍ എന്റെ നാണവും മാനവും, നനഞ്ഞാല്‍ ട്രാന്‍സ്പരന്റാകുന്ന എന്റെ തോര്‍ത്തും സമ്മതിക്കുന്നുമില്ല. എന്ത്‌ ചെയ്യും…

ഒടുവില്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ നീന്താന്‍ തന്നെ തീരുമാനിച്ചു. ചങ്ക്‌ അമിട്ട്‌ പോലെ ഇടിക്കുന്നത്‌ എനിക്കും, കുളത്തിലെ പരല്‍മീനുകള്‍ക്കും നന്നായി കേള്‍ക്കാമായിരുന്നു.

റെഡീ… വണ്‍… റ്റു… ത്രീ….

ഞാന്‍ കണ്ണടച്ച്‌ നീന്തി… എന്തും വരട്ടെ… എനിക്ക്‌ അക്കരെ വരെ നീന്തിയേ ഒക്കൂ എന്ന് മനസ്സില്‍ കരുതി, സര്‍വ്വശക്തിയുമെടുത്ത്‌ നീന്തി… അവമ്മാര്‍ക്കൊപ്പമാണോ… അതോ ഞാന്‍ മുന്നിലാണോ എന്നൊരു സംശയം മാത്രേ അപ്പൊ ഉണ്ടായിരുന്നുള്ളൂ. ശരീരത്തിലെ നവദ്വാരങ്ങളില്‍ ഒട്ടുമുക്കാലെണ്ണത്തിലും വെള്ളം കയറിത്തുടങ്ങിയത്‌ ഞാനറിഞ്ഞു. പക്ഷേ അതൊന്നും എനിക്ക്‌ ഒരു കാര്യമായി തോന്നിയില്ല. ഞാന്‍ കുതിച്ചു… എന്റെ കാല്‍പാദങ്ങളില്‍ കല്ല് കെട്ടിവെച്ചപോലെ ഒരു ഫീലിംഗ്‌… പിന്നെ കയ്കളും… എന്നിട്ടും, കണ്ണ്‍ തുറക്കാതെ ആഞ്ഞ്‌ നീന്തി…

അക്കരെ എത്തറായെന്ന് എന്റെ മനസ്സ്‌ പറഞ്ഞിട്ടാവണം, ഞാന്‍ കണ്ണ്‍ തുറന്ന് നോക്കി…

മുന്നില്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ കല്‍പ്പടവ്‌ ഉണ്ടായിരുന്നില്ല. ചണ്ടിയും, വള്ളിപ്പടര്‍പ്പും മാത്രം…

ഞാന്‍ തിരിഞ്ഞു നോക്കി…

എന്റെ റൂട്ട്‌ മാറിപ്പോയിരിക്കുന്നു!

വലത്തോട്ടെടുത്താല്‍ പൊട്ടക്കാടാണെന്നെനിക്കറിയാമായിരുന്നിട്ടും, ഞാനവിടെത്തന്നെ എങ്ങിനെ എത്തിയോ ആവോ. അതും, നീന്തല്‍ തുടങ്ങ്യേടത്ത്‌ നിന്ന് കഷ്ടി പത്ത്‌ വാര അകലം കാണും.

സ്ഥലത്തിന്റെ ഡേഞ്ചര്‍ എനിക്കറിയാമായിരുന്നു. നീന്തല്‍ നിര്‍ത്തി, കാല്‌ നിലത്തുറപ്പിക്കാന്‍ നോക്കി. നിലയില്ല. ആകെ ഉള്ള സ്റ്റാമിന മൊത്തം നീന്തിക്കളഞ്ഞതിനാല്‍, ഇനി തിരിച്ചുനീന്താനവില്ലെന്ന് എനിക്കറിയാമായിരുന്നു.

മറ്റൊന്നും അലോജിക്കെണ്ടി വന്നില്ല. ഫുള്‍റ്റിഫുള്‍ സൗണ്ടില്‍ ഞാനലറിക്കരഞ്ഞു…

“ചേട്ടമ്മാരേ… രക്ഷിക്കണേ… രക്ഷി… ണേ… (‘ക്ക’ വെള്ളത്തില്‍ മുങ്ങി).

ചേട്ടമ്മാര്‍ വന്നെന്നെ തിരിച്ച്‌ കൊണ്ടൊന്നു.അവര്‍ അതുവരെ റോളൊന്നും കാണിക്കാതെ നിന്നതെന്തേ എന്ന് എനിക്കപ്പൊഴേ സംശയം ഉണ്ടായിരുന്നു.

കൂട്ടത്തില്‍ ക്രൂരനും, മൂത്തതുമായ ഷാജിയേട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു…

“ഡാ —കളെ… നീന്തലിന്റെ കപ്പ്‌ നമുക്ക്‌ മുത്തപ്പന്‌ കൊടുക്കാം… എല്ലാരും കയ്യടിച്ചോ…” (എന്നെ നാട്ടില്‍ മുത്തു എന്നും, സ്നേഹത്തോടെ മുത്തപ്പാ… എന്നും വിളിച്ചുവന്നിരുന്നു)

അതും പറഞ്ഞ്‌ കട്ട ജിമ്മായ ഷാജിയേട്ടന്‍ എന്റെ അരയിലെ തോര്‍ത്തുമുണ്ട്‌ വലിച്ചൂരി… ഒരാട്ടിന്‍ കുട്ടിയെ പിടിച്ച്‌ പൊക്കുന്നപോലെ, വെറും നാലടി രണ്ടിഞ്ച്‌ മാത്രള്ള എന്നെ വായുവിലേക്കുയര്‍ത്തി…

പരിപൂര്‍ണ്ണ നഗ്നനായി, കുളത്തിലേക്കാഞ്ഞ്‌ നിക്കുന്ന തെങ്ങിന്തലപ്പുകല്‍ക്കിടയിലൂടെ നാണിച്ച്‌ വരുന്ന വെയിലിനെ നോക്കി, ഞാന്‍ അലറിക്കരഞ്ഞു… ആര്‌ കേള്‍ക്കാന്‍…

പിന്നീട്‌ അജു പറഞ്ഞാണ്‌ ഞാനറിഞ്ഞത്‌, അതുവരെ പള്ളാത്തിയേയും, ബ്രാലിനേയും നോക്കിക്കോണ്ടിരുന്ന പെമ്പിള്ളേര്‍ പെട്ടെന്നെന്തോ കണ്ട്‌ പേടിച്ചൊരോട്ടമായിരുന്നു എന്ന്.

Featured post

ഞാന്‍ സ്നേഹിച്ചവരും, എന്നെ സ്നേഹിക്കുന്നവരും.

എന്നും ഞാനിഷ്ടപ്പെടുന്നൊരീ
മണല്‍കാറ്റില്‍ നിന്നുകൊണ്ടലറി വിളിച്ചു ഞാന്‍,
സ്നേഹം.. സ്നേഹം…

കൂര്‍ത്ത മണല്‍തരികളും, കാറ്റും
മൂര്‍ച്ചയുള്ള പല്ലുകള്‍കൊണ്ടെന്‍
ഹൃദയത്തെ കുത്തിനോവിച്ചു.

 എന്നും ഞാനിഷ്ടപ്പെട്ടൊരീ
പുഴയുടൊളങ്ങളില്‍ നിന്നുകോണ്ടലറി വിളിച്ചു ഞാന്‍,
സ്നേഹം… സ്നേഹം…

ദയയില്ലാത്തൊരടിയൊഴുക്കില്‍,
കരയാന്‍ പറ്റാതെ, കയറാന്‍ പറ്റാതെ
ഒഴുകിപ്പോയി ഞാന്‍.

എന്നും ഞാനിഷ്ടപ്പെട്ടൊരീ
മേഘനാദങ്ങള്‍ക്കിടയിലലറിവിളിച്ചു ഞാന്‍,
സ്നേഹം… സ്നേഹം…

ഇടിമിന്നലും, വര്‍ഷവും
മൂര്‍ഛിച്ച ചില്ലുകള്‍ കൊണ്ടെന്‍
കരളിനെ കുത്തിയെടുത്തു.

എനിക്കു പ്രിയമാം ദളങ്ങള്‍ മുറിഞ്ഞുവീണു കരഞ്ഞപ്പോള്‍,
ഒപ്പം ഞാനും അലറിക്കരഞ്ഞു…
സ്നേഹം… സ്നേഹം…

മൃദുലമാം ദളങ്ങള്‍
ബലിഷ്ഠമാം പാശങ്ങള്‍കൊണ്ടെന്നെ
വലിഞ്ഞുകെട്ടി ശ്വാസം മുട്ടിച്ചു.

ഒടുവിലൊരുനാള്‍,
ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നിരുന്നപ്പോള്‍,
എന്നെയെന്നുമിഷ്ടമുള്ളൊരാ വസന്തം വന്നെന്നോട്‌ കൊഞ്ചി…
സ്നേഹം… സ്നേഹം…

സ്നേഹത്തിന്‍ പൂക്കാലം കൊണ്ടവളെന്നെ മയക്കി…
എന്നോടൊരു തരി സ്നേഹം പോലും ചോദിക്കാതെ.

Featured post

ഞാന്‍ മരിച്ചിതെങ്കിലും.

marichithenkilum.jpg

ഇന്നീ നിലാവിന്‍ പുകയുള്ള രാത്രിയില്‍,
ഈ പാടവരമ്പില്‍ പാട്ടുകള്‍പാടി..
ഒരു തെന്നലായ്‌ ഞാന്‍ വരും.

നമ്മളൊരുമിച്ചിരുന്നൊരീ ആല്‍ത്തറയും,
നമ്മളോടിക്കളിച്ചൊരീ മാവിന്തോപ്പും,
പനിനീര്‍ ചെടികളും, ചെമ്പകവും,
കുറ്റിമുല്ലയും പൂക്കുന്ന നിന്റെ വീട്ടിലെ-
പൂന്തോട്ടവവും കടന്ന്.

നിന്റെ മുറിയിലെ
മരത്തിന്റെയഴികളിട്ട ജാലകത്തിലൂടെ-
ഭാരമില്ലാത്തൊരു കാറ്റായി ഞാന്‍ വരും.

നിന്‍ മേശമേല്‍-
നീയെനിക്കായെഴുതിയ കടലാസു കെട്ടും,
ഞാന്‍ നിനക്കേകിയ ചന്ദനമരത്തിന്റെ തൂലികയും കടന്ന്.

എന്നെ മാത്രം സ്വപ്നം കണ്ടൊരാ,
പാതിമറച്ച നിന്‍ പൂമുഖം ഞാന്‍ നോക്കിനില്‍ക്കും.
നീയെന്നുമെന്നെ സ്നേഹിച്ചതും,
എനിക്കായ്‌ തന്ന ചുമ്പനങ്ങളുമോര്‍ത്ത്‌.

നിലാവിന്‍ വെളിച്ചം,
നിന്റെയുറക്കം കളയാതെ,
കടല്‍ക്കാറ്റിനലകള്‍,
നിന്നെയലട്ടാതെ,
എന്റെയോമനപ്പെണ്ണിനെ ഞാന്‍ നോക്കും.

അറിയാതെപോലുമെന്‍ കണ്ണീര്‍-
നിന്റെ ദേഹത്തു വീഴാതെ…
അറിയാതെയെങ്കിലുമെന്നെ-
മറന്നനിന്നെ ശപിക്കാതെ…
ഞാന്‍ തിരികെമടങ്ങും.

നിന്റെ പൂന്തോപ്പില്‍-
നിന്നൊരു പൂവെടുക്കുന്നു ഞാന്‍.
അതിനു നീ നിന്റെയനുജനെ തല്ലരുത്‌.
ശപിക്കാം എന്നെ നിനക്കാവോളം.

Featured post

കാമം കൊണ്ടൊരു കവിത.

എന്നിലെയിത്തിരിമധുരം
നുണഞ്ഞലിഞ്ഞനിന്നധരങ്ങള്‍,
കഴിഞ്ഞൊരോണത്തിനുണ്ട പാല്‍പായസംപോല്‍…

പിന്നിലേക്കൊരുമിച്ചൊലിച്ചിറങ്ങീ കേശഭാരങ്ങ-
ളിന്നലേ ഞാന്‍ കണ്ട സപ്രമഞ്ചംപോല്‍…
വിടരാന്‍ വെമ്പുന്നു, കൂമ്പിയോരാമ്പല്‍കള്‍…
പടരാന്‍ തുടിക്കുന്നു, പടയായ്‌ പ്രണയം…

ചേമ്പിലമാറില്‍ മഴത്തുള്ളിപോല്‍ നിന്‍-
ചേലുള്ളമാറിലെന്‍ ചുടുമുത്തുകള്‍…
മൗനമീമഴയില്‍ അലിഞ്ഞുപോ-
യിനിയീ കിതപ്പിന്റെയലകളും…

ആലിലയില്‍ ഞാന്‍ ചിത്രം വരക്കുമ്പോള്‍,
കൊഞ്ചലായ്‌ വേണ്ടെന്നു കണ്ണുരുട്ടുന്നുനീ…

പ്രകാശം പൊതിഞ്ഞുവോ നിന്മുഖം,
എന്നെ മയക്കിച്ചിരിച്ചുവോ…

പുറത്തിനിയും തോരാത്തമഴയില്‍,
പെയ്തുതോരുന്നു ഈ പ്രണയമന്ദാരങ്ങള്‍…

തളര്‍ന്നുറങ്ങുമ്പൊഴും ഞാന്‍കൊതിച്ചു,
പൂരപ്പറമ്പില്‍ പടക്കം പെറുക്കാന്‍…

download PDF of this post

________________________________________________________

Featured post

വന്യജീവികൾ

വയറ് വറ്റിയപ്പോഴറിയാതെ വഴിതെറ്റി കാടുകയറിയാതായിരിക്കണം,
വെളുത്ത തുണിയുടുക്കുന്ന,
നരഭോജികളും സ്വാർത്ഥരും മാത്രമുള്ള കാട്ടിലേക്ക്,
ഞാനും ഞങ്ങളും ഒളിച്ചിരിക്കുന്ന കാട്ടിലേക്ക്,
നീയറിയാതെ വന്നുപോയതാകണം.

വന്യജീവികൾ ഞങ്ങൾ.
ഞങ്ങൾക്ക് വിശക്കുന്പോൾ കണ്ണ് കാണില്ല.

പുഴയും, കാറ്റും, മഞ്ഞും,
പൂക്കളും , പുലികളും, ആനകളുമുള്ള
നിന്റെ നാട്ടിൽ തന്നെയുറങ്ങിയാൽ മതിയായിരുന്നില്ല?
അവിടെ പട്ടിണി കിടന്നു മരിക്കാമായിരുന്നില്ലേ?
ഒന്നുമില്ലെങ്കിലും,
എന്തിനാണ് നീ മരിച്ചതെന്ന് മനസ്സിലാകുമായിരുന്നല്ലോ.

വന്യജീവികൾ ഞങ്ങൾ.
ഞങ്ങളെയാർക്കും മനസ്സിലാവില്ല.

(BBC ൽ കേരളത്തിന്റെ ഭൂപടം വന്നപ്പോൾ അഭിമാനാം തോന്നിയ നിമിഷം എഴുതിയത്)
http://www.bbc.com/news/world-asia-india-43165745

ചിന്തകൾ ഉണ്ടാക്കുന്നവർ

ചുറ്റും ചിന്തയുണ്ടാക്കുന്നവരുടെ ലോകം.
എന്നെ ചിന്തിക്കാൻ വിടാത്തവരുടെ ലോകം.

കാഴ്ചയായും, സബ്ദമായും
അവരുണ്ടാക്കിയ ചിന്തകളെന്നിൽ കുത്തിക്കയറുന്നു.

അവരുണ്ടാക്കിയ ചിന്തകളെ ഭോഗിച്ച്,
അവർ പറയും വഴിയിലൂടെ നടന്ന്,
ഒരു ഭാഗ്യവാനെപ്പോലെ ഞാൻ ജീവിക്കുന്നു.

നിന്നെയെന്തിനു കൊള്ളാം?

കുരക്കാനറിയുമോ?
കഥയറിയാതെയാട്ടം കാണാനെത്തുന്ന പൂവന്‍ കൂട്ടത്തെ നോക്കി,
ശബ്ദവും ഉമിനീരും മോഷ്ടിച്ച് നുണ തുപ്പുന്ന വടിതാങിയെ വായോട് ചേര്‍ത്ത് കുരക്കാനറിയുമോ?

തലോടാനറിയുമോ?
രോഷവും, കാമവും, ഭാവവും വെള്ളമറയിട്ട് ചുറ്റി,
ചെയ്യുന്ന പാപങ്ങള്‍ കണ്ണടച്ചിരുട്ടാക്കി, ഉണങിയ ഹ്രിദയങളെ മാറോട് ചേര്‍ത്ത് തലോടാനറിയുമോ?

ചിരിക്കാനറിയുമോ?
തിന്നുതീര്‍ടത്തൊരങ്കാരങ്ങള്‍ കക്ഷത്തിലാക്കി,
കാലം വിഴുപ്പെറുക്കിയ കമ്പിയിഴകള്‍ക്കിടയിലൂടെ, ഇന്നലെവരെയെന്നെ പ്രിയനാക്കിയവരെ നോക്കി ചിരിക്കാനറിയുമോ?

സൗന്ദര്യമോഹം

കാലമെമ്പൊട്ടൊഴിഞ്ഞീടിലുമറിഞീല
കാതലാമെൻ സൗന്ദര്യമോഹം

ഇമയിളകാതെയാനന്ദംപൂണ്ടൊരവൾതൻ കാന്തിയോ
ഇണമുറിയാതവൾപാടും കോകിലപ്രിയയോ
നാസികാഭ്രമമായവൾതൻ കേശതൈലമോ
നമ്രഭാരമേറ്റവൾതൻ അധരമധുവോ

കാലമെമ്പൊട്ടൊഴിഞ്ഞീടിലുമറിഞീല
കാതലാമെൻ സൗന്ദര്യമോഹം

മുന്നേ നടന്നവര്‍

എന്റെ വഴികളും ഒട്ടും വെത്യസ്ഥമല്ല.
കടപ്പട്ട വെച്ചുണ്ടാക്കിയ ഊഞാലില്‍ ഉച്ചത്തിലാടുമ്പോള്‍,
ഭാരമില്ലാതാവുന്നൊരാ ചെറുമാത്രയില്‍
കയറില്‍ നിന്നും കൈവിടാനും,
നിലാകാശത്തിന്റെ ഭാഗമായങിനെ
പറന്നു നടക്കനും ഞാനാഗ്രഹിച്ചിരുന്നു.

പലവശങളില്‍ നിന്നും എന്നെ മുറുക്കി വലിക്കുന്ന വടങള്‍
മോഹങള്‍, ശാപങള്‍…
അവരെ അറുത്തെറിയാനുള്ള കഴിവെനിക്കില്ല.

എനിക്ക് മുന്നേ നടന്നവരെപ്പോലെ ഞാനും.

നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം

പുകഴ്പ്പാട്ടുകളവള്‍ക്കവിശ്വസനീയങ്ങളായാലോ…
കളിയാക്കലുകള്‍ ഒരുപക്ഷേ സത്യമാണെന്ന് തോന്നിയാലോ…

അനാവശ്യമായ ആദരവിനാല്‍ നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ്‌ ദാമ്പത്യം.

അവസാനത്തെ അവസരം

ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് തോന്നിയോ…
ഞാന്‍ നിന്നെ സ്നേഹിച്ചതില്ലെന്ന് തോന്നിയോ…
ഞാന്‍ നിന്നെ വേദനിപ്പ്പിച്ചെന്ന് തോന്നിയോ…
എന്റെ ചുമ്പനങ്ങള്‍ മരവിച്ചതാണെന്ന് തോന്നിയോ…
തുറന്നു പറയുക,
നിനക്ക്‌ പശ്ചാത്തപിക്കാന്‍ ഇനിയൊരവസമില്ല,
പ്രകാശത്തിന്റെ മറുകരയിലേക്ക്‌ ഞാന്‍ യാത്രയാവുകയാണ്‌,
ഇരുട്ടിലെന്നെയറിയാന്‍ ആരുമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍.

കൂട്ടുകാരി

ഇടവഴിയിലെ ചുമന്ന ചെളിവെള്ളത്തില്‍ കാലുകൊണ്ടു പടക്കം പൊട്ടിക്കാന്‍… 

ചേറ്‌ തേച്ചു മിനുക്കിയ വരമ്പിന്‍ സുഷിരങ്ങളില്‍നിന്നും തലയിടുന്ന കക്കകളെ നോക്കിച്ചിരിക്കാന്‍… 

വര്‍ഷമാസങ്ങളില്‍ നിറയുന്ന ചാലില്‍ വരിയിടുന്ന തുപ്പലം കൊത്തികളെ ശല്യപ്പെടുത്താന്‍… 

കടപ്ലാവിന്റെ തണലില്‍ ഞാന്‍ കെട്ടിയൊരൂഞ്ഞാലില്‍ ഇരുത്തിയാട്ടാന്‍…. 

പൂഴിമണല്‍ ചോറും, വെളിവെള്ളം സാമ്പാറും, ശീമയിലപ്പൊരിയലുമുണ്ടാക്കി, അഛനുമമ്മയും കളിക്കാന്‍… 

എനിക്കൊരു കൂട്ടുകാരിയെ കിട്ടി…

കാട്ടുതീ!

കാട്ടുതീ ജീവിതത്തിലുമുണ്ട്‌. 
സ്വച്ഛശാന്തങ്ങളായവയെല്ലാം കരിച്ചില്ലാതാക്കുന്ന, 
ഭാഗ്യമുള്ളവര്‍ മാത്രം പുതുനാമ്പുകളായ്‌ മുളക്കാന്‍ വിധിക്കപ്പെടുന്ന, 
അസഹ്യമായ തീ!

ചില സ്കൂളോര്‍മ്മകള്‍

അങ്ങിനെയിരുന്നപ്പോള്‍ ഞാന്‍ ഏഴാം തരം വരെ പഠിച്ച മനക്കുളങ്ങര കൃഷ്ണ വിലാസം യു.പി സ്കൂളിന്റെ ഓര്‍മ്മകള്‍ ഓടി വന്നു. ഒരു തനി നാട്ടിന്‍ പുറത്തെ പള്ളിക്കൂടം… അവിടെ പഠിക്കുന്നത്‌ കൂലിപ്പണിക്കാരുടെയും, കൃഷിപ്പണിക്കാരുടെയും മക്കള്‍. ഒരു പക്ഷേ ഞാനേറ്റവും കൂടുതല്‍ അഹ്ലാദിച്ച്‌ പഠിച്ച ഏഴുകൊല്ലം… അതിന്റെ നിറം, മണം, ശബ്ദം….

നിറം:

ക്ലാസ്സുമുറിയിലെ കറുത്ത ബോര്‍ഡ്‌, മാസത്തിലൊരിക്കല്‍ അത്‌ കറുപ്പിക്കാന്‍ തേക്കുന്ന കടും നീല മഷിക്കട്ട. വെളുത്ത അക്ഷരങ്ങള്‍, ഡ്രോയിംഗ്‌ മാഷ്‌ വരക്കുന്ന പച്ചയും, മഞ്ഞയും കലര്‍ന്ന ഇലകള്‍, പൂക്കള്‍.

ചെളി പിടിച്ച്‌ മുഷിഞ്ഞ ഡെസ്ക്കില്‍ കോമ്പസ്സു കൊണ്ടും, പേന കൊണ്ടും പോറിയിട്ട വരകളും, ചുവന്ന മഷിപ്പേനയാല്‍ ഞാന്‍ വരച്ചിട്ട ലിജോ മോന്‍ ബസ്സിന്റെ പടവും, ഡൊണാള്‍ഡ്‌ ഡക്കും.

എന്റെ വെളുത്ത ഷര്‍ട്ടും, ചുവന്ന ട്രൗസറും, കവിതയുടെയും, സന്ധ്യയുടെയും മഞ്ഞ ഉടുപ്പും (അത്‌ മുഷിഞ്ഞിട്ടാണെന്ന് അന്നറിയില്ലായിരുന്നു), അതിനുള്ളിലെ വെള്ള ഉടുപ്പും.

ക്ലാസിന്റെ മുകളിലെ അഴിക്കോലുകളില്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഒട്ടിച്ച കാവിയും വെള്ളയും, പച്ചയും, അതിനൊപ്പം യൂത്ത്‌ ഫെസ്റ്റിവലിന്റെ ബാക്കി ഉണങ്ങിയ കുരുത്തോലകളും.

ഇളം മഞ്ഞ, പച്ച, ചുവപ്പ്‌ നിറത്തിലുള്ള ചോദ്യപ്പേപ്പറുകള്‍, കറുത്ത കുത്തുകളുള്ള വില കുറഞ്ഞ ഉത്തരക്കടലാസുകള്‍.

വരാന്തയിലേയും, ക്ലാസിലേയും സിമന്റിട്ടു മിനുക്കിയ തറയിലെ പൊളിഞ്ഞ്‌ തുടങ്ങിയ ഭാഗങ്ങളിലെ വെളുത്ത പൊടി, മുഴുവന്‍ ഓട്ട വീണു തുടങ്ങിയ ചുമരുകളിലെ ചുടുകട്ടകളുടെ ചുവന്ന നിറം.

എന്റെ ക്ലാസിനു പിന്നിലെ വലിയ പഴച്ചക്ക പ്ലാവിന്റെ മഞ്ഞയും, പച്ചയും, ഉണക്കയും നിറഞ്ഞ ഇലകള്‍, താഴെ വീണ്‌ ചീയുന്ന ചക്കയുടെ ഇളം പച്ച നിറം.

ചുവന്ന ചെളിവെള്ളം, ചുവന്ന ഗോലികളി ക്കളം, ചുവന്ന കാലുകള്‍, ക്ലാസ്സ്‌ ഫോട്ടോ എടുക്കാന്‍ നേരത്ത്‌ നെറ്റിയില്‍ ഇടുന്ന കുങ്കുമം.

ജോബിച്ചേട്ടന്റെ കടയിലെ ചുവന്ന നാരങ്ങ മുട്ടായി, കറുത്ത ഒട്ടിപ്പു മുട്ടായി, ഉപ്പിലിട്ട ലൂബിക്ക, നെല്ലിക്ക, ഇളം ചുവപ്പ്‌ ചാമ്പക്ക. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന റൈനോള്‍ഡ്സ്‌ പേനയുടെ നീല, വെള്ള നിറം, സ്കെച്ച്‌ പേനകളുടെ സപ്ത വര്‍ണ്ണം.

പിന്നെ…
ലഷ്മിയുടെ നെറ്റിയിലെ കളഭത്തിന്റെ നിറം.

മണം:

ഉച്ചക്ക്‌ ചോറ്റുപത്രം തുറക്കുമ്പോള്‍ വരുന്ന മുഷിഞ്ഞ തൈരിന്റെയും, കൂര്‍ക്ക ഉപ്പേരിയുടെയും മണം, ലിന്റോന്റെ പാത്രത്തിലെ മീനിന്റെയും, മുട്ടയുടെയും മണം. പുറത്ത്‌ ഇലയിലും, കിണ്ണത്തിലും വിളമ്പുന്ന റ്റ്യൂബ്‌ ലൈറ്റ്‌ പോലെ വെള്ള നിറത്തിലുള്ള കഞ്ഞിയും ചെറുപയറുപ്പേരിയും ചേര്‍ന്ന മണം.

ഔസ്സേപ്പേട്ടന്റെ കടയില്‍ ആദ്യമായി പോയി വാങ്ങിയ മണം വരുന്ന മഷിയുള്ള പേന, അവിടുത്തെ നാരങ്ങാ വെള്ളത്തിന്റെ മണം.

ഉച്ചക്കോടി ക്കളി കഴിഞ്ഞ്‌ ക്ലാസിലിരിക്കുമ്പോള്‍ വരുന്ന പൊട്ട മണം, സവിതയുടെ നല്ല മണം. സൗമ്യാ സി യുടെ അത്തറിന്റെ മണം, ഗമക്കായി ചേട്ടന്റെ സ്റ്റോക്കില്‍ നിന്നും പൂശാറുള്ള ചന്ദനത്തൈലത്തിന്റെ മണം.

റബ്ബര്‍ ബാന്‍ഡ്‌ തോക്കിന്റെ മണം, ഛര്‍ദ്ദില്‍ വന്നപ്പോള്‍ സലീന ടിച്ചര്‍ തല പിടിച്ച്‌ മണപ്പിച്ച ചിതല്‍ക്കൂടിന്റെ മണം, പൊടിപോയപ്പോള്‍ ടിച്ചര്‍ കണ്ണിലൊഴിച്ച മുലപ്പാലിന്റെ മണം.

ആദ്യത്തെ മഴയില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നിറയുന്ന പൊടിമണം, ജലദോഷം വന്ന് മൂക്കടയുമ്പോള്‍ വരുന്ന രസമുള്ള മണം.

പിന്നെ…
ലക്ഷ്മിയുടെ തലയിലെ മുല്ലപ്പൂവിന്റെ മണം.

ശബ്ദം:

കൂട്ടുകാരോട്‌ മുഴുവന്‍ ഡെസ്കില്‍ ചെവി വെക്കാന്‍ പറഞ്ഞിട്ട്‌, അതിനടിയില്‍ കയ്കള്‍ കൊണ്ട്‌ ഞാന്‍ കൊട്ടുന്ന ശിങ്കാരി മേളം, വെടിക്കെട്ട്‌.

ബെല്ലടി മാഷ്ടെ ബെല്ലടികള്‍, സ്കൂള്‍ ലീഡറായ ഞാന്‍ രാവിലെ അസംബ്ലിയില്‍ ഊതുന്ന വിസിലിന്റെ ശബ്ദം. ഒരുനാള്‍, മൂട്‌ പോയ വിസിലൂതിയിട്ട്‌ വന്ന ആവി പോകുന്ന പോലത്തെ ശബ്ദം, അത്‌ കേട്ട്‌ ടിച്ചര്‍മാരടക്കം എല്ലാവരും കൂടി ചിരിച്ച ശബ്ദം.

ജനഗണമനയുടെ “ജയഹേ” എന്ന് എല്ലാവരും കൂടി അലറുന്ന ശബ്ദം. “മാര്‍ച്ച്‌ ബാക്ക്‌” എന്ന എന്റെ ശബ്ദം.

സുഭദ്രട്ടീച്ചറുടെ പേടിപ്പിക്കുന്ന കരകരപ്പന്‍ ശബ്ദം, തോമസ്‌ മാഷുടെ രാവണശബ്ദം, ഡ്രോയിംഗ്‌ മാഷുടെ ഒച്ചയില്ലാത്ത ശബ്ദം.

പിന്നേ…
ലക്ഷ്മിയുടെ “ഇക്കിളി”യാക്കുന്ന ശബ്ദം.

ചില രങ്കങ്ങള്‍ (മറക്കാനാവാത്തത്‌):

സവിതയുടെ ക്ലാസ്സ്‌ മുറി അടിച്ചുവാരല്‍.

സംസ്കൃതം ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍ കസേരയില്‍ കാല്‍ കയറ്റി വെച്ച്‌ നഘം വെട്ടുന്നത്‌, തോമസ്സ്‌ മാഷ്‌ എന്റെ കയ്യ്‌ നീട്ടി വെച്ച്‌ അടിക്കാന്‍ ഓങ്ങുമ്പോള്‍ നീണ്ടു വരുന്ന നാവ്‌.

ചന്ദ്രന്‍ മാഷ്‌ റോന്തു ചുറ്റാന്‍ നടക്കുമ്പോള്‍ വാലുപോലെ പിന്നിലേക്ക്‌ നീട്ടിയിടുന്ന ചൂരലും, അതിന്റെ ആട്ടവും.

ഹെഡ്‌ മാഷ്‌ ചക്രപാണി മാഷ്‌ (എന്റെ അച്ഛന്‍) ഞാന്‍ ബബിള്‍ ഗം തിന്നുന്നത്‌ കണ്ട്‌ എന്നെ പൊക്കിയതും, എല്ലാരുടെയും മുന്നില്‍ വെച്ചെന്നെ തല്ലിയതും, അത്‌ ലക്ഷ്മി അറിഞ്ഞതും.

പരീക്ഷാ സമയത്ത്‌ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ചുരുട്ടി കൊണ്ടുപോകുന്ന ഇന്‍സ്റ്റ്രുമന്റ്‌ ബോക്സ്‌, അതിലെ ഹിരോഷിമ, നാഗസക്കി ബോംബാക്രമണത്തിന്റെ ഫോട്ടോകള്‍ (അത്‌ ലക്ഷ്മിക്ക്‌ വേണമെന്ന് പറഞ്ഞിരുന്നു).

കൃഷ്ണവിലാസം യു.പി സ്കൂളിലെ ഏഴാം ക്ലാസിലെ അവസാന പരീക്ഷയും കഴിഞ്ഞ്‌,അവള്‍ക്ക്‌ ആഴ്ച്ചപ്പതിപ്പും, ഒരു ഗുഡ്‌ ബൈ യും കൊടുക്കാന്‍ ജോബ്യേട്ടന്റെ കടക്ക്‌ മുന്നില്‍ കാത്ത്‌ നിന്നത്‌, അവളുടെ ചേച്ചി അവളെ കൊണ്ടുപോകാന്‍ വന്നത്‌, തിരിഞ്ഞ്‌ നോക്കാതെ അവള്‍ പോയത്‌.

അവള്‍ അഞ്ചില്‍ നിന്നും ആറിലേക്ക്‌ ജയിച്ചതും, സ്കൂള്‍ ലീഡറായതും പിന്നീട്‌ ബിജു പറഞ്ഞറിഞ്ഞപ്പോള്‍ വന്ന വേദനയുള്ള സന്തോഷം.
………………………………

………………………..അങ്ങിനെ ഒരുപാടൊരുപാടോര്‍മ്മകള്‍.

ഞാന്‍ ഹാപ്പിയാണ്‌. എന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്നും.

ഗാങ്ങ്‌ വാര്‍

മനക്കുളങ്ങര യു.പി സ്കൂളിലെ എന്റെ അഞ്ചാം വര്‍ഷം. പഠനത്തില്‍ എന്നെ എന്നും മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളി ലിന്റോയും, സൗമ്യാ സി യും റോളടിച്ചു നടന്നു. മൂന്നമതെങ്കിലും എത്തിയത്‌ പാരന്റ്‌സ്‌ നല്ല വഴക്കം വന്ന ടീചേഴ്സ്‌ ആയതു കൊണ്ടും,അച്ചന്‍ സ്കൂളിലെ ഹെഡ്‌ മാഷായതു കൊണ്ടും, അമ്മയുടെ റൈനൊള്‍ഡ്സ്‌ പെന്നിന്റെ ക്യാപ്പ്‌ കൊണ്ടുള്ള പിച്ചുകൊണ്ടും മാത്രം.

“ആ അഞ്ച്‌ ബിയിലുള്ള മണികണ്ഠനെ കണ്ട്‌ പഠിക്കെഡാ നാശമേ… അവന്റെ ആസനം താങ്ങി നടക്കാനുള്ള യോഗ്യതയില്ലല്ലോടാ നിനക്ക്‌…” എന്ന അമ്മയുടെ കലിതുള്ളിയുള്ള ഡയലോഗും (ലിന്റോയും, സൗമ്യയും അല്ല, അമ്മയുടെ കൂട്ടുകാരി സീതട്ടീച്ചറുടെ മകന്‍ ഫസ്റ്റായതിനാണിതെന്നോര്‍ക്കണം), അതിന്റെ ഫോളോ അപ്പ്‌ ആയി അവന്‍ ക്ലാസില്‍ ഒന്നാമനാവുകയും ചെയ്തത്‌ എന്റെ മനസിനേയും അലട്ടുകയും, തത്‌ഫലം കുപ്പിക്കായ കളി, കുട്ടീം കോലും കളി എന്നിവയിലുള്ള എന്റെ ഫോം നഷ്ടപ്പെടുകയും ചെയ്തു.

കളിയില്‍ കാര്യമായി തന്നെ തോറ്റ്‌, കടം വാങ്ങി കളിച്ച തീപ്പട്ടിപടങ്ങള്‍ തിരിച്ചെങ്ങിനെ കൊടുക്കും എന്നോര്‍ത്ത്‌ വിഷണ്ണനായി ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.

ശ്രീ.ധേഷ്‌, അവന്റെ അനിയന്‍ ശ്രീ.ജിത്ത്‌, അവരുടെ അയല്‍ക്കാരന്‍ ശ്രീ.നാഥ്‌ എന്ന ഞാന്‍. ഞങ്ങള്‍ മൂന്ന് പേരായിരുന്നു മിക്കവാറും ഒരുമിച്ച്‌ പോയും വന്നുമിരുന്നത്‌. ഞാനും, ശ്രീ.ജിത്തും അഞ്ചിലും, ശ്രീ.ധേഷ്‌ ഏഴിലും.

ബഡായി കാച്ചുക എന്നത്‌ ഒരു കലയായി വളര്‍ത്തിയെടുക്കാന്‍ എനിക്ക്‌ സഹായകമായത്‌ സ്കൂളിലേക്കും, തിരിച്ചും നടക്കാനുള്ള ആ 3 കീമീ ദൂരമാണ്‌.

വീട്ടിലെ ചാമ്പയില്‍ കറന്റ്‌ കൊടുത്തിട്ടുണ്ടെന്നും, ഇനിയാവഴി ആരെങ്കിലും വന്നാല്‍ ഓട്ടോമറ്റിക്കായി കറന്റടിക്കുമെന്നും, കടുത്തിരുത്തിയിലെ തറവാട്ടില്‍ മത്തങ്ങാ വലുപ്പത്തില്‍ മാങ്ങ ഉണ്ടാവുമെന്നും, അരവിന്ദ ഡിസില്‍വയുടെ ബാറ്റിനുള്ളില്‍ സ്പ്രിങ്ങ്‌ വെച്ചിട്ടുണ്ടെന്നും തുടങ്ങി അമ്പരപ്പന്‍ ബഡായികള്‍ കേട്ട്‌ വാ പൊളിക്കുന്ന അവമ്മാരെ നോക്കി നില്‍ക്കാന്‍ ഒരു സുഖം തന്നെയായിരുന്നു.

അങ്ങിനെ അമേരിക്കയില്‍ ഒരിക്കലും മധുരം കഴിയാത്ത ഒരുതരം ബബിള്‍ഗം ഉണ്ടെന്ന് പറഞ്ഞ്‌, അതിന്റെ നിറവും ഗുണവും എക്സ്‌പ്ലെയിന്‍ ചെയ്ത്കൊണ്ട്‌ ഞങ്ങള്‍ മൂന്ന് പേരും വീട്ടിലേക്ക്‌ പോകുന്ന സമയം. കാളവണ്ടിക്കാരന്‍ ആന്ത്രോസിന്റെ വീടിനെ സൈഡിലുടെ ഇറങ്ങി, അങ്ങേര്‍ടെ വളപ്പിലൂടെ ചെന്നാല്‍ പാടത്തേക്കിറങ്ങാന്‍ പറ്റും.

പാടത്തിന്റെ എത എത്തിയപ്പോള്‍ കൂട്ടത്തില്‍ മൂത്ത ശ്രീ.ധേഷ്‌ എന്തോ പന്തികേട്‌ മണത്തു. അവന്‍ അകലേക്ക്‌ കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു.

അതാ, അങ്ങകലെ, ഒരു മുഴുത്ത ശീമക്കൊന്ന വടി ഫ്രഷ്‌ ആയി വെട്ടിയെടുത്തതിന്റെ ഒരറ്റം മണ്ണിലും, മറ്റേ അറ്റം ആസനത്തിലും ഊന്ന് കൊടുത്ത്‌, കയ്യും കെട്ടി ഒരുത്തന്‍ വഴിക്കു കുറുകേ നില്‍ക്കുന്നു.

ഞാന്‍ കണ്ട സിനിമകളിലെ ഒരു വില്ലന്‍ ലുക്ക്‌ അവനുണ്ടായിരുന്നു.

“മുത്തൂ, വേഗം കഴുത്തിലെ രുദ്രാക്ഷമാല മാറ്റിക്കോ.” ശ്രീധേഷ്‌ എന്നോടാക്രോശിച്ചു.

“എന്താ പ്രശ്നം?”

“അവന്‍ അടിയുണ്ടാക്കാന്‍ വന്നതാ. അവനെത്‌ ചോദിച്ചാലും നീ ചക്രപാണി മാഷ്ടെ മോനാണെന്നും, അച്ഛനോട്‌ പറഞ്ഞു കൊടുക്കുമെന്നും പറയണം. അപ്പോ അവന്‍ പൊക്കോളും….”

“ഉം.. ശരി. പക്ഷേ അച്ഛനറിഞ്ഞാ എന്നേം തല്ലും”

“നിന്നെ തല്ലില്ലെടാ. അവനാ പ്രശ്നം ണ്ടാക്ക്യേ. നീ പറഞ്ഞാ മതി.”

“ഹെഡ്‌ മാഷിന്റെ മോന്‍” എന്ന ആ പൊസിഷന്‍ ഞാനധികം മുതലെടുക്കറില്ലേങ്കിലും, തനിക്കുള്ള വില അസാരമാണെന്ന എന്റെ തിരിച്ചറിവ്‌ എനിക്ക്‌ പ്രചോദനം നല്‍കി.

“ഉം, ഞാന്‍ പറഞ്ഞു കൊടുക്കും!”

“ഇനി അവന്‍ ചോദിച്ചില്ലെങ്കിലും നീ പറഞ്ഞേക്ക്‌… കേട്ടോ ഡാ”

“ഉം…”

പക്ഷേ ജീവിതത്തില്‍ ആദ്യമായി നേരിട്ട്‌ ഒരടി കാണാന്‍ പോകുന്നതിന്റെ ത്രില്ലൊന്നും അന്നേരം എനിക്ക്‌ തോന്നിയില്ല. കയ്യും കാലും സര്‍ഗ്ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന്‌ വന്ന പോലെ വിറച്ച്‌ തുടങ്ങി.

ഞങ്ങള്‍ അവന്റെ അടുത്തെത്തി.

“നിക്കെഡാ. തീര്‍ക്കാനുള്ളത്‌ തീര്‍ത്തിട്ട്‌ പോഡാ…. @#!@#@” എന്നവന്‍ പറഞ്ഞ്‌ തീര്‍ന്നതും വടിയെടുത്ത്‌ ഞങ്ങള്‍ക്ക്‌ നേരേ വീശിയതും ഒരുമിച്ചയിരുന്നു. അവമ്മാരേക്കാളും ഒരു പൊടിക്ക്‌ പൊക്കം കുറവായതിനാല്‍ ഞാന്‍ ജസ്റ്റ്‌ രക്ഷപ്പെട്ടു,

പിന്നെ അവിടെ നടന്നത്‌ മരണ പോരാട്ടമായിരുന്നു. രണ്ടു പേരും പോത്തിനെപോലെ ശരീരമുള്ളവര്‍. വെളുത്ത യൂണിഫോം പാടത്തെ മഞ്ഞച്ചേറില്‍ മുങ്ങി. കടിച്ചും, മാന്തിയും ആത്മസുഹൃത്തുക്കളെപ്പോലെ അവര്‍ കെട്ടിപ്പിടിച്ച്‌ ഉരുണ്ടുമറിഞ്ഞു. “ഡിഷ്യും ഡിഷ്യും” എന്ന ശബ്ദങ്ങളോ, പറന്ന് വന്നുള്ള അടികളോ ഒന്നും ഞാന്‍ കണ്ടില്ല. ചുരുക്കം ചില മൂളലും, മുരക്കലും, പ്രെഷര്‍ കുക്കറില്‍ നിന്നും ആവി പോകുന്ന പോലെയുള്ള ശബ്ദങ്ങളും മാത്രം.

അടുത്തുള്ള തെങ്ങിന്റെ ബാക്കിലേക്ക്‌ ഞാന്‍ സൗകര്യപൂര്‍വ്വം മാറി നിന്നു. ചങ്കിടിപ്പ്‌ വളരേയധികമായിരിക്കുന്നു. എന്റെ ചുവന്ന ട്രൗസര്‍ എങ്ങിനെ നനഞ്ഞു എന്നാലോജിക്കാന്‍ പോലും അന്നേരം തോന്നിയില്ല.

ഒടുക്കം രണ്ടാള്‍ക്കും “ഓ, ഇന്നിനി നിര്‍ത്താം” എന്ന് തോന്നിയതുകൊണ്ടോ എന്തോ, തല്ല് നിര്‍ത്തി. പക്ഷേ പച്ചത്തെറികള്‍ മാലപ്പടക്കം പോലെ അപ്പൊഴും വന്നുകൊണ്ടിരുന്നു.

“നീ നോക്കിക്കോ… ഇവന്‍ ചക്രപാണി മാഷ്ടെ മോനാ. നാളെ നിന്നെ പൊക്കിയില്ലെങ്കി നോക്കിക്കോ. ഞാന്‍ പറഞ്ഞാ ഇവന്‍ കേള്‍ക്കും. ഇവന്‍ പറഞ്ഞു കൊടുക്കും”

അതിനിടയില്‍ എനിക്കൊരു ഗസ്റ്റ്‌ റോള്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. തെങ്ങിന്റെ സൈഡില്‍ നിന്നും കാലുകള്‍ കൂട്ടിവെച്ച്‌ ഞാന്‍ നീങ്ങി നിന്നു.

“ഇല്ലേറാ.. നീ ഇന്നന്നെ അച്ഛനോട്‌ പറഞ്ഞ്‌ കൊടുക്കില്ലേ…?” ശ്രീധേഷ്‌ എന്നിലുള്ള വിശ്വാസത്തില്‍ എന്നോട്‌ ചോദിച്ചു.

ഞാന്‍ ഒന്നും മിണ്ടിയില്ല.

“മ്മക്ക്‌ പ്പത്തന്നെ പറഞ്ഞു കൊടുക്കാം ല്ലെറാ…?”

ഞാന്‍ ദയനീയമായി ശത്രുവിനെ നോക്കി.

പെട്ടന്ന് അവന്‍ എന്നോട്‌ ചോദിച്ചു,

“ഡാ… നീ മാഷ്ടെ മോനാ?”

“ഉം…”

“നീ പറഞ്ഞു കൊടുക്കോ?”

“ഏയ്‌.. ഇല്ല”

“ഹും. പറഞ്ഞാ ണ്ടല്ലാ, നിനക്കും കിട്ടും.”

“ഏയ്‌… ഞാന്‍ പറയില്ല. ദൈവാണെ സത്യം”

“ഉം, ന്നാ മാഷ്ടേ മോന്‍ ഓടിക്കോ. ഇത്‌ ഞങ്ങള്‍ തീര്‍ത്തോളാം…”

“ഉം…”

അന്ന്‌ ഞാനിട്ട, ഒന്നൊന്നര കീമീ ദൂരമുള്ള മനക്കുളങ്ങര – കാരുര്‍ പാടം റൂട്ട്‌ എതാനും മിനിട്ടുകള്‍ കൊണ്ട്‌ കവര്‍ ചെയ്ത ആദ്യ വെക്തി എന്ന എന്റെ റെക്കോഡ്‌ വെട്ടിക്കാന്‍ പിന്നീടാര്‍ക്കുമായിട്ടില്ല.

അക്ഷരാരംഭ കാണ്ഡം.

അച്ഛന്‍ പഠിച്ച കൊടകര LP സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ദ്ധിച്ച്‌ എന്റെ അച്ഛന്‍ എഴുതി അവതരിപ്പിച്ച ഒരു കവിത…

അക്ഷരാരംഭ കാണ്ഡം. (click on the image to get it enlarged)


അജ്ഞാത ജീവി!

മൂവാണ്ടന്‍ മാങ്ങക്കുള്ളത്‌ പോലെ, കന്നിമാസത്തില്‍ നായകള്‍ക്കുള്ളത്‌ പോലെ, മഴക്കാലത്ത്‌ പോപ്പിക്കും, ജോണ്‍സിനുമുള്ളതുപോലെ, അജ്ഞാത ജീവിക്കും അതൊരു “സീസണ്‍” കാലമായിരുന്നു.

ഗഡി ശരിക്കും ഉണ്ടോ, അതോ വല്ല തലമൂത്ത കള്ളമ്മാരും ആധുനിക രീതിയില്‍ കക്കാന്‍ നടക്കുന്നതാണോ എന്നൊന്നും അറിയുന്നതിനു മുമ്പേ, എല്ലാരും കൂടിയങ്ങ്‌ തീരുമാനിച്ചു..

ഇതതു തന്നെ! അജ്ഞാത ജീവി.

ആറ്‌ കാലും, വാ നിറയെ പല്ലും, പശൂന്റത്ര വലിപ്പവുമുള്ള സാധനം. ഒരൊറ്റ കമ്മിന്‌ ഒന്നാന്തരമൊരു മുട്ടനാടിനെ അകത്താക്കും. അതും ഒരീസം അങ്ങ്‌ ചാവക്കാട്‌ കോഴിയെ കമ്മിയാല്‍ പിറ്റേന്നങ്ങ്‌ പാലായില്‍ മാടിനെ. ആര്‍ക്കും പിടികൊടുക്കാതെ ആ ജ്ഞാത ജീവി പത്രങ്ങളിലൂടെയും, ടിവീയിലൂടെയും ജനഹൃദയങ്ങളെ കീഴടക്കി.

വിഷം വെച്ചും, കെണി വെച്ചും ജീവിയെ കുടുക്കാന്‍ നോക്കിയവരുടെ ആടുകളുല്‍ മാടുകളും ആ വിഷം തിന്നു ചത്തൊടുങ്ങിയതല്ലാതെ ജീവിയുടെ പൊടിപോലും കിട്ടിയില്ല.

പതുക്കെ വീരസാഹസികന്മാരായ ചിലര്‍ പ്രസ്താവനകള്‍ ഇറക്കി,

“ഞാനതിനെ ഇന്നലെ വീടിന്റെ പിന്നാമ്പുറത്ത്‌ കണ്ടതാ ന്നേയ്‌… ഒരു നിഴലു പോലേ കണ്ടുള്ളൂ.. ന്നാലും ഒരു വലിയ ചെന്നായേടേ പോലേണ്ടാര്‍ന്നൂ…”

ഇങ്ങനെ കഥകളിത്യാദി വെള്ളിയാഴ്ച്ചയാണോന്നൊന്നും നോക്കാതെ ഡെയ്‌ലി ബേസില്‍ റിലീസായിക്കൊണ്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും വല്ലാതെ ഭയപ്പെട്ട ഒരേ ഒരാളെ അന്ന് എന്റെ നാട്ടിലുണ്ടായിരുന്നുള്ളൂ.

ഞങ്ങള്‍ “അയ്പ്പേട്ടോ…” എന്ന് വിളിക്കുന്ന അയ്യപ്പന്‍ ചേട്ടന്‍. മധുരപ്പതിനേഴില്‍ നിക്കുന്ന രണ്ട്‌ പശുക്കളും, പിച്ചവെക്കുന്ന ആട്ടിങ്കുട്ടികളും സ്വന്തമായുള്ള ഏതൊരു മുതലാളിക്കും തോനുന്ന ധാര്‍മികമായ ഭയമേ അയ്പേട്ടനും തോന്നിയുള്ളൂ.

ജീവി എയിമാക്കുന്നത്‌ ആടിനേയും, പശുവിനേയും മാത്രമാണെന്ന വാര്‍ത്ത, രാത്രികാലങ്ങളില്‍ സ്വന്തം മാരുതി കാറിനെ തൊഴുത്തിന്റെ സൈഡിലേക്ക്‌ മാറ്റാനും, മാടുകളെ കാര്‍പ്പോര്‍ചിലേക്ക്‌ സേഫായി കെട്ടിയിടാനും അയ്പ്പേട്ടനെ പ്രേരിപ്പിച്ചു. കുടിലില്‍ നിന്ന് മാളികയിലേക്കുള്ള മാറ്റം മാടുകള്‍ക്ക്‌ “അടിച്ചു മോനേ…” എന്ന് ഇന്നസെന്റ്‌ കിലുക്കത്തില്‍ പറയുമ്പോ ഉണ്ടാകുന്ന ഫീലിംഗ്‌ പോലെയായിരുന്നു.

വീടിനോട്‌ ചേര്‍ന്ന് തന്നെ അയ്പേട്ടന്റെ പെങ്ങള്‍ക്കായി ഒരു വീട്‌ പണി നടക്കുന്നുണ്ട്‌. പെങ്ങള്‍ വിദേശത്തയതിനാല്‍,കരിങ്കല്ല്, മണ്ണ്‍, കട്ട, സിമന്റ്‌, കമ്പി, തുമ്പി തുടങ്ങി വീടു പണിയുടെ എല്ലാ മേല്‍നോട്ടവും അയ്പ്പേട്ടനായിരുന്നു. രവിലെ പത്ത്‌ മണിയായാല്‍ വാര്‍പ്പ്‌ കഴിഞ്ഞ വീടിനെ മോളില്‍ വലിച്ചുകെട്ടിയ മുണ്ടുമായി, ഫയര്‍ഫോഴ്‌സ്‌ കാരുടെ സ്റ്റെയിലില്‍ അങ്ങേരങ്ങിനെ വെള്ളം തെറിപ്പിച്‌ നില്‍ക്കുന്നത്‌ കാണാം.

പുതിയ സ്ഥലം നന്നേ പിടിച്ച മാടുകള്‍ക്ക്‌ കിടപ്പറ കക്കൂസാക്കി മാറ്റാന്‍ ഒരു ദിവസം പോലും വേണ്ടി വന്നില്ല. അല്ലെങ്കിലും അവര്‍ക്കറിയോ ഇത്‌ അയ്പ്പേട്ടന്റെ കാര്‍പ്പോര്‍ച്ചാണെന്ന്. മുട്ടിയപ്പോള്‍ അവരങ്ങ്‌ സാധിച്ചു കാണും.

എന്നിട്ടും എന്നും വളരെയധികം വൃത്തിയോടെ ഇതെങ്ങിനെ കാര്‍പ്പോര്‍ച്ച്‌ എന്നും കിടക്കുന്നു എന്ന സംശയം തീര്‍ന്നത്‌ ഒരീസം രാവിലെ അമ്പലത്തില്‍ പോയപ്പോഴാണ്‌. എണിറ്റാല്‍ ഒരു ബെഡ്കോഫിയും, ഒപ്പം പത്രവും കിട്ടിയില്ലെങ്കില്‍ ദേഷ്യം പിടിക്കുന്ന അയ്പ്പേട്ടന്‍ ദേ, അതിരാവിലെ തോത്തുമുണ്ടും ഉടുത്ത്‌, പാളയും കയ്യില്‍ പിടിച്ച്‌ കാര്‍പ്പോര്‍ച്ചില്‍ കുനിഞ്ഞിരുന്ന് ഒരക്കുന്നു. സഹധര്‍മ്മിണിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രതീകമായി മാറിയതാകാം, അയ്പ്പേട്ടന്‍.

എന്നും പത്രമെടുത്താലാദ്യം അയ്പ്പേട്ടാന്‍ നോക്കുന്നത്‌ അജ്ഞാത ജീവിയുടെ അപ്ഡെറ്റ്‌സ്‌ ആയിരിക്കും. നമ്മുടെ ഏരിയായിലേക്കെങ്ങാനും എത്തിയോ എന്നറിയാന്‍. ഭാഗ്യത്തിന്‌ ഇതുവരെ സ്വന്തം മാടുകളിലൊരെണ്ണത്തിനും വിസ കിട്ടിയില്ലല്ലോ എന്നൊര്‍ത്ത്‌ അയ്പ്പേട്ടന്‍ സമാധാനിച്ചു.

നാട്ടിലെ പ്രധാനിയും, എല്ലാവര്‍ക്കും വളരെ വേണ്ടപ്പെട്ടവനുമായിരുന്നു കൈസര്‍ എന്ന നായ. വളരെ അച്ചടക്കമുള്ളവനും, പരിചയമില്ലാത്ത “സുന്ദരി”പ്പട്ടികളെ കണ്ടാല്‍ ഒട്ടും മൈന്‍ഡാക്കാതെ നടക്കുന്നവുമായിരുന്നു കൈസര്‍. നാട്ടിലും, അയല്‍നാട്ടിലും നല്ലൊരു സുഹൃത്‌ വലയമുള്ള, ക്രോണിക്‌ ബച്ചിലര്‍.

വല്ലപ്പൊഴും, പറമ്പുകളില്‍ നിന്നും പറമ്പുകളിലേക്ക്‌ പാട്ടും പാടി റോമിംഗ്‌ നടത്തുന്ന കൈസര്‍ എന്റെ വീട്ടിലും വരുമായിരുന്നു. രജാവായി, കമ്മ്യൂണിസ്റ്റ്‌ പച്ചകളെ ശത്രുക്കളാക്കി, ഈര്‍ക്കില്‍ തലപ്പു കൊണ്ട്‌ തലകള്‍ അരിഞ്ഞിട്ട്‌, വെലസി നടന്ന എന്റെ കൂടെ അന്ന് കാവല്‍ഭടനായി കൈസറും കൂടി. ഞാന്‍, ചെടിത്തലപ്പുകള്‍ ഈര്‍ക്കിലി വെച്ച്‌ അരിഞ്ഞിടുന്നതും, വാഴപ്പിണ്ടികളില്‍ അമ്മ പപ്പടം കാച്ചാനെടുക്കുന്ന കമ്പികൊണ്ട്‌ രക്തം വാര്‍ന്നൊഴുകുന്ന വരെ “വികാര പ്രക്ഷുബ്ധനായി” ആഞ്ഞാഞ്ഞ്‌ കുത്തുന്നതും “എന്തെരെഡേയ്‌ ഇത്‌…” എന്ന സ്റ്റെയിലില്‍ കൈസര്‍ ക്ഷമയോടെ നോക്കി നിന്നത്‌ അതൊക്കെ കഴിഞ്ഞ്‌ ചെലപ്പോ കിട്ടാന്‍ ചന്‍സുള്ള പട്ടി ബിസ്കറ്റ്‌ പ്രതീക്ഷിച്ച്‌ മാത്രമായിരിക്കണം.

അങ്ങിനെ “രാജ്യങ്ങള്‍” ഒരോന്നായി കീഴടക്കി ഞാനും കൈസറും അയ്പ്പേട്ടന്‍ മേല്‍നോട്ടം വഹിക്കുന്ന പുതിയ വീടിന്റെയടുത്തെത്തി. “ശത്രുക്കള്‍ പതിയിരിക്കുന്ന കോട്ട” യാണെന്നാണ്‌ എനിക്ക്‌ തോന്നിയത്‌. എന്നിലെ ധീരനായ യോദ്ധാവ്‌ സട കുടഞ്ഞ്‌, മേത്തുള്ള പൊടി മുഴുവന്‍ കളഞ്ഞു. ഞാനും കൈസറും അകത്തേക്ക്‌ കയറി.

പതുക്കെ പതുക്കെ, വളരെ ശ്രദ്ദയോടെ ഞാന്‍ ഒരോ “അടികളും” വെച്ചു.

പച്ചാളം പാപ്പച്ചന്‍ പണ്ട്‌ പറഞ്ഞ പോലെ, “എങ്ങും കൂരാക്കൂരിരുട്ട്‌… ചീവീടുകള്‍ ചിലക്കുന്ന ശബ്ദം…”. ജനലുകളെല്ലാം അടഞ്ഞിരിക്കുന്നു. കാലില്‍ പേടിപ്പെടുത്തുന്നതരം തണുപ്പും, തരുതരിപ്പും അനുഭവപ്പെട്ടു. ഒരോ അടിയും വക്കുമ്പൊള്‍ കാലുകള്‍ താഴ്‌ന്നു പോകുന്നപോലെ…

രാജാവും, ശത്രുവും, കോട്ടയുമെല്ലാം ഒരുജാതി സ്പീഡില്‍ എങ്ങോട്ടോ ഓടിപ്പോയി. ഒപ്പം എന്റെ ധൈര്യവും.

“അയ്പ്പേട്ടാ….”

ഇതൊക്കെയെന്ത്‌… എന്നമട്ടില്‍ ഞാനുറക്കെ അയ്പ്പേട്ടനെ വിളിച്ചു.

“ട്ടാ… ട്ടാ…” എന്ന ശബ്ദം എക്കോയിട്ട്‌ തിരിച്ചുവന്നു. അതും അമ്പാടി ടാകീസിലെ സറൗണ്ട്‌ സൗണ്ടില്‍. കൈസര്‍ വാലുപൊക്കിയിരുന്നോ എന്നറിയില്ല,കിട്ടാവുന്നത്ര സ്പീഡില്‍ അവനോടി.

ആരും വിളികേള്‍ക്കുന്നില്ലെന്ന് ഒറപ്പക്കിയ ഞാന്‍ പതിയെ തിരിഞ്ഞു. മൂന്നോ നാലോ സ്റ്റെപ്പുകള്‍ മാത്രം എടുത്ത്‌ മിന്നല്‍ വേഗത്തില്‍ ഞാന്‍ പുറത്തെത്തി. “എയ്‌.. നത്തിംഗ്‌ റ്റു വറി…” എന്ന് മനസില്‍ പറഞ്ഞ്‌, വേഗം വീട്ടിലോട്ട്‌ വിട്ടു.

പിറ്റേന്ന് പുട്ടടിയും കഴിഞ്ഞ്‌ അമ്പലപ്പറമ്പില്‍ ക്രികറ്റ്‌ കളിക്കാന്‍ പോയ എന്നെ നന്തപ്പന്‍ വിളിച്ചു നിര്‍ത്തി. നന്തപ്പന്‍ ഉരുളക്കിഴങ്ങിന്റെ ആകാരമുള്ള, ചീനി മുളകിന്റെ സ്വഭാവമുള്ളവന്‍.

“ഡാ.. നീ അറിഞ്ഞോ…?”

“ഇല്ലാ…. ന്തേ?”

“ഡാ.. മ്മടെ അയ്പ്പേട്ടന്റെ പുതിയ വീട്ടില്‍ അജ്ഞാത ജീവി കേറീന്ന്… അയ്പ്പേട്ടന്‍ അതിനെ നേരിട്ട്‌ കണ്ടൂന്ന്. ആളിപ്പോ കുളിരു കേറി കെടപ്പാ…”

“ആണാ… ശരിക്കും കണ്ടോ? ”

“ഉം… കണ്ടൂ… പണി നടക്കുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം തറയില്‍ ടെയില്‍സ്‌ ഇടാനായി സിമന്റ്‌ ഇട്ടിരുന്നു. രാത്രി വന്ന ജീവീടെ കാല്‍പാടുകള്‍ ആ സിമന്റില്‍ പതിഞ്ഞേണ്ട്ന്ന്… പിന്നെ വലിയൊരാള്‍ടെ കാല്‍പാടും. നമ്മള്‍ടെ പോലെയല്ലാ ത്രേ… നമ്മള്‍ മൂന്നടി വെക്കുന്ന സ്ഥലത്ത്‌ അത്‌ ഒരടിയേ കാലു വെച്ചിട്ടുള്ളൂ… പേട്യാവും മോനെ…”

പേടിച്ചോടുമ്പോള്‍ മൂന്നടിയല്ല, അതിന്റെപ്പുറത്തെത്തുമെന്നത്‌ അവനറിയില്ലാന്ന് തോനുന്നു. പക്ഷേ എത്രയാലൊജിച്ചിട്ടും എന്റെ കാല്‍പാടുകള്‍ വലുതായതിന്റെ പിന്നെലെ രഹസ്യം എനിക്ക്‌ മനസിലായില്ല…

കഴിഞ്ഞ തവണ പെങ്ങള്‍ കൊണ്ടോന്ന കടുകട്ടി കമ്പിളിപുതപ്പില്‍ ആകെമൊത്തം മൂടി, കുളത്തവളയുടെ പോലെ തല മാത്രം പുറത്തിട്ട്‌, സഹധര്‍മ്മിണി ഉണ്ടാക്കിയ ചുക്കു കാപ്പി ഊതിയൂതിക്കുടിച്ച്‌, ലൈവ്‌ വിവരങ്ങള്‍ അറിയാന്‍ കാത്തുനിന്നവരോടായി അയ്പ്പേട്ടന്‍ പറഞ്ഞു…

“എല്ലാരും സൂക്ഷിച്ചോ… അത്‌ നമ്മുടെ നാട്ടിലും എത്തി. ജീവനില്‍ കൊതിയുള്ളോരുണ്ടെങ്കി ഇനി രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതെ നോക്കുന്നതാ നല്ലത്‌…”

അന്ന് ഞാന്‍ മനസ്സിലാക്കി, നാട്ടില്‍ അജ്ഞാത ജീവികളുണ്ടാവുന്നതെങ്ങിനെയാണെന്ന്.

സുജിക്കുട്ടന്‍ കണ്ട അഴകുള്ള മഴ!

കൊയമ്പത്തൂര്‍ എസ്‌.എന്‍.ആര്‍ കോളേജിലെ റാഗ്ഗിംഗ്‌ സീസണ്‍ പോയി, ബോറിംഗ്‌ സീസണ്‍ വന്ന കാലം. ആദ്യമൊക്കെ ദൈവങ്ങളെപ്പോലെയും, രജനികാന്ത്‌ അവര്‍കളെപ്പോലെയും ഒക്കെ മര്യാദയും, ബഹുമാനവും കൊടുത്തിരുന്ന ഞങ്ങളുടെ സാറമ്മാരെ ഞങ്ങള്‍ “കൂടുതല്‍” അടുത്തറിയാന്‍ തുടങ്ങിയപ്പോ “ഓ.. ഇന്നാ കൊഞ്ഞനം കാട്ടി മിസ്സിന്റെ ക്ലാസാ…” എന്നോ, “ഒറക്കം തൂങ്ങി സാറിന്റെ ക്ലാസാ” എന്നോ ഒക്കെ അഭിസംഭോദന ചെയ്യാന്‍ തുടങ്ങി.

ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ മുറിയില്‍ വന്ന് കിടന്നുറങ്ങാനും, അറുബോറായിരുന്ന കണക്ക്‌ ക്ലാസില്‍ എല്ലാവരും തല ചൊറിഞ്ഞ്‌ എള്ളിനിടയില്‍ ചെള്ളുണ്ടോ എന്നു നോക്കണ മാരി കണക്കുബുക്കില്‍ നോക്കിയിരിക്കുമ്പോള്‍, ഞാന്‍ മാത്രം “കിങ്ങ്സ്‌” ബേക്കറിയിലെ ഡബിള്‍ സ്റ്റ്രോങ്ങ്‌ ചായയും, ഡോണറ്റും കഴിച്ച്‌ അപ്പുറത്തുള്ള രാമകൃഷ്ണ വുമന്‍സ്‌ കൊളേജിന്റെ ജനാലക്കമ്പികളിലേക്ക്‌ തേങ്ങാപ്പൂളെടുക്കാന്‍ നില്‍ക്കുന്ന അണ്ണാരക്കണ്ണനെപ്പോലെ നോക്കിയിരിക്കുമായിരുന്നു. അതിന്റെയൊരു സുഖം ഒന്നു വേറെ തന്നെ.

കാര്യം കോളേജ്‌ മാഗസിന്‍ ഡിസൈന്‍, ബ്രോഷര്‍ ഡിസൈന്‍ എന്നൊക്കെ പറഞ്ഞ്‌ ഒട്ടുമുക്കാല്‍ ദിവസവും ഞാന്‍ ഔട്ട്‌ ഓഫ്‌ സ്റ്റേഷന്‍ ആയിരുന്നെങ്കിലും ചില ക്ലാസുകളില്‍ ഞാന്‍ എന്നും ഹാജറായിരുന്നു. അതിലാദ്യം ഒരു ദിവസത്തെ അറ്റന്‍ഡന്‍സ്‌ എടുക്കുന്ന ഞങ്ങളുടെ ക്ലാസ്‌ ഇന്‍ ചാര്‍ജ്ജ്‌ മിസ്സ്‌ എടുക്കുന്ന ക്ലാസ്സ്‌. ഒരു പച്ചപ്പാവമായിരുന്ന ആ മിസ്സിന്റെ ക്ലാസ്സ്‌ ആര്‍ക്കും മിസ്സാക്കാന്‍ ഇഷ്ടമല്ലായിരുന്നു. ഒരിക്കലും ദേഷ്യപ്പെടാന്‍ അറിയാത്ത, ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും ദേഷ്യം ഒരുതരി പോലും വരാത്ത പവം മിസ്സ്‌. അതുകഴിഞ്ഞാല്‍ പിന്നെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സ്‌ അക്കൗണ്ട്‌സ്‌ പഠിപ്പിക്കുന്ന അഴകപ്പന്‍ സാറിന്റെയാണ്‌.

പേരുപോലെ തന്നെ അഴകുള്ളയാളായിരുന്നു അഴകപ്പന്‍. കരിവീട്ടിയില്‍ കടഞ്ഞെടുത്ത, വെളിച്ചെണ്ണയില്‍ മുക്കിയെടുത്ത അഴകപ്പന്‍ സാര്‍. പൊള്ളാച്ചിപ്പക്കത്തിലെവിടെയോ വീടുള്ള, കെട്ട്യോളും, കുട്ട്യോളും, കുടവയറും ഉള്ള അഴകപ്പന്‍ സാര്‍. തനി ലോക്കല്‍ സ്ലാങ്ങില്‍ ഇങ്ക്ലീഷ്‌ പറയുന്ന, “ഞാന്‍” എന്ന ഭാവം ലവലേശം ഇല്ലാത്ത, ചെയ്യുന്ന ജോലിയോടൊരുപാട്‌ ആത്മാര്‍ത്ഥതയുള്ള അഴകപ്പന്‍ സാര്‍.

മറ്റുള്ള “ഹെവി ഡ്യൂട്ടി” സാറമ്മാരില്‍ നിന്നും ഒരുപാട്‌ വെത്യസ്താനായിരുന്നു അഴകപ്പന്‍ സാര്‍. “എന്‍ വഴി, തനീ വഴി…” എന്ന തമിഴനാടിന്റെ മുദ്രാവാക്യം നെഞ്ചിലേറ്റിയ മനുഷ്യന്‍. അതിനു കാരണവും ഉണ്ട്‌. സാറിന്റെ വാക്‌ ഭാഷയും, ശരീരഭാഷയും തന്നെ.

സാറിന്റെ കീഴ്‌ചുണ്ട്‌ അല്‍പം വലുതായി പുറത്തെക്ക്‌ തള്ളിയാണ്‌ ഇരിക്കുന്നത്‌. അതുകോണ്ടു തന്നെ സംസാരിക്കുമ്പോള്‍ ഒരു പ്രത്യേക രീതിയെയിലാണ്‌ ശബ്ദം പുറത്തേക്ക്‌ വരുക. അതുകൂടാതെ കാറിന്റെ വൈപ്പര്‍ ഓടുന്ന പോലെ ഇടക്കിടക്ക്‌ നാവുകൊണ്ട്‌ ആ ചുണ്ട്‌ ഒന്ന് ഓടിച്ച്‌ നനക്കുകയും ചെയ്തിരുന്നു അഴക്കപ്പന്‍ സാര്‍.

അധികം ആരെയും ബുദ്ധിമുട്ടിക്കാതെ “വെണെമെങ്കി നന്നായാ മതീ ഡാ…” എന്ന രീതി ഫോളോ ചെയ്തിരുന്നതു കൊണ്ട്‌ ഞങ്ങള്‍ക്ക്‌ സാറിന്റെ ക്ലാസ്സ്‌ വളരെ ഇന്ററസ്റ്റിംഗ്‌ ആയിരുന്നു. ചെറു ക്ലാസ്‌ ടെസ്റ്റുകള്‍ക്ക്‌ തലേന്നു തന്നെ പരീക്ഷക്ക്‌ ചോദിക്കാന്‍ പോകുന്ന എല്ലാ ചോദ്യങ്ങളും, ഉത്തരങ്ങളും വരെ തരാന്‍ ശുഷ്കാന്തി കാണിച്ചിരുന്നു ഞങ്ങടെ സാര്‍ (എന്നിട്ട്‌ പോലും ഫുള്‍ മാര്‍ക്ക്‌ കിട്ടാതെ അവസാനം ആ ഒരു മാര്‍ക്കിനു വേണ്ടി വീണ്ടും സാറിന്റെ കാലു പിടിച്ച ശശി എന്ന മഹാനെക്കുറിച്ച്‌ പിന്നീടൊരിക്കല്‍ പറയാം).

ഇങ്ങനെയൊക്കെയായിരുന്ന അക്കൗണ്ട്‌ ക്ലാസില്‍ വളരെ പെട്ടന്നായിരുന്നു ആ പ്രശ്നം ഉണ്ടായത്‌. സാറിന്റെ ആരും പ്രതീക്ഷിക്കാത്ത ആ “നനഞ്ഞ” പ്രതികരണം ഞങ്ങളെയല്ലാവരെയും അമ്പരപ്പിച്ചു, വേദനിപ്പിച്ചു:

ക്ലാസിലെ സത്യസന്ധനും, കഠിനാദ്വാനിയും (പക്ഷേ രണ്ടും പെണ്‍കുട്ടികളോടാണെന്ന് മാത്രം) ആയ, രജനിയുടെയും, വിജയിന്റെയും, ക്യാപ്റ്റന്റെയും കടുത്ത ഫാനായ, ചെറുപ്പക്കാരില്‍ എങ്ങനെ “ചെയിന്‍ മാര്‍ക്കെറ്റിംഗ്‌” അല്ലെങ്കില്‍ “സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌” വിജയകരമായി നടത്താം എന്ന് റിസര്‍ച്ച്‌ നടത്തിയവനും ആയ ദൈവവിശ്വാസം ഉള്ള ഒരു കുട്ടിയായിരുനു സുജയ്‌. പാലക്കാട്ടെ അതി മനോഹരമായ ശ്രീകൃഷ്ണപുരം എന്ന കൊച്ച്‌ ഗ്രാമത്തില്‍ അതിനോട്‌ ഒട്ടും യോജിക്കാത്ത ശീലങ്ങളും, സൗന്ദര്യവും ഉരുണ്ട്‌ കൂടി മനുഷ്യരൂപത്തിലായതാണ്‌ സുജയ്‌ എന്ന ചലിക്കുന്ന ഇതിഹാസം.

ഞങ്ങളെല്ലാവരും സ്നേഹത്തോടെ സുജിക്കുട്ടാ എന്ന് വിളിക്കുന്ന സുജയുടെ പ്രഥാന ഹോബി നേരത്തെ പറഞ്ഞ “സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌” ആണ്‌. പഠിക്കുന്ന ക്ലാസ്സില്‍ തുടങ്ങി, അടുത്തുള്ള ബാചിലൂടെ വളര്‍ന്ന്, അടുത്തുള്ള കോളേജ്‌ വഴി അതി സാഹസികമായി കൊയമ്പത്തൂരിലെ ഒട്ടു മിക്ക കോളേജിലേയും പെണ്‍കുട്ടികളെ പരിചയപ്പെടാനും, “കമ്പനി” യാക്കാനും കഴിഞ്ഞുവെന്ന ചാരിദാര്‍ദ്ധ്യം അവനെ ഒട്ടും അഹങ്കാരിയാക്കിയിരുന്നില്ല. അതു പറയാന്‍ കാരണം, ഞങ്ങളില്‍ പലര്‍ക്കും അവന്‍ മാത്രമായിരുന്നു പെണ്‍കുട്ടികളെ പരിചയപ്പെടുത്തി തരാനും, ഞങ്ങളെ കുറിച്ച്‌ “പോസിറ്റീവ്‌” ആയ വാര്‍ത്തകള്‍ വിതരണം ചെയ്ത്‌ പണ്‍കുട്ടികള്‍ക്കിടയില്‍ “ബ്രാന്‍ഡ്‌ നെയിം” ഉണ്ടാക്കാനും സഹായിച്ചിരുന്നത്‌.

അതവിടെ നില്‍ക്കട്ടെ. ഞങ്ങളുടെ ക്ലാസില്‍ ഞാനും, സുജിക്കുട്ടനുമയിരുന്നു ഒരുമിച്ചിരുന്നിരുന്നത്‌. അതും ആദ്യത്തെ ബെഞ്ചില്‍. അവനുമായി അടുപ്പം കൂടിയാല്‍ കിട്ടാന്‍പോകുന്ന “അനന്തമായ സാദ്ധ്യതകളെ” മുന്‍കൂട്ടി കണ്ടുകൊണ്ട്‌ തന്നെയാണ്‌ ഞാന്‍ അവന്റെയടുത്തിരുന്നത്‌.

പഠിപ്പിക്കുന്ന അദ്ധ്യാപകന്മാരെ ദൈവങ്ങളെപ്പോലെ മാത്രം കാണാന്‍ അറിയുന്ന സുജൈക്ക്‌ അഴകപ്പന്‍ സാറും അങ്ങിന തന്നെയായിരുന്നു. പഴയകാല സിനിമകളില്‍ സുന്ദരന്‍ സാറിനെ നോക്കി സ്വപ്നം കാണുന്ന നായികയെപ്പോലെ സുജിക്കുട്ടന്‍ ഇരിക്കും… അക്കൗണ്ട്സിന്റെ ആദ്യാവസനങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്‌. സാറിനെ കളിയാക്കാനൊ, മോശമായി സംസാരിക്കാനോ സുജിക്കുട്ടന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ലാ എന്നത്‌ അവന്റെ ടാറിന്റെ കളറുള്ള ശരീരത്തിനുള്ളിലെ പാലിന്റെ കളറുള്ള ഹൃദയത്തെയാണ്‌ കാണിക്കുന്നത്‌.

ദിവസങ്ങള്‍ കഴിയംതോറും ഞാന്‍ ഒരു കാര്യം ശ്രദ്ദിക്കാന്‍ തുടങ്ങി. അഴകപ്പന്‍ സാര്‍ എപ്പൊഴൊക്കെ പുസ്തകവും കയ്യിലെടുത്ത്‌ പെണ്‍പിള്ളേരുടെ ഭഗത്തൂടെ നടക്കുമ്പൊഴും, ആ ഭാഗത്തുള്ള പിള്ളേര്‍ കാറ്റുകൊണ്ട്‌ ചായുന്ന നെല്ല് പോലെ ഒരു സൈഡിലേക്ക്‌ ചായുന്നു. സാര്‍ തിരിച്ച്‌ നടക്കുമ്പോള്‍ തിരിച്ച്‌ കേറ്റിയ ബാഗിന്റെ സിപ്പ്‌ പോലെ എല്ലാവരും “സ്റ്റെഡി” ആയിട്ടിരിക്കുന്നു.

എത്രയാലൊജിച്ചിട്ടും എനിക്ക്‌ കാര്യം മനസ്സിലായില്ല. ഇനി സാറിനെ നാറുന്നുണ്ടാകുമോ? ച്ചായ്‌…. ഒരിക്കലുമില്ല. നറുമുല്ലയുടെ മണമുള്ള, മൂക്ക്‌ തുളച്ച്‌ കയറുന്ന സെന്റ്‌ അടിച്ചു വരുന്ന സാറില്‍ നിന്നും അങ്ങനെ ഒരു സംഭവം ഉണ്ടാവില്ല. പിന്നെ? ഇനി സോക്സില്‍ നിന്നും വല്ല മണവും? ഹേയ്‌, അതിലും വലിയ മണം എന്റെ ഷൂവില്‍ നിന്നും വന്നിട്ടും അവറ്റകള്‍ക്കൊരു കൂസലും ഉണ്ടയിട്ടില്ല. പിന്നല്ലെ…

അങ്ങനെയോരോന്നാലോജിച്ച്‌ കണ്‍ഫ്യൂനായി ഞാനും, അക്കൗണ്ട്‌ റ്റാലിയാവതെ കണ്‍ഫ്യൂഷനായി മറ്റുള്ളവരും ഇരിക്കുമ്പൊഴാണ്‌ സാറിന്റെ വക ഒരു ഡയലോഗ്‌…

“എന്ന സ്രീനാത്‌… യെതാവത്‌ ഡൗട്ട്‌ ഇറിക്കാ?”

ഒന്നുമില്ലാ എന്ന് പറഞ്ഞാ മോശമാവില്ലേ എന്ന് കരുതി ഞാന്‍ പറഞ്ഞു,

“യെസ്‌ സാര്‍, അയാം നോട്ട്‌ ഗെറ്റിംഗ്‌ വണ്‍ ഇഷ്യൂ…”

തങ്കപ്പന്റെ മനസ്സായ സൊറീ, തങ്കപ്പെട്ട മനസുള്ള സാര്‍ വേഗം എന്റെയടുത്തേക്ക്‌ വന്നു… സിനിമാ നടികള്‍ ഒരു വശം തിരിഞ്ഞ്‌ കസേരയില്‍ ഇരിക്കുന്ന പോലെ, വണ്‍ ബൈ ടു ആസനം ഞങ്ങളുടെ ഡെസ്കിന്റെ മൂലക്ക്‌ പൊസിഷനിലാക്കി സാര്‍ ഇരുന്നു… വാഴക്കൊലക്ക്‌ ഊന്ന് വെച്ചപോലെ.

എന്നിട്ട്‌ അല്‍പം കുനിഞ്ഞ്‌, സാറിന്റെ മുഖവും, എന്റെ മുഖവും ഒരേ നേര്‍ രേഘയില്‍ സന്ഥിക്കുന്ന അവസ്ഥയില്‍ നിര്‍ത്തിയിട്ട്‌ സാര്‍ പറഞ്ഞു,

“യെസ്സ്‌..സ്സ്‌.. സ്രീനാത്‌… സൊല്ലുങ്കോ… വാറ്റ്‌ ഇസ്‌..സ്‌… തി ഇസ്‌..സ്യൂ… യു ഹാഫ്‌? ഐ വില്‍ ഗിഫ്‌ തി സ്‌…സൊലൂഷന്‍…”

അങ്ങേരത്‌ പറഞ്ഞ്‌ കഴിഞ്ഞതും, കല്യാണത്തിന്‌ പനിനീര്‌ തളിച്ചപോലെ, ഓറഞ്ചിന്റെ തോണ്ടു കൊണ്ട്‌ മുഖത്തേക്ക്‌ നീര്‌ ചീറ്റിച്ച പോലെ…. എന്റെ മുഖം മുഴുവനും നനഞ്ഞു.

സ്സ്‌, സ്യൂ, ഫ്‌.. തുടങ്ങിയ സാറിന്റെ വാക്കുകളാണ്‌ ആ “ഷവര്‍ ഷോ” നടത്തിയതെന്ന് മനസ്സിലാക്കാന്‍ സാറിന്റെ മുല്ലപ്പൂ മണമുള്ള അത്തറിന്റെ ഗന്ധത്തിനെ മറ്റെന്തോ നാറ്റം വന്ന് ഓടിച്ച്‌ വിടേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു.

പണ്ടാരമടങ്ങാന്‍ എന്റെ കയ്യിലാണെങ്കി കര്‍ചീഫും ഇല്ല. അല്ലെങ്കിലും അത്യധികം ഉഷാറോടു കൂടി കണക്ക്‌ പറഞ്ഞുതരുന്ന സാറിന്റെ കണ്ണില്‍ നോക്കി അത്‌ തുടച്ചു കളഞ്ഞാന്‍ സാറിന്‌ വിഷമം ആയാലോ എന്ന് കരുതി ഞാന്‍ അനങ്ങാതെ ഇരുന്നു. പറയുന്നതെല്ലാം മനസ്സിലാക്കുന്നവനേ പോലെ, മുഖത്ത്‌ അത്ഭുതം വരുത്തിക്കൊണ്ട്‌ സാറിനെ തന്നെ നോക്കിയിരുന്നു.

“സോ… ഇസ്‌ താറ്റ്‌ ക്ലിയര്‍ സ്‌..സ്രീനാത്‌… യു ഡിസ്‌..കസ്‌… ഇറ്റ്‌ വിത്‌ യുവര്‍ ഫ്രണ്ട്‌..സ്‌…സ്‌…”

അതുംകൂടിയായ്പ്പോള്‍ തുള്ളിക്കൊരുകുടം എന്ന വാക്കിന്റെ ശരിക്കുള്ള മീനിംഗ്‌ എനിക്കു മനസ്സിലായി. സാറ്‌ പറഞ്ഞ്‌ കഴിഞ്ഞ്‌ തിരിഞ്ഞതും, “ഹോ സാറിന്റെ ബുദ്ധി അപാരമാണേയ്‌…” എന്നും പറഞ്ഞ്‌ സുജിക്കുട്ടന്റെ തോളത്ത്‌ ഞാന്‍ മുഖം അമര്‍ത്തി. സാറിന്റെ അപാരമായ കഴിവും, പറഞ്ഞ്‌ തന്ന പ്രോബ്ലത്തിന്റെ ബുദ്ധിമുട്ടും ഒക്കെ അലോജിച്ച്‌ തന്റെ തോളില്‍ ചാഞ്ഞതാണെന്നാണ്‌ പാവം സുജിക്കുട്ടന്‍ കരുതിയത്‌. മുഷിഞ്ഞതെങ്കിലും തല്‍കാലം മുഖം തുടക്കാന്‍ അവന്റെ കുപ്പായമേ എനിക്കപ്പോ ഉപകരിച്ചുള്ളൂ… അതിനൊരു താങ്ക്സ്‌ പറയാന്‍ പോലും അന്ന് ഞാന്‍ മെനക്കെട്ടില്ലാ എന്നത്‌ ഇന്നോര്‍ക്കുമ്പോള്‍ ദുഖം തരുന്നു.

പെണ്‍പടകള്‍ സാറ്‌ അടുത്തേക്ക്‌ വരുമ്പോള്‍ ചാഞ്ഞുപോകുന്നതിന്റെ കാരണം എനിക്കപ്പോ വളരെ വ്യെക്തവും, ശക്തവുമായിട്ട്‌ മനസ്സിലായി. ഏതായാലും ഇനിയൊരിക്കലും സംശയം ചോദിക്കാന്‍ മുതിരില്ലെന്ന് ഞാനുറപ്പിച്ചു.

അങ്ങനെ ക്ലാസ്സ്‌ കഴിയാറായി, അടുത്ത പിരീഡിനുള്ള “ബെല്ല്” അടിക്കുന്നതും നോക്കി പാടത്ത്‌ നിക്കുന്ന കൊക്കിനെപ്പോലെ സാറും, കൊക്കിനെ നോക്കി കിടക്കുന്ന ഞണ്ടുകളെപ്പോലെ ഞങ്ങളും ഇരുന്നു. ബോറഡി ബെല്ലഡിക്ക്‌ മുന്‍പ്‌ എത്തിയതുകൊണ്ടാവാം, സാറ്‌ നേരേ ഞങ്ങളുടെ അടുത്തേക്ക്‌ വന്നത്‌.ആ വരവു കണ്ടതും എനിക്ക്‌ ടെന്‍ഷന്‍ കേറിത്തുടങ്ങി… ദൈവമേ.. ഇനിയും….?

ഭാഗ്യത്തിന് ആശാന്‍ സുജിക്കുട്ടനെയാണ്‌ ലാക്കാക്കിയിരുന്നത്‌. നേരത്തേ പറഞ്ഞുവെച്ചപോലെ, അതേ പൊസിഷനില്‍, കടുകിട തെറ്റാതെ സാര്‍ വന്നിരുന്നു.

“എന്നാ സുജൈ… നാന്‍ സൊല്‍ര്‍തെല്ലാമേ പുരിയതാ…”

“ഓ യെസ്‌ സാര്‍… ഇന്‍ഫാക്റ്റ്‌, യുവര്‍ ക്ലസ്സെസ്‌ ആര്‍ സോ നൈസ്‌….” സുജിക്കുട്ടന്‍ പറഞ്ഞു.

ആ പറഞ്ഞതിത്തിരി ഓവറായില്ലേ എന്നെനിക്ക്‌ നല്ല സംശയം ഉണ്ടായിരുന്നു. അത്‌ തീര്‍ക്കാനെന്ന പോലെ, സാര്‍ ആകെ മൊത്തം ഒന്നിളകിയിരുന്നു.

“ഓഹ്‌… അപ്പടിയാ… അമാ, ഉങ്ക ഊരെങ്കേ??”

“നാന്‍ പാലക്കാട്ട്‌ കാരന്‍ സാര്‍…”

“ഓ… അങ്കെ എനക്ക്‌ ഒരു റിലേറ്റിവ്‌ ഇറുക്ക്‌… പേര്‌ വന്ത്‌ ചാക്കോ. തെരിയുമാ?”

ഹിന്ദുവായ അഴകപ്പന്‍ സാറിന്‌ ക്രിസ്ത്യാനി ബന്ധുവിനെ എങ്ങനെ കിട്ടി എന്ന് എനിക്ക്‌ മനസിലായില്ല. എന്തൊക്കെയാണെങ്കിലും, സാറും സുജിക്കുട്ടനും കൂടുതല്‍ അടുപ്പക്കാരായി വരുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. ഭാഗ്യം സാറിന്റെ മുഖത്തിന്റെ ഡയറക്ഷന്‍ വേറെ ആങ്കിളില്‍ ആണ്‌.

“സാര്‍, അപ്പൊ ഉങ്കളുടെ ഊര്‍?” സുജൈ ചോദിച്ചു.

“ഊര്‍” അഥവാ നാട്‌ സാറിന്റെ ഒരു വീക്ക്‌ പോയന്റായിരുന്നു. സ്വന്തം നാടിനെ കുറിച്ച്‌ വര്‍ണ്ണിക്കാന്‍ ശ്വസം മുട്ടി നിന്ന ജലദോഷക്കരന്റെ ആവേശത്തില്‍ സാര്‍ ആരംഭിച്ചു…

ആവേശം മൂത്ത്‌, ഇപ്പോ സാര്‍ സുജിക്കുട്ടന്റെ നേരെ തിരിഞ്ഞ്‌, കുനിഞ്ഞാണിരിക്കുന്നത്‌. മുകളില്‍ നിന്നും താഴേക്ക്‌, സുജിക്കുട്ടനെ നോക്കി സംസാരിക്കുന്ന സാറിന്റെയും സുജൈയുടെയും മുഖങ്ങള്‍ തമ്മില്‍ ഏതാണ്ട്‌ പതിനഞ്ച്‌ സെ.മീ മാത്രം ദൂരം കാണുമായിരിക്കും.

വിവരണം കേട്ട്‌ വിയര്‍ത്തതാണെന്നേ ആരും പറയൂ… ബാര്‍ബര്‍ ഗോപിയേട്ടന്‍ തലയില്‍ വെള്ളം ചീറ്റിക്കുന്ന സമയത്ത്‌ കുറച്ച്‌ വെള്ളം മുഖത്തും വീഴുമ്പോ ഉണ്ടാകുന്ന ആ ഒരു തരിപ്പും, നനവും അവന്റെ മുഖത്തും കാണാമയിരുന്നു.

പക്ഷേ ഒന്നും സഭവിക്കാത്ത പോലെ സുജിക്കുട്ടനും, ആര്‍ത്തിയോടെ സംസാരിക്കുന്ന അഴകപ്പന്‍ സാറും സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ പതിയെ അപ്പുറത്തിരിക്കുന്ന ശശിയുടെ നേരെ തിരിഞ്ഞിരുന്നു.

“റ്റ്രീ……….ങ്‌……”

അഹാ… ബെല്ലടിച്ചു… ബാക്കടിച്ചു… (ബാക്കി പാടാന്‍ കൊള്ളില്ല)

ആവേശമായി വന്ന സംഭാഷണം പെട്ടെന്ന് നിര്‍ത്തേണ്ടി വന്ന വേദനിയില്‍ സാര്‍ പറഞ്ഞു,

“സുജൈ, ബാക്കി അപ്പറം, നെക്ഷ്റ്റ്‌ ക്ലാസ്‌..സില്‍ സൊല്‍രേന്‍…”

പൂജാരി അവസാന കൈ പുണ്യാഹം ഏറ്റോം അകലേക്കെത്താന്‍ പാകത്തില്‍ വീശുന്ന പോലെ, സുജൈയുടെ മുഖത്തേക്ക്‌ അഴകപ്പന്‍ സാറിന്റെ വക…

സാര്‍ എണിറ്റതും, സുജിക്കുട്ടന്‍ എന്റെ തോളിലേക്ക്‌ മുഖം ചായ്ക്കാന്‍ നോക്കി…

ഹും, ഞനാരാ മോന്‍. ഒഴിഞ്ഞുമാറിക്കൊണ്ട്‌ ഞാന്‍ ചോദിച്ചു… “എന്തു പറ്റിയെഡാ…?”

“അതേയ്‌, ഞാനും കര്‍ച്ചീഫ്‌ എടുത്തിട്ടില്ലെഡാ…” അവന്‍ ഒന്നാക്കിക്കൊണ്ട്‌ പറഞ്ഞു.

സുജിക്കുട്ടന്റെ നല്ലമനസ്സിന്‌ പണ്ടേ ആരാധകരുള്ളതാണ്‌. ദേ, ഇപ്പൊ നമ്മുടെ അഴകപ്പന്‍ സാറും. കഴിഞ്ഞ തവണത്തെ ക്ലാസ്‌ കഴിഞ്ഞതു മുതല്‍ സാറിന്‌ സുജിക്കുട്ടനെ ഭയങ്കര കാര്യമാണ്‌. വന്നാല്‍ ആദ്യം അവന്റെയടുത്തെത്തും. പിന്നെ നട്ടുകര്യവും, വീട്ടുകാര്യവും ഒക്കെ പറഞ്ഞ്‌ തുടങ്ങും. ഏതായാലും ദിവസവും ഒന്നോ രണ്ടോ (അന്ന് രണ്ട്‌ പിരീഡ്‌ ക്ലാസ്സ്‌ അഴകപ്പന്‍ സാറിന്റെ വകയായിരിക്കും) കര്‍ച്ചീഫ്‌ കൊണ്ടുവരാന്‍ സുജിക്കുട്ടന്‍ മറക്കാതെ ഓര്‍ത്തു.

സാറിന്റെ വായില്‍ നിന്നും ബെല്ലും ബ്രേക്കുമില്ലാതെ ബഹിര്‍ഗമിക്കുന്ന ദ്രാവകരൂപത്തിനെ ഒഴിവാക്കാന്‍ സുജിക്കുട്ടന്റെ നിഷ്കളങ്കമായ മനസ്സിന്‌ അറിയില്ലായിരുന്നു. അങ്ങനെ അലോജിച്ച്‌ വിഷണ്ണനായിരുന്ന സുജിക്കുട്ടനോട്‌ ഞാനൊരു ഉപായം പറഞ്ഞുകൊടുത്തു. എറ്റവും എളുപ്പമുള്ളതും എഫക്റ്റീവുമായ ഉപായം.

അതായത്‌, ഇപ്പൊ സാര്‍ നിന്റെ തലക്ക്‌ മുകളിലും, നീ താഴെയുമാണ്‌. വെള്ളം പിടിക്കാന്‍ വെച്ച ഓട്ടക്കലം പോലെയാണ്‌ നീ സാറിന്റെ മുഖത്തേക്ക്‌ നോക്കിയിരിക്കുന്നത്‌. സ്വാഭാവികമായും ഗുരുത്വാകര്‍ഷണ നിയമം വെച്ച്‌, ദ്രാവകം മുകളില്‍ നിന്നും താഴോട്ടാണല്ലോ പതിക്കുന്നത്‌. അതിനാല്‍ ഇനി മുതല്‍ സാര്‍ വരുമ്പോ അങ്ങേരേ ഇങ്ങനെ ഒന്നരക്കാലില്‍ ഡെസ്കിന്റെ മൂലക്കിരുത്തരുത്‌. വന്നപാടെ അങ്ങേരെ നിന്റെയടുത്ത്‌ ബെഞ്ചില്‍ പിടിച്ചിരുത്തണം. അപ്പോ അങ്ങേര്‍ നേരെ നോക്കിയല്ലേ സംസാരിക്കൂ. വായില്‍ നിന്ന് ചാടുന്നതെല്ലാം മുന്നിലെ ഡെസ്കിലേക്ക്‌ വീണോളും. വേണമെങ്കി നീ നിന്റെ അക്കൗണ്ട്സ്‌ ബുക്ക്‌ അവിടെ വെച്ചുകൊടുത്തോ. പ്രോബ്ലം സോള്‍വ്ഡ്‌!

“ഹോ.. നീയാണെഡാ എന്റെ ആത്മാര്‍ഥ മിത്രം… ” എന്നും പറഞ്ഞ്‌ ഒരൊറ്റ കെട്ടിപ്പിടുത്തമായിരുന്നു അവനെന്നെ. ഞാനങ്ങ്‌ സെന്റിയായിപ്പോയി. എന്തായാലും, അതിനു പകരമായി അവന്‍ എനിക്ക്‌ രാമ കൃഷ്ണ കോളേജിലേയും, അപ്പാസാമി കൊളേജിലേയും ഒരോ കുട്ടികളെ “മുട്ടിച്ചു” തന്നത്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല.

അങ്ങനെ ഞാന്‍ പറഞ്ഞുകൊടുത്ത ഐഡിയയുമായി അടുത്ത ദിവസം സുജിക്കുട്ടന്‍ സാര്‍ വരാനായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ ഗഡി നേരേ വന്നത്‌ സുജിക്കുട്ടന്റെ അടുത്തേക്ക്‌…

എന്റെയടുത്തേക്ക്‌ നീങ്ങിയിരുന്ന്, ആവശ്യത്തിന്‌ സ്ഥലമുണ്ടാക്കി, രണ്ട്‌ കൈ കൊണ്ടും ആനയിച്ച്‌ സുജയ്‌, സാറിനിരിക്കാനുള്ള സിഗ്നല്‍ കൊടുത്തു. തുറന്നു വെച്ച എലിപ്പെട്ടിയല്‍ ഓടിക്കയറിയ എലിയേപ്പോലെ സാര്‍ അവിടെ അന്നിരുന്നു. എല്ലാം പ്ലാന്‍ ചെയ്തപോലെ നടന്നതിലുള്ള സന്തോഷം വക്ക്‌ വിണ്ട അലുമിനിയം പാത്രത്തിന്റെ വായ പോലെയുള്ള ഒരു ചെറു ചിരിയില്‍ സുജിക്കുട്ടനൊതുക്കിനിര്‍ത്തി.

പക്ഷേ…. പിന്നീട്‌ സംഭവിച്ചത്‌ പ്ലാന്‍ ചെയ്ത മാതിരി അത്രക്ക്‌ പെര്‍ഫെക്റ്റ്‌ ആയിട്ടല്ലായിരുന്നു.

ഇല്ലാത്ത സ്ഥലമുണ്ടാക്കി സാറിനെ ഇരുത്തിയെങ്കിലും, വളരെ ജാമായിട്ടാണ്‌ അവര്‍ ഇരുന്നത്‌. അതായത്‌ സാറും സുജിക്കുട്ടനും കട്ടക്ക്‌ കട്ട വെത്യാസത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്ത്‌ ഇരിക്കുന്നു.

പ്രതീക്ഷിച്ച മാതിരി സാര്‍ നേരെ മുന്നോട്ട്‌ നോക്കി സംസാരിക്കുമെന്ന് കരുതിയിരുന്ന സുജിക്കുട്ടന്‍ നോക്കിയയ്പ്പോള്‍ കണ്ടത്‌ തന്റെ കണ്ണിനു നേരെ എയിം ചെയ്ത്‌ വെച്ചിരിക്കുന്ന നനഞ്ഞ്‌ വിരിഞ്ഞ ചുണ്ടുകളും, “സ്‌..സോ… റ്റെല്‍ മി സ്‌..സുജൈ…” എന്ന കിക്ക്‌ സ്റ്റാര്‍ട്ട്‌ ഡയലോഗുമാണ്‌.

അപ്പോള്‍ ആ രണ്ട്‌ മുഖങ്ങള്‍ തമ്മിലുള്ള അകലം, സെന്റി മീറ്ററുകള്‍കും, മില്ലീ മീറ്ററുകള്‍ക്കും ഇടയിലെവിടെയോ ആയിരുന്നു…

ആ സംഭവത്തിനു ശേഷം ഒരു പെണ്‍കുട്ടിയെ പോലും അവനെനിക്ക്‌ മുട്ടിച്ചു തന്നില്ല എന്നത്‌ വേദനയോടെ സ്മരിക്കട്ടെ.

അടിക്കുറിപ്പ്‌: ഈ കഥയില്‍ അല്‍പം മാത്രമേ സത്യമുള്ളൂ. ബാകിയൊക്കെ ചുമ്മാ മസാല ചേര്‍ത്തതാണ്‌. അറിഞ്ഞുകൊണ്ട്‌ ആരെയും കളിയാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ആ സെമസ്റ്ററിലെ അക്കൗണ്ട്‌ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയും പിന്നീടുള്ള നാല്‌ സെമസ്റ്ററുകള്‍ ആഞ്ഞ്‌ ശ്രമിച്ചത്തിനു ശേഷമാണ്‌ ആ പേപ്പര്‍ ഒന്ന് പാസായിക്കിട്ടിയയതെന്നും ഇക്കൂട്ടത്തില്‍ പറയട്ടെ.

കസേര സര്‍ക്കസ്‌!

1992 ലെ ഒരു വേനലവധിക്കാലം. പൊതുവേ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കാന്‍ അന്നും എന്റെ മനസ്സ്‌ സമ്മതിച്ചിരുന്നില്ല.

നട്ടുച്ചക്കു പോലും പാടത്ത്‌ ക്രിക്കറ്റ്‌ കളിച്ചോണ്ടിരിക്കുന്ന ചേട്ടന്‍സ്‌ ബൗണ്ടറിക്ക്‌ പുറത്തേക്ക്‌ പന്തടിച്ചാല്‍ പെറുക്കിയായിട്ട്‌ എന്നെ വെച്ചത്‌ എന്റെ ആ സ്മാര്‍റ്റ്‌നെസ്‌ കണ്ടിട്ടായിരുന്നു. ചേട്ടന്‍സിന്‌ കളിയില്ലാത്ത ദിവസങ്ങളില്‍ എന്റെ അയല്‍വാസി ജിത്തുവിന്റെ കൂടെ ഫിഷിങ്ങിനു പോകും. പക്ഷേ കാലമൊരുപാട്‌ ഞാന്‍ ട്രൈ ചെയ്തിട്ടും ഒരു നല്ല മീന്‍പിടുത്തക്കാരനാവാന്‍ എനിക്കായില്ല. ഞാനാകെ സക്സസ്ഫുള്ളായി പിടിച്ച മീനുകള്‍ തുപ്പലംകൊത്തിയും, മാക്രിയുമാണ്‌(അതു രണ്ടും മാത്രെ നമ്മുടെ റ്റൈമിംഗ്‌ നോക്കി സ്ലോമോഷനില്‍ നീന്തൂ). അതും ചൂണ്ടയില്‍ കുടുങ്ങാന്‍ മാത്രമില്ലാത്ത ചീള്‌ സാധനങ്ങള്‍. അതുകൊണ്ട്‌ ചൂണ്ട മാറ്റിവെച്ച്‌ കാലുകൊണ്ട്‌ വെള്ളം കരയിലേക്ക്‌ തെറ്റിച്ചാണ്‌ ഞാന്‍ അവന്മാരെ കുടുക്കിയിരുന്നത്‌. ഒരോ തവണ തേകുമ്പോഴും ചാടിക്കളിക്കുന്ന ലവന്മാരെ നോക്കിനില്‍കാന്‍ എന്ത്‌ രസമാന്നറിയോ…

ഇതു രണ്ടും കഴിഞ്ഞാല്‍ പിന്നെയുള്ള പണി വീടിന്റെ അടുത്തുള്ള തങ്കേച്ചിയുടെ (തങ്കേച്ചി വയസ്സായ, എന്റെ അച്ചന്റെ ഒരു അകന്ന ബന്ധുവായ ഒരമ്മായിയാണ്‌) വീട്ടില്‍ സൈക്കിള്‍ ഓടിക്കാന്‍ പോകലാണ്‌. അവിടെ അവരുടെ മക്കള്‍ പണ്ട്‌ ബാങ്ക്ലൂരില്‍ നിന്നും വന്നപ്പോള്‍ പിള്ളേര്‍ക്ക്‌ കളിക്കാനായി ഒരു ചെറിയ സൈസ്‌ സൈക്കിള്‍ കൊണ്ടുവന്നു. അവര്‍ തിരിച്കു പോയപ്പോ അതിവിടെ വച്ചിട്ട്‌ പോയി. ആദ്യമൊക്കെ വല്ലപ്പോഴും അകലെ നിന്നു മാത്രം ഒന്ന് നോക്കുകയോ… ആരും കാണാതെ ഒന്ന് തൊടുകയോ ചെയ്തിരുന്ന ആ സൈക്കിള്‍ പിന്നെ പതുക്കെ പതുക്കെ ഞാന്‍ സ്വന്തമാക്കി തുടങ്ങി. പിന്നെ അത്‌ എന്റെ അനുവാദമില്ലാതെ തങ്കേച്ചി പോലും തൊടില്ല എന്ന സ്ഥിതിയായി.

അന്നത്തെ കാലത്ത്‌ കമ്പികൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക്കിന്റെ നൂലുകൊണ്ട്‌ നെയ്ത വട്ടത്തിലുള്ള കസേര വളരെ പ്രസിദ്ധമായിരുന്നു. അത്തരം ഒരു രണ്ടുമൂന്നെണ്ണം തങ്കേച്ചിയുടെ വീട്ടിലും ഉണ്ടായിരുന്നു. ആ കസേരക്ക്‌ പൊക്കം ഇച്ചിരി കുടുതലാണ്‌. യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോലെ വേണം അതിലിരിക്കാന്‍. ക്ലോസറ്റ്‌ പോലെ തന്നെ അതിന്റെ ഒത്ത നടുഭാഗത്ത്‌ നല്ലോരു ഓട്ടയാണ്‌. ആസനം ആ കുഴിക്കകത്തേക്ക്‌ വച്ച്‌ ഒന്നിരുന്നാല്‍ ലൂസ്‌ മോഷന്‍ വന്ന് യൂറോപ്യനില്‍ ഇരിക്കുന്ന അതേ സുഖമാണ്‌.

പക്ഷേ എനിക്ക്‌ അപ്പോ അങ്ങിനെ അതില്‍ ഇരിക്കാന്‍ ഉള്ള വലിപ്പം ഇല്ലായിരുന്നു. എന്നു വെച്ചാല്‍ ഞാന്‍ അതിലിരുന്നാല്‍ ഓട്ടവീണ ഷട്ടില്‍ ബാറ്റിനുള്ളിലൂടെ ഷട്ടില്‍ പുറത്തേക്ക്‌ പോണപോലെ ഞാന്‍ പോകും. ചെറിയ ചെക്കനായ എനിക്ക്‌ അന്നാ കസേരയില്‍ കയറുക എന്നത്‌ തെങ്ങുകയറുന്നതിലും മെനക്കേടായിരുന്നു. അതുകൊണ്ട്‌ തന്നെ എനിക്കതൊരു സര്‍ക്കസ്‌ കൂടാരം പോലെ എന്തോ ഒരു സാധനമായിരുന്നു.

പൊത്തിപ്പിടിച്ച്‌ അതിനുമുകളിലേക്ക്ക്‌ കയറും. എന്നിട്ട്‌ അതിന്റെ നടുവിലുള്ള തുള വഴി പുറത്തേക്ക്‌ ഊഴ്‌ന്നിറങ്ങും. പിന്നെ ഞാന്‍ പതിയെ സ്റ്റൈല്‍ മാറ്റി. ആദ്യം തല തുളയിലൂടെ പുറത്തേക്കിടും… പിന്നെ കയ്യ്‌… പിന്നെ കാലുകള്‍.. അങ്ങിനെ പതുക്കെ പതുക്കെ എലി പാമ്പിന്റെ വായില്‍ പോകുന്ന അതേ സ്പീഡില്‍ ഞാന്‍ പുറത്ത്‌ വരും. സംഭവം കെള്‍ക്കുന്ന അത്ര നിസ്സാരമായിരുന്നില്ല. നല്ല മെയ്‌ വഴക്കം ഉള്ളവര്‍ക്കേ അതു പറ്റൂ. ഞാന്‍ ആ തുളയിലൂടെ പുറത്തേക്ക്‌ കടക്കാന്‍ കാണിക്കുന്ന സര്‍ക്കസ്‌ കണ്ടാല്‍ ആരും ഒന്ന് പേടിക്കും… കയ്യും കാലും ഒക്കെ കൂടെ മിക്സ്‌ ആയി പരത്താന്‍ കിടക്കുന്ന പൊറോട്ട പോലെ ആകെ ഒരു കോമ്പ്ലക്സ്‌ പൊസിഷനില്‍ ആണേയ്‌ ആ സര്‍ക്കസ്‌.

ചെറിയ ബുദ്ധിയേ അന്ന് ഉള്ളെങ്കിലും, എന്റെയീ കസേര സര്‍ക്കസ്‌ ഒരു സംഭവമാണെന്നെനിക്ക്‌ മനസ്സിലായത്‌ എന്റെ കൂട്ടുകാരന്‍ ജിത്തു അതെന്നോട്‌ നേരിട്ട്‌ പറഞ്ഞപ്പോളാണ്‌. “ഡാ.. നീയിതെങ്ങെന്യാ ഉള്ളീക്കോടെ പുറത്തേക്ക്‌ വന്നേ… എനിക്ക്‌ പറ്റില്ലാലോ…”

ആ ഡയലോഗില്‍ ഞാന്‍ വീണു. താന്‍ ഒരു വെറും നിസ്സാരനല്ലെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. പാടത്ത്‌ പന്ത്‌ പെറുക്കാനും, ചൂണ്ടയിടാനും പോകാതെ ഞാന്‍ എന്റെ സമയം മുഴുവന്‍ കസേര സര്‍ക്കസിനായി ചെലവഴിച്ചു… ഞാന്‍ ശരിക്കും ഒരു പുലിയായി മാറുകയായിരുന്നു.

അങ്ങനെ എന്റെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ തങ്കേച്ചിയുടെ വീട്ടില്‍ അവരുടെ മക്കളും ഫാമിലിയും അവധിയാഘോഷിക്കാന്‍ വന്നത്‌. അവരുടെ 2 മക്കളും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ മെമ്മെറിയായിപ്പ്പ്പോയ അവരുടെ ആ സൈക്കിള്‍ അവിടെ വീണ്ടും കണ്ടപ്പോള്‍ അവരുടെ അഹ്ലാദത്തിന്‌ ഒരു കന്നഡ സ്റ്റൈല്‍ വന്നു. അതോട്‌ കൂടി ഹോം വര്‍ക്ക്‌ ചെയ്യാതെ ക്ലാസിന്‌ പുറത്ത്‌ നില്‍ക്കുന്നവനേപ്പോലെയായി ഞാന്‍. അവന്മാര്‍ ഫുള്‍ടൈം ആ സൈക്കിളില്‍ തന്നെയായിരുന്നു. ചെറുപ്രായത്തിലേ എന്റെ മനസ്സില്‍ പകയുടെ വിത്ത്‌ പാകിയത്‌ അവന്മാര്‍ മത്രമാണ്‌.

നാവില്‍ മലയാളത്തിന്റെ വാല്‍ക്കഷണം പോലും ആ പൊടീസിന്‌ വരില്ല. ഇങ്ക്ലീഷ്‌ പറയുന്നവര്‍ മഹാ വൃത്തികെട്ടവന്മാരും, ഹിന്ദി പറയുന്നവര്‍ സംസ്കാരമില്ലാത്തവരുമാണെന്ന് മനസ്സിലാക്കിയിരുന്ന കാലം. കണ്ണ്‌ മഞ്ഞളിക്കുന്ന തരത്തിലുള്ള ഡ്രെസ്സും, വീട്ടിനകത്ത്‌ പോലും ഷൂസുമൊക്കെ ഇട്ട്‌ അവന്മാര്‍ ആകെ വിലസി. ഞാന്‍ ശരിക്കും അടിച്ച ലോട്ടറി കളഞ്ഞുപോയവനെപ്പോലെയായി.

എന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം, തങ്കേച്ചി എന്നെ അവമ്മാരുമായി മുട്ടിച്ചു. ഹിന്ദി സിനിമയില്‍ ഗുണ്ടകള്‍ നയകനെ നോക്കുന്ന പോലെ, തലയൊക്കെ പൊക്കി, ബട്ടന്‍സ്‌ അഴിച്ചിട്ടിരിക്കുന്ന ഷര്‍ട്ട്‌ പിന്നിലേക്ക്‌ തൂക്കി അവന്മ്മാരെന്നെ നോക്കി… എന്നിട്ട്‌ കയ്യ്‌ തന്നു. പോടാ പുല്ലന്മാരെ… നിന്റെയൊന്നും കൂട്ടാവാന്‍ എന്നെ കിട്ടില്ലെന്നും പറഞ്ഞ്‌ ഇറങ്ങിപോകേണ്ടതായിരുന്നു ഞാന്‍. പിന്നെ തങ്കേച്ചി പറഞ്ഞതല്ലേ… ഞാനായിട്ട്‌ അങ്ങിനെ ഒന്നും ചെയ്യരുത്‌ എന്ന് കരുതി മാത്രം.. ഞാനും കയ്‌ കൊടുത്തു.

പക്ഷേ റ്റു ബി ഫ്രാങ്ക്‌, മലയാളം ക്ലാസാണെന്ന് കരുതി സംസ്കൃതം ക്ലാസില്‍ കേറിയിരുന്ന അവസ്ഥയായിരുന്നു എനിക്ക്‌. യെവമ്മാര്‍ പറയുന്നതൊന്നും അങ്ങോട്ട്‌ പിടികിട്ടുന്നില്ല. ഞാനിതുവരെ കേള്‍ക്കാത്ത എന്തൊക്കെയോ കളികള്‍ കളിക്കുന്നു… കോപ്രായങ്ങള്‍ കാട്ടുന്നു. ക്രികറ്റ്‌ കളി അങ്ങ്‌ ബാങ്ക്ലൂരിലും ഉണ്ടെന്ന് ഇവമ്മാരുടെ കയ്യില്‍ ബാറ്റും ബോളും കണ്ടപ്പൊഴാണ്‌ പിടി കിട്ടിയത്‌. ആകെ കുറച്ച്‌ പരിചയം അതിലായതിനാല്‍ ഞാനും കളിക്കാന്‍ കൂടി. പക്ഷേ എന്നും പന്ത്‌ പെറുക്കി മാത്രം ശീലമുള്ള എനിക്ക്‌ ബാറ്റിങ്ങോ ബോളിങ്ങോ ശരിയായിട്ട്‌ ചെയ്യാന്‍ പറ്റിയില്ല. എന്റെ തവളപിടുത്തം കണ്ട്‌ അവന്മാര്‍ ചിരിച്ചു… മനപ്പൂര്‍വം.. വീണ്ടും വീണ്ടും.

നിരാശയോട്‌ കൂടി ഞാന്‍ കളിനിര്‍ത്തി… അവിടുത്തെ കസേരയില്‍ വന്നിരുന്നു. “ട്രിങ്ങ്‌!!!!” എനിക്ക്‌ അപ്പൊഴാണ്‌ തലയില്‍ മറ്റൊന്നുദിച്ചത്‌. കസേര സര്‍ക്കസ്‌! അതിലെ എന്റെ പ്രകടനം കണ്ടാല്‍ ഇവമ്മാര്‍ സൈഡാവും. അത്‌ കട്ടായം. സിനിമാ നടന്‍ ജയനെപ്പോലെ, ചോരകണ്ടാല്‍ മാത്രം ശക്തി കിട്ടുന്നവനെപ്പോലെ ഞാന്‍ അവമ്മാരെ നോക്കി…

എന്റെ അഭ്യാസപ്രകടനം കാണിക്കാന്‍ ഞാന്‍ അവമ്മാരെ വിളിച്ചു.

“അതേയ്‌, നിങ്ങള്‍ക്കീ കസേരേഡെ ഉള്ളിലൂടെ പുറത്തേക്ക്‌ വരാന്‍ പറ്റുവോ? തല ആദ്യം പുറത്ത്‌ വരണം. പറ്റുാ?”

എവിടെ.. അവന്മാര്‍ വായപൊളിക്കുമെന്ന് എനിക്ക്‌ നന്നായി അറിയാമായിരുന്നു.

അവമ്മാര്‍ പൊളിച്ചു!

“എന്നാ ഞാന്‍ കാട്ട്യരാം… നോകീക്കോ…”

വര്‍ഷങ്ങളായി ഓടിക്കുന്ന ബുള്ളറ്റ്‌ പുല്ല്‌ പോലെ ഓണാക്കി കയറി ഓടിച്ചു പോകുന്ന ലാഘവത്തോടെ ഞാന്‍ ആ കസേരയില്‍ ചാടിക്കയറി.

അവമ്മാരെ ഒന്നൂടെ ഒന്ന് നോക്കീട്ട്‌, ഞാന്‍ എന്റെ സര്‍ക്കസ്‌ തുടങ്ങി. എന്റെ തല ഞാന്‍ ആദ്യം തുളയിലൂടെ പുറത്തേക്കിട്ടു… അവമ്മാര്‍ എന്നെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. എന്റെ പ്രകടനത്തിന്‌ ആദ്യായിട്ടാണ്‌ അങ്ങനെ ഒരു കയ്യടി കിട്ടുന്നത്‌. സ്വാഭാവികമായും ഞാനതില്‍ മതിമറന്നു. കുറച്ച്‌ കൂടി വെറൈറ്റി ആക്കാന്‍ വേണ്ടി, ഒരു കാലും, ഒരു കയ്യും മാത്രം ഞാന്‍ ഇത്തവണ ഓട്ടയിലൂടെ പുറത്തേക്കിട്ടു. എന്നും ചെയ്യുന്ന പോലെ അത്രക്ക്‌ സ്മൂത്തല്ല ഇപ്പരുപാടിയെന്ന് ഉള്ളില്‍ തോന്നിയെങ്കിലും, ഞാന്‍ പിന്മാറിയില്ല. അടുത്തകാലും ഞാന്‍ ബുദ്ധുമുട്ടി അകത്തേക്കിട്ടു.

മലബന്ധം വന്നവര്‍ മുക്കുന്ന പോലത്തെ ഒരു ശബ്ദമാണ്‌ പിന്നെ കേട്ടത്‌. ഞാന്‍ ബ്ലോക്കായിരിക്കുന്നു! ചത്ത മീനിന്റെ കണ്ണുകള്‍ പോലെ എന്റെ കണ്ണുകള്‍ തുറിച്ചു ചാടി. ഹെവി വെയ്റ്റ്‌ ലിഫ്റ്റിങ്ങുകാര്‍ വെയിറ്റ്‌ ലിഫ്റ്റുമ്പോള്‍ ഉണ്ടാക്കുന്ന അതേ ശബ്ദത്തില്‍ ഞാന്‍ അലറി… നോ രക്ഷ! തലയുടെ ലൊകേഷന്‍ തറയിലേക്കായതിനാല്‍, അവമ്മാരുടെ കാലിലെ ഷൂസുകള്‍ മത്രമേ കണ്ടുള്ളൂ എങ്കിലും, അവമ്മാര്‍ കയ്യടി നിര്‍ത്തിയത്‌ എനിക്ക്‌ മനസ്സിലായി. അപ്പോ സംഭവം സീരിയസ്‌ ആയിരിക്കുന്നു!

എനിക്ക്‌ നഷ്ടപ്പെട്ട മാനത്തിനെകുറിച്ചോര്‍ക്കാന്‍ എനിക്കപ്പോ തോന്നിയില്ല. മാനത്തേക്കാള്‍ വലുതാണല്ലോ പ്രാണന്‍! ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ നീങ്ങിനോക്കി… രക്ഷയില്ലാ… ഞാന്‍ ഫുള്‍ പ്രെഷര്‍ കൊടുത്തു… ശരിക്കും ലണ്ടനില്‍ പോകുന്ന അതേ താളത്തോടും, ആകാംക്ഷയോടും കൂടി.

പക്ഷേ ആ മുക്കല്‍, എന്റെ പെര്‍മിഷന്‍ ഇല്ലാതെ തന്നെ മറ്റൊരു കാര്യം കൂടി ഒപ്പിച്ചു… നമ്പര്‍ റ്റൂ! എല്ലാം വളരെ പെട്ടന്നായിരുന്നു.

അരുതാത്തത്‌ നടന്നു കഴിഞ്ഞൂ എന്നറിഞ്ഞിട്ടും, അതിനെതിരെ പ്രതികരിക്കാനാവാതെ ഞാന്‍ കുടുങ്ങിക്കിടന്നു… കണ്ടന്‍ കത്രികയില്‍ പെട്ട പെരുച്ചാഴി പോലെ.

തങ്കേച്ചി വന്നെന്നെ വലിച്ച്‌ പുറത്തിട്ടതും, ഞാന്‍ വീട്ടിലേക്കോടി… വെറുതേ റോമിങ്ങിലായിരുന്ന പട്ടിയെ കല്ലെറിഞ്ഞ്‌ പ്രകോപിപ്പിച്ചാല്‍ ഓടേണ്ടിവരുന്ന ഗതികേടായിരുന്നു അപ്പൊ എനിക്ക്‌.

അന്ന് ഞാന്‍ മനസ്സിലാക്കി… ജീവിതത്തില്‍ അണ്ടര്‍ വെയറിനുള്ള വില.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഈ ഓര്‍മ്മക്ക്‌ കടപ്പാട്‌ വിശാലമനസ്കന്റെ “സില്‍ക്ക്‌”
 ( http://kodakarapuranam.sajeevedathadan.com/ )
 എന്ന പോസ്റ്റാണ്‌.

വെറുതേ കിട്ടിയ ഇടിയുണ്ടകള്‍.

കൊയമ്പത്തൂരിന്റെ ഹൃദയഭാഗത്ത്‌ വെറും നാലായിരം റുപ്യക്ക്‌ ഒരു പോര്‍ട്ടിക്കോയും, രണ്ട്‌ എമണ്ടന്‍ ഹാളും, 2 കിടപ്പുമുറികളും, അതേ അളവില്‍ കുളിമുറികളും, ഒരു കിച്ചണും പിന്നെയിതൊന്നും പോരാഞ്ഞിട്ട്‌ താഴെ ഭൂമിക്കടിയില്‍ വിശാലമായൊരു ഗോഡൗണും ഒക്കെ ഉള്ള ഒരു കിടിലന്‍ രണ്ടുനില വീട്ടിലാണ്‌ ഞങ്ങള്‍ 6 പയ്യന്‍സ്‌ പോസ്റ്റ്‌ ഗ്രാജുവേഷന്റെ 3 വര്‍ഷം കഴിച്ച്‌ കൂട്ടിയത്‌. ആദ്യത്തെ നിലയില്‍ ഞങ്ങളും, മുകളിലത്തെ നിലയില്‍ അതെ കോളെജില്‍ പഠിക്കുന്ന മറ്റു ചില പിള്ളേരും.

പുതിയൊരു കലാലയത്തില്‍ ചേര്‍ന്നതിന്റെ എല്ല ത്രില്ലും എനിക്കുണ്ടായിരുന്നു. ആദ്യമായി ഹോസ്റ്റലില്‍ നിന്നും മാറിയുള്ള ജീവിതം എനിക്ക്‌ പഴയ ഹോസ്റ്റലില്‍ വല്ലപ്പോഴും മാത്രം മയിലുകള്‍ താണ്ടി മേലേ ചാവടിയില്‍ പോയി ചൂട്‌ പൊറൊട്ട കഴിക്കുന്ന പോലെയായിരുന്നു. വീട്ടില്‍ മൂന്ന് നേരവും കുക്കാന്‍ ഒരു അക്ക വരും. ആദ്യമൊക്കെ അവര്‍ മുറി മലയാളം പറയുന്നതിന്റെ ഒപ്പം, ഭക്ഷണവും മുറി മലയാളത്തിലായിരുന്നു വെച്ചത്‌. പിന്നെ ഞങ്ങള്‍ പതിയെ പതിയെ കടലച്ചമ്മന്തിക്ക്‌ പകരം തേങ്ങാ ചമ്മന്തിയും, ഡബിള്‍ കോട്ടഡ്‌ ഊത്തപ്പത്തിനു പകരം കനമില്ലാത്ത മൊരിഞ്ഞ ദോശയും ഒക്കെ ഉണ്ടാക്കാന്‍ പഠിപ്പിച്ചു കൊടുത്തു.

മൊബെയിലിന്റെ ഉപയോഗം എയ്ഡ്സിന്റെ ഓവറായ പുബ്ലിസിറ്റിയേക്കാളും വേഗത്തില്‍ കൂടിക്കൊണ്ടിരുന്ന കാലം. എങ്ങിനെയും ഒരു മൊബെയിലില്‍ ഒപ്പിച്ചില്ലെങ്കി ആ എയര്‍റ്റെല്‍ തരുന്ന ഫ്രീ മെസ്സേജും, റ്റോക്‌ റ്റൈമും ഒക്കെ വെറുതേ ആവില്ലേ… അത്‌ പാടില്ലെന്നോര്‍ത്ത്‌ ഞങ്ങളും വാങ്ങി മൊബെയില്‍.

സത്യം പറയാലോ… മൊബെയിലൊരു അസാധാരണ സംഭവം തന്നെ. കൂടെ പഠിക്കുന്ന പെമ്പിള്ളേരെ ക്ലാസില്‍ വെച്ച്‌ കണ്ടാ മിണ്ടാനൊരു മടി. പക്ഷേ, ഈ കുന്ത്രാണ്ടത്തില്‍ രാവിലെയും, രാത്രിയും പറ്റിയാല്‍ ഉച്ചക്കും ഒരോ ഫോര്‍വേഡ്‌ മെസ്സേജ്‌ അയക്കുംബോ എന്താ സുഖം. അതേ സ്പീഡില്‍ തിരിച്ചിങ്ങോട്ട്‌ വരുന്ന മെസ്സേജും നോക്കി ഇരിക്കാന്‍ അതിലും സുഖം. ഓ നിനക്കിപ്പൊഴേ അവള്‍ ഈ മെസ്സേജ്‌ അയച്ചുള്ളോ? എനിക്ക്‌ നേരത്തെ അവളയച്ചിരുന്നു എന്ന് പറയുമ്പോ, അവളെന്റെയല്ലേ എന്നൊരു ഭാവം എന്നില്‍ വന്നിരുന്നു.

പതുക്കെ അക്ഷരങ്ങള്‍ ശബ്ദങ്ങളായി. ആദ്യമൊക്കെ മൂന്നോ നാലോ മിനിട്ട്‌ മാത്രം നീണ്ട സംഭാഷണങ്ങളില്‍ ഉപ്പും മുളകും പുളിയും ഒക്കെ കൂടാന്‍ തുടങ്ങിയപ്പോ മണിക്കൂറുകളായി. വൈകീട്ട്‌ വന്നാല്‍ തുടങ്ങുന്ന സംഭാഷണങ്ങള്‍ അങ്ങിനെ രാത്രി വരെയും, പിന്നീട്‌ പാതി രാത്രി വരെയും.. ചില സമയത്ത്‌ അതി രാവിലെ വരെയും നീണ്ടു പോയി. ആ ഒരു എക്സ്പീരിയന്‍സ്‌ ഉള്ളതുകൊണ്ട്‌ മാത്രം ഇന്ന് സുഖമായി 24 മണിക്കൂറും ജോലിചെയ്യാന്‍ ഞങ്ങളില്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല.

വീടിനുള്ളില്‍ എല്ലാം പാരകള്‍ ആയതിനാല്‍ ഞങ്ങളില്‍ പലരും പുറത്തിറങ്ങിയാണ്‌ കത്തിവെക്കാറ്‌. 3-4 മണിക്കൂര്‍ തുടര്‍ച്ചയായി അടിക്കടി വെച്ചങ്ങിനെ ഉലാത്തും… വഴിയില്‍ എരിവും, പുളിയുമെല്ലാം കൊഴിഞ്ഞു വീഴും. ഇടത്തെ കയ്യ്‌ കഴച്ചാല്‍ വലത്തേതിലേക്ക്‌ മൊബെയില്‍ മാറ്റും… കാലു കഴച്ചാല്‍.. ഇല്ല, കാല്‌ കഴക്കാറില്ല. ഒട്ടും പറ്റാതെ വന്നാല്‍, അവിടെ പകല്‍ തുണി തേക്കാന്‍ വരുന്ന അണ്ണന്റെ ഒരു ഉന്ത്‌ വണ്ടിയുണ്ട്‌, അതില്‍ കയറി ഇരിക്കും. ഇനി സമയം രാത്രി ഒരു മണി, രണ്ട്‌ മണി ഒക്കെ അയാല്‍, പുറത്ത്‌ മഞ്ഞ്‌ വീണ്‌ എരിവോ പുളിയോ കുറയുന്നു എന്ന് മനസ്സിലായാല്‍ പതുക്കെ തലയും, കയ്യും, കാലും ഉന്തുവണ്ടിക്കകത്തേക്ക്‌ വലിച്ച്‌ വെക്കും. തട്ട്‌ കിട്ടിയ അട്ടയെപ്പോലെ ചുരുണ്ടുകൂടി, അതിനുള്ളില്‍ ഇരുന്ന് കത്തിവെക്കും.ക്ലാസിലെ 6 മണിക്കൂര്‍ 6 യുഗങ്ങളായി തോന്നുകയും, വീട്ടിലെത്തിയാലുള്ള 12-14 മണിക്കൂര്‍ വെറും സെക്കന്‍ഡുകള്‍ പോലെയാവുകയും ചെയ്തത്‌ ഞങ്ങളില്‍ മൊബെയില്‍ ഉള്ളവര്‍ക്ക്‌ മാത്രമായിരുന്നു.

ആദ്യ സെമസ്റ്റര്‍ പതിനെട്ടാമത്തെ വയസ്സാഘോഷിക്കുന്ന അയലത്തെ വീട്ടിലെ തമിഴത്തിപ്പെണ്ണിന്റെ പോലെ ഒരുപാടാഗ്രഹങ്ങള്‍ക്ക്‌ വളമിട്ടിട്ട്‌ വേഗം പോയി. അതിനിടയിലെ ഒരു സാധാരണ ദിവസം, ഞങ്ങളെല്ലാവരും വീട്ടില്‍ സ്ത്രീ എന്ന, എത്ര പഠിച്ചാലും (ട്രൈ ചെയ്താലും) അരിയര്‍ വീഴുന്ന ആ മഹാ പ്രതിഭാസത്തെക്കുറിച്ച്‌ ഗ്രൂപ്‌ ഡിസ്കഷന്‍ നടത്തുകയായിരുന്നു. ബോഡര്‍ കടന്ന് വരുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വാതന്ത്ര്യം കാംക്ഷിച്ച്‌ വരുന്നതാണെന്നും, അതല്ലാ, നാട്ടിലെ എതോ കേസുകെട്ട്‌ വീട്ടിലറിഞ്ഞ്‌ അവിടെ നിന്നും കയറ്റിവിടുന്നതാനെനും, ഇനിയിതൊന്നുമല്ല, ഇങ്ങനെ പുറത്ത്‌ പഠിപ്പിച്ചാല്‍ കല്യാണ മാര്‍കറ്റില്‍ നല്ല വിലകിട്ടുമെന്നും തുടങ്ങി പല പല അഭിപ്രായങ്ങളിലൂടെയും സമയം പോയപ്പോ ആ രാത്രിക്ക്‌ പാതിവയസ്സായത്‌ ഞങ്ങളറിഞ്ഞില്ല.

പതുക്കെ പെണ്‍കള്‍ നാങ്കള്‍ക്ക്‌ വിഷയമേ അല്ലെന്ന മട്ടിലുള്ളവര്‍ കിടന്നുറങ്ങി. അയക്കാനുള്ള മെസ്സേജുകള്‍ മുഴുവനും അയച്ചുതീര്‍ക്കാനുള്ള ധ്രിതിയില്‍ ഞാനും മറ്റ്‌ മൂന്ന് പേരും ഉറക്കത്തിന്‌ അപായം കൊടുത്ത്‌ കുത്തിയിരുന്നു. എനിക്ക്‌ മെസ്സേജ്‌ ടൈപ്‌ ചെയ്യാന്‍ താമസിച്ചതുകൊണ്ടാണോ അതോ കൊറെ പേര്‍ക്ക്‌ അയക്കാന്‍ ഉള്ളതുകൊണ്ടാണോ എന്തോ, അവസാനം ഞാന്‍ മാത്രം ഉറങ്ങാതെ ഇരുന്നു…

സമയം രാവിലെ മൂന്ന് മണി. എന്റെ ശാസനകള്‍ ഓവര്‍ റൈഡ്‌ ചെയ്ത്‌ ഉറക്കം കോട്ടുവായിട്ട്‌ അലാം അടിപ്പിച്ചു. ഞാന്‍ പതുക്കെ കിടപ്പ്‌ മുറിയിലേക്ക്‌ നടക്കാന്‍ തുടങ്ങിയതും,

“ഡിംഗ്‌… ഡോാാാാാാാാാങ്ങ്‌….”

അരോ കോളിംഗ്‌ ബെല്ലി. ഈ സമയത്ത്‌ ആരായിരിക്കുമെന്ന് അലോജിക്കാനുള്ള ബുദ്ധി അപ്പോ എനിക്ക്‌ തോനിയില്ല. പിന്നീടത്‌ തോന്നിയെങ്കിലും കാര്യമുണ്ടായിരുന്നില്ല.

വല്ലാതെ ബുദ്ധിമിട്ടുള്ള പൊലെ ഞാന്‍ നടന്ന് വാതില്‍ തുറന്നു. ഡിമ്മായ വഴിവിളക്കിന്റെ പമ്മിയ വെളിച്ചത്തില്‍, വീടിന്റെ മുന്നിലും, വഴിയിലുമായി ഒരു മുപ്പതോളം, നല്ല വലിപ്പമുള്ള തലകള്‍!

ഇവമ്മാര്‍ ഇക്കൊല്ലത്തെ കോളേജ്‌ ഡേയുടെ പിരിവിനെങ്ങാനും വന്നതായിരിക്കുമോ എന്നൊരു സംശയം തോന്നിയെങ്കിലും, അവമ്മാരുടെ തലയില്‍ നിന്നും താഴോട്ടിറങ്ങി നോക്കിയ എന്റെ കണ്ണില്‍ നാലിഞ്ച്‌ വ്യസത്തിലുള്ള വടികളും, സൈക്കിള്‍ ചങ്ങലകളും കുടുങ്ങിയപ്പോ, പിരിക്കാന്‍ വന്നിരിക്കുന്നത്‌ കാശല്ല, മറ്റെന്തോ ആണെന്ന് മനസ്സിലായി.

മൊത്തം നല്ല കരിക്കട്ടയില്‍ പറഞ്ഞ്‌ പണിയിച്ചപോലെ ശരീരമുള്ള അണ്ണാച്ചികള്‍. പലരേയും കോളേജില്‍ കണ്ടപോലെ ഒരു തോന്നല്‍. പക്ഷേ,ഒട്ടുമിക്കവരും മുഖം കര്‍ചീഫ്‌ വച്ച്‌ കെട്ടിയിരിക്കുന്നു. രാത്രിയിലെ തണുപ്പ്‌ മാറ്റാനാവുമോ?

ഏറ്റവും മുന്നില്‍, എന്റെ തൊട്ട്‌ മുന്നില്‍ നിന്നവന്‍ സത്യമായിട്ടും വിരുമാണ്ടി സിനിമയിലെ കമലിന്റെ അതേ ആകാരസൗഷ്ടുഭം ഉള്ളവനായിരുന്നു, കൂടാതെ, വീതുളിയേക്കാളും മൂര്‍ച്ചയുള്ള ക്രിതാവും, മുഖത്തെ കടുപ്പം കൂട്ടാന്‍ കയ്യില്‍ പിടിച്ച തടിയന്‍ വടിക്കഷണവും. അവനാ വടികൊണ്ട്‌, അതേ വണ്ണത്തിലുള്ള കാലിലെ മസിലില്‍ ചുമ്മാ തട്ടിക്കൊണ്ടിരുന്നു…

“നീങ്ക എസ്‌ എന്‍ ആര്‍ പസിങ്കളാ…? ” അവന്‍ എന്നെ നോക്കി പറഞ്ഞു.

അത്രയും കാലം ഞാനനുഭവിക്കാത്ത വല്ലാത്തൊരു തണുപ്പെനിക്കനുഭവപ്പെട്ടതിനാല്‍, അല്‍പം വെറച്ചുകൊണ്ട്‌, ഒട്ടും കൂസലില്ലാതെ ഞാന്‍,

“ആമാം… MCA പണ്ണ്രേന്‍..”

“അണ്ണാ… ഇവനാ അന്ത —- ? പോട്ട്ക്കലാം ണ്ണേ…” (ചേട്ടാ, ആളിവന്‍ തന്നെയാണോ? ഇപ്പൊ തന്നെ പൂശിയാലൊ?)

“ഇവന്‍ കെടയാത്‌. ഉള്ളെ പാപ്പോം..” വിരുമാണ്ടി ഉറച്ച കാലുകളുമായി അകത്തേക്ക്‌… രാജാവിനു വേണ്ട വഴിയൊതുക്കി, ഞാന്‍ വരാന്തയിലേക്ക്‌ മാറിനിന്നു. തൊട്ടു പിറകേ മുപ്പതോളം വന്ന ആ വെട്ടുകിളിക്കൂട്ടവും അകത്തേക്ക്‌ ജാഥ നയിച്ചു. എല്ലാവരും അകത്തെ രണ്ടാമത്തെ ഹാളില്‍ മിസ്സായ പാമ്പിനെ തെരയാന്‍ തുടങ്ങി.

ഒന്ന്… രണ്ട്‌… മൂന്ന്.. അത്രയുമായപ്പോഴേക്കും അകത്തുനിന്നും പഴംതമിഴ്‌ പാട്ടുകള്‍ ഉച്ചത്തില്‍ കേട്ടുതുടങ്ങി. ഏതപകടാവസ്ഥയിലും സ്വന്തം തടി നോക്കണം എന്ന സദാചാരത്തിന്റെ മറവില്‍ ഞാന്‍ ഇരുട്ട്‌ മൂടിയ അടുക്കളയിലോട്ട്‌ നീങ്ങി. അടുക്കളയിലേക്ക്‌ രണ്ട്‌ ഹാളില്‍ നിന്നും വാതിലുകള്‍ ഉണ്ട്‌. രണ്ടാമത്തെ ഹാളിലേക്ക്‌ തുറക്കുന്ന വാതിലിന്റെ ചെറിയൊരു ഗ്യാപ്പിലൂടെ ഞാന്‍ കണ്ടു… ഉറക്കം വരാതെ കാലാട്ടിക്കിടന്ന മൂന്ന് പാമ്പുകളെ ചുമരിലേക്ക്‌ താങ്ങി നിര്‍ത്തിയിരിക്കുന്നു. മന്തന്‍ വടികൊണ്ടുള്ള അടികള്‍ കയ്കൊണ്ട്‌ തടയാന്‍ നോക്കുന്നതിനിടയില്‍ തലയിലും, തുടയിലും കൊള്ളുന്നു… ചില കിളികള്‍ അവമ്മാരെ ചവിട്ടുന്നു… എരിവിനു വേണ്ടി തെറിയും. ഡിസ്കവറി ചാനലില്‍ മുപ്പത്‌ സിങ്കങ്ങള്‍ക്ക്‌ കിട്ടിയ മൂന്ന് പേടമാനുകള്‍ പിടയുന്നതുപോലെന്നാത്മമിത്രങ്ങള്‍!

അടിക്കാന്‍ ചാന്‍സ്‌ കിട്ടാത്ത ഒരു കിളിയതാ, ചാരിക്കിടന്ന വാതിലിനപ്പുറത്തെ ഇരുട്ടിലേക്കെത്തി നോക്കുന്നു. അവനതാ വാതില്‍ തുറക്കുന്നു.

മുണ്ടിന്റെയറ്റത്തിന്റെ നല്ലൊരു ഭാഗവും വായിലേക്കാക്കി നിന്നിരുന്ന എന്നെ അവന്‍ കണ്ടു… കണ്ടില്ലാ… എന്നായപ്പോഴേക്കും ഞാന്‍ മര്യാദക്ക്‌ വീടിന്‌ പുറത്തേക്കിറങ്ങി. തണുത്തചോരയുള്ള അടിച്ചിട്ടും കൊഴുപ്പില്‍ മാത്രം കൊള്ളുന്ന മൂന്ന് യമണ്ടന്മാരെ തല്ലുന്നത്‌ നിര്‍ത്തി, നീരോലി വടി പോലിരുന്ന എന്നെ ഉന്നമിട്ട്‌ വെട്ടുകിളിക്കൂട്ടം പുറത്തേക്കാശ്രോച്ച്‌ വന്നു…

എന്നെ കോളറില്‍ പിടിച്ചൊരുത്തന്‍ നടുറോട്ടിലേക്ക്‌ വലിച്ചിട്ടു.

“നാന്‍ MCA താന്‍… UG കെടയാത്‌… ” ഒഴിവാവുകയാണെങ്കില്‍ നടക്കട്ടെ എന്ന് കരുതി പറഞ്ഞ്‌ നോക്കി… യെവടെ. “ഏങ്കെടാ അന്ത — പസിങ്ക?” (എവിടെയടാ ആ — പിള്ളേര്‍) എന്നും ചോദിച്ചായിരുന്നു പിന്നെ പ്രയോഗം. മറ്റേ പാമ്പുകളെ തല്ലി, നടു ചതഞ്ഞ വടികളുടെ ചതയാത്ത ഭാഗങ്ങള്‍ എന്റെ തലയിലും, പുറത്തും, തടയാന്‍ പൊങ്ങിയ കയ്കളിലും മാറി മാറി മുത്തി.

കടിക്കാന്‍ വന്നിട്ടെന്തോ ഓര്‍ത്ത്‌ തിരിഞ്ഞോടിയ അരണയെപ്പോലെ, അവമ്മാര്‍ എന്നെ ശരിക്കൊന്ന് പെരുമാറാതെ ഓടിപ്പോയി. ചുറ്റിലും ചിതറിക്കിടന്ന വടിക്കഷണങ്ങള്‍ക്കും, സൈക്കിള്‍ ചങ്ങലകള്‍ക്കുമിടയില്‍ നിന്നും ഞാനെന്റെ ചെരുപ്പെടുത്ത്‌ കയ്യില്‍ പിടിച്ചു. തല്ലുന്നതിനിടയില്‍ എന്റെ കാവിമുണ്ടാരോ ഊരിക്കൊണ്ടുപോയത്‌ ഞാനങ്ങു ക്ഷമിച്ച്‌, മെല്ലെ മെല്ലെ റൂമിലേക്ക്‌ കയറി.

അവിടെ അതാ മൂന്നെണ്ണം പിന്നിലേക്ക്‌ കയ്യും കൊടുത്ത്‌ സീലിംഗ്‌ ഫാനിലെ പൊടിനോക്കിയിരിക്കുന്നു. ഞാനും അവരുടെ കൂട്ടത്തില്‍ കാറ്റുകൊള്ളാന്‍ കൂടി. അടികിട്ടിയാല്‍ അതിത്രപെട്ടന്ന് നീര്‌ വെക്കുമെന്നറിയാത്ത വിഢ്ഢികള്‍, അതും നോക്കി ഏങ്ങലടിക്കുന്നു! കഷ്ടം.

കിടപ്പുമുറിയില്‍ നിന്നും അതുവരെ സ്റ്റണ്ട്‌ സീന്‍ സ്വപ്നം കാണുകയായിരുന്ന രണ്ട്‌ പേര്‍ ഇറങ്ങി വരുന്നു…

ഒന്നാമന്‍ : “ഡാ… എന്താഡാ ണ്ടായേ…?”

രണ്ടാമന്‍ : “ഡാ.. അവമ്മാര്‌ നിങ്ങളെ തല്ലിയാ? ഞാനുറക്കത്തില്‍ ഒന്നും അറിഞ്ഞില്ലെഡാ” (അറിഞ്ഞിരുന്നെങ്കില്‍…)

ഉടനേ എണീറ്റ്‌ വന്ന് ചെള്ളക്കിടാനുള്ള ഊര്‍ജ്ജം ഞങ്ങളിലാര്‍ക്കും ബാകിയില്ലായിരുന്നതിനാല്‍, അവമ്മാര്‍ രണ്ടും ജസ്റ്റിന്‌ രക്ഷപ്പെട്ടു.

കയ്യും, തലയും തടവുന്നതിനിടയില്‍ ഞാന്‍ സംഭവം മുഴുവനും അവമ്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തു. എന്നിട്ടും അവമ്മാരെന്തിനു വന്നിങ്ങനെ പണിഞ്ഞിട്ട്‌ പോയീ എന്നാര്‍ക്കും മനസ്സിലായില്ല. ഡിഗ്രിക്ക്‌ പഠിക്കുന്ന പീക്കിരി പിള്ളേരാണ്‌ നമുക്കിട്ട്‌ പണിതത്‌ എന്നു മാത്രം മനസ്സിലയി. നാണക്കേട്‌. നാളെ കോളേജിലെങ്ങിനെ കയ്യ്‌.. അല്ല തല പൊക്കി നടക്കും?

ഇനിയും ഇത്തരത്തില്‍ അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ കരുതി, ഞങ്ങളെല്ലാരും രണ്ട്‌ ഷര്‍ട്ട്‌ (ഒന്ന് കീറിയാല്‍ അടുത്തതുണ്ടല്ലോ) ഇട്ടാണ്‌ ക്കോളേജിലെത്തിയത്‌. ഭാഗ്യം. പെണ്‍പടകളാരും അറിഞ്ഞിട്ടില്ലെന്ന് തോനുന്നു. അവരൊന്നും ചോദിച്ചില്ല.

അല്‍പം കഴിഞ്ഞപ്പോ ഞങ്ങളുടെ ഒരു സുഹൃത്ത്‌ ഇന്നലത്തെ പാമ്പുപിടുത്തത്തിന്റെ യധാര്‍ഥ കഥയുമായി വന്നു.

“ഡാ… അവമ്മാര്‍ക്കാളു മാറിയതാ. നമ്മടെ സീനിയേഴ്സുമായി എന്തോ അലമ്പായി. അവമ്മരെ നോക്കി നിങ്ങടെ വീട്ടില്‍ വന്നതാ. കിട്ടാതായപ്പോ കലി തീര്‍ക്കാന്‍ നിങ്ങള്‍ക്കിട്ട്‌ പണിതു. ആക്ച്വലി സീനിയര്‍ ഗഡീസ്‌ നിങ്ങടെ വീടിന്റെ രണ്ടാമത്തെ നിലയില്‍ ഉണ്ടായിരുന്നെടാ.”

അതുവരെ എല്ലാം കേട്ട്‌ നിക്കുകയായിരുന്ന എന്റെ സഹമുറിയന്‍ അപ്പോ പറഞ്ഞു…

“ഹും… നിനക്കറിയോ, ഇന്നലത്തെ ആ പടയുടെ ലീഡര്‍ (വീരുമാണ്ടി) എന്റെ പഴയ ഫ്രണ്ടായിരുന്നെടാ… ഇവിടത്തെ ഒരു ചെറിയ ഗുണ്ടയാ…”

ആ ഗുണ്ടയാ എന്റെ മേത്തീ ഉണ്ടകള്‍ തന്നതെന്നറിഞ്ഞിട്ടും, ആ ഉണ്ടകള്‍ക്ക്‌ പകരം എനിക്കൊരു ഉണ്ടയും കൊടുക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും ഞാന്‍ പറഞ്ഞു…

“പിന്നെ… ഒരു ഗുണ്ട. ഉണ്ടയാ… ഉണ്ട!”

ആ പറഞ്ഞതിന്റെ മീനിംഗ്‌ അപ്പൊ എനിക്ക്‌ മത്രേ അറിയുമായിരുന്നുള്ളൂ. ഒരു തണുത്ത രാത്രിയുടെ നല്ല ഓര്‍മ്മകളുമായി ഞാന്‍ തിരിച്ച്‌ പോയി, എന്റെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക്‌. രണ്ട്‌ ദിവസം കഴിഞ്ഞിട്ടേ പിന്നെ ഞാന്‍ തിരിച്ച്‌ വീടണഞ്ഞുള്ളൂ. എന്തിനാ വെറുതേ ഞാനായിട്ട്‌….

എതായാലും ആ ഒരു രാത്രികൊണ്ട്‌ കൊണ്ട്‌ ഞാന്‍ പഠിച്ച പാഠങ്ങള്‍ പലതാണ്‌:

  1. ആരെങ്കിലും കോളിംഗ്‌ ബെല്ലിയാല്‍ ആദ്യമേ പോയി തുറക്കരുത്‌. മറ്റാരെങ്കിലും പോയി തുറക്കട്ടേന്നേയ്‌.
  2. രാത്രി ഉറങ്ങാതെ ഇരിക്കരുത്‌. എന്തൊക്കെ വന്നാലും.
  3. തല്ല് കിട്ടും എന്നുറപ്പായ സന്ദര്‍ഭങ്ങളില്‍, മറ്റൊന്നും ആലോജിക്കരുത്‌… ഓടിക്കോണം.
  4. വെറുതേ കിട്ടുന്ന ഇടിയുണ്ടക്ക്‌ ഒട്ടും രുചിയുണ്ടാവില്ല. മാത്രവുമല്ല, കിട്ടുന്നതൊന്നും ട്രാന്‍സ്ഫറബിള്‍ അല്ല. സ്വയം തിന്നു തീര്‍ത്തേ പറ്റൂ.
  5. വല്ലാതെ ഭയപ്പെട്ടാല്‍, മൂത്രമൊഴിക്കും.

കുപ്പ്യായ കളി (അനുഭവ കഥ)

ഞാന്‍ മനക്കുളങ്ങര ഇസ്കൂളില്‍ അറാം തരത്തിന്‌ പഠിക്കുന്നു. ഇസ്കൂളിലെ അന്നത്തെ പ്രഥാന സ്പോര്‍ട്‌സ്‌ കുപ്പ്യായ കളി ആയിരുന്നു (ഗോലി കളി എന്ന് മൂത്തവര്‍ പറയും). തീപ്പട്ടി പട്ടം വെച്ചായിരുന്നു അന്നൊക്കെ കളി. കുപ്പ്യായ കളത്തിനു മുന്നില്‍ വെള്ളം തെന്നി സ്ലിപ്പായ ബൊക്കാറോ എക്സ്പ്രസ്‌ പോലെ തീപ്പെട്ടി പടങ്ങള്‍ നിരന്നിരിക്കും. മനക്കുളങ്ങര ഇസ്കൂളിലെ ഒരു പരമ്പരാഗത കായിക ഇനമായതിനാല്‍, നല്ലൊരു ശതമാനും വിദ്യാര്‍ഥികളും കുപ്പ്യായ കളിയില്‍ വന്‍ പുലികളായിരുന്നു. ഞാനൊഴിച്ച്‌.

സേവിയടിക്കാനും, ഒറ്റനൊത്തിന്‌ കൊള്ളിക്കാനുമൊക്കെ എന്റെ കൂട്ടുകാരെ പോലെ ഞാനും നോക്കി. വീട്ടിലെ തീപ്പെട്ടികള്‍ നൂഡ്‌ ആയതല്ലാതെ, എന്റെ കുപ്പ്യായ കളിയില്‍ വലിയ മെച്ചപ്പാടൊന്നും വന്നില്ല. വക്കന്‍ (കളത്തിലേക്കെറിഞ്ഞ ഗോലിയില്‍ എറിഞ്ഞു കൊള്ളിക്കുന്ന ഗോലി) മാറ്റി നോക്കിയും, ഈ കണ്ണിന്‌ പകരം മറ്റേ കണ്ണ്‌ അടച്ച്‌ പിടിച്ചും ഒക്കെ കളിച്ചു നോക്കി. പൊട്ടനുറുമ്പ്‌ അടിച്ചു ഫിറ്റായ മാരി കുപ്പ്യായ രണ്ടും ഫീള്‍ഡിന്‌ പുറത്തേക്ക്‌.

തീപ്പട്ടിപ്പടം ഇല്ലാതെ കാലിയായ പോകറ്റ്‌ കണ്ട്‌ എന്റെ കൂട്ടുകാര്‍ ചിരിച്ചു. ഇനിയും നാനമില്ലാതെ വീട്ടില്‍ നിന്നും തീപ്പട്ടിപ്പടമെടുക്കാന്‍ എന്റെ അഭിമാന്‍ സമ്മതിച്ചില്ല. സ്വന്തമായി അഞ്ച്‌ തീപ്പട്ടിപ്പടം ഉണ്ടാക്കാന്‍ എനിക്കായില്ല. ഇനീം കളിച്ച്‌ തോറ്റ്‌ വീട്ടുകാരെ മുടിപ്പിക്കാന്‍ പാടില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. പക്ഷേ കൂടെയിരിക്കുന്നവന്റെ പോക്കറ്റ്‌ ഷക്കീലാന്റിയുടെ മാരി നിറഞ്ഞിരിക്കുന്നത്‌ കാണുമ്പോ ആര്‍ക്കാ കണ്ട്രോള്‍ പൂവാത്തേ? വീണ്ടും കളിക്കാനും, തീപ്പട്ടിപ്പടം നിറച്ച എന്റെ പോകറ്റ്‌ അവന്റേതിനേക്കാള്‍ വലുതാക്കാനും ഞാനാഗ്രഹിച്ചു.

കേറിയ തെങ്ങില്‍ തന്നെ പിന്നേം തേങ്ങയിടാന്‍ കേറിയ അവസ്ഥയായിരുന്നു കളിക്കാനിറങ്ങിയ എനിക്ക്‌. വേണ്ടായിരുന്നു എന്ന് തോന്നിയത്‌ ലിന്റോന്റേന്ന് കടം വാങ്ങിയ അഞ്ച്‌ തീപ്പട്ടിപ്പടം കൂടി നഷ്ടപ്പെട്ടപ്പോഴാണ്‌. ഈ ഭാരിച്ച കടം എങ്ങിനെ വീട്ടുമെന്നോര്‍ത്ത്‌ ഇസ്കൂള്‍ ഗ്രൗണ്ടിലെ കുപ്പ്യായ കളങ്ങള്‍ക്കിടയിലൂടെ എണ്ണത്തോണിയില്‍ നിന്നും എണീറ്റോടിയ ഒച്ചിന്റെ മാരി ഞാന്‍ നടന്നു.

അങ്ങിനെ നടന്ന് നടന്ന് ഒന്നാം ക്ലാസിലെ ചിടുങ്ങ്‌ പൊടീസ്‌ കളിക്കുന്നിടത്തെത്തി. പെട്ടെന്നെന്നെ കണ്ടതും, അവമാര്‍ “ഡാ ദേഡാ സ്കൂള്‍ ലീഡര്‍ വരുന്നു… ഓടിക്കോടാ…” എന്നും പറഞ്ഞ്‌ നിരത്തിയിട്ട തീപ്പട്ടിപ്പടം പോലും എടുക്കാന്‍ നിക്കാതെ ഓടി. തെണ്ടാനിരിക്കുന്നവന്റെ തലയില്‍ വീണ അഞ്ഞൂറിന്റെ നോട്ടിനെ നോക്കുന്നപോലെ, ഞാനാ തീപ്പട്ടിപടങ്ങളെ നോക്കി നിന്നു… എടുക്കണോ.. വേണ്ടയോ? അമ്മ ദോശയുണ്ടാക്കുമ്പോ ഒരു സൈഡ്‌ വെന്ത്‌ മറ്റേ സൈഡില്‍ക്ക്‌ മറച്ചിടാറായോ എന്നാലോജിക്കുന്ന അതേ കണ്‍ഫൂഷന്‍.

പക്ഷേ പെട്ടന്നാണ്‌ അ പൊടീസ്‌ വിളിച്ച്‌ പറഞ്ഞോണ്ടോടിയത്‌ ഞനോര്‍ത്തത്‌… ഇസ്കൂള്‍ ലീഡര്‍! അത്‌ ഞാനല്ലേ??? അതേ… ഹും! ഈ ഇസ്കൂളീന്റെ ലീഡറായ ഞാന്‍ എന്തിന്‌ തെണ്ടണം? എനിക്ക്‌ കളിക്കാന്‍ പറ്റില്ലെങ്കി ആരും ഇവിടെ കളിക്കണ്ടാ… ആ പറഞ്ഞതില്‍, ഒരിക്കലും ഗോളടിക്കാന്‍ പറ്റാത്ത ഗോളിയുടെ മനോദുഖം പോലൊരു സാധനം നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു.

കാര്യം ഞാന്‍ വലിയൊരു സംഭവമൊന്നുമായിരുന്നില്ലെങ്കിലും, ചൂന്യ മുളകിന്റെ എഫക്റ്റായിരുന്നു. അതുവരെ എടുക്കാത്ത ഇസ്കൂള്‍ ലീഡറുടെ ഭാവം അന്ന് ഞാന്‍ ഉള്‍കൊള്ളുകയായിരുന്നു. ഞാന്‍ എല്ലാ കുപ്പ്യായ ഫീല്‍ഡിലും ചെന്ന്, ഇനി മുതല്‍ കുപ്പ്യായ കളിക്കാന്‍ പടില്ലെന്ന് ചന്ദ്രന്‍ മാഷ്‌ (സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍) പറഞ്ഞിട്ട്ണ്ട്‌ ന്ന് പറഞ്ഞു. ചന്ദ്രന്‍ മാഷും ഞാനും അപാര കൂട്ടാണെന്ന്‌, അതോണ്ട്‌ പറഞ്ഞത്‌ മര്യാക്ക്‌ കേട്ടോ എന്ന രീതിയിലാണ്‌ ഞാന്‍ പറഞ്ഞത്‌. പിള്ളേര്‍ പേടിച്ചു! എഴാം തരത്തിലെ മൂത്ത ചെക്കമ്മാര്‍ പക്ഷേ ഞാന്‍ പറഞ്ഞതിന്‌ കീറിപ്പോയ, എടുക്കാത്ത തീപ്പട്ടിപ്പടത്തിന്റെ വില പോലും കൊടുത്തില്ല.

എനിക്കത്‌ മതിയായിരുന്നു. ന്റെ ക്ലാസിലെ പിള്ളേര്‍ കളി നിര്‍ത്തി. എല്ലാരും തീപ്പട്ടിപടങ്ങള്‍ പോകറ്റില്‍ നിന്നും മാറ്റി ബാഗിലേക്കാക്കി. പിറ്റേ ദിവസം ഗ്രൗണ്ട്‌ കൊയ്ത്ത്‌ കഴിഞ്ഞ പാടം പോലെ ശൂന്യം. ഇന്നലെ എന്നെ ഊശിയാക്കിയവമ്മാര്‍ പോലും ഇന്ന് ഫീല്‍ഡില്‍ ഗോലിയിറക്കാന്‍ വന്നിട്ടില്ല.

സ്വാഭാവികമായും കളിനിന്നപ്പോള്‍ തീപ്പട്ടിപ്പട്ടത്തിന്റെ മാര്‍കറ്റ്‌ വാല്യൂ ഇടിഞ്ഞു. അത്‌ വഴിയില്‍ കിടക്കുന്ന കണ്ടാലും ആര്‍ക്കും വേണ്ടാതായി. പലരും കിട്ടിയ കളക്ഷനൊക്കെ വീട്ടില്‍ സ്പോര്‍ട്സിനു കിട്ടിയ മഞ്ഞ കളറുള്ള സര്‍ട്ടിഫികറ്റിന്റെ ഒപ്പം വെച്ചു.

“ഡെക്കേ, ഞാന്‍ തീപ്പട്ടിപ്പടത്തിന്റെ കളക്ഷന്‍ ഇണ്ടാക്ക്ണ്ട്‌. പേരാംബ്ര ഇസ്കൂളില്‍ ഇത്തോണ്‍ത്തെ എക്സിവിഷന്‌ വെക്കാനാ. നിന്റേലിണ്ടാ ടാ പടം?”

ഞാന്‍ ഈ നമ്പറുമയി പിള്ളേരെ മുട്ടി… എല്ലാര്‍ക്കും സമ്മതം… ഞാന്‍ പലപ്പൊഴും മോഹിച്ച പലതരത്തിലുള്ള തീപ്പട്ടിപടങ്ങള്‍ ഒരു തവണപോലും കളിക്കാതെ എന്റെ കയ്യിലേക്ക്‌ വരുന്നത്‌ കണ്ടപ്പോ, രാവിലെ അമ്പലക്കുളത്തില്‍ അരഭാഗം മാത്രം മുക്കുമ്പോ ഉണ്ടാകുന്ന ആ ഒരു കുളിര്‌ തോന്നി.

ഞാന്‍ ഡയറ്റിങ്ങില്ലാത്ത ഷക്കീലാന്റിയെപ്പോലെയായി. ഷര്‍ട്ടിന്റെയും, നിക്കറിന്റെയും പോകറ്റില്‍ ഇനി തീപ്പട്ടിപ്പടം പോയിട്ട്‌ ഒരു തീപ്പട്ടിക്കൊള്ളി പോലും കേറ്റാന്‍ പറ്റാത്ത സ്ഥിതിയായി. തീപ്പട്ടിപടം പോകറ്റില്‍ നിന്ന് തെറിച്ച്‌ പോകാതിരിക്കാന്‍ ഷര്‍ട്ടിന്റെ പോകറ്റുകള്‍ ചില ഇങ്ക്ലീഷ്‌ സിനിമയില്‍ പെണ്ണുങ്ങള്‍ പിടിക്കുന്ന പോലെ ഞാന്‍ കയ്കൊണ്ട്‌ മറച്ച്‌ പിടിച്ചു. എന്നിട്ട്‌ വരാന്തയിലൂടെ അങ്ങിനെ നടന്നു… കിട്ടുന്നതൊന്നും കളയരുതല്ലോ…

പാവം പെമ്പിള്ളേര്‍… എക്സിവിഷനാണെന്നറിഞ്ഞപ്പോ അവരും വീട്ടില്‍ നിന്നും പടം കൊണ്ടുബന്ന് തന്നു. ഇത്രേം അത്മാര്‍ഥത ഞാനൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. കള്ളത്തരം പൊളിഞ്ഞാല്‍ എന്താണ്‌ സംഭവിക്കുക എന്നാലോചിക്കനുള്ള മാനസിക വികാസം അന്നെനിക്കുണ്ടാവാത്തതിനാല്‍ ഞാനൊട്ടും വറീഡ്‌ ആയിരുന്നില്ല.

അങ്ങിനെ, ഞാന ഇസ്കൂളിലെ ഏറ്റോം വലിയ തീപ്പട്ടിപ്പടംകാരനായി. ധീരുഭായി അമ്പാനിയെന്നോ, ബില്‍ ഗേറ്റ്സ്‌ എന്നോ ഒക്കെ പറയുമ്പോലെ ഒരു എഫക്റ്റ്‌.

ചൂണ്ടയില്‍ പെടാതെ, എര മുഴുവന്‍ കൊത്തിക്കൊണ്ടോയ പള്ളാത്തീടെ അതേ അഹങ്കാരത്തോടെ ഞനെന്റെ ഇസ്കൂള്‍ അങ്കണത്തിലൂടെ അര്‍മ്മദിച്ച്‌ നടന്നു. അങ്ങിനെ നടന്നോണ്ടിരിക്കുമ്പൊഴാണ്‌ കോമഡി സിനിമയില്‍ പ്രതീക്ഷിക്കാതെ ഹൊറര്‍ സീന്‍ വന്നമാരി പിന്നില്‍ നിന്നും ഒരു വിളി വന്നത്‌…

“ഡാ അവിടെ നിക്ക്‌….!”

കാണാത്തതിനു ഭങ്ങി കൂടുമെന്ന് ചന്ദ്രന്‍ മാഷിന്‌ നന്നായിട്ടറിയാം. അതോണ്ടങ്ങേരെപ്പൊഴും കയ്യിലെ ചൂരല്‍ പിന്നില്‍ ഒളിപ്പിച്ച്‌ പിടിച്ചേ നടക്കൂ. ഉണക്കത്തേങ്ങ മുളക്കുന്നപോലെ അങ്ങേരുടെ തലക്ക്‌ മുകളിലൂടെ ഒരു ജാതി സ്റ്റൈയ്‌ലില്‍ ആ ചൂരലിന്റെ അറ്റം കാണാം… (മാഷിനെ കളിയാക്കാന്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലേയ്‌…).

“എന്താഡാ നിന്റെ പോകറ്റില്‍?”

എന്റെ നാവ്‌ അപ്പോ ഉളാക്കുകുത്തിക്കളിക്കാന്‍ പോയി… ആ തക്കം നോക്കിയാണവനത്‌ പറഞ്ഞത്‌…

“അത്‌ തീപ്പട്ടിപ്പടമാ സാറെ… എക്സിവിഷന്‌ വേണ്ടി കൂട്ടിവെക്കാനാ…”

എപ്പൊഴും എന്റെ കൂടെ നടക്കുന്ന ലിന്റോ അപ്പൊഴും കൂടെയുണ്ടായത്‌ എന്റെ ഭാഗ്യമോ അതോ… ?

“നടക്കെടാ ഓഫീസിലേക്ക്‌… ലീഡര്‍ തന്നെ പഠിക്കാതെ കളിച്ച്‌ നടന്നാലോ… നിന്റച്ചനോട്‌ ഞാന്‍ പറയുന്നുണ്ട്‌…” (അത്‌ പറഞ്ഞപ്പൊഴാ, ചന്ദ്രന്‍ മാഷിന്‌ മുന്‍പ്‌, എന്റെച്ഛനായിരുന്നു മനക്കുളങ്ങര സ്കൂളിലെ ഹെഡ്‌ മാസ്റ്റര്‍.)

വിലങ്ങിനു പകരം തീപ്പട്ടിപ്പടത്തിന്റെ കെട്ടുകളുമായി ഞാന്‍ ജയിലിലേക്ക്‌… അല്ല, ഒഫീസിലേക്ക്‌ പോയി.

ശരിക്കും ഒരു നല്ലവനായി ഞാന്‍ ഓഫീസില്‍ നിന്നും തിരിച്ചു വന്നു.
എണ്ണം പറഞ്ഞ്‌ ഞാന്‍ ഒരോരുത്തര്‍ക്കും വാങ്ങിയ പടങ്ങള്‍ തിരിച്ചു കൊടുക്കുകയും, അവിടെയും അവമ്മാര്‍ കള്ളക്കണക്ക്‌ പറഞ്ഞ്‌ എന്നെ കടക്കെണിയിലാക്കുകയും ചെയ്തു. എന്തോ, അന്നെനിക്കൊരാത്മഹത്യക്കുള്ള മൂഡ്‌ ഉണ്ടായില്ല, ഭാഗ്യം!

[ഞാനടുത്ത വര്‍ഷവും അവിടെ സ്കൂള്‍ ലീഡര്‍ ആയിരുന്നു. അതു കൂടാതെ സ്പോര്‍ട്സ്‌ ലീഡര്‍ എന്ന പദവിയും ഏഴാം തരത്തില്‍ എന്നെത്തേടിയെത്തി. അതേ വര്‍ഷം തന്നെ സ്കൂളില്‍ ഗോലികളി നിര്‍ത്തലാക്കിയത്‌ ചന്ദ്രന്മാഷുടെ മിടുക്കൊന്ന് മാത്രം.]

ദിവാരന്റെ ഇങ്ക്ലീഷ്‌!

ഞങ്ങളുടെ സഹമുറിയന്റെ വക ഒരു പിറന്നാള്‍ ട്രീറ്റ്‌.

സ്ഥലം നന്ദിനി വെജ്‌ റെസ്റ്റൊറന്റ്‌, കോരമങ്കല, ബാങ്ക്ലൂര്‍.

ഞങ്ങള്‍ 6 പേര്‍. പലതരത്തിലും, നിറത്തിലും, ഗുണത്തിലും, വിലയിലും ഉള്ള വിഭവങ്ങള്‍ തീന്മേശയില്‍ അങ്ങിനെ നിരന്നു…

ചില പാത്രങ്ങള്‍ കാലിയായി തുടങ്ങി… കാലിയായ പാത്രം തിരിച്ചെടുത്ത്‌ കൊണ്ട്പോകാനായി വെയ്റ്റര്‍ വന്നു…

ഒരു പാവം പയ്യന്‍… കണ്ടിട്ട്‌ ഈ പണിയില്‍ ഫ്രഷര്‍ ആണെന്ന് തോന്നി.

അവന്‍ പനീര്‍ ബട്ടര്‍ മസാല യുടെ ഒഴിഞ്ഞ പാത്രം എടുത്തതും, അറിയാതെ ഒരല്‍പം നമ്മുടെ ദിവാരന്റെ ഷര്‍ട്ടില്‍! അതും അവന്റെ അര്‍ബാന ഷര്‍ട്ടില്‍!

പാവം ആ പയ്യന്റെ മുഖത്ത്‌ ഭയം കുന്നുകൂടി… ഉപ്പിലിട്ട മാങ്ങപോലെ ചുങ്ങി…

ദിവാരന്റെ മുഖം കോപത്താല്‍ വിടര്‍ന്നു. കഴിച്ച ചില്ലി ഗോപിയുടെ എരിവു കാരണം, കോപത്തിന്‌ ചുവന്ന നിറവും വന്നു!

“സോറി സര്‍… റിയലി സോറി സര്‍…” പനീര്‍ മസാല പ്പാത്രം ഇപ്പൊഴും അതേ പൊസിഷനില്‍ തന്നെ പിടിച്ചുകൊണ്ട്‌ ആ പാവം പയ്യന്‍ ദിവാരനോട്‌ ദയനീയമായി പറഞ്ഞു.

കലി നാലിന്റെ പമ്പ്‌ സെറ്റില്‍ വെള്ളം കയറുന്നപോലെ ദിവാരന്റെ മുഖത്തേക്ക്‌!

ഇനിയും മസാല വീഴണ്ടാ എന്ന് കരുതി, പാത്രം മുകളിലേക്ക്‌ മാറ്റിപ്പിടിക്കാന്‍ ദിവാരന്‍ ആ പയ്യനോട്‌ പറഞ്ഞതിങ്ങനെ…

“Oh man! keep it up! keep it up!”

കട്ടിപ്പുടി കട്ടിപ്പുടി (സംഭവകഥ)

എന്റെ ഡിഗ്രീ കോളേജ്‌ ജീവിതം എനിക്കൊരുപാട്‌ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ 3 വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം(മറ്റൊരു അനുഭവം ഇവിടെ).

ഇതും എന്റെ ഹോസ്റ്റല്‍ ജീവിതത്തില്‍ നടന്ന മറ്റൊരു ചെറിയ സംഭവം. ഞാന്‍ കോളേജില്‍ ചേര്‍ന്ന സമയം. 2 നിലകള്‍ ഉള്ള ഹോസ്റ്റലില്‍ മുകളിലത്തെ നിലയില്‍ ഞങ്ങള്‍ നവാഗതര്‍. താഴെ സീനിയേര്‍സ്‌…

ഒരു വൈകുന്നേരമാണ്‌ ഞാന്‍ ആ ഹോസ്റ്റലില്‍ ആദ്യമായി എത്തുന്നത്‌. റൂമൊക്കെ ശരിയായെന്ന് ഉറപ്പ്‌ വരുത്തി അച്ചനും ചേട്ടനുമെല്ലാം തിരിച്ചു പോയി. ജയിലിലക്കി തിരിച്ച്‌ പോകുമ്പോലെ…

പതിയെ ഞാന്‍ എന്റെ മുറിയില്‍ വന്ന മറ്റ്‌ സുഹൃത്തുക്കളെ പരിചയപ്പെട്ടു. വളരെ വേഗം തന്നെ ഞങ്ങള്‍ അടുത്തു.റാഗിങ്ങിനെ കുറിച്ചും, നാളെ എങ്ങിനെ താഴേക്കിറങ്ങി കോളേജില്‍ പോകുമെന്നും മറ്റും ഗംഭീര ചര്‍ച്ച.

ഇരുട്ട്‌ വീണു തുടങ്ങി. വരാന്തയിലെ വിളക്കുകള്‍ സീനിയേഴ്സിനെ സഹായിക്കാനായി കത്താതെ നിന്നു… പതിയെ അടിയില്‍ നിന്നും കേള്‍ക്കാന്‍ ഇമ്പമുള്ള നാടന്‍ പാട്ടുകള്‍ കാതിലേക്കെത്തി… കൂടുതല്‍ ശ്രദ്ദിച്ചപ്പ്പ്പോള്‍ മനസ്സിലായി… പച്ചത്തെറിപ്പാട്ടാണ്‌… ഹോ! തെറിയാണെങ്കിലും എന്തൊരു ഈണം… ഞങ്ങള്‍ക്ക്‌ പുറത്തിറങ്ങാന്‍ തോന്നിയില്ല. വാതിലടച്ച്‌ തെറിപ്പാട്ടിന്റെ താളത്തില്‍ ലയിച്ച്‌ അങ്ങിനെ ഇരുന്നു.

“ഡാ ശ്രീനാഥേ… എടാ —- മോനെ… നാളെ നീയൊക്കെ താഴോട്ട്‌ വാടാ.. കാട്ടിത്തരാം… എല്ലാ നായിന്റെ മക്കളും നാളെ സ്ലിപ്പറിട്ട്‌ വന്നാമതി.. കേട്ടോഡാ —– മക്കളെ…”

ഹോ ഭാഗ്യം. ഞാന്‍ മനസ്സിലോര്‍ത്തു. സ്ലിപ്പര്‍ ഞാന്‍ നേരത്തെ വാങ്ങിയിരുന്നു. എങ്കിലും ഞങ്ങളുടെ ഒക്കെ പേരെങ്ങിനെ ഇവമ്മാര്‍ക്ക്‌ കിട്ടി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

രാത്രി ഏകദേശം 12 മണി ആയിക്കാണണം. തെറി വിളി ഇപ്പൊഴും തുടരുന്നു. എന്റെ സഹ മുറിയന്‍ കട്ടപ്പന അവന്റെ സ്വന്തം വാക്‍മാനില്‍ ആ തെറിപ്പാട്ടുകള്‍ റെക്കാഡ്‌ ചെയ്തുകൊണ്ടിരുന്നു. അവന്റെയുള്ളില്‍ ഒരു ഭാവി സീനിയറിനെ ഞാന്‍ കണ്ടു.

പെട്ടെന്ന് വാതിലില്‍ ആരോ മുട്ടി. മുട്ടലിനേക്കാള്‍ ശബ്ദത്തില്‍ ഞങ്ങളുടെ ഹൃദയം ഇടിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാരും ഇടിക്കാന്‍ വരുന്ന ബസ്സിന്റെ ബോര്‍ഡ്‌ വായിക്കുന്ന സ്റ്റയിലില്‍ വാതിലിലേക്ക്ക്‌ നോക്കിയിരുന്നു.

“ആരാ…?”

മുറിയില്‍ എതോ ഒരുത്തന്‍ ചോദിച്ചു. പേടിച്ചായതിനാല്‍ ശബ്ദം വളരെ വിക്രിതവും അവ്യക്തവുമായിരുന്നു.

ഇടനാഴിയിലെ ബള്‍ബില്‍ നിന്നും വന്ന അരണ്ട വേളിച്ചത്തില്‍ എന്റെ മുറിയിലെ 8 കണ്ണുകള്‍ ഒരേ ദിശയിലേക്ക്‌ തുറിച്ച്‌ നിന്നു…

പെട്ടെന്ന് മുട്ടലിന്റെ ശബ്ദം കൂടിവന്നു… ഒപ്പം ശബ്ദവും… ഇപ്പോ എനിക്ക്‌ എന്റേത്‌ കൂടാതെ അടുത്തുള്ളവമ്മാരുടെ ഹൃദയമിടിപ്പും കേള്‍ക്കാം…

തുറക്കണോ വേണ്ടയോ…. അങ്ങിനെ ഒരു സംശയം ഞങ്ങള്‍ക്കാര്‍ക്കുമില്ലായിരുന്നു. നോ തുറക്കല്‍. ആരായാലും, നാളെ നേരം വെളുത്തിട്ട്‌ കണ്ടാ മതി എന്ന കണ്ടീഷനില്‍ ഞങ്ങള്‍ ഇരുന്നു.

അല്‍പനേരവും കൂടി ആ മുട്ടല്‍ ഒട്ടും മടുപ്പില്ലാതെ തുടര്‍ന്നു. പെട്ടെന്ന് ഞങ്ങക്കുടെ സസ്പെന്‍സ്‌ കൂട്ടാന്‍ വേണ്ടി ആ മുട്ടല്‍ നിന്നു! ഭീകരമായതെന്തോ ജസ്റ്റ്‌ വന്നിട്ട്‌ പോയി എന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായി.അങ്ങിനെ ആ രാത്രി എങ്ങിനെയോ ഞങ്ങള്‍ വെളുപ്പിച്ചെടുത്തു.

പിറ്റേന്നാണ്‌ മനസ്സിലായത്‌, വാതിലില്‍ മുട്ടിയത്‌ പുലിയല്ലാ, എലിയായിരുന്നു എന്ന്. മുറിയിലെ അടുത്ത അഭയാര്‍ത്തി ആയി വന്ന ഒരുത്തനാണ്‌ രാത്രി ഞങ്ങളെ “റാഗ്‌” ചെയ്തിട്ട്‌ പോയത്‌. പാവം. അവന്‍ എന്നിട്ട്‌ അടുത്തുള്ള മുറിയില്‍ അഭയം തേടിയത്രെ.

എതായാലും, തികച്ചും ഡീസന്റ്‌ അയ ഞങ്ങളുടെ സീനിയേഴ്സിനെ കുറിച്ച്‌ മോശമായി വിചാരിച്ചതില്‍ ഞങ്ങള്‍ക്ക്‌ കുണ്ഠിതം തോന്നി.

സംഭവ ബഹുലമായ ഒരു ദിവസം കോളേജിലെ കഴിഞ്ഞു. ഞാനാദ്യമായി മെച്വേര്‍ഡ്‌ ആയ ദിവസം. ഞാനാദ്യമായിട്ട്‌ സ്ലിപ്പറിട്ട്‌ കോളേജില്‍ പോയ ദിവസം. ഞാനെന്നും അഹങ്കരിച്ചിരുന്ന ഉളിത്തല പോലുള്ള എന്റെ ക്രിതാവ്‌ വടിച്ചു കളഞ്ഞ ദിവസം…. ഇതിലെല്ലാമുപരി, ആദ്യമായിട്ട്‌ കുളിക്കാതെയും, പല്ലുതേക്കാതെയും കോളേജില്‍ പോയ ദിവസം. എന്റെ ജീവിതത്തില്‍ താലികെട്ടിനേക്കാള്‍ ഇമ്പോര്‍ട്ടന്റ്‌ ആയിട്ടുള്ള ദിവസം.

അന്ന് വൈകീട്ട്‌ ഞങ്ങള്‍ മുറിമേറ്റ്‌സ്‌ മുറിയില്‍ ഒത്തുകൂടി. മുറിയില്‍കേറി വാതിലടച്ചാല്‍ പിന്നെ ഞങ്ങള്‍ പുലികളാണ്‌. ആര്‍ക്കും ഒന്നിനും ഒരു പേടിയുമില്ല.

അങ്ങിനെ കോളേജിലെ ആദ്യ ദിവസത്തെ അനുഭവങ്ങള്‍ പങ്ക്‌ വെച്ചുകൊണ്ടിരിക്കുംബൊഴാണത്‌ സംഭവിച്ചത്‌…

“ടക്‌ ടക്‌ ടക്‌…”

ആ ശബ്ദം ഞങ്ങളില്‍ വീണ്ടും പെരുമ്പറ മുഴക്കി. പക്ഷേ, ഞങ്ങളുടെ സീനിയേഴ്സിനെ ഇവിടെ കയറി വന്ന് ചെലുത്താനുള്ള ആമ്പിയര്‍ ഇല്ലെന്ന് ഞങ്ങള്‍ക്ക്‌ അറിയാമായിരുന്നു. ആദ്യം എല്ലാരുമൊന്ന് പകച്ചെങ്കിലും, പെട്ടെന്ന് ധൈര്യം തിരിച്ചെടുത്തു. സുബ്ബു പോയി വാതില്‍ തുറന്നു.

“ഹായ്‌ ചുള്ളമ്മാരേ… ” കാര്യം ആ വിളി സുഖമുള്ളതാണെങ്കിലും, വിളിച്ചയാള്‍ അത്രക്ക്‌ സുഖമുള്ളയാളല്ലായിരുന്നു. സീനിയര്‍ ഗഡിയാണെന്നറിയാന്‍ അദ്ധേഹത്തിന്റെ പിന്നില്‍ മുള്ളാന്‍ മുട്ടി നില്‍കുന്ന പോലെ നില്‍കുന്ന അഭയാര്‍ത്തികളെ കാണേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. ചെറുങ്ങനെ പൊടിച്ച മീശ തിരിച്ച്‌ മുകളിലേക്ക്‌ കയറ്റി, മുണ്ട്‌ കപ്പലണ്ടിപ്പൊതി പോലെ ചുരുട്ടി വെച്ച്‌ ആദ്ധേഹം.

പിന്നെ കുറെ നേരത്തേക്ക്‌ ഞങ്ങളെല്ലാരും തെരക്കിലായിരുന്നു. ഞാന്‍ ലാംബി സ്കൂട്ടറോടിക്കാന്‍ പോയി, സുബ്ബു ഗാനമേളക്ക്‌ കര്‍ട്ടന്‍ വലിക്കാന്‍, പ്രവീണ്‍ വയലിന്‍ വായിക്കാന്‍, കട്ടപ്പന ഫ്ലൂട്‌ വായിക്കാനും. മൊത്തം ഒരു സങ്കീതത്തില്‍ ലയിച്ച ഒരന്തരീക്ഷം!

അന്ന് ഞങ്ങള്‍ തീരുമാനിച്ചു… ഇനി ഒരുത്തനേം ചുമ്മാ മുറിയിലേക്ക്‌ കയറ്റരുതെന്ന്. അതിനായി ഞങ്ങള്‍ ഒരു സൂത്രവും കണ്ടു. നമ്മളറിയുന്ന, മുരിയിലേക്ക്ക്‌ കയറ്റിയാല്‍ കുഴപ്പമില്ലാത്തവര്‍ക്കൊക്കെ നമ്മളൊരു രഹസ്യ കോഡ്‌ കൊടുക്കും. വാതിലില്‍ മുട്ടിയാല്‍, ഈ കോഡ്‌ തെറ്റാതെ പറഞ്ഞാല്‍ മാത്രം വാതില്‍ തുറക്കപ്പെടും.

സങ്കതി എല്ലാര്‍ക്കും ഇഷ്ടമായി. ഞങ്ങള്‍ ഒരു കോഡ്‌ ഉണ്ടാക്കുകയും ചെയ്തു. അന്നത്തെ ഹിറ്റ്‌ പടമായിരുന്ന ഖുശിയിലെ ഹിറ്റ്‌ പാട്ടായ കട്ടിപ്പുടു കട്ടിപ്പുടി എന്ന പാട്ട്‌. “കട്ടിപ്പുടി കട്ടിപ്പുടി” എന്ന് പറഞ്ഞാല്‍ മാത്രം വാതില്‍ തുറക്കും.

പരിപാടി വിജയം കണ്ടുതുടങ്ങി. ആര്‌ വന്നാലും ഞങ്ങള്‍ ചോദിക്കും…

“കോഡ്‌… കോഡ്‌…??”

“കട്ടിപ്പുടി കട്ടിപ്പുടി!”

ഞങ്ങള്‍ക്ക്‌ ഞങ്ങളില്‍ വല്ലാത്തൊരു അഭിമാനം തോന്നി. ഈ ബുദ്ധി നേരത്തേ തോന്നാത്തതില്‍ ഞങ്ങള്‍ തെല്ലൊന്ന് പരിഭവിച്ചു.

അങ്ങനെ ആദ്യത്തെ ഒഴിവു ദിവസം. പുറത്തിറങ്ങാന്‍ ഇപ്പൊഴും യാത്രൊ തരവുമില്ല. മുറിയില്‍ ചീട്ട്‌ കളിയാണ്‌ പ്രഥാന നേരംകൊല്ലി. ആന്നും ഞങ്ങള്‍ ചീട്ട്‌ നിരത്തിക്കൊണ്ടിരിക്കുമ്പോള്‍…

“ടക്‌ ടക്‌ ടക്‌…”

“അരാടാ അത്‌? കോഡ്‌ പറ! ”

ഒന്നും മിണ്ടുന്നില്ല…

“ഡാ.. കോഡ്‌ പറ മോനേ…” ഞാന്‍ ഇച്ചിരി ഉച്ചത്തില്‍.

പക്ഷേ വീണ്ടും “ടക്‌… ടക്‌… ടക്‌…”

അതിത്തിരി സ്ലോ മോഷനില്‍ ആയിരുന്നു എന്ന് ഞങ്ങള്‍ ശ്രദ്ദിച്ചു.

“കോഡ്‌ പറഞ്ഞില്ലെങ്കി തൊറക്കൂല മോനെ… മര്യാദക്ക്‌ പറഞ്ഞോ…” കട്ടപ്പന പറഞ്ഞു.

എന്നിട്ടും അനക്കമൊന്നും ഇല്ല.

പിന്നെയും… “ടക്‌ ടക്‌ ടക്‌ ടക്‌ ടക്‌…”

“ആരെഡാ ഇവന്‍… നിനക്കെന്താഡാ പറഞ്ഞത്‌ മനസ്സിലായില്ലാ എന്നുണ്ടോ…. കോഡ്‌ പറഞ്ഞാ തുറക്കാം… “കോഡ്‌….? കോ…..”

“നിന്റെയൊക്കെ അപ്പനാടാ —- മക്കളെ… തൊറെക്കടാ —– മോനെ വാതില്‍… അവന്റെ —–ലെ ഒരു കോഡ്‌…. നിന്റെ ———– —— — ——– — —– ടാ!”

എന്റെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ടതും ഭയാജനകവുമായ ഒരു റാഗിംഗ്‌ അന്ന്, അവിടെ, ഞങ്ങടെ മുറിക്കുള്ളില്‍ നടന്നു.

പിന്നീടാണറിഞ്ഞത്‌… കോളേജിലെ ജഗ ജില്ലിയും, മഹാ തെറിച്ചവനും, ചെറിയൊരു ഗുണ്ടാ തലവനുമായ ഒരു മാന്യനേയാണ്‌ ഞങ്ങളന്ന് ബ്ലോക്ക്‌ ചെയ്യാന്‍ നോക്കിയതെന്ന്.

ഒരു ശത്രുവിനെ ദൈവത്തെപ്പോലെ കാണാനും, ആദരിക്കാനും ദേ ഈ കണ്ണടച്ച്‌ തുറക്കണ ടൈം പോലും വേണ്ടാന്ന് അന്ന് ഞാന്‍ പഠിച്ചു.

അന്നു മുതല്‍ അങ്ങേരും ഞങ്ങളും കട്ട ഫ്രണ്ട്സാണ്‌… (ഞങ്ങള്‍ അങ്ങിനയേ എല്ലാരോടും പറയാറുള്ളൂ. അതൊരു വെയ്റ്റാണേ).

ഞാനും, എന്റെ മണിക്കുട്ടനും.

എന്റെ അരയില്‍ നീളമുള്ളൊരു തോര്‍ത്തുമുണ്ട്‌ കെട്ടി, അഛന്‍.

കഴുത്തൊപ്പം വെള്ളത്തില്‍, ആ കുളത്തില്‍ നിന്ന്, പാട്ടപെറുക്കുകാരുടെ കയ്യിലെ തുലാസ്‌ പോലെ അഛനെന്നെ തൂക്കി പിടിച്ചു.

എന്നെ ഒന്ന് പതുക്കെ മുക്കി.

ഞാന്‍ ചിരിച്ചു. നീന്താന്‍ വേണ്ടി കയ്യും കാലുമിട്ടടിച്ചു.

പക്ഷേ ഞാന്‍ മുന്നോട്ട്‌ നീങ്ങിയില്ല.

വീണ്ടും എന്നെ അച്ചന്‍ മുക്കി…

ഇത്തവണ മൂക്കില്‍ വെള്ളം കയറി… വെള്ളത്തിന്‌ ബയങ്കര എരിവാ…

മുക്ക്‌ ചീറ്റി കണ്ണടച്ച്‌ ഞാന്‍ വീണ്ടും നീന്താന്‍ നോക്കി.

അച്ചന്‍ തോര്‍ത്തിലെ പിടുത്തം വിട്ടത്‌ ഞാന്‍ അറിഞ്ഞില്ലായിരുന്നു.

പിരികൊടുത്ത കളിവഞ്ചിയുടെ സ്പീഡ്‌ കുറയുന്നപോലെ ഞാന്‍ മന്ദഗതിയായ്‌…

അരഭാഗം മുതല്‍ കീഴോട്ട്‌ വെള്ളത്തിനടിയിലേക്ക്‌ പോയത്‌ ഞാനറിഞ്ഞു…

ഇനി വയ്യ! ഞാന്‍ താഴെ കാലുകുത്താന്‍ നോക്കി…

ഇല്ല, നിലയില്ലാ…

ഞാന്‍ മുങ്ങാന്‍ തുടങ്ങി… മൂക്കോ, വായയോ ഏതെങ്കിലും ഒന്ന് മുങ്ങാതെ നോക്കാന്‍ ഞാന്‍ ശ്രമിച്ചു…

ആര്‍ത്തിയോടെ വെള്ളം എന്റെ മൂക്കിലും വായിലും തള്ളിക്കയറി.

അഛാ… അഛാ….

അങ്ങിനെ വിളിക്കാന്‍ ഒന്നൂടെ വലുതാക്കിയ വായില്‍ പിന്നെയും വെള്ളം.

മൊത്തം പച്ചനിറം… വലുതും ചെറുതുമായ കുമിളകള്‍ ചാടിച്ചാടി മുകളിലേക്ക്‌ പോയി… ബയങ്കര സൈലന്‍സ്‌…

ആവശ്യത്തിന്‌ വെള്ളം കുടിച്ചെന്ന് തോന്നി, പെട്ടെന്ന് എന്റെ വയറ്റില്‍ ആരോ പിടുത്തമിട്ടു…

അഛന്‍ എന്നെ കോരിയെടുത്ത്‌ കരക്ക്‌ കൊണ്ടിട്ടു.

എന്റെ കണ്ണുകള്‍ ചുവന്ന് തുറിച്ച്‌ നിന്നു… മൂക്കിലൂടെയും, വായിലൂടെയും അകത്തോട്ട്‌ പോയ വെള്ളം എന്നെ ശ്വാസം വിടാന്‍ സമ്മതിച്ചില്ല.

മരിക്കാന്‍ പോകുന്നുവെന്നറിഞ്ഞ ഞാന്‍ കരയാന്‍ ശ്രമിക്കുമ്പോള്‍ എന്റെ വയറ്റില്‍ അഛന്‍ ആഞ്ഞമര്‍ത്തി…

ചെറു ചൂടോടെ വയറ്റില്‍ നിന്നും വെള്ളം പുറത്തേക്ക്‌.

ഞാന്‍ വല്ലാതെ ചുമച്ചു… എന്നിട്ടും അഛനെന്നെ കമഴ്തി കിടത്തി പുറത്തടിച്ചു… നല്ല വേദന…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പിറ്റേന്ന് എന്റെ വിളി കേട്ട്‌ അച്ചന്‍ കുളക്കരയിലേക്ക്‌ വന്നു.

എന്റെയടുത്ത്‌ എന്റെയോമനപ്പൂച്ച മണിക്കുട്ടന്‍ കിടക്കുന്നു.
ആകെ നനഞ്ഞ്‌…

എന്റെ കയ്യില്‍ മണിക്കുട്ടന്റെ അരയില്‍ കെട്ടിയ കയറിന്റെ അറ്റം അപ്പൊഴും ഉണ്ടായിരുന്നു…

“അഛാ, വെള്ളത്തീ മുക്കീപ്പോ മണിക്കുട്ടനെന്തേ കരയാത്തേ? കരയുമ്പോളല്ലേ പൊക്കണ്ടേ?”

എന്തോ അരുതാത്തത്‌ നടന്നു എന്ന് അച്ചന്റെ മുഖം കണ്ടപ്പോ എനിക്ക്‌ മനസ്സിലായി.

ഞാന്‍ തെറ്റൊന്നും ചെയ്തിലെന്ന് അച്ഛന്റെ ധരിപ്പിക്കാന്‍ വെണ്ടി പറഞ്ഞു,

“അഛാ.. മണിക്കുട്ടനെന്ത്യേ എണിക്കാത്തേ?? അച്ചന്‍ എന്നെ ചെയ്തപോലെ ഒക്കെ ഞാന്‍ നോക്കി… വയറ്റില്‍ ഞെക്കി, തിരിച്ചിട്ട്‌ അടിച്ചു… ന്നിട്ടും എണീക്കിണില്ലാ…”

ഞാന്‍ ശ്രദ്ധിച്ചു…

എനിക്ക്‌ വന്നപോലെ മണിക്കുട്ടന്റെ വായില്‍ നിന്ന് വെള്ളം വന്നിരുന്നില്ല, അവന്റെ കണ്ണുകള്‍ ചുവന്നുമിരുന്നില്ല.
തെങ്ങിന്‍ തടത്തില്‍ ഞങ്ങടെ മണിക്കുട്ടനെ അച്ചന്‍ കുഴിച്ചിടുമ്പോ, ഇനി അഛനെന്നെ തല്ലുമോ എന്ന ഭയത്താലാവണം, ഞാന്‍ ചോദിച്ചു,

“മണിക്കുട്ടന്‍ ശരിക്കും മരിച്ചോ ച്ചാ?”

ഭയപ്പെടുത്തുന്നവര്‍

��യപ്പെടുത്തുന്നവര്‍

ഞാന്‍ ജീവിച്ചത്‌
ഭയപ്പെട്ടും, തകര്‍ന്നുമാണ്‌.

ഉന്മത്തനായ്‌ കാറ്റെന്നെ
ചിതറിത്തെറിപ്പിക്കാന്‍
നോക്കുന്നു.
എന്നെ കരയാന്‍ വിടാതെ.

രക്തം തിളപ്പിച്ചെന്നെ
വധിക്കാനര്‍ക്കനും നോക്കുന്നു.
എന്നെ ചിരിക്കാന്‍ വിടാതെ.

ഈ രാവിലീ ഹിമവും വാശികാട്ടുന്നു,
സ്മൃതിയായൊരെന്‍ സ്വപ്നങ്ങളെ
സ്നേഹിക്കാന്‍ തരാതെ.

മോഹങ്ങളൊരു പിടി
വാരിത്തരുന്നെന്‍ പ്രിയര്‍,
മരിക്കാന്‍ വിടാതെ.

ചുറ്റിലുമെല്ലാമെന്നെ ഭയപ്പെടുത്തുന്നു…
കരയാനും, ചിരിക്കാനും,
സ്നേഹിക്കനും, മരിക്കാനും
ഒന്നിനും സമ്മതിക്കാതെ.

ഇന്നവരെ നോക്കി ഞാന്‍ പറയാന്‍ പഠിക്കുന്നു,
ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന്,
ആരെയും വെറുക്കാന്‍ വിടാതെ.

കട്ടപ്പന മാഹാത്മ്യം.

(എന്റെ കോളേജ്‌ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില വ്യക്തികളും, സംഭവങ്ങളും ഈ പോസ്റ്റ്‌ മുതല്‍ എഴുതിത്തുടങ്ങാം എന്ന് കരുതി. എന്റെ ഒരു സുഹൃത്ത്‌ Pramod PP (പീ പീ പീ എന്ന് വിളിപ്പേര്‌ )ആണ്‌ ഇതിന്റെ ആശയങ്ങളും മറ്റും തന്നത്‌. പിന്നേ, നമ്മുടെ ബ്ലോഗര്‍ ശ്രീ ശോബിന്‍ ന്റെ പോസ്റ്റുകളും എന്നെ പ്രോത്സാഹിപ്പിച്ചു എന്ന് പറയാതെ വയ്യ.)

 പലക്കാട്‌ – വാളയാര്‍ ബോര്‍ഡറിനോട്‌ ചേര്‍ന്നുള്ള ചാവടി എന്ന കൊച്ചു ഗ്രാമം. ആ കൊച്ചു ഗ്രാമത്തിന്റെ നിഷ്കളങ്കമായ ഭംഗി മുഴുവന്‍ കളയാന്‍ പാകത്തിന്‌ പഴയ ഡ്രാകുള കോട്ട പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ കോട്ട! ക്ഷമിക്കണം, അതാണ്‌ ശ്രീ നാരായണ ഗുരു കോളേജ്‌ എന്ന ജനകോടികളുടെ വിശ്വസ്ഥമായ സ്ഥാപനം… ഞങ്ങളുടെ സ്വന്തം കോളേജ്‌. ഞാന്‍ പറയാന്‍ പോകുന്ന സംഭവങ്ങള്‍ നടക്കുന്നത്‌, ഈ കോളേജിനോട്‌ ചേര്‍ന്ന് തന്നെ നിലകൊള്ളുന്ന ബോയ്സ്‌ ഹോസറ്റലില്‍ ആണ്‌. ഇന്ന് ഈ ഹോസ്റ്റല്‍ ലേഡീസ്‌ ഹോസ്റ്റല്‍ ആണ്‌. ഞങ്ങള്‍ മലന്ന് കിടന്ന് സ്വപ്നം കാണാറുള്ള കട്ടിലുകളില്‍, ഞങ്ങള്‍ കുളിക്കാറുള്ള ബാത്‌ റൂമുകളില്‍, ഞങ്ങള്‍ കത്തി വെക്കാന്‍ ചെന്നിരിക്കുന്ന കാന്റീനില്‍ എല്ലാം… ഇന്ന് തരുണി മണികളായ സുന്ദര സുരഭില മന്ദാരപ്പൂക്കള്‍ വിലസുന്നുണ്ടാവണം.മനസ്സിന്‌ സ്വസ്ഥത കിട്ടാന്‍ ഇതില്‍ കൂടുതല്‍ വെറെ എന്തു വേണം?

ഓ കെ. നമുക്ക്‌ ഇനി കഥയിലേക്ക്‌ വരാം.
കട്ടപ്പന ഒരു പാവം ചെക്കനാണ്‌. ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ഒരു ഉരുള്‍പ്പൊട്ടലില്‍ ഉരുണ്ട്‌ വന്നതാണീ മഹാന്‍. റൂമിലെ നിത്യ ഹരിത കാമുകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവനെ സ്നേഹമുള്ളവര്‍ ഇടുക്കി എന്നും വിളിച്ചു പോന്നു. ഒരുപാട്‌ അപകീര്‍ത്തികള്‍ എന്നും ഈ പാവം കട്ടപ്പനയുടെ കൂടെ ഉണ്ടായിരുന്നു. അവനോട്‌ ചോദിച്ചാല്‍ പറയും, “ആളുകള്‍ അങ്ങനെ പലതും എന്നെ പറ്റി പറയും, അതൊക്കെ അസൂയ കൊണ്ട്‌ പറയുന്നതെ ഡേയ്‌.. ” എന്ന്. ഒക്കെ സഹിക്കാം, ചിലര്‍ അവന്‍ ഒരു വായില്‍ നോക്കി ആണെന്ന് പോലും പറഞ്ഞുവത്രെ. ജീവിതത്തില്‍ ഒരിക്കലും ഒരു പെണ്ണിന്റെ “വായില്‍” നോക്കി കട്ടപ്പന സമയം കളഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. പിന്നെ, കട്ടപ്പന കാശു വാങ്ങിയാല്‍ തിരിച്ച്‌ കൊടുക്കില്ലത്രേ. സത്യം എന്നാല്‍ അതല്ല, ജീവിതത്തില്‍ കാശിനേക്കാള്‍ വില സ്നേഹത്തിനാണ്‌ കട്ടപ്പന കൊടുക്കുന്നത്‌. അതുകൊണ്ട്‌ മാത്രം ചിലപ്പോള്‍ കാശ്‌ തിരിച്ച്‌ കൊടുക്കാന്‍ കട്ടപ്പന പാട്‌ പെടാറില്ല. പിന്നെ, ചിലര്‍ പറയുന്നു, കുളി എന്നത്‌ എന്താണെന്ന് പോലും അറിയാത്തവന്‍ ആണ്‌ ഇവന്‍ എന്ന്. പക്ഷേ കട്ടപ്പന പറയും, “വൃത്തി എന്നത്‌ ശരീരത്തിനല്ല വേണ്ടൂ. മനസ്സിനാണ്‌. അങ്ങിനെ നോക്കുമ്പോള്‍, ഞാന്‍ സദാ സമയവും കുളിച്ചവനെപ്പോലെയാണ്‌…” എന്ന്. എന്നാലും ഉള്ളത്‌ പറയാലോ.. കട്ടപ്പന ആള്‌ സുന്ദരനാണ്‌.

കട്ടപ്പനയുടെ മനസ്സ്‌ കോളേജ്‌ ഗ്രൗണ്ട്‌ പോലെ പരന്ന് വിശാലമാണ്‌. അങ്ങിനെ ഇങ്ങിനെ ഒന്നും ഏതെങ്കിലും ഒരു പെണ്ണിന്റെ സ്നേഹം കൊണ്ട്‌ മാത്രം നിറക്കാന്‍ (fulfill) പറ്റുന്നതല്ലാ ആ മനസ്സ്‌. അതുകൊണ്ട്‌ മാത്രം, അതുകൊണ്ട്‌ മാത്രം കട്ടപ്പന പല പല പെണ്‍പിള്ളാരുടെയും സ്നേഹം കൊണ്ട്‌ മനസ്സ്‌ നിറക്കാന്‍ ശ്രമിച്ചു. ഒരു പെണ്ണിന്റെ ലൈന്‍ ഇടുമ്പോള്‍ കട്ടപ്പനക്ക്‌ ഒരൊറ്റ നിബന്ധനയേ ഉള്ളൂ. എപ്പോള്‍ ചോദിചാലും സ്നേഹം സൊറി, കാശ്‌ കൊടുക്കാന്‍ ഉണ്ടായിരിക്കണം. കാശു തീരുമ്പോള്‍ ആ പോസ്റ്റിലേക്ക്‌ കട്ടപ്പന വേറെ ആളെ നോക്കും. ഇതിലെല്ലാമുപരിയായി മറ്റൊരു പ്രധാനകാര്യം കട്ടപ്പനയുടെ ഡിപ്പാര്‍ട്‌മെന്റില്‍ (biochemistry) ആണ്‍കുട്ടികളായി ആകെ 3 പേരും, ബാകി മുഴുവനും പെണ്‍കൊടികളുമാണ്‌ എന്നതാണ്‌. എറിയാന്‍ അറിയാത്തവമ്മാരും വടികിട്ടിയാല്‍ നന്നായി എറിയാന്‍ പഠിച്ചുപോകും എന്നത്‌ പരമമായ സത്യം.

അങ്ങിനെ ആ ഒഴിവുകളില്‍ ജോലി ചെയ്ത പെണ്‍കുട്ടികള്‍ ധാരാളം. ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല കെട്ടൊ. സലിം കുമാര്‍ പറഞ്ഞ പോലെ, “കാണാന്‍ സുന്ദരനും, സ്വഭാവത്തില്‍ സത്ഗുണനും, സമൂഹത്തില്‍ പരമോന്നതുനുമായ…” യുവാവ്‌. പിന്നെ ആരെയും വീഴ്തുന്ന രീതിയിലുള്ള പ്രണയലേഘനങ്ങള്‍.. അവന്റെ ലേഘനങ്ങള്‍ വായിച്ചാല്‍ ഏത്‌ കരിങ്കല്ലിന്റെ മനസ്സുള്ളവളും ഉരുകും. ഈ കോളെജിലെ പല ഹിറ്റ്‌ പ്രണയലേഖനങ്ങളും ടിയാന്റെയാണ്‌. അതിന്റെ കോപ്പികള്‍ അയല്‍ കോളേജുകളില്‍ ഇന്നും റെഫറന്‍സിനായി ഉപയോഗിച്ച്‌ വരുന്നു.

ഇങ്ങനെയൊക്കെ ആയിരുന്നാലും, കട്ടപ്പനക്ക്‌ പല തരത്തിലുള്ള മാനസികമായ വിഷമങ്ങള്‍ ഉണ്ടായിരുന്നു. എല്ലാമുള്ളവര്‍ക്ക്‌ മനസ്സമാധാനം ഇല്ല എന്ന് കേട്ടിട്ടില്ലേ… അതു തന്നെ. അത്‌ കട്ടപ്പനയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. വെള്ളമടിച്ച്‌ ഫിറ്റ്‌ ആവുമ്പൊഴും, പാതിമയക്കത്തിലും ആ വിഷമം വാചകങ്ങളിലൂടെ അവനില്‍ നിന്നും പുറത്ത്‌ വന്നു. എന്തിനധികം പറയുന്നു, ഞങ്ങളുടെ സഹമുറിയനായ പീ പീ പീ യെ (വലുതാക്കിയാല്‍ പ്രമോദ്‌ പി.പി) നോക്കി “നീ ഒടുക്കത്തെ ഗ്ലാമറടാ തെണ്ടീ” എന്ന് പോലും കട്ടപ്പന പറഞ്ഞു. പാവം വിഷമം കൊണ്ടാണ്‌ പറഞ്ഞതെങ്കിലും, ഒരാളെങ്കിലും അങ്ങിനെ പറഞ്ഞല്ലോ എന്നോര്‍ത്ത്‌ പീ പീ ഉള്ളില്‍ സന്തോഷിച്ചു. മുടിക്ക്‌ സ്റ്റെയില്‍ പോരാ, വീട്ടില്‍ നിന്നും ആവശ്യത്തിന്‌ പോക്കറ്റ്‌ മണി തരുന്നില്ലാ എന്ന് തുടങ്ങി നിരവധി പ്രശനങ്ങള്‍ കട്ടപ്പനയെ എന്നും അലട്ടിക്കൊണ്ടിരുന്നു.

പതിവില്ലാതെ അര്‍ദ്ധരാത്രി റൂമില്‍ വെളിച്ചം കണ്ടിട്ടാണ്‌ ഞങ്ങള്‍ ഒരു ദിവസം രാത്രി എണിറ്റത്‌. നോക്കിയപ്പോള്‍ കണ്ടത്‌ നമ്മുടെ നായകന്‍ വളരെ ശ്രദ്ധയോടെ എന്തോ എഴുതുന്നു. ഇടക്കിടെ ജനലിലൂടെ അപ്പുറത്തുള്ള തെങ്ങിന്തോപ്പിലെ മണ്ടരി വന്ന തേങ്ങാക്കുലകളിലേക്ക്‌ നോക്കി അവന്‍ എന്തോ ആലോജിക്കുന്നു. പിന്നെയും എഴുതുന്നു. ഞങ്ങള്‍ക്ക്‌ ഒന്നും പിടികിട്ടിയില്ല. സെമസ്റ്റര്‍ എക്സാമിനു പോലും 11 മണിക്ക്‌ ശേഷം പുസ്തകം തുറക്കാത്ത ഇവന്‍ എന്താണീ കുത്തിപ്പിടിച്ച്‌ ഇരിക്കുന്നത്‌ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. പിന്നീട്‌ അവനറിയാതെ തന്നെ ഞങ്ങള്‍ ഒരു അന്വേഷണം നടത്തിയതില്‍ നിന്നും പേരു വക്കാതെ അവന്‍ എഴുതിയ ഒരു കത്ത്‌ ഞങ്ങള്‍ക്ക്‌ കിട്ടി. ഏതോ ഒരു സ്വാമിക്ക്‌ തന്റെ വിഷമങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ഒരു കത്തായിരുന്നു അത്‌. ദൈവഭയമുള്ള നല്ല ഒന്നാന്തരം ക്രിസ്ത്യാനിക്കുടുമ്പത്തില്‍ പിറന്ന ഇവന്‌ ഇതെങ്ങനെ ഈ സ്വാമിയുമായി ഇടപാട്‌..? ഞങ്ങള്‍ പിന്നേം ഞെട്ടി. എന്തൊക്കെയായാലും തന്റെ വിഷമങ്ങള്‍ യാതൊരു മറയുമില്ലാതെ എഴുതിയിരുക്കുന്നത്‌ കണ്ട്‌ ഞങ്ങള്‍ക്കും സ്വല്‍പ്പം വിഷമം വന്നു എന്നത്‌ മറച്ചു വെക്കാന്‍ വയ്യ. അതുകൊണ്ട്‌ തന്നെ അവന്റെ ഈ പ്രശനങ്ങള്‍ക്ക്‌ ഒരു പരിഹാരം കാണണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങള്‍ ആ കത്ത്‌ പുബ്ലിഷ്‌ ചെയ്തു. വേറെ എവിടെയുമല്ല. ഹോസ്റ്റല്‍ നോട്ടീസ്‌ ബോര്‍ഡില്‍. അടുത്ത ദിവസം പ്രതീക്ഷിച്ചത്‌ പോലെ തന്നെ നോട്ടീസ്‌ ബോര്‍ഡിനു മുന്നില്‍ നല്ല തിരക്കനുഭവപ്പെട്ടു. പഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്ന പോലെ. പേരു വക്കാത്ത ആ കത്തിന്റെ മുതലാളി ആര്‌ എന്ന ചോദ്യം അത്‌ വായിച്ച എല്ലാവരുടെയും മുഖത്ത്‌ തെളിഞ്ഞു കണ്ടു. ആ രസകരമായ കാഴ്ചയും കണ്ട്‌ നിന്ന ഞങ്ങള്‍ മറ്റൊരു കാഴ്ച കണ്ട്‌ ഒന്നൂടെ ഞെട്ടി! അതാ അവന്‍ ആ കത്തും വായിച്ച്‌ കുടുകുടെ ചിരിച്ച്‌ കൊണ്ട്‌ വരുന്നു. അതേ, കട്ടപ്പന തന്നെ. ഞങ്ങളെ കണ്ടതും, അവന്‍ അടുത്ത്‌ വന്ന് പറഞ്ഞു “അളിയാ, ദേ അവിടെ നോട്ടിസ്‌ ബോര്‍ഡില്‍ എതൊ ഒരുത്തന്‍ ഒരു സ്വാമിക്കെഴുതിയ കത്ത്‌ ഒട്ടിച്ച്‌ വെച്ചിരിക്കുന്നു. ഇവനൊന്നും വേറേ പണിയില്ലേ…”. പക്ഷേ അത്‌ പറയുമ്പോഴും “ഇതില്‍ ഏതു തെണ്ടിയാടാ ഇത്‌ ചെയ്തേ… ” എന്ന അര്‍ത്ഥത്തില്‍ അവന്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്നാണല്ലോ. നമ്മുടെ കട്ടപ്പനയും ഒരുനാള്‍ അങ്ങിനെ കുടുങ്ങി. ഒന്നും കട്ടതിനല്ല. താന്‍ എഴുതിയ പ്രേമ ലേഖനത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അയല്‍-ഡിപ്പോയിലെ ഒരു സുന്ദരിക്ക്‌ വച്ച്‌ നീട്ടിയതിന്‌. തൊണ്ടിയോട്‌ കൂടി കട്ടപ്പന പിടിക്കപ്പെട്ടു.

ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. വധിക്കാന്‍ ആരെയും കിട്ടാത്തതിനാലും, കൈയ്യില്‍ കാശില്ലാത്തതിനാലും പീ പീ യും, മറ്റൊരു സുഹൃത്ത്‌ സുബ്ബുവും അന്ന് റൂമില്‍ തന്നെ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ വാലിനു തീ പിടിച്ചപോലെ കട്ടപ്പന റൂമിലേക്ക്‌ ഓടി വന്നത്‌. അവന്റെ മുഖം ഭയവും, ദുഖവും ഒക്കെ കൂടി ഒരു അവിയല്‍ പോലെ ആയി മാറിയിരുന്നു. വന്ന് കയറിയപാടെ അവന്‍ പറഞ്ഞു, “അളിയാ ചതിച്ചെടാ. അപ്പന്‍ വന്നിട്ടുണ്ട്‌. ആ പെണ്ണ്‍ എനിക്കെതിരെ കമ്പ്ലൈന്റ്‌ കൊടുത്തെടാ. അതു പോരാഞ്ഞിട്ട്‌ എനിക്ക്‌ തന്നു വിടുന്ന ഫീസ്‌ ഓഫിസിലേക്കല്ല എത്തുന്നത്‌ എന്നും, ക്ലാസില്‍ കയറുന്ന പതിവില്ലെന്നും, കഴിഞ്ഞ സെമ്മിലെ പരീക്ഷ ഒന്നും എഴുതിയിട്ടില്ലെന്നും ഒക്കെ ആ മൂശേട്ട മാഡം അപ്പനോട്‌ പറഞ്ഞുകൊടുത്തെടാ.”. പാവം. ഞങ്ങള്‍ക്കവനോട്‌ സഹതാപം തോന്നി.

പക്ഷേ അവന്‍ അപ്പോ അവിടെ വന്നത്‌ മറ്റൊരാവശ്യത്തിനായിരുന്നു. കോളെജില്‍ നിന്ന് കിട്ടിയ മോന്റെ റിപ്പോര്‍ട്‌ കേട്ട്‌ മതിയാവാതെ, മോനെ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കാന്‍ അപ്പന്‍ ഹോസ്റ്റലിലോട്ട്‌ കെട്ടിയെടുക്കുന്നുവത്രേ. അപ്പന്‍ എത്തുന്നതിനു മുന്‍പ്‌ അവന്‍ കിടക്കുന്ന കട്ടില്‍ ഞങ്ങള്‍ ഒന്ന് വൃത്തിയാക്കി കൊടുക്കണം. അതവന്‍ ഒരു യാചനയുടെ ഭാഷയില്‍ ആണത്‌ പറഞ്ഞത്‌. ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പേ അവന്‍ തിരിച്ച്‌ കോളേജിലേക്ക്‌ ഓടിപ്പോയി.

പാവമല്ലേ, ഒന്ന് സഹായിച്ച്‌ കളയാമെന്ന് ഞങ്ങള്‍ക്കും തോന്നി. അങ്ങിനെ വിചാരിച്ച്‌ അവന്റെ ബെഡ്‌ ലേക്ക്‌ നോക്കിയ ഞങ്ങളുടെ മനസ്സില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു… “മോനേ ഇത്‌ വേണോ”. മുന്‍സിപ്പലിറ്റി ചവറുകൂന പോലും നാണിച്ച്‌ തലതാഴ്തിപ്പൊകുന്ന തരം സ്റ്റയിലും, പരിമളവുമായിരുന്നു അവന്റെ ബെഡിന്‌. ഈ കാലമാടന്റെ കയ്യില്‍ തന്നെ വന്ന് പെട്ടല്ലോ എന്നോര്‍ത്ത്‌ കരയുന്ന ജട്ടികള്‍ ഒരു വശത്ത്‌, കട്ടപ്പനയുടെ ഷൂസും, ഈ കട്ടിലും മാത്രമാണ്‌ ലോകം എന്നോര്‍ത്ത്‌ തളര്‍ന്നു കിടക്കുന്ന സോക്സ്‌ മറു വശത്ത്‌. മറ്റുള്ളവരുടെ സോക്സുകള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നത്‌ കാണുമ്പോള്‍ ഇവന്റെ സോക്സ്‌ അറിയാതെ ചോദിച്ചുപോയിട്ടുണ്ടാവണം, “എവരൊക്കെ എന്തിനാ ഇങ്ങനെ വെയിലത്ത്‌ കിടക്കണേ…” എന്ന്. പിന്നെ ജീന്‍സ്‌. ഒരു ജീന്‍സാവുമ്പോള്‍ കുറച്ച്‌ അഴുക്കൊക്കെ അവാം. അതാണ്‌ നാട്ടുനടപ്പ്‌. അങ്ങനെ നോക്കിയാല്‍, ലോകത്തിലെ ഏറ്റവും സ്റ്റെയിലന്‍ ജീന്‍സ്‌ കട്ടപ്പനക്ക്‌ മാത്രം സ്വന്തം. അങ്ങിനെ ഇപ്പറഞ്ഞതെല്ലാം കൂടി കട്ടപ്പനയുടെ കിടക്കയുടെ മോടി കൂട്ടി. എന്തിനധികം പറയുന്നു… ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും കൊതുകുകളും കുടുമ്പവും സ്ഥിരതാമസത്തിനായി ഇവന്റെ കിടക്കയില്‍ എത്തിയിരുന്നു.

ഇപ്രകാരത്തില്‍പെട്ട ആ കിടക്കയില്‍ കയ്‌ വക്കുന്നത്‌ അറിഞ്ഞുകോണ്ട്‌ പാമ്പിങ്കൂട്ടില്‍ കയ്യിടുന്നത്‌ പോലെയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പക്ഷേ പാവം കട്ടപ്പനയെ കൊലക്ക്‌ കൊടുക്കാനും തോനുന്നില്ല. അവസാനം തൊട്ടപ്പുറത്ത്‌ കിടക്കുന്ന ശ്രീനാഥിന്റെ(അതായത്‌ എന്റെ) കിടക്ക വലിയ മോശം അല്ലാത്തതിനാല്‍ അത്‌ കട്ടപ്പനയുടെ കിടക്കയാണെന്ന് പറഞ്ഞ്‌ കാണിച്ചുകൊടുക്കാം എന്ന് ഞങ്ങള്‍ പരിപാടിയിട്ടു.

താമസിയാതെ കട്ടപ്പനയും നിര്‍മ്മാതാവും സ്ഥലത്തെത്തി. വന്നവഴിയേ കട്ടപ്പന നോക്കിയത്‌ അവന്റെ കിടക്കയിലോട്ടാണ്‌. കണ്ണുകള്‍ ചുളിച്ച്‌ ദയനീയമായി അവന്‍ ഞങ്ങളെ നോക്കി. പന്നികളേ… അത്യാവശ്യ സമയത്ത്‌ കാലു വാരിയല്ലേടാ… എന്നവന്‍ മനസ്സില്‍ പറഞ്ഞിരിക്കണം. അത്‌ ശരിക്കും മനസ്സിലാക്കിയ ഞങ്ങള്‍ കണ്ണുകള്‍ കോപ്രായം കാട്ടി അവന്‌ കാര്യം മനസ്സിലാക്കിക്കൊടുത്തു.

വളരെയധികം ബഹുമാനത്തോടെയും, മര്യാദയോടെയും കട്ടപ്പന അപ്പന്‌ ഇരിക്കാന്‍ കസേര നീക്കിയിട്ട്‌ കൊടുത്തു. ഞങ്ങളുടെ റൂം ആകെ ഒന്ന് കണ്ണോടിച്ച അപ്പന്‍ മോനോട്‌ ചോദിച്ചു…

“ഡാ.. നിന്റെ ബെഡ്‌ എതാഡാ…”

“ദാ.. അതാ.” ശ്രീനാഥിന്റെ ബെഡ്‌ ചൂണ്ടി പീ പീ പറഞ്ഞു.

അദ്ധേഹത്തിന്റെ കണ്ണുകള്‍ അടുത്ത കിടക്കയിലേക്കും… പിന്നീട്‌ അതിന്റെ അടുത്തതിലേക്കും നീണ്ടു. ഒപ്പം ഞങ്ങളുടെ കണ്ണുകളും.

പെട്ടെന്ന് എന്തോ കണ്ട്‌ അപ്പന്‍ നെറ്റി ചുളിച്ചു… അത്‌ കട്ടപ്പനയുടെ ബെഡ്‌ കണ്ടിട്ടാണെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായി.

“ആരുടെയാഡാ ആ ബെഡ്‌…. ???” അപ്പന്‍ ചോദിച്ചു.

“ഡാഡീ… അത്‌ പ്രവ്വീണിന്റെയാ. ഞങ്ങളുടെ റൂം മേറ്റാ പ്രവീണ്‍. ഒരു വൃത്തീം വെടിപ്പും ഇല്ല. ഞാന്‍ എത്ര വട്ടം പറഞ്ഞതാ ന്നാ. ഫുള്‍ റ്റൈം കറങ്ങി നടക്കും. ഇപ്പൊ തന്നെ എവിടെയോ തെണ്ടാന്‍ പോയിരിക്കുവാ” മോന്‍ ഒറ്റശ്വാസത്തില്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു.

“ഇങ്ങനെയുള്ള വൃത്തിയില്ലാത്ത കുട്യോളുമായി കൂട്ട്‌ വേണ്ടാന്ന് പറഞ്ഞിട്ടില്ലേ നിന്നോട്‌…” അപ്പന്‍ ചോദിച്ചു.

അപ്പന്റെ ആ ഡയലോഗിന്റെ ആഘാതം പുറത്ത്‌ കാണിക്കാതെ കട്ടപ്പന പറഞ്ഞു…
“അത്‌ പിന്നെ ഡാഡീ.. നമുക്കിഷ്ടമുള്ള പോലെ ഒന്നും റൂം കിട്ടില്ല. സാരമില്ല. ഞാന്‍ ഇതൊക്കെ അഡ്‌ജസ്റ്റ്‌ ചെയ്തോളാം ഡഡീ… “. അത്‌ കേട്ട്‌ പീ പീ യും സുബ്ബുവും പരസ്പരം നോക്കി. സത്യത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്യുന്നത്‌ അവന്മാരാണല്ലോ.

ഏതായാലും മകന്റെ ആ ഡയലോഗില്‍ അപ്പന്‍ അലിഞ്ഞു.

“അല്ലേലും ആ കുട്ടിയേ പറഞ്ഞിട്ട്‌ കാര്യമില്ല. കാര്‍ന്നോമ്മാരെ കണ്ടല്ലേ പിള്ളേര്‍ പഠിക്കുന്നത്‌. കഷ്ടം. ”

അപ്പന്റെ അപ്രതീക്ഷിതമായ ആ ഡയലോഗ്‌ കേട്ട്‌ കട്ടപ്പന പോലും ചിരിച്ചുപോയി.

എന്നെയാരും അറിഞ്ഞില്ല

എന്നെയാരും അറിഞ്ഞില്ല

വാക്കുകളില്ലാത്തൊരു ഭാഷ-
ഞാന്‍ വായകൊണ്ട്‌ പറഞ്ഞു.

ആരും ശ്രദ്ധിച്ചില്ല.

ശബ്ദങ്ങളില്ലാത്ത മണിമുഴക്കം പോലെ,
മൗനമായൊരു നാദം പോലെ,
ഞാനട്ടഹസിച്ചു.

ആരും ചിരിച്ചില്ല.

തിരയടുപ്പിച്ച ചിപ്പികള്‍കൊണ്ടെന്‍
നൊമ്പരങ്ങള്‍ക്കു ഞാന്‍ ബലിയിട്ടു.

എന്റെ കണ്ണീര്‍ ആരും കണ്ടില്ല.

എന്റെയാത്മാവിനെ മറയ്ക്കാന്‍ ഞാന്‍-
അദ്രിശ്യമാം തുണിചുറ്റി.

എന്നെയാരും കണ്ടില്ല.

എന്റെ ദുഖവും പകയും
ശബ്ദങ്ങളില്ലാത്ത നിലവിളിയാക്കി
ഞാന്‍ അലറിക്കരഞ്ഞു.

ആരും കേട്ടില്ല.

ജീവനില്ലാത്ത തലോടലായ്‌,
ഘനീഭവിച്ച വിരലുകള്‍ ചെറുചൂടുള്ള
മേനിയില്‍ തൊട്ടു.

ആരും പ്രതികരിച്ചില്ല.

ഭാരിച്ച പാടുകളീമണല്‍പരപ്പിലേല്‍പ്പിച്ച്‌,
ഭാരമില്ലാതെ ഞാന്‍ നടന്നു.

ആരും കൂടെ വന്നില്ല.

ചായം നിറഞ്ഞ ചിത്രങ്ങള്‍ നോക്കി,
കാലം മാറ്റുന്ന മേഘത്തെ നോക്കി
ഞാനിരുന്നു.

എന്നെയാരും അറിഞ്ഞില്ല.

‘പ്രിയ’ വാഹിനി

[എന്റെ അച്ഛന്‍ വീട്ടില്‍ ചുമ്മാ ഇരുന്നപ്പൊ എഴുതിയ ഒരു പദ്യം. ഞാന്‍ അതെടുത്ത്‌ ഇവിടെ ചുമ്മാ പോസ്റ്റുന്നു… ]

മാമുനിമാര്‍ക്കെന്നുമെന്നും പ്രിയം
കാനനവാസത്തിനത്രെ.

മുല്ലവള്ളിക്കങ്ങു പടരാന്‍ പ്രിയം
മുറ്റത്തെ തേന്മാവില്‍ മാത്രം.

മുകിലിനും പ്രിയമേറെയതുപോല്‍
വാനിന്റെ മാറില്‍ പരക്കാന്‍,

ആറിനു പ്രിയമാണതെന്നും-ദൂരെ
ആഴിയിലലിഞ്ഞു ചേരാന്‍.

ആളിക്കും പ്രിയം വേറെയില്ല- നല്ല
തേനുള്ള താമരപ്പൂവുമാത്രം.

തീരില്ല പ്രിയമൊരുനാളും-കടല്‍
തിരകള്‍ക്ക്‌ തീരത്തിനോടും.

ഇളംകാറ്റിനും പ്രിയം തന്നെ നോക്കൂ-മുല്ല
മലരിന്‍ സുഗന്ധം പേറി വീശാന്‍.

ആമ്പല്‍ പ്രിയമോടെ നില്‍പൂ-മെല്ലെ
അമ്പിളിമാനത്തിലുയരാന്‍.

താമരനിശക്കന്ത്യയാമേ – കാലെ
തിരയുന്നിതര്‍ക്കന്‍ പ്രിയനേ.

വേഴാമ്പല്‍ കാക്കുന്നിതെങ്ങും – പ്രിയ
മഴമേഘജാലത്തെ വാനില്‍.

പ്രാകൃത മനുജന്നു പോലും – പ്രിയം
പ്രകൃതിമാതാവിനോടത്രെ.

മറ്റൊന്നിലും ഇന്നില്ലയാര്‍ക്കും, പ്രിയ
മഴിയാത്ത സമ്പത്തില്‍ മാത്രം.

ഒരു ചോക്ലേറ്റ്‌ പ്രണയം.

 choclateLove

ഇപ്പൊ എന്റെ നെഞ്ചില്‍ തീയാണ്‌. കഴിഞ്ഞ രണ്ടാഴചയായി അവള്‍ എന്നോട്‌ മിണ്ടുന്നില്ല. എന്താണ്‌ കാരണം എന്നറിയില്ല. എന്നെ കണ്ടാല്‍ അവള്‍ മാറി നടക്കും. വഴിയില്‍ ഞാന്‍ അവളെ കാത്തു നില്‍ക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ പിന്നെ അവള്‍ ആ വഴി വരില്ല. അവളുടെ ക്ലാസിന്‍ മുന്നില്‍ പോയി നിന്നു നോക്കി…(ഞാനും അവളും പത്താം തരത്തില്‍ പഠിക്കുന്നു.പക്ഷേ ഒരേ ക്ലാസ്‌ അല്ല. അവളുടേത്‌ വേറെ ബാച്‌ ആണ്‌) അവള്‍ പരീക്ഷയെഴുതുന്ന ഹാളിന്റെ വരാന്തയില്‍ പോയി കാത്തിരുന്നു. എന്നിട്ടും അവള്‍ പിടി തന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ട്‌. പെട്ടെന്നൊരു ദിവസം എന്റെ സ്നേഹത്തിനു നേരേ കാര്‍ക്കിച്ചു തുപ്പാന്‍ മാത്രം എന്തുണ്ടായി? ആ സമയം എനിക്ക്‌ SSLC പരീക്ഷ നടക്കുകയാണ്‌. പക്ഷേ പരീക്ഷയുടെ ചൂടൊന്നും അപ്പൊ എന്റെ തലയില്‍ കേറിയില്ല. അവളുടെ അവഗണന എനിക്ക്‌ സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.ഒരു പോലീസുകാരന്റെ മകളെ സ്നേഹിച്ചതിന്‌, എന്നേക്കാളും 2 വയസ്സ്‌ മൂപ്പുള്ള പെണ്ണിനെ സ്നേഹിച്ചതിന്‌ ദൈവം എന്നെ ഇങ്ങനെ പരിക്ഷിക്കുകയാണോ? (അസുഖം മൂലം 2 വര്‍ഷത്തെ പഠിത്തം അവള്‍ക്ക്‌ മുടങ്ങിയിരുന്നു) എന്ന് ഞാന്‍ അലോചിച്ചുപോയ്‌.

ഒരു ദിവസം ഞാന്‍ നേരത്തേ തന്നെ പരിക്ഷ എഴുതിക്കഴിഞ്ഞ്‌, വഴിയില്‍ കാത്ത്‌ നിന്നു. അവള്‍ കാണാതെ. അടുത്തെത്തിയപ്പോള്‍ ഞാന്‍ പെട്ടെന്ന് അടുത്തേക്ക്‌ ചെന്നു. എന്നെ കണ്ടതും തല താഴ്തി അവള്‍ നടന്നു. പക്ഷേ ഞാന്‍ തടഞ്ഞു.

“പോകാന്‍ വരട്ടെ. എന്താ നിനക്ക്‌ പറ്റിയത്‌? ന്നെ ഇഷ്ടല്ലാണ്ടായോ? പറ.” ഞാന്‍ ചോദിച്ചു.

“നീ മാറി നില്‍ക്ക്‌. എനിക്ക്‌ പോകണം” അവള്‍ കുറച്ച്‌ ദേഷ്യത്തോടെയാണ്‌ പറഞ്ഞത്‌. പക്ഷേ ഞാന്‍ വിട്ടില്ല.

“ഇല്ല. നീ എന്തെങ്കിലും പറഞ്ഞേ പറ്റൂ. എന്നെ നിനക്ക്‌ ഇങ്ങനെ മറക്കാന്‍ പറ്റുമോ? ” ഞാന്‍ ചോദിച്ചു.

പെട്ടെന്ന് താഴ്തിപ്പിടിച്ചിരുന്ന അവളുടെ മുഖം എന്റെ നേര്‍ക്ക്‌ നോക്കി. അവളുടെ കണ്ണില്‍ ഒരുമാതിരി വല്ലാത്ത ധൈര്യവും കോപവും ഒക്കെ ഉള്ള പോലെ എനിക്ക്‌ തോന്നി. ഞാന്‍ ചെറുതായൊന്ന് ഭയക്കാതിരുനില്ല.

“ഡാ.. നീ എന്നെ കെട്ടുമോ? ഇല്ലല്ലൊ? നിനക്കിഷ്ടപ്പെട്ട നിറത്തിലുള്ള ഡ്രെസ്സും ഇട്ട്‌, നിനക്കിഷ്ടപ്പെടുന്ന പോലെ ഞാന്‍ സംസാരിച്ച്‌ എത്ര കാലം? ഇതൊക്കെ ചുമ്മാ തമാശ മാത്രമല്ലെ നിനക്ക്‌? പറ.. നീ എന്നെ കെട്ടുമോ? ” അവള്‍ ചോദിച്ചു.

ഞാന്‍ ശരിക്കും ഞെട്ടി. വെറും പത്താം തരത്തില്‍ പഠിക്കുന്ന എനിക്ക്‌ അന്ന് വിവാഹം എന്ന് പറഞ്ഞാ എന്താ എന്ന് പോലും ശരിക്ക്‌ അറിയില്ല. അപ്പൊഴല്ലെ ഞാന്‍ എന്റെ വിവാഹത്തിനെ പറ്റി ചിന്തിക്കുന്നത്‌. എനിക്ക്‌ പെട്ടെന്ന് ഒന്നും പറയാന്‍ പറ്റിയില്ല. എന്റെ മുഖം ആകെ വറ്റി വരണ്ടു.

“നീ.. നീ എന്താ ഇപ്പോ ഇങ്ങനെ ഒക്കെ…” ഞാന്‍ ഒരുവിധം പറഞ്ഞു…

അപ്പൊഴും അവള്‍ എന്റെ മുഖത്ത്‌ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ഒരുപക്ഷേ അപ്പോള്‍ ഞാനായിരുന്നു മുഘം താഴ്തി നിന്നത്‌. അവള്‍ മറ്റൊന്നും പറയാതെ അവിടെ നിന്നും പോയി. തകര്‍ന്നടിഞ്ഞ നെഞ്ചുമായി ഞാന്‍ ബസ്‌ സ്റ്റോപ്പിലേക്കും.

എനിക്കൊന്നിലും ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്റെ മനസ്സ്‌ വല്ലാതെ വേദനിച്ചു. പഠിക്കാന്‍ തോന്നിയില്ല. ഒരു വിധം ദിവസങ്ങള്‍ കഴിച്ചു കൂട്ടി. കൂട്ടത്തില്‍ എന്റെ പത്താം ക്ലാസിലെ പരീക്ഷകളും. അമ്മ പറഞ്ഞത്‌ ഞനോര്‍ത്തു.. “മോനെ, ഈ പരീക്ഷയാണ്‌ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷ. ഇതിലെ മാര്‍ക്ക്‌ വെച്ചാണ്‌ നിന്റെ ഭാവി തീരിമാനിക്കുന്നത്‌…” അങ്ങിനെ പലതും.

SSLC അവസാന പരിക്ഷയുടെ ദിവസം. ഞാന്‍ പരീക്ഷയൊക്കെ ഭങ്ങിയായി എഴുതിക്കഴിഞ്ഞ്‌ കൂട്ടുകാരുടെയൊക്കെ ഓട്ടൊഗ്രാഫ്‌ (ജീവിതത്തില്‍ ആദ്യമായി ഓട്ടൊഗ്രാഫിനെ പറ്റി നേരിട്ട്‌ പഠിക്കുന്നതും, ഉപയോഗിക്കുന്നതും ഈ സമയത്താണല്ലോ) വാങ്ങി എല്ലാവരോടും യാത്രയൊക്കെ പറഞ്ഞ്‌ ഇറങ്ങി. കൂടെ വരാറുള്ളവന്മാരെയൊക്കെ ഒഴിവാക്കി അന്ന് ഞാന്‍ ഒറ്റക്ക്‌ ഇറങ്ങി. സ്കൂളിന്റെ വരാന്തകളിലോ.. വഴിയിലോ അവളെ കാണുമെന്ന് ഞാന്‍ ആഗ്രഹിച്ചു. അവളില്ലെങ്കില്‍, അവളുടെ കൂട്ടുകാരികളിലാരെയെങ്കിലും കണ്ടാല്‍ മതിയെന്നായി പിന്നെ. കാരണം അവരോടെങ്കിലും എനിക്ക്‌ അവളോട്‌ പറയാനുള്ളത്‌ പറഞ്ഞു വിടാമല്ലോ. ഞാന്‍ നടന്നു. ബസ്‌ സ്റ്റോപ്പ്‌ എത്താറായി. അവളുടെ മാത്രം ഓട്ടൊഗ്രാഫ്‌ കിട്ടിയില്ല. ഇനി അവളെ ഞാന്‍ കാണുമോ എന്ന് പോലും എനിക്കറിയില്ല. ഒരു good bye എങ്കിലും പറയണം എന്നുണ്ടായിരുന്നു. പക്ഷേ അവളെ കണ്ടില്ല.

പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ശബ്ധം. “ഡാ.. ഒന്ന് നിന്നേ…”

ഞാന്‍ പ്രതീക്ഷകളോടെ തിരിഞ്ഞു നോക്കി… പക്ഷേ അത്‌ അവളല്ലായിരുന്നു. അവളുടെ കൂട്ടുകാരി. കയ്യില്‍ ഒരു കവറും ഉണ്ട്‌.

“ദേ.. ഇത്‌ നിനക്ക്‌ തരാന്‍ പറഞ്ഞ്‌ അവള്‍ തന്നതാ. ” ആ കവര്‍ അവള്‍ എനിക്ക്‌ നീട്ടി.

“അവള്‍ പോയോ? ന്താ ഇത്‌? ” ഞാന്‍ ചോദിച്ചു.

“ആ.. അറിയില്ല. അവള്‍ ഇന്ന് പരീക്ഷ എഴുതാന്‍ വന്നില്ല. വീട്ടില്‍ എന്തോ പ്രശനം ഉണ്ടത്രേ” അതും പറഞ്ഞ്‌ അവള്‍ പോയി.

ആകാംക്ഷയോടെ ഞാന്‍ ആ പൊതി തുറന്നു നോക്കി.

എന്റെ പ്രണയത്തിന്‌ വിലയിട്ട പോലെ കുറെ ചോക്ലേറ്റുകള്‍. ഫൈവ്‌ സ്റ്റാര്‍, ഡെയറി മില്‍ക്‌, മഞ്ച്‌… അങ്ങിനെ കുറെ…

എനിക്ക്‌ അരിശവും, ദുഖവും ഒക്കെക്കൂടി വന്നു…

അവള്‍ക്കിത്രയേ ഉള്ളോ? എന്റെ സ്നേഹത്തിന്‌ ഈ ചോക്ലേറ്റിന്റെ വിലയേ ഉള്ളോ?

ഞാന്‍ അതങ്ങിനെ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. കൂട്ടുകാരന്റെ സൈക്കിള്‍ വാങ്ങി ഞാന്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി. അവളുടെ വീടിന്റെ മുന്നില്‍ ഞാന്‍ സൈക്കിള്‍ നിര്‍ത്തി.. ബെല്ലടിച്ചു. അവളുടെ അച്ചന്‍ പോലീസ്‌ വേഷത്തില്‍ ലാത്തിയും പിടിച്ച്‌ ഇരങ്ങി വരുമെന്ന് ഞാന്‍ നന്നായി ഭയന്നു. പക്ഷേ ആരും വന്നില്ല. അവള്‍ തന്ന ചോക്ലേറ്റ്‌ പൊതി അവളുടെ വീടിന്റെ ഗേയ്റ്റില്‍ ഞാന്‍ തൂക്കിയിട്ടു. അവളോട്‌ ഒന്നും പറയാന്‍ പറ്റാത്ത വിഷമം മൂലം രണ്ട്‌ തവണ കൂടി ഞാന്‍ ചുമ്മാ ബെല്ലടിച്ചിട്ട്‌ തിരിച്ച്‌ പോന്നു.

ആ ബന്ധം അന്നവിടെ അവസാനിച്ചു. പിന്നീടവളെ ഞാന്‍ കണ്ടിട്ടില്ല.

പക്ഷേ കുറച്ച്‌ നാളുകള്‍ക്ക്‌ ശേഷം ഞാനവളുടെ ആ കൂട്ടുകാരിയെ വഴിയില്‍ വെച്ച്‌ കണ്ടു. അവള്‍ പറഞ്ഞറിഞ്ഞു… അവളുടെ അച്ചന്‍ ഒരു ദിവസം അവളെഴുതുന്ന ഡയറി എടുത്ത്‌ വായിച്ചു എന്നും, അതില്‍ മുഴുവനും എന്നേ കുറിച്ച്‌ മാത്രം ആയിരുന്നു എന്നും. അച്ഛന്‍ അവളെ തല്ലി… ഇനി അവനോട്‌ (എന്നോട്‌) മിണ്ടരുത്‌ എന്ന് താക്കീതും കൊടുത്തുവത്രെ. അതുകൊണ്ടാണ്‌, അച്ചനെ പേടിയുള്ളതു കൊണ്ടാണ്‌ അവള്‍ അന്നൊക്കെ എന്നെ കണ്ടപ്പോള്‍ ഒഴിഞ്ഞുമാറിയത്‌. അവസാന പരീക്ഷയുടെ അന്ന് വീട്ടില്‍ അവള്‍ എനിക്ക്‌ തരാന്‍ വേണ്ടി എഴുതിയ കത്ത്‌ അച്ചന്‍ കണ്ടു.അയാള്‍ അവളെ തല്ലി. അവളുടെ ചെവിയില്‍ നിന്നും ചോര വന്നത്രെ.അതുകൊണ്ടാണ്‌ അവള്‍ക്കന്ന് പരീക്ഷയെഴുതാന്‍ പറ്റാതെ പോയത്‌. പിന്നെ കൂട്ടുകാരിയോട്‌ പറഞ്ഞ്‌ അവള്‍ എനിക്കായി ചോക്ലേറ്റ്‌ വാങ്ങി. അതാണ്‌ ഞാന്‍ അവളുടെ വീട്ടില്‍ തന്നെ കൊണ്ട്‌ പോയിട്ടത്‌. എനിക്ക്‌ ശാപം കിട്ടിയ നിമിഷങ്ങള്‍.

അവളിന്ന് എവിടെയാണെന്നറിയില്ല. എല്ലാവരേയും പോലെ തിരക്കിന്റെ ഓളങ്ങളില്‍ പെട്ട്‌ ഒഴുകുന്നുണ്ടാവണം… ചിലപ്പോള്‍ ഒരു ഭാര്യയായി… അമ്മയായി..

ഇന്നോര്‍ക്കുമ്പോള്‍ ശരിക്കും ഒരു ചോക്ലേറ്റ്‌ പ്രണയം. അല്ലാതെന്ത്‌ പറയാന്‍.

എനിക്ക്‌ മടുപ്പാണ്‌…

എനിക്ക്‌ മടുപ്പാണ്‌…
ഈ ജിവിതത്തോടും, ജീവനാടും…
എനിക്ക്‌ മടുപ്പാണ്‌.. എല്ലാത്തിനോടും.

പക്ഷേ..

തലതല്ലിച്ചതഞ്ഞിട്ടുമെന്നുമീ-
തിരമാലകള്‍ക്കു മടുത്തില്ല.

പലനാളായ്‌ പറന്നെത്തുമീ-
കാറ്റിനും ഇനിയും മടുത്തില്ല.

എന്നും, പാതിരക്കുണരുന്ന-
പാതിരപ്പൂവിനും മടുത്തില്ല.

സമയം നോക്കാതെയെത്തുന്ന,
അളന്നു നോക്കാതെപെയ്യുന്ന-
വര്‍ഷമേഘത്തിനു മടുത്തില്ല.

എന്നും എന്റെയാവലാദികള്‍-
കേള്‍ക്കുന്ന ദൈവങ്ങള്‍ക്കും മടുത്തില്ല.

എന്നെ സഹിക്കുന്നൊരെന്‍ കൂട്ടുകാര്‍ക്കും,
എന്റെ വീട്ടുകാര്‍ക്കും ഒരുമാത്രപോലും മടുത്തില്ല.

എങ്കില്‍….

മടുപ്പില്ലാത്തവര്‍ക്കിടയില്‍,
കുറുമ്പുമായ്‌ ഞാനിരിക്കുമ്പോള്‍
ഇപ്പൊ എനിക്കും മടുക്കുന്നില്ല.

സുസുക്കി ദിവാകരന്‍! – ഭാഗം 2

ദിവാകരന്‌ പിന്നെ ഭഗ്യത്തിന്റെ നാളുകളായിരുന്നു. തനിക്ക്‌ ഭീഷണിയായീക്കാന്‍ ചാന്‍സ്‌ ഉള്ള ബിജു തന്റെ ബൈക്ക്‌ വിറ്റതും, നാട്ടില്‍ അധികം ആര്‍ക്കും ബൈക്‌ ഇല്ലാത്തതും ദിവാരന്റെ തലക്കനം കൂട്ടി. നാട്ടുകാര്‍ക്കിടയിലൂടെ വളരെപ്പതുക്കെ വണ്ടിയോടിച്ചും, പെമ്പിള്ളെരുടെ മുന്നില്‍ വളരെ വേഗത്തില്‍ ഓടിച്ചും ദിവാരന്‍ കസറി.

അങ്ങനെയിരിക്കെയാണ്‌ ലത നടരാജ സര്‍വീസ്‌ നിര്‍ത്തി, ബസ്സില്‍ കോളെജില്‍ പോകാന്‍ തുടങ്ങിയത്‌. അച്ചന്റെ നിര്‍ബന്ധം കാരണമാനെന്ന് അവള്‍ പറഞ്ഞെങ്കിലും, ദിവാരന്‍ അത്‌ വിശ്വസിച്ചില്ല. എന്നും അവള്‍ പോകുന്ന “ബിജോയ്‌” എന്ന ബസ്സിനെ അവന്‍ സുസുക്കിയില്‍ ഫോളോ ചെയ്തു. ബസ്സിനെ ബൈകില്‍ എന്നും പിന്തുടരുന്ന യുവചൈതന്യത്തിനെ ബസ്സിലുള്ള മറ്റ്‌ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അത്‌ മനസ്സിലാക്കിയ ദിവാരന്‍ പിന്നെ ബസ്സിനു മുന്നിലാക്കി തന്റെ സര്‍ക്കസ്സ്‌.

ബസ്സില്‍ പോയിത്തുടങ്ങിയതില്‍ പിന്നെ ലതിയെ ഒന്ന് മര്യാദക്ക്‌ കണാന്‍ പോലും ദിവാരന്‌ പറ്റിയില്ല. കത്ത്‌ കൊടുക്കാനും, ഒന്ന് മിണ്ടാനും കൊതിച്ച്‌ ദിവാരന്‍ കാത്തിരുന്നു. ക്ഷമകെട്ടപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ വണ്ടിയുമായി പുറത്തിറങ്ങി…

വാശിയും, കോപവും പഴയ നാടങ്ങളില്‍ ലൈറ്റ്‌ അടിക്കുന്ന പോലെ ദിവാരന്റെ മുഖത്ത്‌ മിന്നിക്കളിച്ചു. കോപം മൂലം ബൈക്കിന്റെ അക്സിലറേറ്ററില്‍ അമര്‍ത്തി. സുസുക്കി വാണം വിട്ട പോലെ മുന്നോട്ട്‌ നീങ്ങി.. ബിജോയ്‌ ബസ്സിനെ ലക്ഷ്യമാക്കി…

അകലെ ദിവാരന്‍ കണ്ടു, ബിജോയ്‌ ബസ്സ്‌. ദിവാരന്റെ മുഖത്ത്‌ ലതിയോടുള്ള കോപം ആളിക്കത്തി. ബസ്സിനെ വെട്ടിച്ച്‌, മുന്നില്‍ വണ്ടി നിര്‍ത്തി അവളെ പിടിച്ചിറക്കാന്‍ ദിവാരന്‍ ആഗ്രഹിച്ചു. അതിനായി ഫുള്‍ സ്പീഡില്‍ ദിവാരന്‍ ബൈക്‌ ഓടിച്ചു. അപ്പൊഴാണ്‌ ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയത്‌. അവസരം പാഴാക്കാതെ ദിവാരന്‍ ബസ്സിനെ ഓവര്‍ടേക്‌ ചെയ്യാന്‍ ശ്രമിച്ചു. പെട്ടന്നതാ മറുവശത്തു നിന്നും ഒരു ജീപ്പ്‌!! ദിവാരനു വെട്ടിക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. ഇടതു വശത്ത്‌ ബിജോയ്‌, വലതു വശത്ത്‌ ഒരു വേലിക്കെട്ട്‌, മുന്നില്‍ ഒരു ജീപ്പ്‌… സര്‍വ്വ ശക്തിയുമെടുത്ത്‌ ദിവാരന്‍ ബ്രേക്‌ പിടിച്ചു. ഒരു വൃത്തികെട്ട ശബ്ധത്തോടെ സുസുകി ആ ജീപ്പിന്റെ മുന്നിലെ ക്രാസ്‌ ഗാര്‍ഡില്‍ ഇടിച്ചു നിന്നു. കണ്ണുതുറന്ന് ദിവാരന്‍ നോക്കിയപ്പോള്‍ കണ്ടത്‌ ജീപ്പിനു മുകളില്‍ ചുവന്ന നിരത്തില്‍ കത്തുന്ന ഒരു ലൈറ്റ്‌ അണ്‌. ഉള്ളിലേക്ക്‌ നോക്കിയ ദിവാരന്‍ ഞെട്ടി! തലയില്‍ തൊപ്പി വെച്ച കുറച്ചുപേര്‍!! അത്‌ പോലീസ്‌ ആണെന്ന് വിശ്വസിക്കാന്‍ ദിവാരന്‍ ഇഷ്ടപ്പെട്ടില്ല.

“ഭ! നിന്റെ %*)*%*)* യുടെ വകയാണോടാ റോഡ്‌.. ഇറങ്ങിവാടാ %*)*%*)* മോനെ… ” ജീപ്പില്‍ നിന്നും ഇറങ്ങി വന്ന ഒരാള്‍ ഛര്‍ദിച്ചു.. അഥവാ ഗര്‍ജിച്ചു. തന്റെ മുന്നില്‍ നില്‍ക്കുന്നത്‌ പോലീസ്‌ തന്നെയാണെന്ന് ഇത്തവണ ദിവാരന്‍ ശരിക്കും വിശ്വസിച്ചു…

തന്നെ തെറിവിളിച്ചത്‌ സ്ഥലം എസ്‌.ഐ ആണെന്ന് ദിവാരന്‍ മനസ്സിലാക്കിയത്‌, അദ്ധേഹം കോളറില്‍ പിടിച്ച്‌ ചെകിടിനെ ലക്ഷ്യമാക്കി ഒന്ന് തന്നപ്പോഴാണ്‌.

ദിവാരന്റെ ഉള്ളിലെ കള്ളന്‍ പുറത്തു വന്നു, ദിവാരന്‍ പറഞ്ഞു… “സാറെ ക്ഷമിക്കണം സാറേ.. എന്റെ അടുത്ത ഒരു ബന്ധുവിന്‌ സീരിയസ്‌ ആണ്‌. ഞാന്‍ ആശുപത്രിയില്‍ ബ്ലഡ്‌ കൊടുക്കാന്‍ പോവാ”

“നിര്‍ത്തെടാ നിന്റെ %*)*%*)*!. ഇതങ്ങു പിടിച്ചിട്ട്‌ നീ പോയാ മതി!” എന്നു പറഞ്ഞ്‌ ഒരു ചാര്‍ജ്‌ ഷീറ്റ്‌ ദിവാരനെ ഏമാന്‍ ഏല്‍പ്പിച്ചു. തന്റെ മുണ്ട്‌ നനഞ്ഞത്‌ വിയര്‍പ്പ്‌ കൊണ്ടല്ല എന്ന് ദിവാരന്‍ അറിഞ്ഞതിനു മുന്‍പേ, ബിജോയ്‌ ബസ്സിലെ യാത്രക്കാര്‍ അറിഞ്ഞിരുന്നു. തീറ്റക്ക്‌ വേണ്ടി തല പുറത്തിടുന്ന കിളിക്കുഞ്ഞിപ്പോലെ ആ ബസ്സിലെ യാത്രക്കാര്‍ പുറത്തേക്ക്‌ തലയിട്ട്‌ ദിവാരനെ നോക്കി…

ആ തലകള്‍ക്കിടയില്‍ ഒരു തല ദിവാരന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു… ഒരു ശത്രുവിനെ നോക്കുന്ന പോലെ അവള്‍… ലതിക.

അപമാനഭാരം താങ്ങാന്‍ കഴിയാതെ ദിവാരന്‍ വീട്ടില്‍ തന്നെ പതുങ്ങിയിരുന്നു. അടുത്ത ദിവസം, ഒരു സുഹൃത്ത്‌ വഴി ദിവാരന്‌ ഒരു കത്ത്‌ കിട്ടി. അതിങ്ങനെ തുടങ്ങി…

“സുസുക്കി ദിവാരേട്ടാ (അങ്ങനെയല്ലേ നാട്ടുകാര്‍ വിളിക്കണേ)…ഞാനീ പരയുന്നത്‌ കേട്ട്‌ വിഷമിക്കരുത്‌. ചേട്ടനെന്നെ നല്ല ഇഷ്ടമാണെന്നറിയാം. പക്ഷേ സത്യം പറയാലോ, ചേട്ടന്‍ ഒരു മണ്ടനാ. വണ്ടി വാങ്ങിയപ്പ്പ്പോ ചേട്ടന്‍ ആളാകെ മാറി. എന്നെ അതിലൊന്ന് കയറ്റാന്‍ പോലും ചേട്ടന്‌ സമയം കിട്ടിയില്ല. മാത്രവുമല്ല, വാങ്ങുമ്പോള്‍ പുതിയ വല്ല വണ്ടിയും വാങ്ങരുതോ… ഇതൊരുമാതിരി…

പിന്നെ, ഞാനന്ന് പരഞ്ഞില്ലായിരുന്നോ, ഒരു ബിജുവിനെ പറ്റി. അവന്‍ പുതിയ വണ്ടി വാങ്ങി. യമഹയാ. എന്തൊരു സ്പീഡാന്നറിയോ. ഒരീസം ഞാന്‍ ബിജ്ജൂന്റെ കൂടെ വണ്ടിയില്‍ പോയി. ഹോ എന്ത്‌ രസായിരുന്നു. ഞാന്‍ അറിയാതെ തന്നെ അന്ന് ബിജൂനെ സ്നേഹിച്ചു പോയി. ഞങ്ങള്‍ ഇപ്പോള്‍ ഇഷ്ടത്തിലാണ്‌ ചേട്ടാ. ബിജു പറഞ്ഞിട്ടാണ്‌ ഞാന്‍ ഇപ്പൊ ബസ്സില്‍ പോകാന്‍ തുടങ്ങിയത്‌.

ചേട്ടന്‍ വിഷമിക്കരുത്‌. ഇനിയെങ്കിലും നല്ല ഒരു വണ്ടി വാങ്ങണം, എനിക്ക്‌ പകരം മറ്റൊരു സുന്ദരി ചേട്ടന്റെ ആ പുതിയ വണ്ടിയില്‍ കയറാന്‍ വരും. ഞാന്‍ പ്രാര്‍ഥിക്കാം.

ഞങ്ങള്‍ നാളെ ഒളിച്ചോടാന്‍ പോവുകയാണ്‌. ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കില്ലേ….

ചേട്ടന്റെ കൂട്ടുകാരി
ലതിക്കുട്ടി (ന്നെ അങ്ങനെയാ ബിജു വിളിക്കണേ) ”

ഹൃദയം തകര്‍ന്ന ദിവാരന്‍ ആ കത്ത്‌ കീറിപ്പറച്ചു. ദേഷ്യം അടക്കാനാവാതെ അവന്‍ സ്വന്തം സുസുക്കി ബൈക്‌ തല്ലി തകര്‍ത്തു.

പിന്നീടൊരു ദിവസം, തനിക്ക്‌ ബൈക്ക്‌ വാങ്ങാന്‍ സഹായിച്ച കൂട്ടുകാരനെ കണ്ടപ്പോള്‍ ദിവാരന്‍ ചോദിച്ചു…

“നീ എവിടുന്നാ എനിക്കീ ബൈക്ക്‌ ഒപ്പിച്ചത്‌…?”

“അത്‌ എന്റെ ഒരു അകന്ന സുഹൃത്ത്‌ വഴിയാ. അവന്‍ ഒരു പുത്തന്‍ യമഹ വാങ്ങാന്‍ പരിപാടിയിട്ടിരിക്ക്യായിരുന്നു. അതാ പഴയ വണ്ടി വിറ്റത്‌. എന്തേ ഡാ? എന്തു പറ്റി? ” സുഹൃത്ത്‌ ചോദിച്ചു.

അതിനു മറുപടി പറയാതെ ദിവാരന്‍ ചോദിച്ചു…

“എന്താഡാ നിന്റെയാ അകന്ന സുഹൃത്തിന്റെ പേര്‌?”

എന്തോ പന്തികേട്‌ മണത്തപോലെ അയാള്‍ പറഞ്ഞു, “അവന്റെ പേര്‌ ബിജു ന്നാ!”

അവിടെ നിന്നും വീട്ടില്‍ പോയ ദിവാരന്‍ നേരേ ചെന്നത്‌ വീടിന്റെ പിന്നാമ്പുറത്തേക്കായിരുന്നു… തന്റെ പഴയ ഹെര്‍കുലീസ്‌ സൈക്കിള്‍ എടുക്കാന്‍!

(അവസാനിച്ചു)

സുസുക്കി ദിവാകരന്‍! – ഭാഗം 1

കോലാഹലമ്പൂര്‍ നാട്ടിലെ ഒരു സാധാരണ കുടുമ്പത്തിലെ ആണ്‍തരിയാണ്‌ ശ്രീ ദിവാകരന്‍. നാട്ടുകാര്‍ വിളിക്കുന്നത്‌ ദിവാരന്‍. പ്രത്യേകിച്ച്‌ ജോലിയൊന്നും ചെയ്യാന്‍ ഇഷ്ടമില്ലാത്ത ദിവാരന്‌ ഏറ്റവും ഇഷ്ടപ്പെട്ട റ്റൈം പാസ്‌ പാസ്‌-പാസ്‌ കഴിക്കലും, രോട്ടിലൂടെ പാസ്‌ ചെയ്യുന്ന കുമാരികളെ ശല്യപ്പെടുത്താതെ വായില്‍നോക്കുന്നതും ആണ്‌. കാണാന്‍ നമ്മുടെ സലീം കുമാറിന്റെ ഒരു ചെറിയ കട്ട്‌ ഉണ്ടെന്ന് ദിവാരന്‌ നന്നായി അറിയാം, അതിന്റെ തലക്കനം ഒട്ടും കുറയാതിരിക്കാന്‍ ദിവസത്തിന്റെ നല്ലൊരു ഭാഗം സമയവും സ്വന്തം ശരീര സംരക്ഷണത്തിനായി ദിവാരന്‍ ഉപയോഗിച്ച്‌ വരുന്നു. ചോറിനു പകരം പാലും മുട്ടയും എന്ന സമവാക്യം ദിവാരനു ഒരു പുതിയ സംഭവമായിരുന്നില്ല തന്നെ.

സധാരണ പോലെ ഡോണ്‍ബോസ്ക്കോ പാരലല്‍ കോളേജിലേക്ക്‌ നടന്നു പോകുന്ന പെണ്‍പടയേയും കാത്ത്‌ ദിവാരന്‍ അന്നും ആ മതിലിന്റെ ഒക്കത്ത്‌ ഇരുന്നു. ചുരുട്ടി മേലോട്ട്‌ വെച്ച കൈലിയും, കരയിലിട്ടാല്‍ പിടയുന്ന മീനിന്റെ വാലുപോലെ ആട്ടിക്കൊണ്ടിരിക്കുന്ന കാലുകളും ദിവരന്റെ മാത്രം സ്റ്റൈല്‍ ആണ്‌. പെണ്‍പടയേ നോക്കി എന്നും ദിവാരന്‍ ഒരോ പാട്ട്‌ പാടും… ഡയറക്ടര്‍ ഭരതന്‍ സാറിന്റെ ക്യാമറക്കണ്ണുകള്‍ പോലെ ദിവാരന്‍ തന്റെ കണ്ണുകള്‍ അവര്‍ക്കുനേരെ ചലിപ്പിച്ചു, എന്നിട്ട്‌ ദിവാരന്‍ പാടി… “ചന്ദനത്തില്‍ കടഞ്ഞെടുത്തൊരൂ സുന്ദരീ ശില്‍പം… ”

തലയും കുനിച്ച്‌, പൊട്ടാന്‍ തുടിക്കുന്ന ആനപ്പടക്കം പോലുള്ള മുഖവുമായി അവര്‍ നടന്നു… എന്നും കാണുന്ന അതേ വികാരപ്രകടനം ദിവാരന്‍ മൈന്‍ഡ്‌ ചെയ്തില്ല. പക്ഷേ പ്രതീക്ഷിക്കാതെ ദിവാരന്‍ ഒന്ന് ശ്രദ്ധിച്ചു… കൂട്ടത്തില്‍ ഒരുത്തി തന്നെ ഒളിക്കണ്ണിട്ട്‌ നോക്കുന്നു! അവളുടെ മുഖത്ത്‌ മാത്രം നാണവും, തന്നെ കളിയാക്കുന്ന് പോലുള്ള ചിരിയും…

ദിവാരന്റെയുള്ളില്‍ മാലപ്പടക്കങ്ങള്‍ ചറപറാ പൊട്ടി… എത്ര ശ്രമിച്ചിട്ടും ദിവാരന്‌ പൊട്ടിക്കൊണ്ടിരിക്കുന്ന ആ പടക്കങ്ങളെ നിര്‍ത്താനായില്ല. ദിവാരന്റെ കണ്ണുകള്‍ അന്നാദ്യമായി പുറത്തേക്ക്‌ തള്ളി വന്നു…

തന്നെ നോക്കി പുഞ്ചിരിച്ച ആ സുന്ദരിപ്പെണ്ണിനെപ്പറ്റി ദിവാരന്‍ റിസര്‍ച്ച്‌ നടത്തി. പേര്‌ ലതിക. ഒരു ഇടത്തരം കുടുമ്പത്തിലെ മൂത്ത മകള്‍. കല്യാണം കഴിക്കാന്‍ സമയം ആയിട്ടില്ല. അവളെ ദിവാരന്‍ മനസ്സില്‍ താലോലിച്ച്‌ വിളിച്ചു… ലതിമോള്‍.. ന്റെ ലതിമോള്‍…

ദിവസങ്ങള്‍ വളരെ വേഗം പോയി… രണ്ടുപേര്‍ക്കും തങ്ങളുടെ പ്രണയം പരസ്പരം അറിയിക്കാന്‍ ദാഹമായി. ലതിക എന്നും ദിവാരനെ നോക്കി പുഞ്ചിരിച്ചു… ദിവാരന്‍ തിരിച്ചും. സ്പെഷ്യല്‍ ക്ലാസ്സ്‌ ഉള്ള ഒരു ദിവസം നേരം വൈകി വീട്ടിലേക്ക്‌ പോവുകയായിരുന്ന ലതികയുടെ അടുത്തേക്ക്‌ ഹെര്‍കുലീസ്‌ സൈക്കിളില്‍ ദിവാരന്‍ വന്നു. അവളുടെ മുന്നിലേക്ക്‌ സൈക്കിള്‍ സ്കിഡ്‌ ചെയ്ത്‌ നിര്‍ത്തി… രണ്ട്‌ പേരുടെയും ഹൃദയം ഇടിക്കുന്നത്‌ രണ്ടുപേര്‍ക്കും കേള്‍ക്കാമായിരുന്നു.

വിക്കുന്ന വാക്കുകളുമായി ദിവാരന്‍ ഒരുവിധം ഒപ്പിച്ച്‌ ചോദിച്ചു…
“ലതികാ.. അല്ല, ലതീ.. ന്നെ അറീല്ലെ…?”

“ഉം” ലതിക നാണം ചാലിച്ച്‌ മൂളി.

“ഞാന്‍ ഒരു കൂട്ടം ചോദിച്ചോട്ടെ….” ദിവാരന്‍.

“നിക്ക്‌ വീട്ടിലെത്താന്‍ സമയായ്‌. ഞാന്‍ പോവ്വ്വാ…” ലതി പറഞ്ഞു.

“ല്ല്യാ.. അങ്ങനെ ഞാന്‍ വിടില്ല്യാ. ലതിക്കെന്നെ ഷ്ടാണോ?” ദിവാരന്‍ സര്‍വ്വ ധൈര്യവും എടുത്ത്‌ ചോദിച്ചു…

“നിക്കറീല്ല്യാ. ഞാന്‍ പോണൂ…” അതും പറഞ്ഞ്‌ ലതിക വേഗത്തില്‍ നടന്നു…

ദിവാരന്‍ സൈക്കിളില്‍ കയറി വീണ്ടും ലതികയുടെ അടുത്തെത്തി…

“എനിക്കറിയാം നിനക്കെന്നെ ഇഷ്ടാന്ന്.. അതൊന്ന് സമ്മതിക്കൂന്നേ…” ദിവാരന്‍ പറഞ്ഞു.

അതിനു മറുപടിയായി ലതിമോള്‍ ദിവാരനെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. സിനിമയിലെപ്പോലെ സ്‌ലോ മോഷനില്‍ അവള്‍ ഓടിപ്പോകുന്നതും നോക്കി ദിവാരന്‍ നിന്നു…

ദിവാരന്റെ അഹ്ലാദത്തിന്‌ ലൈന്‍ ഓഫ്‌ കണ്ട്രോള്‍ ഇല്ലായിരുന്നു. കോലാഹലമ്പൂരിലെ ഇടവഴികളില്‍ കൂടി വെള്ളമടിച്ച്‌ ഫിറ്റായി ദിവാരന്‍ നടന്നു. തനിക്കറിയാവുന്ന എല്ലാ പാട്ടുകളും എഫ്‌.എം പോലെ ഫുള്‍ റ്റൈം പാടി നടന്നു… ആനന്ദ ന്രിത്തം വച്ചു…

അന്നു മുതല്‍ ദിവാരന്‍ സ്ഥിരം ഇരിക്കാറുള്ള മതിലില്‍ കയറിയിരുന്നില്ല. പകരം മതിലില്‍ ചാരി നിന്നു. അവളോടൊന്ന് മിണ്ടാന്‍. പക്ഷേ കൂട്ടുകാരികളോടൊത്ത്‌ വരുന്ന ലതിയെ ദിവാരന്‍ അകലെ നിന്നും കണ്ട്‌ നിക്കാന്‍ മാത്രമെ കിട്ടിയുള്ളൂ.

വല്ലപ്പോഴും മാത്രം വഴിയില്‍ ഒറ്റക്ക്‌ കിട്ടിയിരുന്ന ലതിക്ക്‌ ദിവാരന്‍ അങ്ങനെ കത്തുകള്‍ കൊടുക്കാന്‍ തുടങ്ങി… ഇതുവരെ ഉറക്കത്തില്‍ പോലും കിളിര്‍ക്കാത്ത കാവ്യഭാവനകള്‍ അവന്‍ അവള്‍ക്കായെഴുതി… ആ കാവ്യ ശകലങ്ങള്‍ മത്രുഭൂമിയിലേക്കയച്ചിരുന്നെങ്കില്‍ എല്ലാ വാരവും പ്രസിദ്ധീകരിച്ചേനേയെന്ന് അവള്‍ അവനോട്‌ പറഞ്ഞു. അത്‌ കേട്ട്‌ ഉന്മത്തനായ ദിവാരന്‍ വീണ്ടും വീണ്ടും എഴുതി. അതെല്ലാം വായിച്ചപ്പോഴാണ്‌ താന്‍ അന്ന് പറഞ്ഞ ഡയലോഗ്‌ തനിക്കു തന്നെ പാരയായത്‌ എന്ന് ലതികക്ക്‌ മനസ്സിലായത്‌.

ദിവാരന്‍ എഴുതി… അവള്‍ക്ക്‌ വേണ്ടി എല്ലാ ചീത്ത സ്വഭാവങ്ങളും നിര്‍ത്തിയതും, എന്നും രാവിലെ കുളിക്കാന്‍ തുടങ്ങിയതും, സ്വപ്നത്തില്‍ പോലും അവള്‍ മാത്രമേ ഉള്ളൂ എന്ന സത്യവും.. എല്ലാം എല്ലാം എഴുതി…

പക്ഷേ ഒരുപാട്‌ പ്രണയ ലേഖനങ്ങള്‍ (ദിവാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പ്രണയ കാവ്യങ്ങള്‍) ലതിമോള്‍ക്ക്‌ കൊടുത്തിട്ടും ഒരു മറുപടി പോലും അവള്‍ അവന്‌ വേണ്ടി എഴുതിയില്ല. കാണുമ്പോള്‍ ഒരു ചിരി മാത്രം സമ്മാനിച്ചു. ആ ചിരിയില്‍ തനിക്ക്‌ വേണ്ട എല്ലാ മറുപടികളും ഉണ്ടെന്ന് ദിവാരന്‍ ചിന്തിച്ചു.

ഒരു ദിവസം ദിവരനെ ഞെട്ടിച്ച്‌ കൊണ്ട്‌ അവള്‍ അവനൊരു കത്ത്‌ കൊടുത്തു…

സര്‍വ്വ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്‌ ദിവാരന്‍ ആ കത്ത്‌ വായിച്ചു…
കടുകുമണികള്‍ പോലുള്ള ചെറിയ അക്ഷരങ്ങളില്‍ അവളിങ്ങനെയെഴുതിരുന്നു…

“എന്റെ ദിവാരേട്ടാ…” അടുത്ത വരി വായിക്കുന്നതിനു മുമ്പ്‌ ദിവാരന്‍ ആകാശത്തേക്ക്‌ നോക്കി ചിരിച്ചു… ലോകം കീഴടക്കിയവനേപ്പോലെ…

“എനിക്ക്‌ ദിവാരേട്ടന്‌ കത്തെഴുതാന്‍ ആഗ്രഹമില്ലാണ്ടല്ലാ… പേടിച്ചിട്ടാ. വല്ലവരും കണ്ടാല്‍ കഴിഞ്ഞില്ലെ…

ചേട്ടനെന്നോട്‌ ക്ഷമിക്കണം.

പിന്നേയ്‌, എന്നും ഇങ്ങനെ ആ പഴഞ്ചന്‍ സൈക്കിളില്‍ കയറി എന്റെ കോളേജിന്റെ മുന്നിലൂടെ കറങ്ങണ്ടാ. ആ പാട്ട സൈക്കിളില്‍ ഇരിക്കുന്നയാളാ എന്റെ ദിവാരേട്ടന്‍ എന്ന് എന്റെ കൂട്ടുകാരോട്‌ പറയാന്‍ എനിക്ക്‌ കൊറച്ചിലാ. ഇനി മുതല്‍ അങ്ങനെ വരണ്ടാ.

ചേട്ടന്‌ ഒരു ബൈക്‌ ഒക്കെ വാങ്ങിക്കൂടെ? എന്റെ ക്ലാസിലെ ബിജൂന്‌ വരെ ഉണ്ടല്ലോ നല്ല ഉഗ്രന്‍ സുസുക്കി ബൈക്‌. അവന്‍ എന്നും അതിലാ വരുന്നത്‌.. നല്ല സ്പീഡിലാ അവന്‍ എപ്പൊഴും ഓടിക്കാ. എന്ത്‌ രസാന്നറിയുാ.. എന്റെ കൂട്ടുകാര്‍ക്കെല്ലാം അവന്റെ കൂടെ ആ ബൈകിന്റെ പിന്നില്‍ ഇരുന്ന് പോകാന്‍ എന്റ ആഗ്രഹമാന്നോ…

ചേട്ടനും ഒരു ബൈക്‌ ഉണ്ടെങ്കില്‍ എനിക്ക്‌ അവരെയൊക്കെ ഒന്നു ഞെട്ടിക്കായിരുന്നു. അഹങ്കാരത്തൊടെ ഞാന്‍ പറയും, ദാ ന്റെ ദിവാരേട്ടന്‍ ന്ന്…

ചേട്ടന്‍ മറുപടി തരണം… നാളെ തന്നെ..

ചേട്ടന്റെ മാത്രം
ലതിമോള്‍.”

ദിവരന്റെ മുഖത്ത്‌ അപ്പോള്‍ പുളിയും, എരിയും ഒരുമിച്ച്‌ ചെന്ന പോലത്തെ ഒരു ഭാവമായിരുന്നു. കത്തിലെ വാക്കുകള്‍ ദിവാരന്റെ കരളില്‍ എക്കോ ഇട്ടു… “ന്റെ ദിവാരേട്ടന്‍!!! ഞ്റ്റെ ദിവാരേട്ടന്‍!!!” തനിക്കാദ്യമായി ലതി എഴുതിയ കത്ത്‌… പക്ഷേ അതിലെ വരികളില്‍ ഒരു വാണിംഗ്‌ ദിവാരന്‍ മണത്തു. അടിയന്തിരമായി ഒരു ബൈക്ക്‌ ഒപ്പിച്ചില്ലെങ്കില്‍, അവള്‍ ആ ചെറ്റ ബിജുവിന്റെ കൂടെ പോകുമെന്ന്. ഇല്ല! ഞാന്‍ മരിച്ചാലും അത്‌ നടക്കാന്‍ പാടില്ല. ഒരു ബൈക്ക്‌ ഇല്ലാത്തതിന്റെ പേരില്‍ എനിക്കെന്റെ ലതിയെ നഷ്ടപ്പെടാന്‍ പാടില്ല. ദിവാരന്‍ മനസ്സിലോര്‍ത്തു.

പിന്നീടുള്ള ദിവസങ്ങള്‍ ദിവാരന്‌ നരകതുല്യമായിരുന്നു. ബൈക്ക്‌ ഇല്ലാഠതിനാല്‍ ദിവാരന്‍ അവളെ കാണാന്‍ കോളെജില്‍ പോയില്ല. വല്ലപ്പോഴും വഴിയില്‍ വെച്ച്‌ പോലും കാണാന്‍ ദിവാരന്റെ മനസ്സാക്ഷി സമ്മതിച്ചില്ല. തന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍കുലീസ്‌ സൈക്കിളിനെ ആദ്യമയി ദിവാരന്‍ വെറുത്തു. ഒരു ബൈക്ക്‌ വാങ്ങാന്‍ തന്നെ ദിവാരന്‍ തീരുമനിച്ചു. എല്ലാ സുഹൃത്തുക്കലോടും ദിവാരന്‍ കാര്യം പറഞ്ഞു. സുസുക്കി മാത്രം മതിയെന്ന് പ്രത്യേകം ദിവാരന്‍ ഓര്‍മ്മിപ്പിച്ചു.

അധികം കാത്തിരിക്കേന്റി വന്നില്ല. ഒരു സുഹൃത്ത്‌ വഴി ദിവാരന്‌ ഒരു വണ്ടി കിട്ടി. ഒരു പഴയ സുസുകി സാമുറായ്‌ ബൈക്‌. കുട രാത്രിയിലാണൊ, പകലാണോ പിടിക്കേണ്ടതെന്നറിയാത്ത പോലെ ദിവാരന്‍ തന്റെ ബൈകുമായി ചുറ്റി. കാതടപ്പിക്കുന്ന ആ വണ്ടിയുടെ ശബ്ധം പക്ഷേ ദിവാരന്‌ വീണാനാദം പോലെയായിരുന്നു. സദാ സമയവും ആ ബൈകില്‍ നടന്ന ദിവാരന്‍ ചില സമയം തന്റെ ലതിയെ പറ്റി പോലും മറന്നു.

ലതിയുടെ മുന്നിലൂടെ ദിവാരന്‍ തന്റെ വണ്ടിയില്‍ സര്‍ക്കസ്സ്‌ നടത്തി. സ്കിഡ്‌ ചെയ്തും, സ്പീഡില്‍ ഓടിച്ചും ലതിയെ അവന്‍ രോമാഞ്ചം കൊള്ളിച്ചു. തന്റെ ശരീരത്തിന്റെ ഭാഗം പോലെ ആ ബൈക്കിനെ ദിവാരന്‍ എപ്പൊഴും കൂടെ കൊണ്ടുനടന്നു. അതു കണ്ട നാട്ടുകാര്‍ ദിവാരന്‌ ഒരു പേരിട്ടു…”സുസുക്കി ദിവാകരന്‍!”

(തുടരും…)

പരമു! മൈ ഡ്രീം ഹീറോ!!!

(ഇത്‌ ഞാന്‍ കണ്ട സ്വപ്നമല്ല! പക്ഷേ ഞാന്‍ ചുമ്മാ കാണാന്‍ കൊതിക്കുന്ന ഒരു സ്വപ്നമാണെന്ന് വേണമെങ്കില്‍ പറയാം. ഇതിലെ നായകന്‌ എന്റെ സ്വഭാവവുമായി സാമ്യമുണ്ടെന്ന് സ്വപ്നത്തില്‍ പോലും ധരിക്കരുത്‌. ചുമ്മാ ഒരു തട്ടുപൊളിപ്പന്‍ മസാല സ്വപ്നം മാത്രമായി വായിച്ചാല്‍ മതി!)

രംഗം 1:
വല്ലാതെ ക്ഷീണീച്ചാണ്‌ അന്ന് ഞാന്‍ വീട്ടിലെത്തിയത്‌… ഉറക്കം എന്നെ ഒരു മദോന്മത്തനെപ്പോലെയാക്കി മാറ്റിയിരുന്നു. ക്ഷണവേഗത്തില്‍ ഞാന്‍ വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞ്‌, ലുങ്കി വലിച്ചു ചുറ്റി കട്ടിലില്‍ വീണു…. ധോം!!!

സ്വപ്നരംഗം 2:
അര്‍ദ്ധരാത്രി സമയം. ക്യാമറ താളം തെറ്റിയ അടികളുമായ്‌ വരുന്ന ഒരാളുടെ കാലില്‍ ഫോകസ്‌ ചെയ്തിരിക്കുന്നു… പിന്നീട്‌ പതുക്കെ മുഖം വ്യക്തമാകുന്നു… പറത്തവളകളുറ്റെയും, ചീവീടുകളുടെയും ശബ്ധങ്ങള്‍.. മൊത്തം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍… തലയില്‍ ഉടുമുണ്ട്‌ കെട്ടി, കണ്ണുകള്‍ ക്ഷീണത്താല്‍ കലങ്ങിയ ഒരു സുന്ദര സുമുഖന്‍ (എന്റെ മുഖം)! അതാ, അവന്‍ തന്റെ സ്വന്തം തറവാടായ അരമക്കര കള്ള്‌ ഷാപിലേക്കാണ്‌ നടക്കുന്നത്‌… ബാലന്‍സ്‌ ഇല്ലതെയാണെങ്കിലും, പരമമായ ഉദ്ധേശം അയാള്‍ക്ക്‌ തെറ്റിയില്ലാ…

“ഡാ പരമുവേയ്‌.. നീ ഇതെന്നാ വരവാഡാ… ഇങ്ങോട്ടെടുക്കുന്നതിനു മുന്നേ നീ പാമ്പായോ…?” ഷാപ്പിനു മുന്നിലിരിക്കുന്ന ഒരു പരിചയക്കാരന്റെ ചോദ്യം (പേര്‌ സ്വപ്നത്തില്‍ ഓര്‍മ്മ വന്നില്ല.).

പരമു മറുപടി പറഞ്ഞില്ല. നേരേ ഷാപ്പിലേക്ക്‌ കയറി… ചോദിക്കാതെ തന്നെ 2 കുപ്പിയെടുത്ത്‌ ഇരുന്നു… ചുറ്റും മൊത്തം ഒന്ന് കണ്ണോടിച്ചു… അടുത്ത ബെഞ്ചുകളില്‍ അതാ ഇരിക്കുന്നു ശില്‍പാ ഷെട്ടി… രാഘീ സാവന്ത്‌… നയന്‍ താര… ശ്രേയ. പരമു അത്ഭുതപ്പെടുന്നു… “ഇവരൊക്കെ ഇവടെയും മോന്താന്‍ വരുവൊ? ഹോ അപാരം” മനസ്സിലോര്‍ക്കുന്നു…

തൊട്ടടുത്ത്‌ നിന്നുള്ള കിന്നാരം കേട്ട പരമു തിരിഞ്ഞു നോക്കുന്നു. പരമു ഞെട്ടി… തന്റെ തൊട്ടടുത്ത്‌ അതാ ഇരിക്കുന്നു മല്ലിക ഷെരാവത്‌, ബിപാഷക്കുട്ടി, ബെറ്റ്‌സി…

ബെറ്റ്‌സി? അതാരാ? പരമു ഓര്‍ത്തു… ഓര്‍മ്മവന്നില്ല… കൂടുതലോര്‍ക്കാന്‍ സമയം കളയാതെ പരമു കുപ്പിയെടുത്ത്‌ മോന്തി… അച്ചാറിനും, തവളയിരച്ചിക്കും, ഞണ്ടിനും പകരം പരമു മല്ലികയേയും, രാഖിയേയും, ശില്‍പച്ചേച്ചിയേയും നോക്കി മോന്തി…

ഞാന്‍ പണ്ടെങ്ങോ കേട്ട നാടന്‍(തെറി)പ്പാട്ട്‌ അപ്പോള്‍ ആ സുന്ദരികളിലാരോ പാടി… അതിഷ്ടപ്പെടാത്ത പോലെ ബിപാഷ എണീറ്റെന്റെ അടുത്ത്‌ വന്നുച്ചത്തില്‍ പാടി… “ടാറിട്ട റൊഡാണ്‌.. റോഡിന്നരികാണ്‌… വീടിന്നടയാളം ശീമക്കൊന്നാ… ”

തന്റെ വീട്ടിലേക്കുള്ള വഴിയാണ്‌ ആ പാട്ടിലെന്ന് പരമു ഓര്‍ത്തു. അടിച്ച്‌ ഫിറ്റായ പരമു അവിടെ തൂങ്ങിയിരുന്നില്ലാ… പെട്ടെന്നെവിടെ നിന്നോ വന്ന പ്രതികാര ദാഹം തീര്‍ക്കാന്‍ പരമു വീണ്ടും കുടിച്ചു… ദാഹം മാറിയില്ലാ… വീണ്ടും വീണ്ടും പരമു കുടിച്ചു.. പ്രതികാര ദാഹം പക്ഷേ കൂടുക മാത്രം ചെയ്തു…

പക പരമുവിനെ ഒരു രാക്ഷസനെപ്പോലെയാക്കി… കള്ള്‌ ഷാപ്‌ മുഴങ്ങുമാറ്‌ പരമു അലറി വിളിച്ചു… ആ കൊലവിളി കേട്ട മോഹന കുസുമങ്ങള്‍ ശദാബ്ധി എക്സ്പ്രസ്സ്‌ പോലെ ഒന്നിനു പിറകെ ഒന്നായി അലറിവിളിച്ചോടി…

കയ്യിലിരുന്ന കുപ്പി പരമു തന്റെ സ്വന്തം തലയില്‍ അടിച്ചുപൊട്ടിച്ചു.. എന്ത്‌…? കുപ്പി പൊട്ടുന്നില്ലാ… പിന്നെയും പിന്നെയും പരമു ഇടിച്ചുനോക്കി… പൊട്ടിയില്ലാ… കുപ്പിക്ക്‌ പകരം തല പൊട്ടുമെന്ന് മനസ്സിലാക്കിയ പരമു ഡെസ്കില്‍ അടിച്ച്‌ കുപ്പി പൊട്ടിച്ചു… തെറിച്ച കുപ്പിച്ചില്ലുകളില്‍ ഒന്ന് നെഞ്ചത്ത്‌ കൊണ്ട്‌ പൊടിഞ്ഞ ചോരയില്‍ വിരല്‍ മുക്കി പരമു നെറ്റിയില്‍ ഒരു കുറി വരച്ചു… എന്നിട്ടവിടെ നിന്നും ഒരു സിംഹത്തിനെ പോലെ അലറിവിളിച്ച്‌ പുറത്തിറങ്ങി… പരമു പ്രതീക്ഷിച്ചപോലെ പുറത്ത്‌ തന്റെ ഭീകരരൂപം കാണാന്‍ ആരും ഉണ്ടായിരുന്നില്ല… കള്ള്‌ ഷാപ്പിലെ വെയ്സ്റ്റ്‌ തിന്നാന്‍ വരുന്ന കൊടിച്ചിപ്പട്ടി മാത്രം അവിടെ പരമുവിനെ നോക്കി കുരച്ചു…

കലിതുള്ളിയ പരമു കണ്ണ്‍ കണാത്തവനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, കയ്യില്‍ പൊട്ടിച്ച കുപ്പിയുമായി. പെട്ടെന്നാണ്‌ പരമു അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന കറുത്ത തണ്ടര്‍ബേഡ്‌ ബൈക്‌ കണ്ടത്‌… മറ്റൊന്നും അലോചിക്കാതെ പരമു അതിന്റെ മുകളില്‍ കയറി, കിക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കാല്‌ കുടഞ്ഞു… പതിവിലും സ്മൂത്തായി, വണ്ടി ഒരു വലിയ ചാട്ടത്തോടെ കുതിച്ചു പാഞ്ഞു… വളരെ ഉയരത്തില്‍ കുണ്ടും കുഴിയും താണ്ടി അത്‌ മുന്നോട്ട്‌ പോയി… ഇത്ര സ്മൂത്തായി വണ്ടി സ്റ്റാര്‍ട്ടായതിലുള്ള അത്ബുധം പുറത്ത്‌ കാട്ടാന്‍ പരമുവിന്റെ ഉള്ളിലെ പക സമ്മതിച്ചില്ല… പക്ഷേ പരമു ഒന്നുകൂടെ ശ്ര്ദ്ധിച്ചു… താന്‍ നിയന്ത്രിക്കാതെ തന്നെ വണ്ടി നീങ്ങുന്നു! മരങ്ങളും, തടസങ്ങളും ഒഴിഞ്ഞു മാറി ആ വണ്ടി നീങ്ങുന്നു… ഇതെന്ത്‌? പോസ്റ്റ്‌ മോഡേണ്‍ കണ്‍സപ്റ്റ്‌ വണ്ടിയോ എന്ന ചിന്തയുമായ്‌ പരമു ചാടിക്കുതിച്ചു പോകുന്ന വണ്ടിയുടെ ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ചിരുന്നു, കൂട്ടത്തില്‍ പൊട്ടിച്ച കുപ്പിയും.

വളരെ വേഗത്തില്‍ നീങ്ങുന്ന വണ്ടി തന്റെ ലക്ഷ്യത്തിനു നേര്‍ക്ക്‌ തന്നെയാണെന്ന് പരമുവിന്‌ തോന്നി… ഉഴുതു മറിച്ച പാടത്തിലൂടെയയിരുന്നു ആ വാഹനം പോയത്‌. തന്റെ മുഖത്തേക്ക്‌ തെറിച്ച ചേറ്‌ തുടച്ചു മാറ്റി, കണ്ണുകള്‍ കഴുകന്റെ പോലെ തുറിപ്പിച്ച്‌ പരമു തന്റെ പക വീട്ടാന്‍ ഒരുങ്ങി. അതി ഭയങ്കരമായി ചാടിപ്പൊകുന്ന വണ്ടിയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ പരമു പാടുപെട്ടു… ഉള്ളിലെ കള്ളിന്റെ ലഹരിയില്‍ പരമു ഒരു സാഹസികനെപ്പോലെ പെരുമാറി…

അതാ, ഉണ്ടന്‍ ഗോപു! തന്റെ ആജന്മ ശത്രു… വളരെവേഗത്തില്‍ നീങ്ങിയ വണ്ടി തന്റെ ശത്രുവിന്റെ അടുത്തെത്താറായി എന്ന് പരമു മനസ്സിലാക്കി… “എഡാ തെണ്ടീ…..” എന്ന് നീട്ടി വിളിച്ച്‌, പഴയ യുദ്ധചിത്രങ്ങളിലെ യോദ്ധാവിനെ പോലെ പരമു അലറി! ശത്രുവിന്റെ മേലേക്ക്‌ എറ്റുത്ത്‌ ചാടണം എന്ന് കരുതിയപ്പൊഴേക്കും വണ്ടി തന്നെ പരമുവിനെ ഓട്ടോമാറ്റിക്കായി എടുത്തെറിഞ്ഞു… പരമുവതാ നേരെ ഗോപുവിന്റെ മേലേ… അതിവേഗം ശ്വാസം വലിച്ച പരമു ഗോപുവിന്റെ കഴുത്തില്‍ പിടിച്ചു…. ഒരു കയ്യില്‍ കുത്താനോങ്ങിയ കുപ്പിയുമായി നിന്ന പരമുവിനോട്‌ പേടിച്ച്‌ വിറച്ച ഗോപു കരഞ്ഞു ചോദിച്ചു…

“ഞാന്‍ എന്ത്‌ തെറ്റ്‌ ചെയ്തു?”

പരമു: “ഹും.. എടാ നായെ.. ആളറിയാതിരിക്കാന്‍ നീ നിന്റെ ചെറുപ്പത്തിലെ ആ ചെറിയചെക്കന്റെ വേഷം കെട്ടി നിക്കുന്നോടാ…”

വള്ളിട്രൗസറിട്ട ഗോപു ഭയന്നു വീറച്ചു…. “ഞാന്‍… ഞാന്‍.. എന്ത്‌ ചെയ്തൂ…”

പരമു: “ഭ! അന്ന് പൂരപ്പ്പിറ്റേന്ന് ഞാന്‍ പെറുക്കിയ പൊട്ടാത്ത പടക്കത്തില്‍ വെള്ളമൊഴിച്ചത്‌ ഞാനറിഞ്ഞില്ലെന്ന് കരുതിയോ നീ…?അന്നു മുതല്‍ ഈ ഒരു നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു… നിന്റെ ഡെത്ത്‌ ഓഫ്‌ ദി ഡേ ഇപ്പൊഴാണെടാ നായെ…”

കൂടുതലൊന്നും പറായാതെ പരമു തന്റെ കയ്യിലിരുന്ന കുപ്പിയെടുത്ത്‌ ഗോപുവിനെ ആഞ്ഞ്‌ കുത്തി… പക്ഷേ പെട്ടന്നതാ ഗോപു ചിരിക്കുന്നു… ചന്ദ്രകാന്ത സീരിയലിലെ ക്രൂര്‍ സിങ്ങിനെ പോലെ ഗോപു അട്ടഹസിക്കുന്നു….

പരമു പിന്നെയും ആഞ്ഞ്‌ കുത്തി… പക്ഷേ പെട്ടന്ന് പരമു തിരിച്ചരിഞ്ഞു…. തന്റെ കയ്യില്‍ കുപ്പിയില്ലാ… പകരം കട്ടിയുള്ള ഒരു തുണിക്കഷ്ണം മാത്രം….

തിരിഞ്ഞു നോക്കിയ പരമു കണ്ടു.. പാടത്തിലൂടെ കുതിച്ചു പായുന്ന ഒരു എരുമ… താന്‍ വന്ന തണ്ടര്‍ബേഡ്‌ ആ എരുമയായിരുന്നു എന്ന് വിശ്വസിക്കാന്‍ പരമു ഇഷ്ടപ്പെട്ടില്ല…
(ബാഗ്രൗണ്ടില്‍ ഗോപുവിന്റെ അട്ടഹാസം)

രംഗം 3:
ശ്വാസം കിട്ടാത്ത പോലെ ഞാന്‍ ഞെട്ടി എഴുന്നേറ്റു… എന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചിരിക്കുന്ന പുതപ്പിന്റെ അറ്റം കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചുപോയ്‌… ശെ… സ്വപ്നമായിരുന്നോ…

Download PDF of this post

—————————————————————————————–

ഒരു വസന്തകാലം

എന്റെ ജീവിതത്തിലെ ഒരു പ്രധാന കാലഘട്ടമായിരുന്നു കൊയമ്പത്തൂര്‍ ശ്രീ നാരായണഗുരു കോളേജിലെ 3 വര്‍ഷം. എന്റെ ഡിഗ്രി അവിടെയായിരുന്നു. ഞാന്‍ പോസ്റ്റ്‌ ഗ്രാജുവേഷന്‍ ചെയ്ത കോളേജ്‌ ലൈഫ്‌ അറുബോറായതു കൊണ്ടാണോ, അതോ എന്റെ പ്ലസ്റ്റു ലൈഫ്‌ തനി സ്കൂള്‍ ലൈഫ്‌ ആയതുകൊണ്ടാണൊ എന്നറിയില്ല… S N G C യിലെ 3 വര്‍ഷം ഞാന്‍ ഒരുപാട്‌ സ്നേഹിക്കുന്നു. എന്നും ഓര്‍ക്കുമ്പോള്‍ ഒരു സുഖമാണ്‌… എവിടെ നിന്നൊക്കെയോ ഒരുപാട്‌ സന്തോഷം ഓടിയെത്തുന്ന പോലെ. എനിക്കൊരുപിടി നല്ല മിത്രങ്ങളെ തന്ന, ഓര്‍മ്മിക്കാന്‍ ഒരുപാട്‌.. ഒരുപാട്‌ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച എന്റെയാ കലാലയം…

എന്റെ ആദ്യവര്‍ഷം ഒട്ടും പ്രത്യേകതകള്‍ ഇല്ലാതെ പോയി. ഞാന്‍ ആകെ അഘോഷിച്ചത്‌ എന്റെ ഹോസ്റ്റലില്‍ മാത്രമായിരുന്നു (ഇപ്പോള്‍ ആ ഹോസ്റ്റല്‍ ലേഡീസ്‌ ഹോസ്റ്റലാണ്‌, പക്ഷേ, അവിടുത്തെ ഉണ്ണിനീലി സന്ദേശങ്ങള്‍ പതിഞ്ഞ ചുമരുകളും, വാതിലുകളും, കട്ടിലുകളും ഇന്നും അതേപടീ തന്നെയെന്ന് ഞാനറിഞ്ഞു.). സൗഹൃദങ്ങള്‍ക്ക്‌ സൗന്ദര്യമേകാനെന്ന പോലെ എപ്പൊഴും ഈ കലാലയത്തില്‍ നല്ല കാറ്റു വീശും… മഴക്കാലത്ത്‌ ഒരു അധികം ദൂരെയല്ലാത്ത മലമുകളില്‍ തട്ടി ക്കരയുന്ന മഴമേഘങ്ങള്‍ കണ്ടു നിക്കാന്‍ നല്ല രസമായിരുന്നു. ഒരുപക്ഷേ ഒരുപാട്‌ പേര്‍ ഒറ്റക്കിരിക്കുന്ന സമയം ആ മേഘങ്ങലോടും, മലനിരക്കുകളോടും സ്വകാര്യം പറഞ്ഞിരിക്കണം.

തണുത്തുറഞ്ഞപോലെയൊരു രണ്ടാം വര്‍ഷമായിരുന്നു തുടങ്ങിയതെങ്കിലും, എന്റെ മിത്രങ്ങളെ ഞാന്‍ പരിചയപ്പെടാന്‍ വൈകിയതില്‍ ഖേദിച്ചു… പക്ഷേ പിന്നീടൊരുത്സവം തന്നെയായിരുന്നു. ആണ്‍-പെണ്‍ വെത്യാസമില്ലാതെ ഞങ്ങള്‍ അടുത്തു. മറ്റ്‌ പല ബാച്ചുകളിലും ഞങ്ങളുടെ സഹൃദം അസൂയക്ക്‌ വളം വെച്ചു. പലരും പബ്ലിഷ്‌ ചെയ്യാത്ത പ്രണയലേഘനങ്ങളുമായി ഞങ്ങളുടെ ക്ലാസിനു മുന്നിലൂടെ തെക്കും വടക്കും നടന്നിരുന്നു…

എതൊരു ചെറിയ ആഘോഷവും ഞങ്ങള്‍ക്ക്‌ പക്ഷേ വളരെ വലിയതായിരുന്നു. അത്‌ ഔഗസ്റ്റ്‌ 15… വാലന്റൈന്‍സ്‌ ഡേ, ഫ്രണ്ട്‌ഷിപ്‌ ഡേ… ന്യു ഇയര്‍… ഓണം.. അങ്ങിനെ നീണ്ടു പോകും. ഒരു പക്ഷേ അതില്‍ എറ്റവും പ്രധാനം ഓണവും, ഫ്രണ്ട്‌ഷിപ്‌ ഡേയും തന്നെയായിരിക്കണം. ഒരുപാട്‌ ചിരിച്ചും കളിച്ചും, തല്ലുകൂടിയും…

ഞങ്ങളുടെ സുഹൃത്ബന്ധം ഒന്നുകൂടെ ഉറച്ചത്‌ തീര്‍ഛയായും പോണ്ടിച്ചേരി ട്രിപ്‌ കഴിഞ്ഞതോടെ യാണ്‌. ഒരുപക്ഷേ അന്നുമുതലാണെന്നു തോനുന്നു… “എന്റെ ബെസ്റ്റ്‌ ഫ്രണ്ട്‌” എന്ന ഒരു കണ്‍സെപ്റ്റ്‌ ഞങ്ങളുടെ ഇടയില്‍ വന്നത്‌. പലര്‍ക്കും ഒരു നല്ല സുഹൃത്തിനെ കിട്ടിയത്‌ പോണ്ടിച്ചേരി കടാപ്പുറത്ത്‌ വെച്ചാണെന്ന് മറ്റൊരു രഹസ്യം. ശരിയായിരിക്കാം. പലര്‍ക്കും സ്വന്തം വിഷമങ്ങള്‍ കേള്‍ക്കാനും, സ്വന്തം കണ്ണീരൊപ്പാനും ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് വന്നാല്‍… തീര്‍ച്ചയായും അതൊരു നല്ല സുഹൃത്ബന്ധത്തിനെ തുടക്കം മാത്രം. പക്ഷേ, അങ്ങിനെ നല്ലൊരു സുഹൃത്തിനെ കിട്ടിയവര്‍ക്കൊപ്പം, നഷ്ടങ്ങളുടെ കണക്ക്‌ കൂട്ടിയവരും ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു… അന്നത്‌ ആരും കാണാതെ പോയി.

പിന്നീട്‌ ഞങ്ങളുടെ ലൈഫ്‌ ആരും കൊതിച്ചുപോകുന്ന പോലെയായിരുന്നു. സദാ സമയവും കത്തി തന്നെ കത്തി. പഠിപ്പിക്കാന്‍ വന്ന റ്റീചേര്‍സിനെ പോലും ഞങ്ങള്‍ കത്തി വെക്കാന്‍ പഠിപ്പിച്ചു… പക്ഷേ ദോഷം പറയരുതല്ലോ… അന്നും, എന്നും ഞങ്ങളുടെ ബാച്ചിനോട്‌ എല്ലാ സ്റ്റാഫ്‌സിനും ഒരു സ്നേഹം ഉണ്ട്‌. ഇടക്കിടക്കുള്ള ചെറിയ പടക്കങ്ങള്‍ കമ്പ്യൂട്ടര്‍ ലാബില്‍ പൊട്ടുന്നതൊഴിച്ചാല്‍ (ഇന്നും ലാബില്‍ ഒരു ബോംബ്‌ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ട്‌. ഞാനുള്‍പ്പടെ പലരും.). പല സ്റ്റാഫുകളും ഞങ്ങള്‍ പറയുന്നതനുസരിച്ച്‌ ജീവിച്ചു… എന്നുവെച്ചാല്‍, ഇന്ന് എക്‍സാം വേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞാന്‍, ഇന്ന് എക്സാം ഇല്ല. അത്ര തന്നെ. പേടികൊണ്ടല്ല കേട്ടൊ… ഞങ്ങളോടുള്ള ഒരു സ്നേഹം. (ഞാനോര്‍ക്കുന്നു, നിരുപമ മാം എന്നോട്‌ ഒരിക്കല്‍ പറഞ്ഞിട്ടുള്ളപോലെ… യു ര്‍ സോ അഡോറബിള്‍… അത്‌ സത്യമല്ലെങ്കില്‍ പോലും.)

ആ വര്‍ഷത്തെ ഓണാഘോഷം ഒരു സംഭവം തന്നെയായിരുന്നു. ഞങ്ങള്‍ – എല്ലാ സുന്ദരന്മാരും സുന്ദരികളും നമ്മുടെ സ്വന്തം വസ്ത്രമായ മുണ്ടും-ഷര്‍ട്ടും, കസവു സാരിയും ധരിച്ച്‌ വന്നു. സത്യം പറയാലോ.. ഞങ്ങളില്‍ പലരും ഇത്രക്ക്‌ സൗണ്ടര്യമുള്ളവരാണെന്ന് അന്നാണ്‌ മനസ്സിലായത്‌. പൂക്കളവും, സദ്യയുമൊരുക്കി ഞങ്ങള്‍ എല്ലാവരേയും വീണ്ടും കൊതിപ്പിച്ചു… പിന്നീട്‌ പലരും ഞങ്ങളെ അനുകരിക്കാന്‍ നോക്കി.. പക്ഷേ ചീറ്റിപ്പോയ്‌.

ആ വര്‍ഷവും വളരെ പെട്ടന്ന് കഴിഞ്ഞെന്ന് തോന്നി… കാന്റീനിലും, ക്ലാസിലെ 2 പേര്‍ക്കിരിക്കവുന്ന ബഞ്ചുകളിലും ഇന്നും കേള്‍ക്കാം നിര്‍ത്താതെ കത്തിവെച്ചതിന്റെ തിരുശേഷിപ്പുകള്‍. കാന്റീനില്‍ ഞങ്ങള്‍ ചെക്കന്മാര്‍ ഒരിക്കലും സ്വന്തം കയ്യില്‍ നിന്നും കാശെടുക്കാറില്ല. ഫ്രണ്ട്‌ഷിപ്പിന്റെ ആഴം കൊണ്ടാകും, ഞങ്ങളുടെ കൂടെയുള്ള പെണ്‍പടകളുടെ ബാഗില്‍ നിന്നാണ്‌ കശു പോകാറുള്ളത്‌. പ്രത്യേകിച്ചും പാലക്കാട്‌ ഭാഗത്തു നിന്നും വരുന്ന പെണ്‍കുട്ടികളുടെ.

മൂന്നാം വര്‍ഷം. പ്രധാനമായും ഓര്‍മ്മവരുന്നത്‌ ഗോവന്‍ ട്രിപ്‌ ആണ്‌. ഇനിയും മനസ്സിലാക്കാന്‍ തനിക്കൊരു നല്ല സുഹൃത്തിനെ കിട്ടിയില്ലാ.. എന്ന് മനസ്സില്‍ വിതുമ്പിയിരുന്ന പലര്‍ക്കും ഗോവയിലെ കടലോരങ്ങളില്‍ വെച്ച്‌ അതിനുത്തരം കിട്ടി. ഒരിക്കലും ഉലയാത്ത മിത്രബന്ധങ്ങള്‍ക്ക്‌ ഞങ്ങള്‍ എല്ലാരുംകൂടെ പുതിയ സമവാക്യങ്ങള്‍ എഴുതി.

ഗോവയില്‍ നിന്നും ഞങ്ങള്‍ തിരിച്ച്‌ വന്നത്‌ പുതിയൊരു ഭാവവുമായിട്ടായിരുന്നു. തിരിച്ചുവന്നയുടനെ തന്നെയായിരുന്നു ഫ്രണ്ട്‌ഷിപ്‌ ഡേ… പലര്‍ക്കും പുതിയ ശീലങ്ങള്‍… പുതിയ സുഹൃത്തുക്കള്‍… സമ്മാനപ്പൊതികള്‍… പക്ഷേ അതിനു ശേഷമാണ്‌ ഒരു ഗ്രൂപിസം ക്ലാസില്‍ കൂറ്റാന്‍ തുടങ്ങിയത്‌. എല്ലാരും ബെസ്റ്റ്‌ ഫ്രണ്ട്‌ീന്റെ കൂടെ കത്തിവെക്കും. ക്ലാസിലേക്ക്‌ കയറിയാല്‍ നല്ല രസമാണാത്‌ കാണാന്‍. പാലക്കാടും, കൊയമ്പത്തൂരും സിനിമ കാണാന്‍ ഞങ്ങളൊരുമിച്ച്‌ പോയി… ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍, മധുരിക്കും ഓര്‍മ്മകളേ.. എന്ന പാട്ട്‌ പാടാന്‍ തോനുന്നു.

പലര്‍ക്കും പറയാന്‍ പല പല രഹസ്യങ്ങള്‍… പരസ്യങ്ങള്‍. ഹോസ്റ്റലിലെ ഉച്ചഭക്ഷണം പോലും ഞാന്‍ അടക്കമുള്ള പലരും ഒഴിവാക്കി. കാരണം… നല്ല പാലക്കാടന്‍ ഫുഡ്‌ ക്ലാസില്‍ തന്നെ കിട്ടിത്തുടങ്ങി… ചിലര്‍ ചപ്പാത്തി… ചിലര്‍ മുട്ട പൊരിച്ചത്‌… ചിലര്‍ ദോശ.. ഇഡലി. എനിക്ക്‌ വേണ്ടി ചിലര്‍ രണ്ട്‌ പാത്രത്തില്‍ വരെ ഭക്ഷണം കൊണ്ടുവന്നു…

പ്രോജക്ട്‌! സത്യം പറയാലോ.. എനിക്ക്‌ തീരെ പിടിക്കാത്ത ഒരു പരിപാടിയായിരുന്നു അത്‌. പക്ഷേ, ആ സമയം ക്ലാസില്‍ നല്ല രസം. ഫുള്‍ടൈം കത്തി… അതിനിടയിലാണ്‌ ഞങ്ങള്‍ ജുമാഞ്ചീസ്‌ ക്ലാസിനു വേണ്ടി ഒരു ഡിജിറ്റല്‍ ആല്‍ബം ഉണ്ടാക്കാന്‍ പരുപാടിയിട്ടത്‌. എല്ലാവരുറ്റെയും ആത്മാര്‍ദ്ധമായ സഹകരണം, അതിന്റെ വിജയത്തില്‍ കലാശിച്ചു. ഇന്നും അത്‌ എല്ലാരുടെയും കയ്യില്‍ ഉണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു…

പൂക്കാലം കഴിയാറായി… വിടര്‍ന്ന് സൗരഭ്യം പൊഴിച്ച പല സ്നേഹബന്ധങ്ങള്‍ക്കും ഉള്ളില്‍ വേദന വന്നു. തമാശകള്‍ മാത്രം പൊട്ടിചിരുന്ന സദസ്സുകളില്‍ ഇടക്കിടെ വേര്‍പാടിന്റെ ആധികളും, നൊമ്പരങ്ങളും വന്നുതുടങ്ങി. പിരിയാന്‍ സമയമായി എന്ന ചിന്ത. സത്യം.. ഞാനടക്കം പലരും (പല കൊലകൊമ്പന്മാരും) വേദനിച്ചു. വേര്‍പാടിന്റെയാ ദിനത്തില്‍ പലരും കരഞ്ഞു… അല്ല, ഒരുവിധം എല്ലാരും കരഞ്ഞു… വാചകമടിക്കാന്‍ വന്ന പലരും അന്ന് വാക്കുകള്‍ കിട്ടാതെ വിതുമ്പി… ഒരു വസന്തകാലം അന്നവിടെ അവസാനിച്ചു.

ഇന്ന് എല്ലാവരും പലയിടങ്ങളില്‍… ജീവിതത്തിന്റെ തിരക്കില്‍പ്പെട്ട്‌.. ആര്‍ക്കും സമയമില്ലാ… ഒന്നൊത്തുകൂടാന്‍ പോലും… പക്ഷേ, ഓര്‍മ്മകള്‍ മരിക്കില്ലല്ലോ… എല്ലാവരും ആ സുന്ദരനിമിഷങ്ങളെ എന്നും ഓര്‍ക്കുമെന്ന് ആശ്വസിക്കാം… ഞങ്ങളെല്ലാം ഒത്തുകൂടുന്ന മറ്റൊരു ദിനവും കാത്തിരിക്കാം….

download PDF of this post
—————————————————————————————–

കൊട്ടത്തോക്ക്‌ – രഹസ്യം പരസ്യമാകുന്നു!

ഒരു കാലത്ത്‌ നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന കുട്ടികളുടെ മാരകായുധമായിരുന്നു “കൊട്ടത്തോക്ക്‌” (പാലക്കാട്ടുകാര്‍ ഇതിനെ പാവുട്ടത്തോക്ക്‌ എന്നാണ്‌ വിളിക്കുന്നത്‌). ഈ കൊട്ടത്തോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനഗളില്‍ ഒരുപാട്‌ കാലം ഞാന്‍ വര്‍ത്തിച്ചിട്ടുള്ളതിനാലും, അതിന്റെ പെരുമ നശിച്ചു പോകുന്നതിനാലും,തോക്കില്ലാതെ ദുരിതം അനുഭവിക്കുന്ന മിത്രങ്ങളുടെ നൊമ്പരം അറിയാവുന്നതിനാലും, സര്‍വ്വോപരി പുതിയ തലമുറക്ക്‌ ഇതൊരു അറിവായിരിക്കുമെന്നതിനാലും ഈ തോക്കിന്റെ രഹസ്യം ഞാന്‍ ഇവിടെ പുറത്ത്‌ വിടുന്നു. എന്റെ അറിവില്‍ കൊട്ടത്തോക്കിന്‌ ഇതുവരെ ആരും പേറ്റന്റ്‌ എടുത്തിട്ടില്ല.

അതീവ രഹസ്യമായി വച്ചിരുന്ന കൊട്ടത്തൊക്കിന്റെ നിര്‍മ്മാണ രഹസ്യം പുറത്താക്കുന്നതറിഞ്ഞ്‌ എനിക്ക്‌ എന്തൊക്കെ പ്രശ്നങ്ങളാണ്‌ അഭിമുഘീകരിക്കേണ്ടി വരുക എന്നറിയില്ല. പക്ഷെ,കുട്ടികള്‍ക്കു മാത്രമല്ല, സമരമുഖത്തില്‍ പോരാടുന്ന യുവനേതാക്കള്‍ക്കും, വെള്ളമടിച്ചു വരുന്ന കെട്ടിയവനെ തല്ലാന്‍ തോനുന്ന ഭാര്യമാര്‍ക്കും, നിന്നെ തല്ലാനുള്ള അരോഗ്യം എനിക്കില്ലാ എന്ന് തോനുന്നവര്‍ക്കും, ബസ്സില്‍ ഇക്കിളികൂട്ടുന്ന പൂവാലന്മാരെ നേരിടുന്ന വനിതകള്‍ക്കും അങ്ങനെ ഒരുപാട്‌.. ഒരുപാട്‌ പേര്‍ക്ക്‌ ഉപകരിച്ചേക്കവുന്ന ഒരു ആയുധമാണ്‌ കൊട്ടത്തോക്കെന്ന് എനിക്ക്‌ തോന്നിയതിനാലാണ്‌ ഞാന്‍ ഈ റിസ്ക്‌ എടുക്കുന്നത്‌. കേരളത്തിലെ എല്ലാവരും ഒരു കൊട്ടത്തോക്കെങ്കിലും സ്വന്തമാക്കണം എന്ന് മാത്രമാണെന്റെ ആഗ്രഹം.

ഇനി നമുക്ക്‌ തുടങ്ങാം.

എന്താണീ കൊട്ടത്തോക്ക്‌?

കേരളത്തിന്റെ തനതായ പ്രകൃതിയില്‍, പരിഷ്കാരവും, സിമന്റ്‌ കൂടുകളും എത്തിനോക്കാത്ത ചെറുഗ്രാമങ്ങളില്‍ കൊച്ചു കുട്ടികള്‍ വോളിവുഡ്‌ സിനിമകളിലെ ഡബിള്‍ ബാരല്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്ന പോലെ വെടിവെച്ച്‌ കളിക്കാന്‍ ഉപയോഗിക്കുന്ന തോക്കിന്റെ നാടന്‍ പേരാണ്‌ “കൊട്ടത്തോക്ക്‌” (പുതിയ തലമുറക്ക്‌ പറയാന്‍ എളുപ്പത്തിനായി ഞാന്‍ ഒരു പുതിയ പേര്‌ ഇട്ടിട്ടുണ്ട്‌ – ബാസ്കറ്റ്‌ ഗണ്‍!). പക്ഷേ, കൊട്ടത്തോക്കിനെ അത്ര നിസ്സരമായി കാണാന്‍ വരട്ടെ! ഈ തോക്ക്‌ തുപ്പുന്ന ഉണ്ട തൊലിപ്പുറത്ത്‌ കൊണ്ടാല്‍, എണ്ണയിലിട്ട പൂരി പോലെ കൊണ്ട ഭാഗം ചുവന്നു പൊള്ളക്കും. നല്ല നീറ്റലും കൂടെ കിട്ടും. ഈ തോക്കിന്റെ ശക്തി ഞാന്‍ പരീക്ഷിച്ചതിങ്ങനെയാണ്‌ : നല്ലൊരു വാഴപ്പിണ്ടി തിരഞ്ഞു പിടിച്ചു. അതിനെ ലക്ഷ്യമാക്കി ഞാനെന്റെ തോക്കില്‍ നിന്നും വെടിയുതിര്‍ത്തു. ഉണ്ട പിണ്ടിയും തുളച്ചപ്പുറം ചെന്നു. ചോരക്കു പകരം പിണ്ടിനീര്‍ ധാരായായ്‌ ഒഴുകി… തികച്ചും നാടനായ ഈ തോക്കിന്റെ എല്ലാ ഭാഗങ്ങളും പ്രകൃതിയില്‍ നിന്നു തന്നെ ചുമ്മാ കിട്ടുന്നവയാണ്‌. അതുകൊണ്ട്‌ തന്നെ, ഇത്‌ ഒട്ടും ചിലവില്ലാത്ത ഒരു പരിപാടിയാണ്‌. ഇനി ഈ തോക്കിന്‌ ആ പേരുകിട്ടാനുള്ള കാരണം, ഇതിലുപയോഗിക്കുന്ന ഉണ്ടയാണ്‌. ഉപയോഗശുന്യമായ കുറ്റിക്കാടുകളിലും, പൊട്ടക്കിണറുകളുടെ വശങ്ങളിലും അള്ളിപ്പിടിച്ച്‌ വളരുന്ന ഒരുതരം വള്ളിച്ചെടിയുണ്ട്‌, ആ ചെടിയില്‍ ഉണ്ടാകുന്ന ചെറിയ കായക്ക്‌ പറയുന്ന പേരാണ്‌ കൊട്ടക്കായ (മഞ്ഞ നിരം, ഏതാണ്ട്‌ ചെറിയ കടല യുടെ വലിപ്പം.). നല്ല ബലവും, കട്ടിയുമുള്ള ഈ കായ പറിച്ചു വെച്ചൊരുപാട്‌ ദിവസം കഴിഞ്ഞാലും ഉണങ്ങാറില്ലത്രെ.

കൊട്ടത്തോക്കിന്റെ ഭാഗങ്ങള്‍?

വളരെ ലളിതം. നന്നായി മൂത്ത, വളരെ വലിപ്പം കുറഞ്ഞ മുളക്കഷണം ഉണക്കിയത്‌(ഏകദേശം ഒരു ഓടക്കുഴലിന്റെ അത്ര വണ്ണമേ പാടുള്ളൂ). ഇതാണ്‌ നമ്മുടെ തോക്കുണ്ടാകാനായി ആകെ വേണ്ടത്‌. പിന്നെ നേരത്തെ പറഞ്ഞ കൊട്ടക്കായ, ഉണ്ടയായി ഉപയോഗിക്കാന്‍. തോക്കിന്‌ 2 ഭാങ്ങങ്ങള്‍ ഉണ്ട്‌. ഒരു കുഴലും, പിന്നെ ഒരു പിടിയോട്‌ കൂടിയ വടിയും. ദാറ്റ്‌സാള്‍! ഈ വടി കുഴലിന്റെ ഉള്ളില്‍ തീര്‍ത്തും റ്റൈറ്റ്‌ ആയി കയറാന്‍ പാകത്തിനുള്ളതായിരിക്കണം. അതായത്‌, ഒരു വാള്‍ ഉറയിലിട്ട പോലെ. വടിയുടെ നീളം കുഴലിന്റെ നീട്ടത്തിനേക്കാള്‍ ഒരു തരിക്ക്‌ ചെറുതായിരിക്കണം. തോക്കിന്റെ ആകെ മൊത്തം റ്റോട്ടല്‍ നീളം ഒരു ചാണ്‍ മാത്രമേ പാടുള്ളൂ. അതായത്‌, പോക്കറ്റിലോ, ഹാന്‍ഡ്‌ ബാഗിലോ ഒളിപ്പിക്കാമെന്ന്.

ഈ പണ്ടാരം എങ്ങിനെയാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌? എങ്ങിനെയാണ്‌ ഉപയോഗിക്കുന്നത്‌?

സമ്മര്‍ദം. അതായത്‌, പ്രഷര്‍. നേരത്തെ പറഞ്ഞല്ലൊ, ഒരു കുഴലും, വടിയും. ആദ്യം നമ്മള്‍ ഒരു കൊട്ടക്കായ എടുത്ത്‌ കുഴലിന്റെ അറ്റത്ത്‌ കുത്തിക്കേറ്റി വക്കുന്നു. പിന്നീട്‌ ആവി വന്ന പുട്ട്‌ പുറത്തെടുക്കുന്ന പോലെ വടി ഉപയോഗിച്ച്‌ കൊട്ടക്കായയെ അകത്തേക്ക്‌ തള്ളി നീക്കുന്നു. വടി മുഴുവനും ഉള്ളിലേക്ക്‌ കയറ്റിക്കഴിയുമ്പോള്‍, നമ്മുടെ കൊട്ടക്കായ കുഴലിന്റെ മറ്റേ അറ്റത്ത്‌ എത്തിയിരിക്കും.

ഇനി, അടുത്ത ഉണ്ട (കൊട്ടക്കായ) എടുക്കുക. വീണ്ടും വടികൊണ്ട്‌ ഉണ്ടയെ കുഴലിലേക്ക്‌ കയറ്റുക. പക്ഷേ ഇത്തവണ, അത്‌ കുറച്ചകത്തേക്ക്‌ പോയ ശേഷം നില്‍ക്കും.കാരണം, കുഴലിനുള്ളില്‍ 2 ഉണ്ടകള്‍ക്കുമിടയില്‍ വായു സമ്മര്‍ദം. ഇപ്പോള്‍ നമ്മള്‍ ഉണ്ട ലോഡ്‌ ചെയ്തു കഴിഞ്ഞു. ഇനി ഈ വടിയുടെ പിടിയില്‍ ശക്തിയില്‍ ഒരു തള്ളു കൊടുക്കുക (ആശാരിമാര്‍ ഉളി കയ്യു കൊണ്ട്‌ അടിക്കുന്ന കണ്ടിട്ടില്ലേ, അതു പോലെ. പക്ഷേ, നല്ല ശക്തിയില്‍ വേണം.). അറ്റത്തിരിക്കുന്ന കൊട്ടക്കായ വലിയൊരു ശബ്ദത്തോട്‌ കൂടി മിന്നല്‍ വേഗത്തില്‍ തെറിച്ചുപോകും. അപ്പൊള്‍ രണ്ടാമത്തെ കൊട്ടക്കായ അറ്റത്തെത്തിയിരിക്കും. വീണ്ടും ഉണ്ട നിറക്കുക… വെടി വക്കുക… ബാങ്ങ്‌.. ബാങ്ങ്‌… ഉണ്ട ഉദ്ദേശിച്ചിടത്ത്‌ തന്നെ കൊള്ളിക്കാന്‍ പറ്റിയാല്‍, ഉദ്ദേശിച്ച കാര്യം നടന്നിരിക്കും.

kottathokkukottathokk
നിര്‍മ്മാണപ്പൊടിക്കയ്കള്‍ ?

ശരിക്കും നല്ല രീതിയില്‍ പണിത തോക്കാണെങ്കില്‍, കണ്ടാല്‍ ഒരു ചെറിയ വടിക്കഷണം ആണെന്നേ തോന്നൂ. ഒരറ്റത്തെ പിടിയില്‍ പിടിച്ചു വലിച്ചാല്‍ അതിനോട്‌ കൂടെ, വടി ഊരിവരും…

വേറെ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ?

പിന്നെ… ഉണ്ട്‌. ഇത്‌ വല്ലവന്റെയും കണ്ണിലാ, മറ്റ്‌ കേന്ദ്ര സ്ഥാനങ്ങളിലോ കൊണ്ടാല്‍, ആ ഭാഗം പിന്നെ ഉപയോഗിക്കേണ്ടി വരില്ല. അടിച്ചു പോയിരിക്കുമെന്നുള്ളത്‌ കട്ടായം. അതുകൊണ്ട്‌, ആളും തരവും നോക്കി മാത്രം ആക്രമിക്കുക.

പിന്നെ, ഉണ്ടയെപ്പറ്റി! കൊട്ടക്കായ ഇന്നത്തെ കാലത്ത്‌ അത്ര സുലഭമല്ല. ഞാന്‍ തന്നെ പണ്ട്‌ ഏ സാധനം കിട്ടാതെ, വീടിന്റെ അടുത്തുള്ള പൊട്ടക്കിണറ്റില്‍ ഇറങ്ങിയാണ്‌ പൊട്ടിച്ചിരുന്നത്‌. പക്സേ സാരമില്ല, പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താവുന്നതേ ഉള്ളു.

ഞാനിങ്ങനെ ഈ തോക്കിന്റെ രഹസ്യങ്ങള്‍ പരസ്യമാക്കുന്നത്‌ എല്ലാവര്‍ക്കും നല്ലത്‌ മാത്രം വരാന്‍ ആഗ്രഹിക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. തോക്കിന്‌ ലൈസന്‍സ്‌ കിട്ടുന്നില്ലാ എന്ന് പറഞ്ഞ്‌ മനസ്സമാധാനം പോയ ഒരുപാട്‌ മിത്രങ്ങളെ എനിക്കറിയാം. അവരുടെ വേദനയാണ്‌ എന്നെ ഇതിന്‌ പ്രേരിപ്പിച്ചത്‌. അവര്‍ ഇന്ന് വളരെ പ്രശസ്തരായ കൊട്ടത്തോക്ക്‌ വെടിവെപ്പുകാരാണ്‌.

എനിക്ക്‌ ഒന്നേ പറയാനുള്ളൂ….

ഉണരൂ… നല്ലൊരു നാളേക്കായി ഹാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യൂ… തിന്മകള്‍ക്കെതിരെ നമുക്കിനി കൊട്ടക്കായകള്‍ കൊണ്ട്‌ ഉത്തരം പറയാം… ബാങ്ങ്‌ ബാങ്ങ്‌ ബാങ്ങ്‌…

get the PDF of this post

 —————————————————————————————

മറ്റൊരു അസ്തമനം

(അഛന്റെ ഒരു നല്ല കൂട്ടുകാരനായിരുന്നു അന്തരിച്ച ശ്രീ കെ.വി ശിവരാമന്‍. ചെറുപ്പം മുതലേ ഉള്ള സുഹൃത്ബന്ധം. 23-10-2007 ന്‌ കെ.വി ശിവരാമന്റെ ചരമത്തൊടനുബന്ധിച്ച്‌ നടന്ന അനുസ്മരണയോഗത്തില്‍ അഛന്‍ എഴുതി സമര്‍പ്പിച്ച പദ്യശകലം ചുവടെ ചേര്‍ക്കുന്നു.)

ഓര്‍മ്മകള്‍ ആണ്ടുകള്‍ ഏറെ പിന്നീടവേ
ഓര്‍ക്കുന്നു ഞനേറേ ‘ഇന്നലെകള്‍’
മധുരവും, കയ്പും, ചവര്‍പ്പും കലര്‍ന്നുള്ള
ചിന്തകള്‍ ഉള്ളില്‍ ഉറഞ്ഞു നില്‍പൂ.
ഒരു പുതപ്പിന്‍ കീഴില്‍ ഒന്നിച്ചുറങ്ങിയും
ഓടിയും, ചാടിയും, പാട്ടുകള്‍ പാടിയും;
ഓടിക്കരേറിയും മാമരച്ചില്ലയില്‍
ടെസ്റ്റു ജയിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലായ്കയാല്‍.
ഒരു തുണ്ടു കപ്പയ്ക്കു മുട്ടന്‍ വഴക്കിട്ടു
ഒരുപാട്‌ ചീത്തയും കേള്‍ക്കേണ്ടി വന്നതും;
‘ഇങ്കോണിയാമ’യും ‘ചിക്കലിംഗി’ത്യാദി
‘എല്ലു’കള്‍ ദിക്കു മുഴങ്ങുമാറുള്ളൊരാ
കണ്ഠനാദത്തെയും ഓര്‍ക്കുന്നു ഞാനിതാ.
അപരര്‍, മഹാശേഷിയുള്ളവര്‍, മൗനികള്‍
ക്യാമ്പിനു ജീവന്‍ – ചടുലതയാണിവന്‍
മര്‍മ്മത്തില്‍ കൊള്ളുന്ന ചാട്ടുളി വാക്ശരം
നര്‍മ്മത്തില്‍ ചാലിച്ച ഭാഷണം – കേള്‍ക്കുവാന്‍
ഓര്‍മ്മയിലല്ലാതെ സാദ്ധ്യമല്ലെങ്കിലും
ഓര്‍മ്മച്ചുരുളില്‍ ഒതുങ്ങട്ടെ ഞാനിനി.
വേര്‍പാടിന്‍ ദു:ഖം അതേറെയാണെങ്കിലും
സാന്ദ്രീകരിച്ചങ്ങുരുകി ഒഴിഞ്ഞിടും
ഈശ്വരന്‍ തന്നൊരാ ദാനമാം ‘മറവിയില്‍’;
കാലചക്രത്തിന്‍ തിരിച്ചിലില്‍ നിശ്ചയം.
വള്ളത്തോള്‍ അന്നങ്ങു പാടിയ ‘ശീലുകള്‍’
ഉള്ളിലുള്‍ക്കൊണ്ടു നമുക്കാശ്വസിച്ചിടാം.
അര്‍ക്കനും സന്ധ്യയില്‍ അസ്തമിക്കുന്നപോല്‍
തര്‍ക്കമില്ല; ‘നീതി’ സര്‍വ്വചരത്തിനും
‘മൃതി’യിതു നിശ്ചയം; നാന്മുഖ ശാസനം
ചിന്തയില്‍ പോലും കഴിയില്ല മാറ്റിടാന്‍
‘ആന്തോലനം’ ക്ഷിതി രങ്കതാളം.

                                                               സുദര്‍ശനധാരി, കൊടകര.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
click here to download PDF of this post
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പകച്ചുപോയ്‌…

പുഴുത്തമാംസത്തില്‍ ലഹരിനിറക്കുന്ന
പുതിയരീതികള്‍ ഞാന്‍ കണ്ടു.
തണുത്തമുറികളില്‍ വിയര്‍ത്തുവിറക്കുന്നകമ്പ്യൂട്ടറില്‍
പരലോകം കണ്ട മിത്രങ്ങളെക്കണ്ടു.

ഞാന്‍ പകച്ചുപോയി!

കഴിയാത്തകാശിന്റെ കണക്കുനോക്കുന്നവരെയും,
അതിലെ തെറ്റുതിരുത്താന്‍ കാശുവാങ്ങുന്നവരെയും കണ്ടു.

വെയിലില്‍ മനുഷ്യനും, മഴയിലും കാറ്റിലും ദൈവങ്ങളും,
തള്ളിയിട്ടു മരണം മണത്ത മരങ്ങളെക്കണ്ടു.

ചവറുകൂനക്കുമുകളില്‍ വയറുവേദനമറ്റാന്‍-
കൊതിച്ചെന്നെനോക്കിയൊരവളെയും കണ്ടു ഞാന്‍
പകച്ചുപോയി!

പ്രണയം കണ്ടു ഞാന്‍, പ്രളയവും കണ്ടു.
വെണ്ണീറായൊരെന്‍ കണ്ണീരു കണ്ടു.

താളം പിടിക്കാതെപെയ്യുന്നമഴയില്‍,
ഓളമായ്പോയൊരെന്‍ നൊമ്പരം കണ്ടു…

ഇനിയും…
തിരികേവരാത്തൊരെന്‍ ജീവിതം കണ്ടു ഞാന്‍…
പകച്ചുപോയ്‌!

“O Arjuna, try to tolerate them.”

എന്റെ ഒരു സുഹൃത്ത്‌ അയച്ചു തന്ന ഈശ്വര വചനങ്ങളിള്‍ ഒന്ന്…

“Heat and cold, pleasure and pain arise merely because of the contact of the senses with the sense objects. They are fleeting. Therefore O Arjuna, try to tolerate them.”

എനിക്ക്‌ ഒരുപാട്‌ പ്രജോദനം തന്ന വാക്കുകള്‍…

Blog at WordPress.com.

Up ↑