
വാക്കുകളില്ലാത്തൊരു ഭാഷ-
ഞാന്‍ വായകൊണ്ട് പറഞ്ഞു.
ആരും ശ്രദ്ധിച്ചില്ല.
ശബ്ദങ്ങളില്ലാത്ത മണിമുഴക്കം പോലെ,
മൗനമായൊരു നാദം പോലെ,
ഞാനട്ടഹസിച്ചു.
ആരും ചിരിച്ചില്ല.
തിരയടുപ്പിച്ച ചിപ്പികള്‍കൊണ്ടെന്‍
നൊമ്പരങ്ങള്‍ക്കു ഞാന്‍ ബലിയിട്ടു.
എന്റെ കണ്ണീര്‍ ആരും കണ്ടില്ല.
എന്റെയാത്മാവിനെ മറയ്ക്കാന്‍ ഞാന്‍-
അദ്രിശ്യമാം തുണിചുറ്റി.
എന്നെയാരും കണ്ടില്ല.
എന്റെ ദുഖവും പകയും
ശബ്ദങ്ങളില്ലാത്ത നിലവിളിയാക്കി
ഞാന്‍ അലറിക്കരഞ്ഞു.
ആരും കേട്ടില്ല.
ജീവനില്ലാത്ത തലോടലായ്,
ഘനീഭവിച്ച വിരലുകള്‍ ചെറുചൂടുള്ള
മേനിയില്‍ തൊട്ടു.
ആരും പ്രതികരിച്ചില്ല.
ഭാരിച്ച പാടുകളീമണല്‍പരപ്പിലേല്‍പ്പിച്ച്,
ഭാരമില്ലാതെ ഞാന്‍ നടന്നു.
ആരും കൂടെ വന്നില്ല.
ചായം നിറഞ്ഞ ചിത്രങ്ങള്‍ നോക്കി,
കാലം മാറ്റുന്ന മേഘത്തെ നോക്കി
ഞാനിരുന്നു.
എന്നെയാരും അറിഞ്ഞില്ല.

