പുകഴ്പ്പാട്ടുകളവള്‍ക്കവിശ്വസനീയങ്ങളായാലോ…
കളിയാക്കലുകള്‍ ഒരുപക്ഷേ സത്യമാണെന്ന് തോന്നിയാലോ…
അനാവശ്യമായ ആദരവിനാല്‍ നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ് ദാമ്പത്യം.
പുകഴ്പ്പാട്ടുകളവള്‍ക്കവിശ്വസനീയങ്ങളായാലോ…
കളിയാക്കലുകള്‍ ഒരുപക്ഷേ സത്യമാണെന്ന് തോന്നിയാലോ…
അനാവശ്യമായ ആദരവിനാല്‍ നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ് ദാമ്പത്യം.
അങ്ങിനെയിരുന്നപ്പോള്‍ ഞാന്‍ ഏഴാം തരം വരെ പഠിച്ച മനക്കുളങ്ങര കൃഷ്ണ വിലാസം യു.പി സ്കൂളിന്റെ ഓര്‍മ്മകള്‍ ഓടി വന്നു. ഒരു തനി നാട്ടിന്‍ പുറത്തെ പള്ളിക്കൂടം… അവിടെ പഠിക്കുന്നത് കൂലിപ്പണിക്കാരുടെയും, കൃഷിപ്പണിക്കാരുടെയും മക്കള്‍. ഒരു പക്ഷേ ഞാനേറ്റവും കൂടുതല്‍ അഹ്ലാദിച്ച് പഠിച്ച ഏഴുകൊല്ലം… അതിന്റെ നിറം, മണം, ശബ്ദം….
നിറം:
ക്ലാസ്സുമുറിയിലെ കറുത്ത ബോര്‍ഡ്, മാസത്തിലൊരിക്കല്‍ അത് കറുപ്പിക്കാന്‍ തേക്കുന്ന കടും നീല മഷിക്കട്ട. വെളുത്ത അക്ഷരങ്ങള്‍, ഡ്രോയിംഗ് മാഷ് വരക്കുന്ന പച്ചയും, മഞ്ഞയും കലര്‍ന്ന ഇലകള്‍, പൂക്കള്‍.
ചെളി പിടിച്ച് മുഷിഞ്ഞ ഡെസ്ക്കില്‍ കോമ്പസ്സു കൊണ്ടും, പേന കൊണ്ടും പോറിയിട്ട വരകളും, ചുവന്ന മഷിപ്പേനയാല്‍ ഞാന്‍ വരച്ചിട്ട ലിജോ മോന്‍ ബസ്സിന്റെ പടവും, ഡൊണാള്‍ഡ് ഡക്കും.
എന്റെ വെളുത്ത ഷര്‍ട്ടും, ചുവന്ന ട്രൗസറും, കവിതയുടെയും, സന്ധ്യയുടെയും മഞ്ഞ ഉടുപ്പും (അത് മുഷിഞ്ഞിട്ടാണെന്ന് അന്നറിയില്ലായിരുന്നു), അതിനുള്ളിലെ വെള്ള ഉടുപ്പും.
ക്ലാസിന്റെ മുകളിലെ അഴിക്കോലുകളില്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഒട്ടിച്ച കാവിയും വെള്ളയും, പച്ചയും, അതിനൊപ്പം യൂത്ത് ഫെസ്റ്റിവലിന്റെ ബാക്കി ഉണങ്ങിയ കുരുത്തോലകളും.
ഇളം മഞ്ഞ, പച്ച, ചുവപ്പ് നിറത്തിലുള്ള ചോദ്യപ്പേപ്പറുകള്‍, കറുത്ത കുത്തുകളുള്ള വില കുറഞ്ഞ ഉത്തരക്കടലാസുകള്‍.
വരാന്തയിലേയും, ക്ലാസിലേയും സിമന്റിട്ടു മിനുക്കിയ തറയിലെ പൊളിഞ്ഞ് തുടങ്ങിയ ഭാഗങ്ങളിലെ വെളുത്ത പൊടി, മുഴുവന്‍ ഓട്ട വീണു തുടങ്ങിയ ചുമരുകളിലെ ചുടുകട്ടകളുടെ ചുവന്ന നിറം.
എന്റെ ക്ലാസിനു പിന്നിലെ വലിയ പഴച്ചക്ക പ്ലാവിന്റെ മഞ്ഞയും, പച്ചയും, ഉണക്കയും നിറഞ്ഞ ഇലകള്‍, താഴെ വീണ് ചീയുന്ന ചക്കയുടെ ഇളം പച്ച നിറം.
ചുവന്ന ചെളിവെള്ളം, ചുവന്ന ഗോലികളി ക്കളം, ചുവന്ന കാലുകള്‍, ക്ലാസ്സ് ഫോട്ടോ എടുക്കാന്‍ നേരത്ത് നെറ്റിയില്‍ ഇടുന്ന കുങ്കുമം.
ജോബിച്ചേട്ടന്റെ കടയിലെ ചുവന്ന നാരങ്ങ മുട്ടായി, കറുത്ത ഒട്ടിപ്പു മുട്ടായി, ഉപ്പിലിട്ട ലൂബിക്ക, നെല്ലിക്ക, ഇളം ചുവപ്പ് ചാമ്പക്ക. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന റൈനോള്‍ഡ്സ് പേനയുടെ നീല, വെള്ള നിറം, സ്കെച്ച് പേനകളുടെ സപ്ത വര്‍ണ്ണം.
പിന്നെ…
ലഷ്മിയുടെ നെറ്റിയിലെ കളഭത്തിന്റെ നിറം.
മണം:
ഉച്ചക്ക് ചോറ്റുപത്രം തുറക്കുമ്പോള്‍ വരുന്ന മുഷിഞ്ഞ തൈരിന്റെയും, കൂര്‍ക്ക ഉപ്പേരിയുടെയും മണം, ലിന്റോന്റെ പാത്രത്തിലെ മീനിന്റെയും, മുട്ടയുടെയും മണം. പുറത്ത് ഇലയിലും, കിണ്ണത്തിലും വിളമ്പുന്ന റ്റ്യൂബ് ലൈറ്റ് പോലെ വെള്ള നിറത്തിലുള്ള കഞ്ഞിയും ചെറുപയറുപ്പേരിയും ചേര്‍ന്ന മണം.
ഔസ്സേപ്പേട്ടന്റെ കടയില്‍ ആദ്യമായി പോയി വാങ്ങിയ മണം വരുന്ന മഷിയുള്ള പേന, അവിടുത്തെ നാരങ്ങാ വെള്ളത്തിന്റെ മണം.
ഉച്ചക്കോടി ക്കളി കഴിഞ്ഞ് ക്ലാസിലിരിക്കുമ്പോള്‍ വരുന്ന പൊട്ട മണം, സവിതയുടെ നല്ല മണം. സൗമ്യാ സി യുടെ അത്തറിന്റെ മണം, ഗമക്കായി ചേട്ടന്റെ സ്റ്റോക്കില്‍ നിന്നും പൂശാറുള്ള ചന്ദനത്തൈലത്തിന്റെ മണം.
റബ്ബര്‍ ബാന്‍ഡ് തോക്കിന്റെ മണം, ഛര്‍ദ്ദില്‍ വന്നപ്പോള്‍ സലീന ടിച്ചര്‍ തല പിടിച്ച് മണപ്പിച്ച ചിതല്‍ക്കൂടിന്റെ മണം, പൊടിപോയപ്പോള്‍ ടിച്ചര്‍ കണ്ണിലൊഴിച്ച മുലപ്പാലിന്റെ മണം.
ആദ്യത്തെ മഴയില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നിറയുന്ന പൊടിമണം, ജലദോഷം വന്ന് മൂക്കടയുമ്പോള്‍ വരുന്ന രസമുള്ള മണം.
പിന്നെ…
ലക്ഷ്മിയുടെ തലയിലെ മുല്ലപ്പൂവിന്റെ മണം.
ശബ്ദം:
കൂട്ടുകാരോട് മുഴുവന്‍ ഡെസ്കില്‍ ചെവി വെക്കാന്‍ പറഞ്ഞിട്ട്, അതിനടിയില്‍ കയ്കള്‍ കൊണ്ട് ഞാന്‍ കൊട്ടുന്ന ശിങ്കാരി മേളം, വെടിക്കെട്ട്.
ബെല്ലടി മാഷ്ടെ ബെല്ലടികള്‍, സ്കൂള്‍ ലീഡറായ ഞാന്‍ രാവിലെ അസംബ്ലിയില്‍ ഊതുന്ന വിസിലിന്റെ ശബ്ദം. ഒരുനാള്‍, മൂട് പോയ വിസിലൂതിയിട്ട് വന്ന ആവി പോകുന്ന പോലത്തെ ശബ്ദം, അത് കേട്ട് ടിച്ചര്‍മാരടക്കം എല്ലാവരും കൂടി ചിരിച്ച ശബ്ദം.
ജനഗണമനയുടെ “ജയഹേ” എന്ന് എല്ലാവരും കൂടി അലറുന്ന ശബ്ദം. “മാര്‍ച്ച് ബാക്ക്” എന്ന എന്റെ ശബ്ദം.
സുഭദ്രട്ടീച്ചറുടെ പേടിപ്പിക്കുന്ന കരകരപ്പന്‍ ശബ്ദം, തോമസ് മാഷുടെ രാവണശബ്ദം, ഡ്രോയിംഗ് മാഷുടെ ഒച്ചയില്ലാത്ത ശബ്ദം.
പിന്നേ…
ലക്ഷ്മിയുടെ “ഇക്കിളി”യാക്കുന്ന ശബ്ദം.
ചില രങ്കങ്ങള്‍ (മറക്കാനാവാത്തത്):
സവിതയുടെ ക്ലാസ്സ് മുറി അടിച്ചുവാരല്‍.
സംസ്കൃതം ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍ കസേരയില്‍ കാല്‍ കയറ്റി വെച്ച് നഘം വെട്ടുന്നത്, തോമസ്സ് മാഷ് എന്റെ കയ്യ് നീട്ടി വെച്ച് അടിക്കാന്‍ ഓങ്ങുമ്പോള്‍ നീണ്ടു വരുന്ന നാവ്.
ചന്ദ്രന്‍ മാഷ് റോന്തു ചുറ്റാന്‍ നടക്കുമ്പോള്‍ വാലുപോലെ പിന്നിലേക്ക് നീട്ടിയിടുന്ന ചൂരലും, അതിന്റെ ആട്ടവും.
ഹെഡ് മാഷ് ചക്രപാണി മാഷ് (എന്റെ അച്ഛന്‍) ഞാന്‍ ബബിള്‍ ഗം തിന്നുന്നത് കണ്ട് എന്നെ പൊക്കിയതും, എല്ലാരുടെയും മുന്നില്‍ വെച്ചെന്നെ തല്ലിയതും, അത് ലക്ഷ്മി അറിഞ്ഞതും.
പരീക്ഷാ സമയത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ചുരുട്ടി കൊണ്ടുപോകുന്ന ഇന്‍സ്റ്റ്രുമന്റ് ബോക്സ്, അതിലെ ഹിരോഷിമ, നാഗസക്കി ബോംബാക്രമണത്തിന്റെ ഫോട്ടോകള്‍ (അത് ലക്ഷ്മിക്ക് വേണമെന്ന് പറഞ്ഞിരുന്നു).
കൃഷ്ണവിലാസം യു.പി സ്കൂളിലെ ഏഴാം ക്ലാസിലെ അവസാന പരീക്ഷയും കഴിഞ്ഞ്,അവള്‍ക്ക് ആഴ്ച്ചപ്പതിപ്പും, ഒരു ഗുഡ് ബൈ യും കൊടുക്കാന്‍ ജോബ്യേട്ടന്റെ കടക്ക് മുന്നില്‍ കാത്ത് നിന്നത്, അവളുടെ ചേച്ചി അവളെ കൊണ്ടുപോകാന്‍ വന്നത്, തിരിഞ്ഞ് നോക്കാതെ അവള്‍ പോയത്.
അവള്‍ അഞ്ചില്‍ നിന്നും ആറിലേക്ക് ജയിച്ചതും, സ്കൂള്‍ ലീഡറായതും പിന്നീട് ബിജു പറഞ്ഞറിഞ്ഞപ്പോള്‍ വന്ന വേദനയുള്ള സന്തോഷം.
………………………………
………………………..അങ്ങിനെ ഒരുപാടൊരുപാടോര്‍മ്മകള്‍.
ഞാന്‍ ഹാപ്പിയാണ്. എന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്നും.
അച്ഛന്‍ പഠിച്ച കൊടകര LP സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ദ്ധിച്ച് എന്റെ അച്ഛന്‍ എഴുതി അവതരിപ്പിച്ച ഒരു കവിത…
അക്ഷരാരംഭ കാണ്ഡം. (click on the image to get it enlarged)
[എന്റെ അച്ഛന്‍ വീട്ടില്‍ ചുമ്മാ ഇരുന്നപ്പൊ എഴുതിയ ഒരു പദ്യം. ഞാന്‍ അതെടുത്ത് ഇവിടെ ചുമ്മാ പോസ്റ്റുന്നു... ]
മാമുനിമാര്‍ക്കെന്നുമെന്നും പ്രിയം
കാനനവാസത്തിനത്രെ.
മുല്ലവള്ളിക്കങ്ങു പടരാന്‍ പ്രിയം
മുറ്റത്തെ തേന്മാവില്‍ മാത്രം.
മുകിലിനും പ്രിയമേറെയതുപോല്‍
വാനിന്റെ മാറില്‍ പരക്കാന്‍,
ആറിനു പ്രിയമാണതെന്നും-ദൂരെ
ആഴിയിലലിഞ്ഞു ചേരാന്‍.
ആളിക്കും പ്രിയം വേറെയില്ല- നല്ല
തേനുള്ള താമരപ്പൂവുമാത്രം.
തീരില്ല പ്രിയമൊരുനാളും-കടല്‍
തിരകള്‍ക്ക് തീരത്തിനോടും.
ഇളംകാറ്റിനും പ്രിയം തന്നെ നോക്കൂ-മുല്ല
മലരിന്‍ സുഗന്ധം പേറി വീശാന്‍.
ആമ്പല്‍ പ്രിയമോടെ നില്‍പൂ-മെല്ലെ
അമ്പിളിമാനത്തിലുയരാന്‍.
താമരനിശക്കന്ത്യയാമേ – കാലെ
തിരയുന്നിതര്‍ക്കന്‍ പ്രിയനേ.
വേഴാമ്പല്‍ കാക്കുന്നിതെങ്ങും – പ്രിയ
മഴമേഘജാലത്തെ വാനില്‍.
പ്രാകൃത മനുജന്നു പോലും – പ്രിയം
പ്രകൃതിമാതാവിനോടത്രെ.
മറ്റൊന്നിലും ഇന്നില്ലയാര്‍ക്കും, പ്രിയ
മഴിയാത്ത സമ്പത്തില്‍ മാത്രം.