മേഘം മറയായും, വസന്തം മണമായും
കൂട്ടുവന്നൊരെന്‍ പ്രണയത്തെ മറക്കാന്‍ പഠിക്കണം
പൊട്ടിയ കല്ലുപെന്‍സിലിനു പകരമൊരു
“മുഴു” പെന്‍സിലിനായ് കരയുന്ന
ബാല്യശാഠ്യങ്ങള്‍ മറക്കാന്‍ പഠിക്കണം.
ഇനിയും ദ്രവിക്കാത്തൊരെന്‍ നഷ്ടങ്ങളെയും,
അവയൂട്ടി വളര്‍ത്തിയ ദുഖസ്വപ്നങ്ങളെയും
ദയയില്ലാതെ പിഴുത്തെറിയാന്‍ പഠിക്കണം.
വളഞ്ഞും, തിരിഞ്ഞും, കയറിയുമിറങ്ങിയും,
വേച്ചു വേച്ചു വന്ന വഴികളിലൂടിനി
ചവിട്ടി മെതിച്ചു നടക്കാന്‍ പഠിക്കണം.
വഴിതെറ്റി ആ വഴിവരുന്നവര്‍ക്കായി
പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ പഠിക്കണം.
ഉറക്കത്തിനിടയില്‍ കൊമ്പും, ദംഷ്ട്രകളുമായി
ആര്‍ത്തട്ടഹസിക്കുന്ന കാമദേവനേയും,
കൂടെ കളിയാക്കി ചിരിക്കുന്ന കറുത്ത വേഷമിട്ട
സ്ത്രീകളെയും ഭയക്കാതിരിക്കാന്‍ പഠിക്കണം,
കഴിയുമെങ്കില്‍ അവരെയാട്ടിപ്പായ്ക്കാന്‍ ശ്രമിക്കണം.
ദൈവനാമങ്ങളില്‍ ഞാനവള്‍ക്കേകിയ സത്യങ്ങള്‍
കള്ളസത്യങ്ങളാവാന്‍ പ്രാര്‍ത്ഥിക്കണം,
അവരെന്ന ശപിക്കാതെയും, എന്റെ ശിരസ്സറ്റു-
പൊകാതെയുമിരിക്കാന്‍ ശയനപ്രദക്ഷിണം വെക്കണം.
എല്ലാം കഴുകിക്കളഞ്ഞ് മുങ്ങി നിവരണം.
എല്ലാത്തിനുമുപരി,
അവള്‍ തന്ന പാഠങ്ങള്‍ മറക്കാതിരിക്കണം.
അവളെയുമൊരു പാഠം പഠിപ്പിക്കണം.

മറക്കാന്‍ പഠിക്കണം, എന്ന് തീരുമാനിച്ചപ്പോഴേ പകുതി വിജയിച്ചില്ലേ!! പുതുവത്‌സരാശംസകള്‍…. എല്ലാ തീരുമാനങ്ങളും പ്രാര്‍ത്ഥനകളും യാഥാര്‍ത്ഥ്യമാവട്ടെ…