ഒരോര്‍മ്മപ്പുസ്തകം

 ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

“ഒരു നല്ല പാട്ടു കേള്‍ക്കുമ്പോള്‍… മഴയത്ത്‌ പുറത്തെ മാവിലും, പ്ലാവിലും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ നോക്കിയിരിക്കുമ്പോള്‍… വഴിയില്‍ നമ്മളറിയാത്തവര്‍, നമുക്കൊരുകാലത്തറിയുമായിരുന്ന വികാരങ്ങളുമായി നടന്നു പോകുമ്പോള്‍… അതെല്ലാം പണ്ട്‌ നമുക്ക്‌ കളഞ്ഞുപോയ ഒരുപാട്‌ നല്ല ഓര്‍മ്മളെ കൊണ്ടുതരും. ചിലര്‍ക്ക്‌ ഒരല്‍പ്പം വേദനയുള്ള സുഖമായ്‌ മനസ്സിലെ ഓര്‍മ്മപ്പുസ്തകത്തില്‍ അതെന്നും….”

അറിയാതെയറിയാതെ വീണ്ടും
തുറന്നെന്റെയോര്‍മ്മപ്പുസ്തകം ഞാന-
പ്പൊഴുമറിയാതെ പാടിയെന്‍ പ്രണയം പൊഴിക്കും യുഗ്മഗാനം.

പറയാന്‍ വയ്യെന്നറിഞ്ഞു,
ഞാന്‍ പറയാനുള്ളതെഴുതിത്തുടങ്ങി-
യെന്നുള്ളിലെ കവിയെന്നെത്തല്ലിത്തുടങ്ങി.

തുടിക്കുന്ന ഹൃദയം
കടലാസിലാക്കാന്‍-
പടിക്കുന്ന സമയം,
അവളുടെചിരിയും,
തിളങ്ങുന്ന കണ്ണും വിയര്‍പ്പായ്‌-
വീണെന്റെ പ്രണയ പത്രത്തില്‍.

ചുവന്നൊരാ ചുണ്ടില്‍
കൊടുക്കാതെപോയതാണിന്നൊരു-
ചുവന്നപൂവായ്‌ അവള്‍ക്കേകുവാന്‍.

എനിക്കെന്നുമിഷ്ടമാണവളാ-
മഞ്ഞപ്പട്ടുടുപ്പില്‍ പുതയുമ്പോള-
തറിയാതെയവളിന്നും എനിക്കെന്നപോലെ…
തിളങ്ങി നില്‍ക്കുന്നു!

ചന്ദനക്കുറിയിട്ടു,
പ്രസാദവും കൊണ്ടവള്‍,
പൂപോലെ മൃദുലമാം പാദങ്ങളു-
ണങ്ങിയുരുകുന്നൊരാപ്രദക്ഷിണവഴിയില്‍… അഹാ! കഠിനം!!

ആലിന്റെചോട്ടില്‍ കാത്തുനിന്നോരെന്നെ നീ…
നിന്നെയെന്നും നോവിക്കാതെ നോക്കുന്നൊരെന്നെ നീ…
ഒരുനോക്കുപോലും നോക്കിയില്ലെന്തേ?

നിനക്കായിമാത്രം
എന്നെനീയെന്നുമീ-
യമ്പലത്തില്‍ കൊണ്ടുവന്നു.
ദേവിയെ കാണാനല്ലയീ ദേവിയെക്കാണാന്മാത്രം!

കഴിഞ്ഞൊരാപ്പൂരത്തിനാലിന്റെ തറയില്‍,
നിന്‍കൂട്ടുകാരൊത്തുനീ മേളം കാണുമ്പോള-
റിയാതെ മറപറ്റി ഞാന്‍ നിന്നെനോക്കി,
യതു കണ്ടുനീയെന്നേര്‍ക്കു നീട്ടീയൊരു മന്ദഹാസം!
ഹാ!!, നീ വേവുന്ന നെഞ്ചില്‍ പകരുന്ന ഹിമകണം !!!

അനുവാദമില്ലാതെ, ഞാനെടുക്കുന്നു,
നിന്‍ കാമുകനെന്ന പേരെനിക്കായ്‌.

അതുമാത്രമില്ലാതെ, ജീവിക്കവയ്യിനി-
പകരംതരാമെന്‍ പ്രണയം പൊഴിക്കും യുഗ്മഗാനം!

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
download PDF of Ormmapusthakam
—————————————————————————————-

Published in:  on ഒക്ടോബര്‍ 23, 2007 at 3:53 am ഒരു അഭിപ്രായം ഇടൂ
Tags:

കാമം കൊണ്ടൊരു കവിത.

എന്നിലെയിത്തിരിമധുരം
നുണഞ്ഞലിഞ്ഞനിന്നധരങ്ങള്‍,
കഴിഞ്ഞൊരോണത്തിനുണ്ട പാല്‍പായസംപോല്‍…

പിന്നിലേക്കൊരുമിച്ചൊലിച്ചിറങ്ങീ കേശഭാരങ്ങ-
ളിന്നലേ ഞാന്‍ കണ്ട സപ്രമഞ്ചംപോല്‍…
വിടരാന്‍ വെമ്പുന്നു, കൂമ്പിയോരാമ്പല്‍കള്‍…
പടരാന്‍ തുടിക്കുന്നു, പടയായ്‌ പ്രണയം…

ചേമ്പിലമാറില്‍ മഴത്തുള്ളിപോല്‍ നിന്‍-
ചേലുള്ളമാറിലെന്‍ ചുടുമുത്തുകള്‍…
മൗനമീമഴയില്‍ അലിഞ്ഞുപോ-
യിനിയീ കിതപ്പിന്റെയലകളും…

ആലിലയില്‍ ഞാന്‍ ചിത്രം വരക്കുമ്പോള്‍,
കൊഞ്ചലായ്‌ വേണ്ടെന്നു കണ്ണുരുട്ടുന്നുനീ…

പ്രകാശം പൊതിഞ്ഞുവോ നിന്മുഖം,
എന്നെ മയക്കിച്ചിരിച്ചുവോ…

പുറത്തിനിയും തോരാത്തമഴയില്‍,
പെയ്തുതോരുന്നു ഈ പ്രണയമന്ദാരങ്ങള്‍…

തളര്‍ന്നുറങ്ങുമ്പൊഴും ഞാന്‍കൊതിച്ചു,
പൂരപ്പറമ്പില്‍ പടക്കം പെറുക്കാന്‍…

download PDF of this post

________________________________________________________